ഇറാൻ പ്രക്ഷോഭത്തിന്‍റെ ദൃശ്യം.

 
Special Story

ഇറാനിലെ ഭരണമാറ്റം ഇന്ത്യക്ക് നിർണായകം

അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ കരമാര്‍ഗ പാതകള്‍ പാക്കിസ്ഥാന്‍ അടച്ചതോടെ ഇറാന്‍ വളരെക്കാലമായി ന്യൂഡല്‍ഹിയുടെ പടിഞ്ഞാറന്‍ ഇടനാഴിയായി മാറിയിരുന്നു.

MV Desk

സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഉടലെടുത്ത പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ഇറാന്‍റെ നേതൃത്വം പാടുപെടുമ്പോള്‍, ഇന്ത്യ സാഹചര്യത്തെ സൂക്ഷ്മതയോടെയാണു നോക്കി കാണുന്നത്. ഭൂമിശാസ്ത്രം, കണക്റ്റിവിറ്റി എന്നിവയാല്‍ ബന്ധപ്പെട്ടതാണ് ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം. ആഴത്തില്‍ ബന്ധങ്ങളുള്ള പ്രാദേശിക പങ്കാളികളാണു ന്യൂഡല്‍ഹിയും ടെഹ്‌റാനും. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ കരമാര്‍ഗ പാതകള്‍ പാക്കിസ്ഥാന്‍ അടച്ചതോടെ ഇറാന്‍ വളരെക്കാലമായി ന്യൂഡല്‍ഹിയുടെ പടിഞ്ഞാറന്‍ ഇടനാഴിയായി മാറിയിരുന്നു. ഇന്ത്യയുടെ വെസ്റ്റ് ഏഷ്യ പോളിസിയില്‍ സ്ഥിരത നല്‍കുന്നൊരു സ്തംഭമായിട്ടാണ് ഇറാന്‍ നിലകൊള്ളുന്നതും

ബംഗ്ലാദേശിലെ ഭരണമാറ്റം, പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരവാദ വെല്ലുവിളികള്‍, ചൈനയുടെ പ്രാദേശികതലത്തിലുള്ള വികാസം, ഡോണള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള യുഎസ് നയങ്ങള്‍ എന്നിവ കാരണം ഇതിനകം സംഘര്‍ഷഭരിതമായ മേഖലയിലെ ഇന്ത്യയുടെ സ്വാധീനത്തെ ഇറാനിലെ സംഘര്‍ഷം ഒരുപക്ഷേ പ്രതികൂലമായി ബാധിച്ചേക്കാമെന്നു നയതന്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.

ഇറാന്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് പ്രാധാനമാകുന്നു?

കരമാര്‍ഗ പ്രവേശനം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് നിഷേധിച്ചതോടെ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള ഇന്ത്യയുടെ കണക്റ്റിവിറ്റിക്കുള്ള വിശ്വസനീയമായ പാലമായിരുന്നു ഇറാന്‍.

ഇന്ത്യയുടെ മധ്യേഷ്യന്‍ തന്ത്രത്തിന്‍റെ കാതല്‍ ഇറാന്‍റെ ചബഹാര്‍ തുറമുഖമാണ്. പാക്കിസ്ഥാനെ ഒഴിവാക്കി കര, റെയ്ല്‍ ശൃംഖലകള്‍ വഴി ഇന്ത്യയെ മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്നതാണ് ചബഹാര്‍ തുറമുഖം. ഏതൊരു കണക്റ്റിവിറ്റി ഇടനാഴികള്‍ക്കും രാഷ്‌ട്രീയതലത്തിലുള്ള നേതൃത്വങ്ങള്‍ തമ്മില്‍ യോജിപ്പ് ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇറാനില്‍ ഭരണമാറ്റമുണ്ടായാല്‍ അത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതാണ്.

