"തമിഴ്നാട്ടിൽ ഇനി ഒരു അധികാര കേന്ദ്രമേ ഉള്ളൂ, അത് ഞാനാണ്"-സി. ജോസഫ് വിജയ്

 
Special Story

ഇതല്ലേ യഥാർഥ വിപ്ലവം!

"തമിഴ്നാട്ടിൽ ഇനി ഒരു അധികാര കേന്ദ്രമേ ഉള്ളൂ, അത് ഞാനാണ്"-സി. ജോസഫ് വിജയ്

MV Desk

വീണ്ടുവിചാരം| ജോസഫ് എം. പുതുശേരി

ജനറൽ സീറ്റിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ നിർത്തി മത്സരിപ്പിക്കാൻ മടികാട്ടിയില്ല വിജയ്. എട്ടു സീറ്റുകളിലാണ് ഇങ്ങനെ സ്ഥാനാർഥികളെ നിർത്തിയത്. അവരിൽ നാലു പേർ വിജയിച്ചു. ആരാണിങ്ങനെ ഒരു സാഹസത്തിനു മുതിരുക? ഇതല്ലേ യഥാർഥ വിപ്ലവം!

"സി. ജോസഫ് വിജയ് എൻട്ര നാൻ' സത്യവാചകം ഇത്രയും ചൊല്ലിയപ്പോഴേക്കും നിലയ്ക്കാത്ത കരഘോഷം. ശബ്ദഘോഷം കാരണം ബാക്കി ചെല്ലാനാവാത്ത അവസ്ഥ. അടുത്ത വാചകം പറയാൻ ഏറെ സമയമെടുത്തു. നോക്കി വായിക്കുന്നതിനു പകരം മനഃപാഠമാക്കിയ സത്യപ്രതിജ്ഞയുടെ ആദ്യഭാഗം അംഗവിക്ഷേപങ്ങളോടെ വിജയ് പൂർത്തിയാക്കുന്നതാണു നാം കണ്ടത്.

ഒരു ത്രില്ലർ സിനിമയിലെ നായകന്‍റെ ഭാവപ്പകർച്ചയെന്നു തോന്നാമെങ്കിലും അങ്ങനെയല്ല എന്നാണ് പിന്നീടുള്ള ഓരോ നടപടികളും തെളിയിക്കുന്നത്. ഒന്നരവർഷം മാത്രം പ്രായമുള്ള ഒരു പാർട്ടിയുടെ പേരിലാണ് അധികാരത്തിൽ എത്തുന്നതെങ്കിലും ജനങ്ങളുടെ "പൾസ് ' അറിയുന്ന പരിണതപ്രഞനായ ഒരു രാഷ്‌ട്രീയക്കാരന്‍റെ വീക്ഷണവും തീരുമാനങ്ങളുമാണു നടപടികളിൽ നിഴലിക്കുന്നത്.

സത്യപ്രതിജ്ഞാ വേദിയിൽ തന്നെ പുതിയ സർക്കാരിന്‍റെ ആദ്യ മൂന്നു ഉത്തരവുകളിൽ മുഖ്യമന്ത്രി ഒപ്പുവച്ചു- സ്ത്രീ സുരക്ഷയ്ക്കായി "സിങ്കപ്പെൺ' ദൗത്യസേന, മയക്കു മരുന്ന് വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപകമായി ദൗത്യസംഘങ്ങൾ, 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വ്യാപകമായ ഘട്ടത്തിലാണ് ഈ തീരുമാനം എന്നോർക്കണം. ഇത്തരം അതിക്രമങ്ങളുടെ മൂല കാരണം ലഹരി ഉപയോഗവും അത് സൃഷ്ടിക്കുന്ന പിടിവിട്ട മാനസികാവസ്ഥയുമാണെന്ന സാമാന്യ യുക്തിയും പൊതുബോധവും കൂടിച്ചേരുമ്പോഴുള്ള ഉത്പന്നമായി മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള ദൗത്യസംഘം.

തന്നെ പിന്തുണച്ചവരടക്കം ജനമനസുകൾ കവർന്നെടുക്കാൻ എത്ര മനോഹരവും യുക്തിസഹവുമായാണ് തീരുമാനങ്ങൾ കൈകൊണ്ടിരിക്കുന്നത്. അത് ചരിത്രപരമാക്കാൻ സത്യപ്രതിജ്ഞ വേദിയിൽ തന്നെ അവ ഉത്തരവുകളാക്കുന്നു. സിനിമയിൽ നിന്ന് രാഷ്‌ട്രീയത്തിലേക്ക് വന്ന വിജയ് എന്ന രാഷ്‌ട്രീയക്കാരിൽ നിന്ന് പെട്ടെന്ന് ഇതൊക്കെ പ്രതീക്ഷിക്കാവുന്നതായിരുന്നോ? അവിടെയാണ് പ്രൊഫഷനലിസവും സൂക്ഷ്മതയും കൂടിച്ചേർന്നുള്ള "വിജയ' ഫോർമുല രൂപപ്പെടുന്നത്.

