ഗ്വാട്ടിമാലയിൽ നിന്നും യുഎസിലേയ്ക്ക് തനിച്ചെത്തിയ കുട്ടികൾ 

 

file photo 

World

കുടിയേറ്റ നയം: ട്രംപിന് തടയിട്ട് ഫെഡറൽ കോടതി

രക്ഷാകർത്താക്കൾ ഇല്ലാതെ എത്തുന്ന കുടിയേറ്റക്കാരായ കുട്ടികളെ പ്രായപൂർത്തിയാകുമ്പോൾ തടങ്കലിൽ ഇടാൻ പാടില്ല

Reena Varghese

വാഷിങ്ടൺ: യുഎസിൽ രക്ഷാകർത്താക്കൾ ഇല്ലാതെ എത്തുന്ന കുടിയേറ്റക്കാരായ കുട്ടികളെ 18 വയസ് പൂർത്തിയാകുമ്പോൾ മുതിർന്നവർക്ക് വേണ്ടിയുള്ള ഇമിഗ്രേഷന്‍ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ്(ICE)കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ട്രംപ് ഭരണ കൂടത്തിന്‍റെ നയത്തിനു തടയിട്ട് ഫെഡറൽ കോടതി.

ഈ വാരാന്ത്യത്തിൽ നിരവധി കുട്ടികളെ മുതിർന്നവരുടെ തടങ്കൽ‌ കേന്ദ്രങ്ങളിലേയ്ക്കു മാറ്റാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. അതാണ് പെട്ടെന്ന് ഒരു താൽക്കാലിക ഉത്തരവ് ട്രംപ് ഭരണകൂടത്തിനെതിരെ പുറപ്പെടുവിക്കാൻ ഫെഡറൽ കോടതി ജഡ്ജി റുഡോൾഫ് കോൺട്രെറാസിനെ പ്രേരിപ്പിച്ചത്.

നിയമാനുസൃതമല്ലാതെ രാജ്യത്തു പ്രവേശിക്കുന്ന രക്ഷാകർത്താക്കൾ ഇല്ലാത്ത കുട്ടികൾക്കാണ് ഈ ഉത്തരവ് ബാധകമാകുക. പ്രായപൂർത്തിയാകുമ്പോൾ അവരെ ഓട്ടോമാറ്റിക്കായി മുതിർന്നവരുടെ തടങ്കൽ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നതിന് ഈ ഉത്തരവ് വിലക്കേർപ്പെടുത്തുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ ഈ നയം 2021ൽ ജഡ്ജി കോൺട്രെറാസ് പുറപ്പെടുവിച്ച മുൻ ഉത്തരവിന്‍റെ ലംഘനം ആണെന്ന് കോടതി വിലയിരുത്തി.

ICE യ്ക്ക് നൽകിയ താൽക്കാലിക നിയന്ത്രണ ഉത്തരവ് പ്രകാരം പ്രായപൂർത്തിയായ കുട്ടികളെ തടങ്കലിൽ അടയ്ക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. 14 വയസിൽ കൂടുതൽ പ്രായമുള്ള കുടിയേറ്റക്കാരായ രക്ഷിതാക്കളില്ലാത്ത കുട്ടികൾക്ക് സ്വന്തം രാജ്യങ്ങളിലേയ്ക്ക് സ്വമേധയാ മടങ്ങിപ്പോകാൻ 2500 ഡോളർ പ്രോത്സാഹനമായി നൽകാൻ ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

കഴിഞ്ഞ മാസം ഗ്വാട്ടിമാലയിൽ നിന്നും യുഎസിലേയ്ക്ക് തനിച്ചെത്തിയ കുട്ടികളെ നാടുകടത്താൻ ശ്രമിച്ചപ്പോഴും മറ്റൊരു ഫെഡറൽ ജഡ്ജി അത് തടഞ്ഞിരുന്നു. അന്ന് കുറച്ചു കുട്ടികളെ വിമാനത്തിൽ കയറ്റി തിരിച്ചയച്ചിരുന്നു. അതിനു ശേഷമായിരുന്നു ആ ഉത്തരവ് വന്നത്.

രക്ഷാകർത്താക്കൾ ഇല്ലാതെ അതിർത്തി കടന്ന് എത്തുന്ന കുട്ടികളെ യുഎസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചർച്ചയുടെ ഭാഗമാണ് ഈ പുതിയ തടങ്കൽ നയം. ഈ വിഷയം രാജ്യത്ത് വലിയ വിവാദങ്ങൾക്കു വഴി തെളിച്ചിരിക്കുകയാണ് ഇപ്പോൾ.

ബിഹാർ തെരഞ്ഞെടുപ്പ്: ബുർഖ ധരിച്ച വോട്ടർമാരെ തിരിച്ചറിയാൻ അങ്കണവാടി പ്രവർത്തകർ

ആറ് മാസത്തിനകം ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്ക് തുല്യമാകും: ഗഡ്കരി

മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി അറേബ്യയിലേക്ക്

ഗുകേഷിന്‍റെ 'കിങ്ങി'നെ എടുത്തെറിഞ്ഞ് യുഎസ് ചെസ് താരം; വിവാദം

വിജയ് ദേവരകൊണ്ടയുടെ വാഹനത്തിൽ കാറിടിച്ചു; താരം അദ്ഭുതകരമായി രക്ഷപെട്ടു