#വി.കെ. സഞ്ജു
നാലു വർഷം മുൻപ് ലയണൽ മെസി ടീം വിട്ട ശേഷം പ്രളയം തന്നെയായിരുന്നു ബാഴ്സയ്ക്ക്. ലാ ലിഗയിൽ അപ്പാടെ അടി തെറ്റുന്നു, ഒറ്റക്കിരീടം പോലുമില്ലാതെ ഒരു സീസൺ പൂർത്തിയാക്കുന്നു. പക്ഷേ, ഇപ്പോഴിതാ മെസിയുടെ അസാന്നിധ്യം സൃഷ്ടിച്ച പ്രളയത്തിനു മീതെ ബാഴ്സലോണ തോണിയിറക്കിയിരിക്കുന്നു; മെസി ടീം വിട്ട ശേഷം ആദ്യമായി സ്പാനിഷ് ലീഗ് കിരീടം ഉറപ്പാക്കിയിരിക്കുന്നു. ലാ ലിഗയുടെ ചരിത്രത്തിൽ ബാഴ്സയ്ക്കിത് 27ാം കിരീടം, മുന്നിൽ 35 കിരീടങ്ങളുമായി റയൽ മാഡ്രിഡ് മാത്രം.
റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളിന്‍റെ ബലത്തിൽ എസ്പാന്യോളിനെ 4-2നു കീഴടക്കിയതോടെയാണ് നാലു മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ ബാഴ്സ കിരീടം ഉറപ്പിക്കുന്നത്. കടലാസിൽ കൂടുതൽ കരുത്തരായ റയൽ മാഡ്രിഡിനു മേൽ പതിമൂന്നാം റൗണ്ട് മുതൽ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു ബാഴ്സയ്ക്ക്. അത്‌ലറ്റിക്കോ മാഡ്രിഡിന് ഒന്നു പൊരുതാനുള്ള അവസരം പോലും കൊടുത്തതുമില്ല.
കടക്കെണി
2019-2020 സീസണിൽ ജൊവാൻ ലാപോർട്ട ക്ലബ് പ്രസിഡന്‍റായി തിരിച്ചെത്തുമ്പോൾ താറുമാറായ അവസ്ഥയിലായിരുന്നു ബാഴ്സലോണ. 140 ബില്യൻ ഡോളറാണ് അന്നത്തെ കടം. മെസിയെ ടീമിൽ നിലനിർത്താൻ സാധിക്കാതിരുന്നതിന് ഈ സാമ്പത്തിക പ്രതിസന്ധിയും വലിയൊരു കാരണമായിരുന്നു. ഒരു കിരീടം പോലും നേടാതെ കഴിഞ്ഞ സീസൺ അവസാനിച്ചതോടെയാണ് ലാപോർട്ട നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. 25 വർഷത്തേക്കുള്ള ടെലിവിഷൻ സംപ്രേഷണാവകാശം അടക്കമുള്ള ആസ്തികൾ പലതും വിറ്റു. ലെവൻഡോവ്സ്കി, യൂൾസ് കൗണ്ടെ, റഫീഞ്ഞ എന്നിവരെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് സ്വന്തമാക്കി. ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റൻസൻ, മാർക്കോസ് അലോൻസോ എന്നിങ്ങനെ ക്ലബ്ബില്ലാതെ നിന്നവരെയും കൂടെ കൂട്ടി കരുത്ത് വർധിപ്പിച്ചു.
എന്നിട്ടും ചാംപ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും നിരാശയായിരുന്നു ഫലം. പക്ഷേ, സ്പാനിഷ് ലീഗിലേക്ക് എല്ലാ കരുത്തും അവർ കരുതിവച്ചതുപോലെയായിരുന്നു അവിടെ പ്രദർശിപ്പിച്ച അപ്രമാദിത്വം.
