ചരിത്രപരമായ ആ കൂടിക്കാഴ്ച

 
Special Story

ചരിത്രപരമായ ആ കൂടിക്കാഴ്ച

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ബുധനാഴ്ച കേരള ഹൗസിൽ നടത്തിയ നയതന്ത്ര ചാതുര്യമുള്ള ഒത്തുചേരലുകൾ രാജ്യം മുഴുവൻ ശ്രദ്ധേയമായി

ഗ്രഹനില | ജ്യോത്സ്യൻ

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ബുധനാഴ്ച കേരള ഹൗസിൽ നടത്തിയ നയതന്ത്ര ചാതുര്യമുള്ള ഒത്തുചേരലുകൾ രാജ്യം മുഴുവൻ ശ്രദ്ധേയമായി മാറി. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ സർക്കാരുകളും ഗവർണർമാരും തമ്മിൽ വളരെ സംഘർഷാത്മകമായി കടന്നു പോയ വർഷങ്ങളാണ് നാം ഇതുവരെ കണ്ടത്.

കേരള ഗവർണറായി ആറു വർഷക്കാലം സേവനമനുഷ്ഠിച്ച ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ എന്നും ഏറ്റുമുട്ടലുകളായിരുന്നു. കാരണം രണ്ടുപേരും ഒട്ടും വിട്ടുകൊടുക്കുന്നവരല്ല. തനിക്കെതിരേ കരിങ്കൊടി ഉയർത്തിയ എസ്എഫ്ഐക്കാരെ നേരിടാൻ അദ്ദേഹം തന്നെ നിരത്തിലിറങ്ങിയത് നാം കണ്ടതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ ഗവർണറായി നിയമിതനായ അർലേക്കർ ഏതാനും ദിവസങ്ങൾക്കകം തന്നെ മുഖ്യമന്ത്രി പിണറായി വിജയനോട് മുഖത്തോടു മുഖം നോക്കി പുഞ്ചിരിക്കുന്ന ചിത്രങ്ങളാണ് കണ്ടത്.

മാത്രമല്ല, കേരളത്തിന്‍റെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയ്ക്കും എംപിമാർക്കും ഒപ്പം താനും ഉണ്ടാവുമെന്ന് ഗവർണർ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഗവർണറുടെ വാക്കുകൾക്ക് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്‍റെ തുടർച്ചയായി അദ്ദേഹം കഴിഞ്ഞയാഴ്ച ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു സൽക്കാരം കേരള എംപിമാർക്ക് നൽകി.

പിറ്റേ ദിവസം വളരെ അസാധാരണമായ കൂടിക്കാഴ്ചയാണ് ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവർ കേരള ഹൗസിലെ പ്രഭാത ഭക്ഷണ വേളയിൽ നടത്തിയത്. കേരളത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും ഒപ്പമുണ്ടായിരുന്നു. കേരളത്തിന്‍റെ രുചികരമായ അപ്പം, സ്റ്റ്യൂ, പുട്ട്, കടലക്കറി, പ്രസിദ്ധമായ തൃശൂർ ഏത്തപ്പഴം പുഴുങ്ങിയത് എന്നിവയെല്ലാം പ്രഭാത ഭക്ഷണത്തിലുണ്ടായിരുന്നു. ഭക്ഷണത്തോടൊപ്പം മനം കുളിർപ്പിക്കുന്ന സംഭാഷണങ്ങളും നടന്നു. കേരളത്തിന്‍റെ വികസന മേഖലകൾക്ക് കേന്ദ്രം സഹായം നൽകുമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ ഉറപ്പു നൽകി.

50 മിനിട്ട് നീണ്ട സംസാരത്തിനുശേഷം പൊട്ടിച്ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങിയത്. തുടർന്ന് 5,990 കോടി രൂപ കൂടി അധികം കടമെടുക്കാനുള്ള അനുമതി കേന്ദ്രം നൽകി. വയനാട് പ്രകൃതി ദുരന്തത്തിനുള്ള സഹായം, ദേശീയ പാതകൾക്ക് സ്ഥലമെടുക്കാനുള്ള കേന്ദ്ര വിഹിതം, ഇ. ശ്രീധരൻ രൂപം നൽകി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച ഹൈസ്പീഡ് റെയ്‌ലിനുള്ള അനുവാദം തുടങ്ങി ഇത്രയും നാൾ കേരളം സമർപ്പിച്ചിട്ടുള്ള എല്ലാ കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന അന്തരീക്ഷം ഉണ്ടായിരിക്കുന്നു.

ഇത്തരം കൂടിച്ചേരലുകൾക്ക് മുൻകൈയെടുത്ത പ്രൊഫ. കെ.വി. തോമസിനെ പ്രത്യേകം അനുമോദിക്കേണ്ടതാണ്. കേരളത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയ്ക്ക് എങ്ങിനെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും എന്ന് കെ.വി. തോമസ് തെളിയിച്ചിരിക്കുന്നു. കേരളത്തിന്‍റെ വികസനത്തിന് രാഷ്‌ട്രീയത്തിന് അതീതമായി കേന്ദ്രവും സംസ്ഥാനങ്ങളും ഉത്തരവാദിത്വപ്പെട്ട രാഷ്‌ട്രീയ പ്രതിനിധികളും ഒന്നിക്കണമെന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