പാക്കിസ്ഥാനുമായുള്ള ബന്ധം

മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ഇറാന്‍ ചരിത്രപരമായി പാക്കിസ്ഥാനുമായുള്ള ബന്ധം സന്തുലിതാവസ്ഥയിലാക്കിയാണു നിലനിര്‍ത്തുന്നത്. ടെഹ്‌റാനിലെ ഷിയാ നേതൃത്വം പാക്കിസ്ഥാനിലെ സുന്നി തീവ്രവാദ ഗ്രൂപ്പുകളെ ശക്തമായി വിമര്‍ശിക്കുന്നവരാണ്. ടെഹ്‌റാന്‍റെ ഷിയാ നിലപാട് ഇന്ത്യയ്ക്ക് അനുകൂലമായി വളരെയധികം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. 1990കളിലും 2000കളുടെ തുടക്കത്തിലും പാക്കിസ്ഥാന്‍റെ പിന്തുണയോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തന്ത്രപരമായ സാന്നിധ്യം ഉറപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇറാനും ഇന്ത്യയും താലിബാന്‍ വിരുദ്ധ ശക്തികളെ പിന്തുണച്ചു. ഇറാനും ഇന്ത്യയും തമ്മിലുള്ള ഒത്തുചേരല്‍ മേഖലയില്‍ പാക്കിസ്ഥാന്‍റെ സ്വാധീനം പരിമിതപ്പെടുത്തി. അഫ്ഗാനിസ്ഥാന്‍റെ രാഷ്‌ട്രീയ ഭാവിയില്‍ പാക്കിസ്ഥാന്‍ സ്വാധീനം ചെലുത്തിയേക്കാവുന്ന സാഹചര്യം അതിലൂടെ തടയുകയും ചെയ്തു. 1990കളുടെ മധ്യത്തില്‍ കശ്മീരിന്‍റെ പേരില്‍ ഇന്ത്യയ്‌ക്കെതിരേ അന്താരാഷ്‌ട്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇസ്‌ലാമബാദ് ശ്രമിച്ചപ്പോഴും ഡല്‍ഹിയുടെ സഹായത്തിനെത്തിയത് ടെഹ്‌റാനാണ്. ഇറാന്‍ ആന്തരികമായി ദുര്‍ബലമായാല്‍ പാക്കിസ്ഥാന്‍ പരോക്ഷമായി നേട്ടമുണ്ടാക്കുമെന്നതും ഉറപ്പാണ്.

വ്യാപാരം

ഇറാന്‍റെ എട്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഏകദേശം 1.3 മുതല്‍ 1.7 ബില്യണ്‍ ഡോളര്‍ വരെ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്. ചബഹാറിലും അനുബന്ധ പദ്ധതികളിലുമായി ന്യൂഡല്‍ഹി 1 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. യുഎസ് ഉപരോധങ്ങള്‍ പാലിക്കുന്നതിനായി ഡല്‍ഹി ഇതിനകം തന്നെ പദ്ധതിയുടെ ചില ഭാഗങ്ങള്‍ വൈകിപ്പിക്കുകയോ പുന:ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇറാനില്‍ ഇനി ഏതൊരു തരത്തിലുള്ള ഭരണമാറ്റം സംഭവിച്ചാലും ഈ നിക്ഷേപങ്ങളെ ബാധിക്കും.

ചൈനയുടെ സ്വാധീനം

പാക്കിസ്ഥാന്‍റെ കാര്യത്തില്‍ ഇറാന്‍ ഇന്ത്യയ്ക്ക് അനുകൂലമായി നില്‍ക്കുന്നുണ്ടെങ്കിലും ചൈനയോടുള്ള ഇറാന്‍റെ സമീപനം ഇന്ത്യയ്ക്ക് അനുകൂലമല്ല. 2021ല്‍ ബീജിങ്ങും ടെഹ്റാനും 25 വര്‍ഷത്തെ തന്ത്രപരമായ സഹകരണ കരാറില്‍ ഒപ്പുവച്ചു. അതിന്‍റെ സ്വാധീനം വ്യാപാരബന്ധത്തില്‍ പ്രകടമായി. 2025ല്‍ ചൈന ഇറാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു. 14.5 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഇറാനിയന്‍ സാധനങ്ങളാണു ചൈനയിലേക്കു കയറ്റുമതി ചെയ്തത്. വാസ്തവത്തില്‍, ഒന്നിലധികം പാശ്ചാത്യ ഉപരോധങ്ങള്‍ ഇറാന്‍റെ സമ്പദ് വ്യവസ്ഥയെ സ്തംഭിപ്പിച്ചിരിക്കുന്നതിനാല്‍, ടെഹ്റാന്‍ എണ്ണ വില്‍ക്കുന്നതിനും അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കു ധനസഹായം കണ്ടെത്തുതിനും ബീജിങ്ങിനെ വളരെയധികം ആശ്രയിക്കുന്നു.

ഇറാനില്‍ അരാജകത്വം തുടരുകയാണെങ്കില്‍, ഇനി നാളെ ഒരു പുതിയ ഭരണകൂടം വന്നാല്‍ പോലും സുരക്ഷ, നിക്ഷേപം എന്നിവയ്ക്കു വേണ്ടി ബീജിങ്ങിനെ ആശ്രയിക്കാന്‍ സാധ്യതയുണ്ട്. ഇത് മേഖലയില്‍ അവരുടെ സ്വാധീനം വർധിപ്പിക്കും. ഖുസെസ്ഥാനില്‍ ചൈനീസ് ധനസഹായത്തോടെയുള്ള വൈദ്യുതി നിലയങ്ങളെയും തുറമുഖ പദ്ധതികളെയും കുറിച്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഇതിനകം ചര്‍ച്ച ചെയ്യുന്നുണ്ട്.

വനം വകുപ്പിൽ അഴിമതിക്കാർക്ക് അനുകൂലമായി സ്ഥലംമാറ്റം

കോലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യ തോറ്റു, പരമ്പര നഷ്ടം

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

പി.ബി. ബിച്ചു കലോത്സവ പുരസ്കാരം ഏറ്റുവാങ്ങി