കിഫ്ബിയുടെ ഭാവിയെന്ത്?
പ്രത്യേക ലേഖകൻ
10 വർഷത്തിനു ശേഷം പിണറായി വിജയൻ സംസ്ഥാന ഭരണസാരഥ്യം ഒഴിയുമ്പോൾ കേരളത്തിന് ബാക്കിയാകുന്നത് എന്താണ്? ധാർഷ്ട്യം, സൗജന്യങ്ങളുടെ രാഷ്‌ട്രീയം തുടങ്ങി നിരവധി ആരോപണങ്ങൾ പ്രതിപക്ഷം പിണറായി സർക്കാരിനെതിരേ ഉയർത്തിയിരുന്നു. അതൊക്കെ ജനം മുഖവിലയ്ക്കെടുത്തു എന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എന്നാൽ രാഷ്‌ട്രീയ എതിരാളികൾ പോലും രഹസ്യമായെങ്കിലും സമ്മതിക്കുന്ന ഒന്നുണ്ട്: അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിന്‍റെ സുവർണകാലമായിരുന്നു പിണറായിയുടെ 10 വർഷങ്ങൾ.
വളരെ വലിയ പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് അവകാശവാദം മുൻപേ വന്ന സർക്കാരുകളും ഉന്നയിക്കുമെങ്കിലും പൊതു വിദ്യാഭ്യാസം, ആരോഗ്യം, റോഡുകളും പാലങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ പിണറായിയുടെ 10 വർഷങ്ങൾ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അതിനായി കിഫ്ബി എന്ന സംവിധാനത്തെ പൊടിതട്ടിയെടുത്ത് കെ.എം. ഏബ്രഹാം എന്ന പ്രൊഫഷനൽ മികവുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ വിശ്വസിച്ച് ഏൽപ്പിച്ചു എന്നതാണ് അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ പിണറായി വിജയൻ കൈക്കൊണ്ട മികച്ച തീരുമാനങ്ങളിൽ ഒന്ന്.
അതുവരെ പരീക്ഷിച്ചപ്പോഴെല്ലാം പരാജയപ്പെട്ട ഒരു സ്ഥാപനത്തെ, വിരമിച്ച ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കുക എന്നതു മാത്രമായിരുന്നില്ല അത്. മറിച്ച് പബ്ലിക് അഡ്മിനിസ്ട്രേഷന് പുറമേ ഫിനാൻസ്, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലെല്ലാം മികച്ച അക്കാദമിക് യോഗ്യതകളും സെബി പോലെയുള്ള പരമപ്രധാന സ്ഥാപനങ്ങളിലൊക്കെ പ്രവർത്തന പരിചയവും ഉള്ള ഒരാളെ കണ്ടെത്തി കിഫ്ബിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ദീർഘവീക്ഷണത്തോടെയുള്ള തീരുമാനമായിരുന്നു അത്. അതു ഡെലിവർ ചെയ്തു എന്ന് പിണറായിയുടെ രാഷ്‌ട്രീയ ശത്രുക്കൾ പോലും സമ്മതിക്കുന്നു.
മുമ്പ് നായനാർ സർക്കാരും ഉമ്മൻചാണ്ടി സർക്കാരും കിഫ്ബിയെ ഉപയോഗപ്പെടുത്താൻ ശ്രമിച്ചപ്പോഴുണ്ടായ പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ചായിരുന്നു ഡോ. കെ.എം. ഏബ്രഹാമിന്‍റെ ചുവടുവയ്പുകൾ. ആദ്യ പിണറായി മന്ത്രിസഭയിലെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ ശക്തമായ പിന്തുണയും ഏബ്രഹാമിന് ഉണ്ടായിരുന്നു. ദൗർബല്യങ്ങൾ പരിഹരിച്ച് കിഫ്ബിയെ ശാക്തീകരിക്കാൻ കിഫ്ബി ആക്റ്റ് ഭേദഗതി ചെയ്യുകയായിരുന്നു ആദ്യപടി. 2016ൽ ആദ്യ പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള പ്രധാന നീക്കങ്ങളിൽ ഒന്നായിരുന്നു അത്. അതു നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ കൂടി പിന്തുണയോടെ ഐകണ്ഠ്യേന പാസാക്കിയെടുക്കാൻ കഴിഞ്ഞു എന്നത് സർക്കാരിന്‍റെ രാഷ്‌ട്രീയ വിജയം കൂടിയായി. ഇതോടെ പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും അടക്കമുള്ള വരുമാന സ്രോതസുകൾ സർക്കാരിൽ നിന്ന് ഉറപ്പാക്കിയെടുക്കാൻ കഴിഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിൽ പലപ്പോഴും വില്ലനാകാറുള്ള ഫണ്ട് വകമാറ്റലും പുതിയ ഭേദഗതിയിലൂടെ പൂർണമായി ഇല്ലാതാക്കാൻ ഡോ. ഏബ്രഹാമിന്‍റെ ഫിനാൻസ് ബുദ്ധിക്കായി. പിന്നീട് ലണ്ടൻ എക്സചേഞ്ചിൽ മസാല ബോണ്ടിറക്കി. പലിശയുടെ കാര്യത്തിലൊക്കെ കാര്യം മനസിലാക്കാതെയുള്ള മുറുമുറുപ്പും വിവാദവും ഒക്കെ ഉണ്ടായെങ്കിലും ഒരു സബ്സോവറിൻ എന്‍റിറ്റി എന്ന നിലയിൽ ധനകാര്യ വിപണിയിൽ കേരളത്തിനും കിഫ്ബിക്കും മസാല ബോണ്ടിറക്കൽ മികച്ച പ്രതിഛായയാണ് ഉണ്ടാക്കിയതെന്ന് പ്രമുഖ ധനകാര്യ വിദഗ്ധർ ആ സമയത്ത് വിലയിരുത്തിയിരുന്നു. പിന്നീട് കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റമാണ് കിഫ്ബി കൊണ്ടുവന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. 45,000 സ്മാർട് ക്ലാസ് റൂമുകളാണ് കിഫ്ബി വഴി സ്കൂളുകളിൽ ഒരുങ്ങിയത്. പുതിയ കെട്ടിടങ്ങൾ വ്യാപകമായി നിർമിക്കപ്പെട്ടു. പഴയവ ആധുനിക മാനദണ്ഡങ്ങളനുസരിച്ച് പുതുക്കിപ്പണിതു.
പൊതുജനാരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം പുതിയ തലത്തിലേക്കെത്തി. മനംമടുപ്പിക്കുന്ന ആശുപത്രിക്കാഴ്ചകൾക്ക് നല്ലൊരു പരിധി വരെ അവസാനമായി. സംസ്ഥാനത്തെ ഒട്ടേറെ താലൂക്ക്, ജനറൽ ആശുപത്രികൾ ലോക നിലവാരത്തിലേക്ക് എത്തിക്കാൻ കിഫ്ബി വഴി പിണറായി സർക്കാരുകൾക്ക് കഴിഞ്ഞു. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവയ്ക്കൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ ആരോഗ്യവകുപ്പിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ വന്ന വീഴ്ചയുടെ ഫലമായിരുന്നു. പലപ്പോഴും ഇത്തരം സംഭവങ്ങൾ കിഫ്ബിയുടെ നേട്ടങ്ങളെ പോലും തമസ്കരിക്കുന്നതായി.
കേരളത്തിൽ റോഡുകളുടെയും പാലങ്ങളുടെയും കാര്യത്തിൽ വിപ്ലവം തന്നെയാണ് കിഫ്ബി കൊണ്ടുവന്നത്. മലയോര ഹൈവേ ആ മേഖലയുടെ ദൈനംദിന ജീവിതത്തിൽ പ്രയോജനപ്രദമായ പല മാറ്റങ്ങളും കൊണ്ടു വന്നു. അന്തർജില്ലാ റോഡുകൾ അടക്കം കേരളത്തിന്‍റെ റോഡ് കണക്റ്റിവിറ്റിയിൽ വലിയ മുന്നേറ്റമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കിഫ്ബി പദ്ധതികൾ കൊണ്ടുവന്നത്. 253 റോഡുകൾ, 98 പാലങ്ങൾ, 50 മലയോര സ്ട്രെച്ചുകൾ, 60 റെയിൽവേ മേൽപ്പാലങ്ങൾ, 39 തീരദേശ ഹൈവേ സ്ട്രെച്ചുകൾ, 17 ഫ്ലൈ ഓവറുകൾ, 5 ബൈപ്പാസുകൾ... അങ്ങനെ നീളുന്നു ആ പട്ടിക. വയനാട് താമരശേരി ചുരത്തിന് ബദൽ പാതയായ ആനക്കാംപൊയിൽ കല്ലാടി മേപ്പാടി തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനമാണ് ഈ പട്ടികയിൽ ഒടുവിലായെത്തുന്നത്.
കേരളത്തിൽ പതിറ്റാണ്ടുകളായി മുടങ്ങിപ്പോയ ദേശീയപാതാ വികസനം ഇന്നത്തെ നിലയിലേക്കെത്താനും കാരണം കിഫ്ബിയാണ്. ഭൂമിഏറ്റെടുക്കലിന് വേണ്ട തുകയുടെ 25 ശതമാനം കിഫ്ബി വഴി സർക്കാർ സമാഹരിച്ച് ദേശീയപാതാ അഥോറിറ്റിക്ക് കൈമാറിയതോടെയാണ് കടമ്പകൾ നീങ്ങിയത്. ഇത്തരത്തിൽ ഒരു ലക്ഷം കോടിയോളം രൂപയുടെ 1,237 പദ്ധതികളാണ് കേരളത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ 41,000 കോടിയിലേറെ രൂപ പദ്ധതികളുടെ നിർമാണത്തിനായി വിനിയോഗിച്ചുകഴിഞ്ഞു. ഈ പദ്ധതികളെല്ലാം പൂർത്തിയായിക്കഴിഞ്ഞാൽ അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തിൽ ഉണ്ടായ ദശാബ്ദങ്ങളുടെ വിടവ് ആകും നികത്തപ്പെടുക.
ഭരണം മാറിയതോടെയും ഈ പ്രവർത്തങ്ങൾക്കെല്ലാം സൂക്ഷ്മതയോടെ ചുക്കാൻ പിടിച്ച ഡോ. കെ.എം. ഏബ്രഹാം പടിയിറങ്ങതോടെയും കിഫ്ബിക്കും അത് വഴി നടപ്പാക്കപ്പെടുന്ന പദ്ധതികൾക്കും ഇനി എന്തു സംഭവിക്കും എന്നതു കാത്തിരുന്നു കാണേണ്ടതാണ്.