ട്രംപ്

 

file photo

World

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ അനുകരിക്കുന്നോ ട്രംപ്?

അധികാരം തലയ്ക്കു പിടിച്ച ഉന്മാദത്തിലാണ് ട്രംപ് എന്നാണ് ട്രംപിന്‍റെ പ്രവർത്തനങ്ങളുംസ്വന്തം പാർട്ടി നേതാക്കളിൽ നിന്നു തന്നെയുള്ള കടുത്ത എതിർപ്പും സ്പഷ്ടമാക്കുന്നത്.

Reena Varghese

റീന വർഗീസ് കണ്ണിമല

അമെരിക്ക വിദേശ യുദ്ധങ്ങളിൽ ഇനിയെങ്കിലും ഇടപെടാതിരിക്കും എന്നു കരുതിയാണ് നല്ലൊരു ശതമാനം സാധാരണക്കാരായ അമെരിക്കൻ ജനത ട്രംപിന് വോട്ടു ചെയ്തു വിജയിപ്പിച്ചത്. എന്നാൽ ഇപ്പോൾ അധികാരം തലയ്ക്കു പിടിച്ച ഉന്മാദത്തിലാണ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എന്നാണ് ട്രംപിന്‍റെ പ്രവർത്തനങ്ങളും അദ്ദേഹത്തിനെതിരെ സ്വന്തം പാർട്ടി നേതാക്കളിൽ നിന്നു തന്നെയുള്ള കടുത്ത എതിർപ്പും സ്പഷ്ടമാക്കുന്നത്. കേവലം മണിക്കൂറുകൾക്ക് ഇടയിലാണ് ട്രംപ് നിരവധി രാജ്യങ്ങൾക്കു നേരെ ആക്രമണ ഭീഷണിയും തീരുവ പ്രഖ്യാപനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വെനിസ്വേലയിൽ മയക്കുമരുന്ന് കടത്ത് ആരോപണം:

മയക്കുമരുന്നു കടത്ത് ആരോപിച്ചാണ് വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും കണ്ണടച്ചു തുറക്കും മുമ്പേ യുഎസ് പിടികൂടിയതും അമെരിക്കയ്ക്കു കടത്തിയതും. മഡുറോയെ ന്യൂയോർക്കിൽ കൈവിലങ്ങു വച്ചതായും അദ്ദേഹം അവിടെ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമൊക്കെയാണ് യുഎസിന്‍റെ ഔദ്യോഗിക വിശദീകരണങ്ങൾ പലതും പുറത്തു വരുന്നത്.

നിക്കൊളാസ് മഡുറോ ഭാര്യ സിലിയ ഫ്ലോറസ്.

അമെരിക്ക അസ്ഥാനത്തു നടത്തിയ ഈ അപ്രതീക്ഷിത കടന്നാക്രമണം ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ, ഉറുഗ്വേ, സ്പെയിൻ എന്നീ രാജ്യങ്ങളെ യുഎസ് ആക്രമണത്തിനെതിരെ "സമാധാനത്തിനും പ്രാദേശിക സുരക്ഷയ്ക്കും അപകടകരമായ മാതൃക' എന്ന് അപലപിക്കുന്നതിലേയ്ക്കു നയിച്ചിരിക്കുകയാണ്.

ക്യൂബയിൽ കണ്ണും വച്ച് ട്രംപ്:

വെനിസ്വേലയെ കീഴടക്കാനായതോടെ ഈ രാജ്യവുമായി ഏറെ സഹകരണത്തിൽ പോകുന്ന ക്യൂബയെയും തന്‍റെ കാൽച്ചുവട്ടിൽ കിട്ടുമെന്നാണ് ട്രംപ് ഇപ്പോൾ വീമ്പിളക്കുന്നത്. എയർഫോഴ്സ് വണ്ണിൽ, മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ക്യൂബ സ്വയം തകർച്ചയുടെ വക്കത്തായതിനാൽ യുഎസിന്‍റെ ഇടപെടൽ ഇല്ലാതെ തന്നെ തങ്ങൾക്കു കീഴടങ്ങും എന്ന് ട്രംപ് പറഞ്ഞത്. ക്യൂബയുടെ മുഴുവൻ വരുമാനവും വെനിസ്വേലൻ എണ്ണയിൽ നിന്നാണെന്നും അവർക്ക് നിലവിൽ അതിൽ നിന്നു യാതൊരു വരുമാനവും ലഭിക്കുന്നില്ലെന്നും അങ്ങനെ ക്യൂബ യുഎസിനു കീഴ്പെടുമെന്നുമാണ് ട്രംപിന്‍റെ വാദം.

മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയിൻബോം

മെക്സിക്കോയോടു ട്രംപിനു മൃദു സമീപനം:

മെക്സിക്കോയിലാകട്ടെ, മയക്കുമരുന്ന് രാജ്യത്തുടനീളം ഒഴുകുകയാണ് എന്നും മെക്സിക്കോയ്ക്ക് അത് നിലയ്ക്കു നിർത്താനാകുമെന്നുമാണ് ട്രംപ് പറ‍യുന്നത്. യുഎസ് എന്തെങ്കിലും ചെയ്യും എന്ന ഒറ്റ വാക്കാണ് മെക്സിക്കൻ അധിനിവേശത്തെ കുറിച്ച് ട്രംപ് പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. തന്നെയല്ല, മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയിൻബോമിനെ ഒരു മികച്ച ഭരണകർത്താവായി വിശേഷിപ്പിച്ച ട്രംപ് അവരുമായി സംസാരിച്ചപ്പോഴെല്ലാം യുഎസ് സൈന്യത്തെ മെക്സിക്കോയിലേയ്ക്ക് അയയ്ക്കാമെന്നു വാഗ്ദാനം ചെയ്തതായും പറഞ്ഞു. മെക്സിക്കൻ സർക്കാരിന് പരിഹരിക്കാൻ കഴിയുന്ന പ്രശ്നം എന്നു പറയുമ്പോൾ തന്നെ മെക്സിക്കോയിൽ മയക്കുമരുന്നു കാർട്ടലുകൾ വളരെ ശക്തമാണെന്നും ട്രംപ് പറയുന്നു.

കൊളംബിയയെ രോഗിയാക്കി:

മെക്സിക്കോയോടുള്ള മൃദു സമീപനമൊന്നും ട്രംപിന് കൊളംബിയയോടില്ല. കൊളംബിയയും വെനിസ്വേലയും "വളരെ വലിയ രോഗികളാണ്' എന്നാണ് ട്രംപിന്‍റെ പക്ഷം. കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയെ പരാമർശിച്ച് കൊക്കെയ്ൻ ഉണ്ടാക്കി അമെരിക്കയ്ക്ക് വിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരു രോഗിയാണ് ബൊഗോട്ടയെ നയിക്കുന്നതെന്നാണ് ട്രംപ് ആക്ഷേപിച്ചത്. അത് അദ്ദേഹം അധികകാലം ചെയ്യില്ല എന്നു സൂചന നൽകിയ ട്രംപിനോട് കൊളംബിയയ്ക്കെതിരെ യുഎസ് ഒരു ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നുണ്ടോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് തനിക്ക് നല്ലതായി തോന്നുന്നു എന്നായിരുന്നു ട്രംപിന്‍റെ മറുപടി.

കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ, ട്രംപ്

ഇറാനെ കണ്ണുരുട്ടിക്കാട്ടി:

മുൻ കാലങ്ങളിലെപ്പോലെ ഇറാൻ ആളുകളെ കൊല്ലാൻ തുടങ്ങിയാൽ അമെരിക്കയുടെ വൻ പ്രഹരം ഇറാൻ ഏറ്റു വാങ്ങേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. നിലവിൽ ഇറാനിൽ വർധിച്ചു വരുന്ന പണപ്പെരുപ്പത്തിനെതിരെ നടക്കുന്ന പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നതിനെതിരെയായിരുന്നു ട്രംപിന്‍റെ പ്രതികരണം.

ട്രംപിനു കൊതി ഗ്രീൻലാന്‍ഡിനോടും ഇന്ത്യയോടും !