1967ൽ കോൺഗ്രസ് ആധിപത്യം അവസാനിപ്പിച്ച് അണ്ണാദുരൈയുടെ ദ്രാവിഡ മുന്നേറ്റ കഴകം അധികാരത്തിലെത്തിയത് മുതൽ ഇങ്ങോട്ട് ആറു പതിറ്റാണ്ടായി ദ്രാവിഡ പാർട്ടികൾ മാറിമാറി അധികാരം പങ്കിട്ടിടത്താണ് തമിഴക വെട്രി കഴകം (ടിവികെ) പുതിയ വിസ്മയമായി കടന്നുവന്നത്. വിസിൽ വിപ്ലവ തെരഞ്ഞെടുപ്പെന്നാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്. ഇതൊരു പുതിയ തുടക്കമെന്നു പറഞ്ഞുകൊണ്ട് സത്യപ്രതിജ്ഞയ്ക്കു ശേഷം നടന്ന യോഗത്തിൽ വിജയ് തന്നെ ഇക്കാര്യം സൂചിപ്പിക്കുകയുമുണ്ടായി. തന്ത്രശാലിയും കുശാഗ്ര ബുദ്ധിയുമായ രാഷ്‌ട്രീയ നേതാവിന്‍റെ നിറവും മണവും ഈ പ്രസംഗത്തിലും പ്രതിഫലിക്കുകയുണ്ടായി. മേമ്പൊടിയായി സിനിമാ സ്റ്റൈൽ ഡയലോഗുകളും.

ഭരണരംഗത്തെ അഴിമതിയും കുടുംബാധിപത്യവും അതിലെ അധികാരകേന്ദ്രങ്ങളുമെല്ലാം കണ്ട് മനം മടുത്ത തമിഴ് ജനതയുടെ വികാരങ്ങൾക്ക് അനുസൃതമായ പ്രഖ്യാപനമാണ് വിജയ് നടത്തിയത്.

"എനിക്കൊരു ചില്ലിക്കാശ് പോലും വേണ്ട, അതിന്‍റെ ആവശ്യവുമില്ല. ജയിച്ചെന്ന പേരിൽ അഴിമതി നടത്താൻ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ല. ഇപ്പോഴേ അതങ്ങ് ഉപേക്ഷിച്ചു കൊള്ളുക. തമിഴ്നാട്ടിൽ ഇനി ഒരു അധികാര കേന്ദ്രമേ ഉള്ളൂ, അത് ഞാനാണ് '-

സമകാലിക സാഹചര്യങ്ങൾക്കും എതിരാളികൾക്കുമെതിരേ പായിച്ച കൂരമ്പുകൾ. ഡിഎംകെ ഭരണത്തിൽ സ്റ്റാലിൻ കുടുംബത്തിൽ തന്നെയുള്ള വിവിധ അധികാര കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള കുറിക്കു കൊള്ളുന്ന പരിഹാസം.

അധികാരം ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള ഉപാധി എന്നതിനപ്പുറത്ത് പണസമ്പാദനത്തിനുള്ള മാർഗമായി ചുരുങ്ങിയിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ അതിനെതിരായ സിംഹ ഗർജനത്തിനു വലിയ സ്വീകാര്യത ലഭിക്കുമെന്ന് വായിച്ചെടുക്കുന്ന തന്ത്രജ്ഞത.

