രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും കരാറുകളും സമാധാനപരമായി കൈകാര്യം ചെയ്യുന്ന സമ്പ്രദായമാണ് നയതന്ത്രം. ലോകത്ത് ഒരുപാടു രാജ്യങ്ങളുണ്ട്. ഓരോ രാജ്യത്തിന്‍റെയും നിലനില്‍പ്പിന് മറ്റു രാജ്യങ്ങളുടെ പിന്തുണ വേണം. അതിനായി പരസ്പര ബന്ധങ്ങള്‍ വേണം. സാങ്കേതികവിദ്യ വികസിച്ച ആധുനിക കാലത്ത് ഇത് മുമ്പെന്നത്തേക്കാളും അത്യാവശ്യമായി വന്നിരിക്കുന്നു.
അന്താരാഷ്‌ട്ര ബന്ധങ്ങളെ കൂടിയാലോചനകളിലൂടെ സുഗമമാക്കാൻ മികവുറ്റ നയതന്ത്രജ്ഞര്‍ ഓരോ രാജ്യത്തിനും വേണ്ടിവരും. ലോക രാജ്യങ്ങളുടെ കൂട്ടായ്മകളായ ഐക്യരാഷ്‌ട്ര സഭ, ജി20 പോലെയുള്ള വേദികളിലും അതതു രാജ്യങ്ങളുടെ നയതന്ത്രജ്ഞരാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയ്ക്കു ലോകത്തെ പ്രധാന രാജ്യങ്ങളിലും പ്രധാന അന്താരാഷ്‌ട്ര വേദികളിലുമെല്ലാം ഇത്തരം നയതന്ത്രജ്ഞരുണ്ട്. അവരുടെ പ്രവര്‍ത്തനശൈലിയും സ്വീകരിക്കുന്ന മാര്‍ഗവും അവര്‍ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്‍റെ നയതന്ത്രമെന്നു തന്നെയാണ് അറിയപ്പെടുന്നത്. അന്താരാഷ്‌ട്ര ബന്ധങ്ങളെ സൈനിക ബലം മാത്രം നിയന്ത്രിക്കുന്നത് ഒഴിവാക്കാന്‍ നാഗരികത കണ്ടുപിടിച്ച ഏറ്റവും നല്ല മാര്‍ഗമാണ് നയതന്ത്രം.
നയതന്ത്രം അനാദികാലങ്ങളായി നിലനിന്നിരുന്നു. പുരാണേതിഹാസങ്ങളില്‍ പോലും നയതന്ത്രത്തിന് സമാനമായ പല ഇടപാടുകളും കാണാം. പാണ്ഡവർക്കു വേണ്ടി കൗരവരുമായി നയതന്ത്ര ചർച്ചകൾ നടത്തിയത് ശ്രീകൃഷ്ണനാണല്ലോ..! ശ്രീരാമനു വേണ്ടി ഹനുമാൻ രാവണനുമായി ചർച്ചയ്ക്കു പോയി..! അതുകൊണ്ടു തന്നെ നയതന്ത്രം എന്ന ആശയം കാലപ്പഴക്കം ചെന്നതു തന്നെ.
ആധുനിക നയതന്ത്രത്തിന്‍റെ തുടക്കം നവോത്ഥാന കാലഘട്ടത്തിന്‍റെ ആരംഭത്തിലാണ് എന്ന് വിലയിരുത്തപ്പെടുന്നു. വടക്കന്‍ ഇറ്റലിയിലെ നഗര രാഷ്‌ട്രങ്ങളിലായിരുന്നു സ്ഥിരം സ്ഥാനപതികളെ അയയ്ക്കുക എന്ന രീതി തുടങ്ങിയത്. പുതിയ സമ്പ്രദായത്തിനും നയതന്ത്രത്തിന്‍റെ പ്രമാണങ്ങളുടെ ആദ്യ രൂപത്തിനും നേതൃത്വം നൽകിയത് മിലാനായിരുന്നു. ആദ്യത്തെ സ്ഥാനപതി സ്ഥാപനങ്ങള്‍- എംബസികള്‍ -13ാം നൂറ്റാണ്ടില്‍ സ്ഥാപിതമായി. ആധുനിക നയതന്ത്രത്തിന്‍റെ പല പാരമ്പര്യങ്ങളും ആരംഭിച്ചത് ഇറ്റലിയിലാണ്. ഇറ്റലിയിൽ നിന്ന് ഈ സമ്പ്രദായം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു. പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്പരം സ്ഥാനപതികളെ അയച്ചു തുടങ്ങി. ഒരു സ്ഥിരം പ്രതിനിധിയെ ആദ്യം 1487ല്‍ ഇംഗ്ലണ്ടിലേക്ക് അയച്ചത് സ്‌പെയിനായിരുന്നു.