ആക്രമണത്തിലെ കരുത്ത്
ജർമൻ ലീഗിലെ ബയേൺ മ്യൂണിച്ചിൽ നിന്ന് സ്പെയ്നിലെ ബാഴ്സയിലേക്കെത്തിയതിന്‍റെ അങ്കലാപ്പൊന്നുമില്ലാതെ മുപ്പത്തിനാലാം വയസിലും ബാഴ്സയുടെ കുന്തമുനയാകാൻ റോബർട്ട് ലെവൻഡോവ്സ്കിക്കു സാധിക്കുന്നുണ്ട്. നിലവിൽ 21 ഗോളുമായി സ്പാനിഷ് ലീഗിൽ മുന്നിൽ നിൽക്കുന്നത് ഈ പോളണ്ട് താരം തന്നെ.
റഫീഞ്ഞയും ഉസ്മാൻ ഡെംബലെയും തമ്മിലുള്ള കൂട്ടുകെട്ടും ബാഴ്സയുടെ മുന്നേറ്റങ്ങളിൽ ശ്രദ്ധേയമായി. റഫീഞ്ഞ ഏഴു ഗോളടിച്ചപ്പോൾ ഡെംബലെ ആറെണ്ണം സ്വന്തം പേരിൽ കുറിച്ചു.
പ്രതിരോധത്തിന്‍റെ ഉറപ്പ്
രണ്ടു വർഷത്തോളം ഫോമില്ലാതെ വലഞ്ഞ മാർക്ക്-ആന്ദ്രെ ടെർ സ്റ്റേഗൻ ഉജ്വല ഫോമിൽ തിരിച്ചെത്തിയതാണ് സീസണിൽ ബാഴ്സയ്ക്കു കിട്ടിയ മറ്റൊരു വലിയ അനുഗ്രഹം. 2015ൽ ടീം അവസാനമായി ചാംപ്യൻസ് ലീഗ് നേടുമ്പോൾ നടത്തിയ പ്രകടനത്തെ ഓർമിപ്പിക്കുന്നതായിരുന്നു ക്രോസ് ബാറിനു കീഴിൽ ഈ സീസണിൽ ജർമൻ കസ്റ്റോഡിയന്‍റെ സാന്നിധ്യം.
ലീഗിൽ ഏറ്റവും കൂടുതൽ (70) ഗോളടിച്ചത് റയലാണെങ്കിലും 64 ഗോളുമായി അവരെ ബഹുദൂരം പിന്നിലാക്കാൻ ബാഴ്സയ്ക്കു സാധിച്ചത് ടെർ സ്റ്റേഗന്‍റെ 25 ക്ലീൻ ഷീറ്റുകളുടെ കൂടി ബലത്തിലാണ്. സീസണിൽ ഇതുവരെ 13 ഗോൾ മാത്രമാണ് ബാഴ്സയുടെ വലയിൽ വീണിട്ടുള്ളത്.
സീസണിന്‍റെ മധ്യത്തിൽ ജെറാർഡ് പിക്കെ വിരമിച്ചതിന്‍റെ ക്ഷീണം അറിയിക്കാതെ പ്രതിരോധനിരയെ നയിക്കാൻ റൊണാൾഡ് അറൗയോയ്ക്കും കഴിഞ്ഞു. റയലിന്‍റെ വിനീഷ്യസ് ജൂനിയർ അടക്കം അപകടകാരികളായ പല സ്ട്രൈക്കർമാരെയും മൂക്കുകയറിട്ടു നിർത്തിയത് അറൗയോ ആയിരുന്നു.
ശോഭനമായ ഭാവി
യുവതാരങ്ങളുടെ ശക്തമായ സാന്നിധ്യമാണ് ഇത്തവണത്തെ കിരീടത്തെക്കാൾ ഭാവിയിലേക്ക് വലിയ പ്രതീക്ഷകൾ വയ്ക്കാൻ ക്ലബ്ബിനെ പ്രേരിപ്പിക്കുന്നത്. മിഡ്ഫീൽഡർമാരായ ഗാവി പയസും (18) പെഡ്രി ഗോൺസാലസും (20) യൂറോപ്പിലെ ഏറ്റവും മികച്ച അണ്ടർ-21 താരങ്ങൾക്കുള്ള ഗോൾഡൻ ബോയ് പുരസ്കാരങ്ങൾ നേടി. യോർഡി ആൽബയെപ്പോലൊരു അതികായനു പകരം പരീക്ഷിക്കാൻ മാത്രം അലജാൻദ്രോ ബാൾഡെ (19) കോച്ച് സാവിയുടെ വിശ്വാസമാർജിച്ചു കഴിഞ്ഞു.
