യോഗ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കണമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്‌റാവു ജാദവ്
* അന്താരാഷ്‌ട്ര യോഗ ദിനത്തിന്‍റെ പ്രമേയം പ്രഖ്യാപിച്ചു
* ഇത്തവണ മുഖ്യവേദിയാകുന്നത് കൊൽക്കത്ത
ഇക്കൊല്ലത്തെ അന്താരാഷ്‌ട്ര യോഗ ദിനത്തിന്‍റെ പ്രധാന പരിപാടികൾ ജൂൺ 21ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നടക്കുമെന്ന് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ആയുഷ് സഹമന്ത്രിയും ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രിയുമായ പ്രതാപ്‌റാവു ജാദവ് പ്രഖ്യാപിച്ചു. ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം, ആരോഗ്യകരമായ വാർധക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പങ്ക് എടുത്തു കാണിക്കുന്ന "ആരോഗ്യകരമായ വാർധക്യത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ യോഗാ ദിനാചരണത്തിന്‍റെ പ്രമേയം.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഖജുരാഹോയിലെ "വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് ടെംപിൾസിൽ' സംഘടിപ്പിച്ച "യോഗ മഹോത്സവ്- 2026' ലാണ് കേന്ദ്ര മന്ത്രി പ്രതാപ്‌റാവു ജാദവ് ഈ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്‌ട്ര യോഗാ ദിനത്തിലേക്കുള്ള 25 ദിവസത്തെ കൗണ്ട്ഡൗണിന്‍റെ തുടക്കം കുറിച്ചായിരുന്നു ഈ പരിപാടി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (എംഡിഎൻഐവൈ) സംഘടിപ്പിച്ച ചടങ്ങിൽ, ആയിരക്കണക്കിന് യോഗാചാര്യന്മാരും അനുയായികളും പങ്കെടുത്തു. "കോമൺ യോഗ പ്രോട്ടോക്കോൾ' പ്രകാരമുള്ള യോഗാഭ്യാസങ്ങൾ കൂട്ടമായി പ്രദർശിപ്പിച്ചു.
2026ലെ അന്താരാഷ്‌ട്ര യോഗാ ദിനത്തിന്‍റെ (ഐഡിവൈ- 2026) പ്രധാന ആഘോഷങ്ങൾക്ക് ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായ കൊൽക്കത്ത ആതിഥേയത്വം വഹിക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി പ്രതാപ്‌റാവു ജാദവ് അറിയിച്ചു. പരമ്പരാഗത പൈതൃകത്തിലും ആത്മീയ ബോധത്തിലും അധിഷ്ഠിതമായ കൊൽക്കത്ത ഈ ആഗോള പരിപാടിക്ക് ഏറ്റവും അനുയോജ്യമായ വേദിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമഗ്ര ആരോഗ്യ സംരക്ഷണത്തിന് യോഗ നൽകുന്ന സംഭാവനകളെ മുൻനിർത്തി "ആരോഗ്യകരമായ വാർധക്യത്തിന് യോഗ' (യോഗ ഫോർ ഹെൽത്തി ഏജിങ്) എന്നതാണ് ഈ വർഷത്തെ അന്താരാഷ്‌ട്ര യോഗാദിന പ്രമേയമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പുരാതന ജ്ഞാനത്തിന്‍റെ പ്രതീകമായ യോഗ, രോഗപ്രതിരോധ ആരോഗ്യ സംരക്ഷണത്തിലും സന്തുലിതമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
സമ്പന്നമായ സാംസ്കാരിക- ആത്മീയ പൈതൃകമുള്ള ഖജുരാഹോ, ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളും ആരോഗ്യ പരിപാലന രീതികളും തമ്മിലുള്ള സമന്വയത്തിന്‍റെ മികച്ച ഉദാഹരണമാണ്. വരും നാളുകളിൽ യോഗയുടെയും ആരോഗ്യ പരിപാലനത്തിന്‍റെയും ആഗോള കേന്ദ്രമായി ഉയർന്നുവരാൻ ഖജുരാഹോയ്ക്ക് സാധിക്കുമെന്നും പ്രതാപ്‌റാവു ജാദവ് പ്രസ്താവിച്ചു.