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ നയതന്ത്ര ശൃംഖലയുള്ള രാജ്യം എന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തെയും പ്രത്യേകിച്ച് അയല്‍ പ്രദേശങ്ങളിലെയും ബന്ധങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. കാലങ്ങളായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 153 ലോക രാജ്യങ്ങളുടെ എംബസികളോ ഹൈക്കമ്മിഷനുകളോ പ്രവര്‍ത്തിക്കുന്നു. ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളാണ് ഹൈക്കമ്മിഷനുകൾ. ഡല്‍ഹിയിലെ ചാണക്യപുരിയിലും തൊട്ടടുത്ത ഡല്‍ഹിയുടെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പായ ദ്വാരക സെക്റ്റര്‍ 24ലും ഇവ വിന്യസിച്ചു കിടക്കുന്നു. വിദേശ കാര്യങ്ങള്‍ സുഗമമായി നടത്തുന്നതിന് അതിശക്തമായ വിദേശകാര്യ വകുപ്പും നമുക്കുണ്ട്.
ഇന്ത്യയുടെ വിദേശ ബന്ധങ്ങളുടെ ഉത്തരവാദിത്തമുള്ള മുഖ്യ ഏജന്‍സിയാണ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്‍റെ പ്രധാന ഉദ്ദേശ്യങ്ങള്‍ രാജ്യത്തിന്‍റെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും, മറ്റു രാജ്യങ്ങളുമായി സൗഹൃദബന്ധം പ്രോത്സാഹിപ്പിക്കുകയും, വ്യാപാര- വ്യവസായ ബന്ധങ്ങൾ വർധിപ്പിക്കുകയും വിദേശികള്‍ക്കും വിദേശത്തുള്ള സ്വദേശികള്‍ക്കും നയതന്ത്ര സേവനങ്ങള്‍ നല്‍കുകയും ഉള്‍പ്പെടുന്നു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച കാലം (1857-1947) മുതല്‍ ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തമായി. നയതന്ത്ര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഏറ്റെടുത്തതിനാൽ ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം വികസിച്ചു. അതിനാൽ 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ വിദേശനയം നടപ്പിലാക്കുന്നതില്‍ നമുക്കു വലിയ പ്രയാസം ഉണ്ടായില്ല. അതിന് കാരണം ചില ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷുകാര്‍ക്ക് കീഴില്‍ നയതന്ത്ര ഇടപെടലുകള്‍ നടപ്പിലാക്കുന്നതിലെ അനുഭവപരിചയം ഉണ്ടായിരുന്നു എന്നതു തന്നെ.