വീണ്ടും മെസി?
പാരിസ് സെന്‍റ് ജർമൻ വിടുമെന്ന് ലയണൽ മെസി ഉറപ്പിച്ചു കഴിഞ്ഞു. സൗദി അറേബ്യയിലേക്കു പോകാതെ പിടിച്ചുനിർത്താനുള്ള വൈകാരികമായ കരുത്ത് ബാഴ്സയ്ക്കുണ്ട്. പക്ഷേ, സാമ്പത്തികമായ കരുത്ത് ശുഷ്കം. സ്പാനിഷ് ലീഗിൽ നടപ്പാക്കിയ കർക്കശമായ സാമ്പത്തിക അച്ചടക്കമാണ് പ്രധാന പ്രതിസന്ധി. താരങ്ങളുടെ ശമ്പളത്തിന് നിയന്ത്രണമുള്ളതിനാൽ, മെസിയെ എത്തിക്കണമെങ്കിൽ പല പ്രമുഖരെയും മറ്റു ക്ലബ്ബുകൾക്കു കൈമാറേണ്ടി വരും. പരിധി ലംഘിക്കപ്പെടാതിരിക്കാൻ മാത്രമല്ല, മെസിക്കു നൽകേണ്ടി വരുന്ന വൻ ട്രാൻസ്ഫർ ഫീസിനും പ്രതിഫലത്തിനുമുള്ള ഫണ്ട് കണ്ടെത്താനും ഇതാവശ്യമാണ്.
റഫീഞ്ഞയും ഡെംബലെയും റൈറ്റ് വിങ്ങർമാരായതിനാൽ ഇവരിൽ ഒരാളെ കൈവിടാൻ ക്ലബ് തീരുമാനിച്ചാലും അദ്ഭുതപ്പെടാനില്ല. സ്ട്രൈക്കർ അൻസു ഫാറ്റി, മിഡ് ഫീൽഡർ ഫ്രാങ്കി ഡി യോങ് എന്നിവരും കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുള്ളവരാണ്. ദീർഘകാലമായി ഹോൾഡിങ് മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന സെർജിയോ ബുസ്കറ്റ്സ് ക്ലബ് വിടാൻ തീരുമാനിച്ച സാഹചര്യത്തിൽ പകരക്കാരനെ കണ്ടെത്തുക എന്നതും വലിയ വെല്ലുവിളിയായിരിക്കും.
അവസാനിക്കാത്ത പ്രതിസന്ധി
ടിക്കറ്റ് വിൽപ്പന കുറയുന്നത് അടുത്ത സീസണിൽ ക്ലബ്ബിന്‍റെ വരുമാനത്തെയും ബാധിക്കുമെന്നുറപ്പാണ്. ഹോം ഗ്രൗണ്ടായ കാംപ് നൗ നവീകരിക്കുന്ന സാഹചര്യത്തിൽ മറ്റൊരു ചെറിയ സ്റ്റേഡിയത്തിലായിരിക്കും അടുത്ത സീസണിൽ ബാഴ്സയുടെ ഹോം മത്സരങ്ങൾ. 98,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കാംപ് നൗവിനു പകരം അതിന്‍റെ പകുതിയോളം മാത്രം ശേഷിയുള്ള ഒളിമ്പിക് സ്റ്റേഡിയം മാത്രമാണ് ക്ലബ്ബിന്‍റെ പക്കലുള്ളത്.
നടപ്പ് സീസണിൽ ടീമിന്‍റെ തിരിച്ചുവരവിനു പിന്നിൽ പ്രധാന ശക്തിയായി പ്രവർത്തിച്ച സ്പോർട്സ് ഡയറക്റ്റർ മാത്യു അൽമാനിയുടെ അഭാവവും അടുത്ത സീസണിൽ വെല്ലുവിളിയായേക്കും. അപ്രതീക്ഷിതമായി അദ്ദേഹം ക്ലബ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത് മാനെജ്മെന്‍റിനും ക്ലബ് ആരാധകർക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയിരുന്നു.