യോഗ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കണമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്‌റാവു ജാദവ് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് കീഴിൽ, നിരന്തരമായ ജനസമ്പർക്കത്തിലൂടെയും പൊതുജന പങ്കാളിത്തത്തിലൂടെയും യോഗയെ രാജ്യത്തെ ഓരോ ഗ്രാമത്തിലും, വീട്ടിലും, സ്കൂളിലും, ഓഫീസിലും, കമ്മ്യൂണിറ്റിയിലും എത്തിക്കാനാണ് ആയുഷ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗപ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി, യോഗയും 'ആയുഷ് ഭക്ഷണം' പോലുള്ള നൂതന സംരംഭങ്ങളും സന്തുലിതമായ പോഷകാഹാരവും അച്ചടക്കമുള്ള ജീവിതശൈലിയും ഉറപ്പാക്കി സമഗ്രമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
2026ലെ അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ രജിസ്ട്രേഷനുകൾ സുഗമമാക്കുന്നതിനും പൊതുജന പങ്കാളിത്തം ശക്തമാക്കുന്നതിനുമായി "യോഗ സംഗം പോർട്ടൽ' മന്ത്രി ചടങ്ങിൽ പുനരാരംഭിച്ചു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും സമർപ്പിത യോഗ ഇടങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനായി "യോഗ പാർക്ക് പോർട്ടൽ' അദ്ദേഹം ഉദ്ഘാടനം ചെയ്തു. യോഗയുടെയും ആരോഗ്യത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ യോഗ ടി-ഷർട്ടും അദ്ദേഹം പ്രകാശനം ചെയ്തു. "യോഗ 365' പ്രചാരണത്തിന് കീഴിൽ നടന്ന 100 ദിവസത്തെ സൗജന്യ യോഗ പരിശീലന പരിപാടിയിലൂടെ ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ പരിശീലനം നേടിയെന്നും "യോഗ മിത്ര' സർട്ടിഫിക്കറ്റ് കരസ്‌ഥമാക്കിയെന്നും മന്ത്രി അറിയിച്ചു.
ഇന്നത്തെ സമ്മർദം നിറഞ്ഞ ജീവിതശൈലിയിൽ സമഗ്ര ആരോഗ്യത്തിന് ലളിതവും സുസ്ഥിരവുമായ മാർഗമാണ് യോഗയെന്ന് ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി മോണാലിസ ദാഷ് പ്രസ്താവിച്ചു. കൂടുതൽ പൗരന്മാർ "യോഗ മിത്രങ്ങൾ' ആകണമെന്ന് അഭ്യർഥിച്ച അവർ, യോഗയിലൂടെ ലോകത്തെ ഒന്നിപ്പിക്കുന്നതിനായി 2026 ജൂൺ 14ന് നടക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമത്തിൽ ഏവരും പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്തു.
മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ഡയറക്റ്റർ പ്രൊഫ. ഡോ. കാശിനാഥ് സമഗന്ധിയുടെയും ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റ് യോഗ അധ്യാപകരുടെയും നേതൃത്വത്തിൽ നടന്ന കോമൺ യോഗ പ്രോട്ടോക്കോളിന്‍റെ വലിയ തോതിലുള്ള പ്രദർശനം ചടങ്ങിന്‍റെ പ്രധാന ആകർഷണമായി മാറി. യോഗാധിഷ്ഠിത ക്ഷേമത്തിനും പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനും രാജ്യവ്യാപകമായി വളർന്നുവരുന്ന പ്രസ്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന കോമൺ യോഗ പ്രോട്ടോക്കോളിന്‍റെ ബഹുജന പ്രദർശനത്തിൽ മേഖലയിലുടനീളമുള്ള ആയിരക്കണക്കിന് യോഗ പ്രേമികൾ പങ്കെടുത്തു.
എല്ലാ പ്രായത്തിലുമുള്ള ആളുകളുടെയും ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി ആയുഷ് മന്ത്രാലയം പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു നിശ്ചിത യോഗാഭ്യാസ ക്രമമാണ് കോമൺ യോഗ പ്രോട്ടോക്കോൾ (സിവൈപി).
2026ലെ അന്താരാഷ്‌ട്ര യോഗാ ദിനത്തിന് മുന്നോടിയായി രാജ്യത്തുടനീളം നടക്കുന്ന വിപുലമായ ഒരുക്കങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ഈ പരിപാടി മാറി. യോഗയിലൂടെ സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാരിനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ പരിപാടി.