എന്നിരുന്നാലും, രാജ്യത്തെ ഏറ്റവും പഴക്കമുള്ള സംഘടിത സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1925ല്‍ വിദേശ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും അതിന്‍റെ സ്വാതന്ത്ര്യ സമരത്തെ പരസ്യപ്പെടുത്തുന്നതിനുമായി ഒരു ചെറിയ വിദേശ വകുപ്പ് സ്ഥാപിച്ചു. 1920കളുടെ അവസാനം മുതല്‍ ജവഹര്‍ലാല്‍ നെഹ്റു, സ്വാതന്ത്ര്യ നേതാക്കള്‍ക്കിടയില്‍ ലോകകാര്യങ്ങളില്‍ ദീര്‍ഘകാലമായി താത്പര്യമുണ്ടായിരുന്ന അദ്ദേഹം, അന്താരാഷ്‌ട്ര വിഷയങ്ങളില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് രൂപപ്പെടുത്തി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായശേഷം ഒരേസമയം പ്രധാനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചു. തന്‍റെ ഉപദേശകരുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹം തന്നെ എല്ലാ പ്രധാന വിദേശ നയ തീരുമാനങ്ങളും എടുക്കുകയും തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ സേവനത്തിലെ മുതിര്‍ന്ന അംഗങ്ങളെ അന്താരാഷ്‌ട്ര കാര്യങ്ങളുടെ നടത്തിപ്പ് ചുമതലപ്പെടുത്തുകയും ചെയ്തു. പഞ്ചശീലത്തിന്‍റെ, സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റെ അഞ്ച് തത്വങ്ങളുടെ പ്രധാന സ്ഥാപകന്‍ അദ്ദേഹമായിരുന്നു.
നെഹ്‌റുവിനെ നയതന്ത്ര വിഷയത്തില്‍ പരാമര്‍ശിക്കുമ്പോള്‍ തന്നെ മലയാളിയായ വെങ്ങലില്‍ കൃഷ്ണന്‍ കൃഷ്ണമേനോന്‍ എന്ന വി.കെ. കൃഷ്ണമേനോനെ പരാമര്‍ശിക്കാതെ പോകാനാവില്ല. ഒരു ഇന്ത്യന്‍ അക്കാദമിക്, രാഷ്‌ട്രീയക്കാരന്‍, രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു കൃഷ്ണമേനോന്‍. നെഹ്‌റുവിന് ശേഷം ഇന്ത്യയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തി. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും, 1962ല്‍ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയത്തകര്‍ച്ച വരെ, ഇന്ത്യയുടെ വിദേശ ബന്ധങ്ങളുടെ മുന്‍നിരയില്‍ മേനോന്‍ നിലകൊണ്ടു.
നെഹ്‌റുവിന്‍റെ കാലം മുതലേ ശ്രദ്ധേയമായ നയതന്ത്ര ബന്ധങ്ങള്‍ ഇന്ത്യയ്ക്കുണ്ടായി. അതിന് അതത് കാലത്തെ പ്രധാനമന്ത്രിമാരും വിദേശ മന്ത്രിമാരും വഹിച്ച പങ്ക് സ്മരണീയമാണ്. ഇന്ന് ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് ലോകത്തു തന്നെ ഏറ്റവും ശ്രദ്ധേയമാണ്. നയതന്ത്രത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്കു ലോകത്തിന് മുന്നില്‍ വലിയ വില വന്നിരിക്കുന്നു. ജി20 ഉച്ചകോടി ഡല്‍ഹിയില്‍ വിജയകരമായി കഴിഞ്ഞതോടെ നമ്മുടെ വിദേശകാര്യ വകുപ്പ് ലോകശ്രദ്ധ നേടി വീണ്ടും മുന്നിലെത്തി. മന്ത്രാലയത്തെ നയിക്കുന്നത് മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ സുബ്രഹ്മണ്യം ജയശങ്കറാണ്. വിദേശകാര്യത്തെ കുറിച്ചും നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുള്ള എസ്. ജയശങ്കര്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നു.
പ്രമുഖ അന്താരാഷ്‌ട്ര സ്ട്രാറ്റജിക് അഫയേഴ്‌സ് അനലിസ്റ്റും, പത്രപ്രവര്‍ത്തകനും, മുന്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസുകാരനുമായിരുന്ന തമിഴ്നാട് സ്വദേശി കൃഷ്ണസ്വാമി സുബ്രഹ്മണ്യത്തിന്‍റെ മകനാണ് എസ്. ജയശങ്കര്‍. റിയൽ പൊളിറ്റിക്സിന്‍റെ വക്താവായി കണക്കാക്കപ്പെടുന്ന സുബ്രഹ്മണ്യം വളരെക്കാലം ഇന്ത്യന്‍ സുരക്ഷാ കാര്യങ്ങളില്‍ സ്വാധീനം ചെലുത്തിയ ശബ്ദമായിരുന്നു. ഇന്ത്യയുടെ സ്ട്രാറ്റജിക് അഫയേഴ്സ് കമ്മ്യൂണിറ്റിയുടെ ആദരണീയനായ വ്യക്തിയും ഇന്ത്യയുടെ ആണവ നയം രൂപീകരിക്കുന്നതിലും സ്വാധീനിക്കുന്നതിലും ആഗോളതലത്തില്‍ ഇന്ത്യന്‍ ആണവ നിലപാടുകള്‍ വാദിക്കുന്നതിലും സുബ്രഹ്മണ്യം പ്രധാന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ ഇപ്പോള്‍ ഇന്ത്യയുടെ വിദേശകാര്യ വകുപ്പിനെ നയിച്ച് ലോക ശ്രദ്ധ നേടുന്നു എന്ന് പറയുന്നതില്‍ അതുകൊണ്ടു തന്നെ വലിയ അതിശയോക്തിയില്ല.
ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ ശ്രദ്ധേയ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നേട്ടത്തിന്‍റെ ഒരു പങ്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമാണ്. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി ഇന്ത്യയിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ജയശങ്കറെ അംഗീകരിക്കുന്നു എന്ന കാര്യത്തിലും ഒരു സംശയവും വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക രാജ്യങ്ങളില്‍ നേടുന്ന അംഗീകാരവും ജയശങ്കറിന്‍റെ നയതന്ത്രത്തിന്‍റെ മികവു തന്നെയാണ് എന്ന് രാഷ്‌ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. വിദേശകാര്യ മന്ത്രിയായി ചുമതലയേല്‍ക്കും മുന്‍പ് അമെരിക്ക, ചൈന, സിംഗപ്പുര്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്നു ജയശങ്കര്‍. അദ്ദേഹം ചൈനീസ് അംബാസിഡറായിരുന്ന കാലത്താണ് ഇന്ത്യയും ചൈനയും തമ്മില്‍ മികച്ച നയതന്ത്ര ബന്ധം ഉണ്ടായത് എന്നുള്ളത് ഇവിടെ അടിവരയിട്ടു പറയേണ്ടതാണ്. നിലവിലെ ചൈനീസ് പ്രതിസന്ധികള്‍ക്ക് നയതന്ത്രപരമായ ഒട്ടേറെ ചര്‍ച്ചകള്‍ക്കും മന്ത്രി എന്ന നിലയില്‍ ജയശങ്കര്‍ എടുത്ത നിലപാടുകള്‍ പ്രശംസനീയമാണ്.
അടുത്തിടെ ക്യാനഡയുമായി ഉണ്ടായിട്ടുള്ള അസ്വാരസ്യമാണ് ഒരു വിദേശകാര്യ മന്ത്രി എന്നുള്ള നിലയില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന ഏറ്റവും പുതിയ കാര്യം. അവിടെയും ലോകരാജ്യങ്ങളെ ഇന്ത്യയ്ക്കൊപ്പം നിർത്താൻ അദ്ദേഹത്തിനു സാധിച്ചു. ഐക്യരാഷ്‌ട്ര സഭാ ജനറൽ അസംബ്ലിയിലെ കഴിഞ്ഞ ദിവസത്തെ പ്രസംഗം ലോകം കൈയടിയോടെയാണു സ്വീകരിച്ചത്. നയതന്ത്രജ്ഞനും ഒപ്പം രാഷ്‌ട്രീയക്കാരനുമായ ജയശങ്കറിന്‍റെ പല തീരുമാനങ്ങളും ഇന്ത്യയുടെ വിദേശകാര്യ ബന്ധത്തിന് പ്രതീക്ഷകൾ വർധിപ്പിക്കുന്നു. ക്യാനഡ ഉണ്ടാക്കിയ നയതന്ത്ര പ്രശ്നത്തിനും, ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്‍റെ തകര്‍ച്ചയ്ക്കും വൈകാതെ രമ്യമായ പരിഹാരം താമസിയാതെ ഉണ്ടാകുമെന്നു തന്നെയാണ് ഡൽഹിയിലെ സംസാരം. കാരണം, നമ്മുടെടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണല്ലോ..!