ലോക പോലീസ് ഉച്ചകോടി സമാപിച്ചു; പങ്കെടുത്തത് 54,000 വിദഗ്ധർ
ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ സംഘടിപ്പിച്ച വേൾഡ് പൊലീസ് ഉച്ചകോടി സമാപിച്ചു. 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 53,922 പേർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ 300%ത്തിലധികം വർധനയാണിതെന്ന് ദുബായ് പൊലിസ് മീഡിയ അധികൃതർ അറിയിച്ചു. ഉച്ചകോടിയിൽ 6 ആഭ്യന്തര മന്ത്രിമാർ, 4 ഡെപ്യൂട്ടി മന്ത്രിമാർ, 45 പൊലിസ് മേധാവികൾ, 41 ഡെപ്യൂട്ടി പൊലിസ് മേധാവികൾ, 692 അംബാസഡർമാർ, കോൺസുൽ ജനറൽമാർ, മുതിർന്ന നയതന്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുത്തു.
302 പ്രഭാഷകർ 140 പ്രത്യേക സെഷനുകൾ അവതരിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സമിതി, പൊലിസ് സേനയിലെ എ.ഐ, ഡിജിറ്റൽ തട്ടിപ്പുകൾ തടയാനുള്ള വിഭാഗം, കമ്മ്യൂണിറ്റി പൊലീസിങ്, വ്യോമയാന സുരക്ഷ, യുവ ഉദ്യോഗസ്ഥരുടെ വ്യക്തിത്വ വികാസം എന്നിവയുൾപ്പെടെ 12 പ്രധാന വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്തു. സഹകരണവും നവീകരണവും വളർത്തിയെടുക്കുന്നതിനായി പൊലിസ് ഏജൻസികൾ, സാങ്കേതിക സ്ഥാപനങ്ങൾ, അക്കാദമിക് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ തമ്മിൽ 38 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ അവാർഡുകളിൽ 900ത്തിലധികം പേരെ പരിഗണിച്ചു. സമാപന ദിവസം 12 വിജയികളെ ആദരിച്ചു.
ഈ വർഷത്തെ പങ്കാളിത്തവും സ്വാധീനവും പ്രതീക്ഷകൾക്കപ്പുറമായിരുന്നുവെന്ന് വേൾഡ് പൊലിസ് സമ്മിറ്റ് സെക്രട്ടറി ജനറൽ ലെഫ്റ്റനന്‍റ് കേണൽ ഡോ. റാഷിദ് ഹംദാൻ അൽഖറാഫി അഭിപ്രായപ്പെട്ടു.
ഇന്‍റർപോൾ, യൂറോപോൾ, യുനോഡിസി, ഡബ്ലിയു.എച്ച്.ഒ, എമിറേറ്റ്സ് എയർലൈൻ, ഐഡീമിയ, ഡെൽ ടെക്നോളജീസ്, അൽകാടെൽ-ലൂസെന്‍റ് എന്‍റർപ്രൈസ്, ദഹുവ, ജി42 തുടങ്ങിയവർ ഉച്ചകോടിയുമായി സഹകരിച്ചു. സുരക്ഷാ മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ശിൽപശാലകൾ നടത്തി.