ഇവരൊന്നും കൂടാതെ ഗ്രീൻലാന്‍ഡും ഇന്ത്യയും കീഴടക്കുക എന്നതും ട്രംപിന്‍റെ ഭ്രാന്തൻ സ്വപ്നങ്ങളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു. ഇന്ത്യയെ കീഴടക്കാൻ തീരുവ ഉയർത്തൽ നയമാണ് താൻ സ്വീകരിക്കുക എന്നു സൂചന നൽകിയ ട്രംപ് വാഷിങ്ടണിന് ഗ്രീൻലാന്‍ഡ് ആവശ്യമാണെന്നും ആവർത്തിച്ചു.

ഡെൻമാർക്കിന്‍റെ സ്വന്തം ഗ്രീൻലാന്‍ഡിനെ തങ്ങൾക്കു വേണമെന്ന് ട്രംപ്:

ഡെൻമാർക്കിന്‍റെ ഭാഗമായ ഗ്രീൻലാന്‍ഡിനെ തങ്ങൾക്ക് ആവശ്യമുണ്ടെന്നും അത് അവിടുത്തെ ധാതുക്കൾ കണ്ടു മോഹിച്ചല്ലെന്നും അമെരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാന്‍ഡ് ആവശ്യമാണെന്നും ട്രംപ് വാദിച്ചു. ധാതുക്കൾക്കായി അമെരിക്കയ്ക്കു ധാരാളം സ്ഥലങ്ങളുണ്ട്. ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ എണ്ണയും യുഎസിനുണ്ട്. എന്നാൽ ഗ്രീൻലാന്‍ഡിന്‍റെ തീരത്ത് മുകളിലേയ്ക്കും താഴേയ്ക്കും നോക്കിയാൽ നിങ്ങൾക്ക് എല്ലായിടത്തും റഷ്യൻ, ചൈനീസ് കപ്പലുകൾ കാണാൻ കഴിയും. അക്കാരണത്താലാണ് യുഎസ് ഗ്രീൻലാന്‍ഡിനെ സ്വന്തമാക്കാൻ താൽപര്യമെടുക്കുന്നത് എന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു.

എന്നാൽ ഇതിനു ചുട്ട മറുപടിയുമായി ഡന്മാർക്ക് മുമ്പിലുണ്ട്. ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക് സെൻ ട്രംപിന്‍റെ ഈ അത്യാഗ്രഹത്തെ തികച്ചും അർഥശൂന്യം എന്നാണ് വിശേഷിപ്പിച്ചത്. ഡെൻമാർക്ക് രാജ്യത്തിന്‍റെ മൂന്നു രാജ്യങ്ങളിൽ ഒന്ന് അമെരിക്കയ്ക്ക് കൂട്ടിച്ചേർക്കാൻ യാതൊരു നിയമപരമായ അടിസ്ഥാനവും അമെരിക്കയ്ക്കില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു.

ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക് സെൻ

ഇന്ത്യയിൽ കണ്ണും നട്ട്:

ഇന്ത്യയെ കുടുക്കാൻ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകൾ തുടരുന്നതിന് ഇന്ത്യയ്ക്കെതിരെ തീരുവ വർധിപ്പിക്കുകയാണ് തന്‍റെ തന്ത്രമെന്നും ട്രംപ് സൂചിപ്പിച്ചു. പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിപ്പറഞ്ഞ ട്രംപ് തന്നെ സന്തോഷിപ്പിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നു മോദിക്ക് അറിയാമായിരുന്നു എന്നും അതു കൊണ്ടു തന്നെ ഇന്ത്യ നടത്തുന്ന വ്യാപാരത്തിന്‍റെ മേലുള്ള തീരുവ ഉയർത്താൻ യുഎസിനു വളരെ വേഗം കഴിയുമെന്നും മാധ്യമങ്ങളോടു വിശദീകരിച്ചു.

