# ഡോ വാഴമുട്ടം ചന്ദ്രബാബു
കർണാടകസംഗീതം വരേണ്യ വിഭാഗത്തിന്റെ മാത്രമായിരുന്ന കാലത്താണ് കെ.ജെ. യേശുദാസിന്റെ രംഗപ്രവേശം. ആ ഗന്ധർവനാദം എല്ലാ അതിരുകൾക്കുമപ്പുറം ആസ്വാദകരെ കീഴടക്കിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. മലയാളിയുടെ സ്വന്തം ദാസേട്ടന് ഇന്ന് 84. ആത്മ സമർപ്പണത്താൽ വേദികൾ ജ്ഞാനം കൊണ്ടും വിനയം കൊണ്ടും സാധക തപസുകൊണ്ടും അഭ്യാസബലം നേടിയ മറ്റൊരു ഗായകനില്ല. വിജയപൂർണതയിൽ ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. കർണാടക സംഗീതത്തിലെ ആഴത്തിലുള്ള അറിവുകൾ സിനിമഗാനങ്ങൾക്ക് പൂർണത നൽകാൻ ഉപയോഗിച്ചവർ ദാസേട്ടനെപ്പോലെ ചുരുക്കം ചിലർ മാത്രം. എന്റെ ഗുരുനാഥന്മാരായ നെയ്യാറ്റിൻകര വാസുദേവൻ, പി.ആർ. കുമാരകേരള വർമ എന്നിവർക്കൊപ്പം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളെജിൽ സഹപാഠിയായിരുന്നു ദാസേട്ടൻ.
മൂവരും ആത്മമിത്രങ്ങളുമായിരുന്നു. അദ്ഭുതവും ആദരവും കലർന്ന മിഴികളിൽ ഇവരുടെ സ്നേഹവും പരസ്പര ബഹുമാനവും നോക്കിക്കണ്ടിട്ടുണ്ട് ഞാൻ. വിദ്യാർത്ഥി കൾ സംഗീതത്തെ ഉപസിക്കുമ്പോൾ ശ്രുതിശുദ്ധി, അക്ഷര സ്ഫുടത, ശബ്ദനിയന്ത്രണം, ഭക്ഷണ ക്രമം, ചിട്ടയായ ജീവിത ചര്യ, കൃത്യനിഷ്ഠ ഇതൊക്കെ പൂർണമായും ഉൾക്കൊള്ളുന്നതിനു പാഠമാക്കാൻ ദാസേട്ടനല്ലാതെ മറ്റാരുമില്ല. ലളിത സംഗീതവും കർണാടക സംഗീതവും ഒരുപോലെ കൈകാര്യം ചെയ്തു അനു മന്ത്ര, മന്ത്ര, മധ്യ, താര, അതിതാര സ്ഥായി അനായാസേന അതിന്റെ പൂർണതയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നത് ഒരേ ഒരു ദാസേട്ടനു മാത്രമാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.
(മതമൈത്രി സംഗീതജ്ഞൻ, സിനിമ സംഗീത സംവിധായകൻ)