ട്രംപിനെതിരെ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം

മാർജറി ടെയ് ലർ ഗ്രീൻ:

ട്രംപിന്‍റെ ഭ്രാന്തൻ നയങ്ങളെ അമെരിക്ക ഫസ്റ്റ് നയത്തിന്‍റെ ലംഘനമാണ് എന്ന കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജറി ടെയ് ലർ ഗ്രീൻ. വെനിസ്വേലൻ പ്രസിഡന്‍റിനെ പിടികൂടിയ യുഎസ് സൈനിക ഇടപെടൽ അമെരിക്ക ഫസ്റ്റ് നയത്തിന്‍റെ ലംഘനം എന്നാണ് അവർ വിശേഷിപ്പിച്ചത്. മഡുറോയെ നീക്കം ചെയ്തത് മയക്കുമരുന്നു കടത്ത് തടയാൻ ആണെങ്കിൽ എന്തു കൊണ്ട് യുഎസിനുള്ളിൽ നാശം വിതയ്ക്കുന്നമെക്സിക്കൻ കാർട്ടലുകൾക്കെതിരെ ട്രംപ് ഭരണകൂടം

ട്രംപിനെതിരെ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജറി ടെയ് ലർ ഗ്രീൻ

സമാധാന നടപടി സ്വീകരിക്കുന്നില്ല എന്ന് അവർ ആവർത്തിച്ചു ചോദിച്ചു. എൻബിസിയുടെ മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു അവരുടെ രൂക്ഷ വിമർശനം. മാഗാ പ്രസ്ഥാനത്തിന്‍റെ പിന്തുണയോടെ അധികാരത്തിലെത്തിയ ട്രംപ് വിദേശ രാജ്യങ്ങളിലെ അനാവശ്യ യുദ്ധങ്ങളിൽ നിന്നും ഭരണമാറ്റ ശ്രമങ്ങളിൽ നിന്നും അമെരിക്കയെ അകറ്റി നിർത്തും എന്നു വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ പഴയ വാഗ്ദാനമൊക്കെ മറന്ന് അമെരിക്ക ഇപ്പോഴും ലോക പൊലീസ് കളിക്കുകയാണ്. ഈ പഴയ നയതന്ത്ര രീതി യുഎസ് ഇപ്പോഴും പിന്തുടരുന്നതിനെതിരെയാണ് ഗ്രീൻ ആഞ്ഞടിച്ചത്. ട്രംപിന്‍റെ ഈ ഇടപെടൽ അമെരിക്കൻ ജനതയ്ക്ക് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നും മറിച്ച് വൻ കിട കോർപറേറ്റുകൾക്കും ബാങ്കുകൾക്കും എണ്ണ കമ്പനികൾക്കുമാണ് ഇത് പ്രയോജനം ചെയ്യുന്നതെന്നും മാഗാ പ്രസ്ഥാനത്തിന്‍റെ നേതാവു കൂടിയായ അവർ രൂക്ഷമായി വിമർശിച്ചു. മാഗാ പ്രവർത്തകർ ഇതിൽ അസ്വസ്ഥരാണെന്നും ഗ്രീൻ കൂട്ടിച്ചേർത്തു.

മഡുറോയെ മാറ്റിയത് മയക്കുമരുന്നു പ്രശ്നം പരിഹരിക്കാനല്ല, വെനിസ്വേലയിലെ എണ്ണ ശേഖരങ്ങൾ യുഎസിനു കൈപ്പിടിയിലാക്കാനാണെന്നും അവർ വിമർശിച്ചു. ലക്ഷക്കണക്കിനു യുഎസ് പൗരന്മാരുടെ ജീവനു ഭീഷണിയായ മെക്സിക്കൻ മയക്കുമരുന്നു സംഘങ്ങളെ ട്രംപ് തൊടുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. യുഎസ് വിദേശ യുദ്ധങ്ങളിൽ ഇടപെടാതിരിക്കും എന്നു വിശ്വസിച്ച് ട്രംപിനെ വോട്ടു ചെയ്തു വിജയിപ്പിച്ചവർക്ക് ഇത് വൻ തിരിച്ചടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി; ക്വാർട്ടർ ഫൈനൽ കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്തായി

ആലപ്പുഴയിൽ നാലു വർഡുകളിൽ വീണ്ടും പക്ഷിപ്പനി

ഒരോവറിൽ സർഫറാസ് അടിച്ചെടുത്തത് 30 റൺസ്; എന്നിട്ടും മുംബൈ തോറ്റു

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും വാനും കൂട്ടിയിടിച്ച് 2 മരണം; 6 പേർക്ക് പരുക്ക്