ഇത് നിലനിർത്താനാവുമെങ്കിൽ വിജയ് പറഞ്ഞതുപോലെതന്നെ ഇതൊരു പുതിയ തുടക്കമായിരിക്കും. അഴിമതി വ്യാപകമാവുകയും അതിനു വളം വയ്ക്കുന്ന ഭരണ നടപടികൾ സാർവത്രികമാവുകയും ചെയ്യുമ്പോൾ അതിനെതിരായ കുരിശു യുദ്ധത്തിന് ഒരുങ്ങിപ്പുറപ്പെടുന്നവരോടുള്ള ആരാധന ഏറെയായിരിക്കും. തെരഞ്ഞെടുപ്പുകൾ പോലും പണക്കൊഴുപ്പിന്‍റെ വിളവെടുപ്പ് കാലമായി മാറിയിരിക്കുന്നു. സീറ്റ് കിട്ടാൻ ഒഴുക്കുന്ന പണം, അത് കഴിഞ്ഞാൽ ജയിക്കാൻ മുടക്കുന്ന കോടികൾ. അങ്ങനെ അധികാരത്തിൽ വരുമ്പോൾ മുടക്കുമുതൽ തിരികെ പിടിക്കാനുള്ള തത്രപ്പാട്. ഭരണം അത്തരക്കാർക്ക് വിധേയപ്പെടുന്നു. അഴിമതിയുടെ പ്രഭവകേന്ദ്രങ്ങളായി അത് രൂപപ്പെടുന്നു. രാജ്യവ്യാപകമായുള്ള പ്രതിഭാസമായി ഇതു മാറിയിരിക്കുന്നു. അതുകൊണ്ടാണ് അതിനെതിരായ മർമം നോക്കിയുള്ള യുദ്ധപ്രഖ്യാപനത്തിന് സ്വീകാര്യത വർധിക്കുന്നത്.

അവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല. തുടർനടപടികളും പുതിയ തുടക്കം തന്നെ. എംഎൽഎമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ മുഖ്യമന്ത്രി നേരേ പോയത് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ വീട്ടിലേക്കാണ്. തുടർന്ന് മുതിർന്ന രാഷ്‌ട്രീയ നേതാക്കളായ വൈക്കോ, അൻപു മണി രാമദാസ് തുടങ്ങിയവരുടെ വീടുകളിലേക്ക്. നിയമസഭയിൽ വച്ചുതന്നെ ജയലളിതയുടെ വസ്ത്രാക്ഷേപത്തിന് മുതിർന്നതും കരുണാനിധിയെ രാത്രിയിൽ അദ്ദേഹത്തിന്‍റെ വസതിയിൽ നിന്ന് അറസ്റ്റ് എന്ന പേരിൽ വലിച്ചിഴച്ചു കൊണ്ടുപോയി പൊലീസ് ജീപ്പിൽ കയറ്റുന്നതും പിതാവിന്‍റെ ശവകുടീരത്തിന് അനുമതി തേടി പോയ സ്റ്റാലിന് നേരെ എടപ്പാടി മുഖം തിരിക്കുന്നതുമടക്കമുള്ള ഭീകര രൂപമാർന്ന വൈരത്തിന്‍റെയും കുടിപ്പകയുടെയും പകർന്നാട്ടം കണ്ട് ശീലിച്ച തമിഴ്നാട്ടിൽ അരങ്ങേറുന്ന പുതിയ സീനുകൾ ആരെയാണ് അത്ഭുതപ്പെടുത്താത്തത്.

"ഞാൻ ദൈവ ദൂതനല്ല. ദാരിദ്ര്യവും വിശപ്പും എന്താണെന്ന് അറിയാവുന്ന സാധാരണക്കാരൻ. സിനിമയിലെ ഒരു സാധാരണ സഹ സംവിധായകന്‍റെ മകനാണ് ഞാൻ. രാജകുടുംബാംഗമല്ല. ഈ യാത്രയിൽ ഏറെ അപമാനിക്കപ്പെട്ടു. പക്ഷേ, ജനം കൂടെ നിന്നു. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കില്ല'- വിജയ് ആദ്യ അഭിസംബോധനയിൽ തന്നെ വൈകാരികമായി ഇത് പറയുമ്പോൾ ജനങ്ങളിൽ ഒരുവനായി അവരോട് സംവദിക്കുന്ന അനുഭവം.

അധികാരം ഏറ്റെടുത്തതിന്‍റെ രണ്ടാം നാൾ ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബസ് സ്റ്റാൻഡുകളുടെയും 500 മീറ്റർ ദൂരപരിധി പാലിക്കാത്ത മദ്യഷാപ്പുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവാണ് മുഖ്യമന്ത്രി പുറപ്പെടുവിച്ചിരിക്കുന്നത്. 717 ടാസ്മാക് ഔട്ട്‌ലെറ്റുകളാണ് ഇതിലൂടെ പൂട്ടപ്പെടുന്നത്. വ്യാപകമായി മദ്യം ഒഴുക്കാനിടയാക്കിയ തീരുമാനങ്ങളും അതുമൂലം വ്യാപകമായുണ്ടായ കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നത്തിലേക്ക് വരെ നയിച്ച സാഹചര്യങ്ങളും കഴിഞ്ഞ നാളുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അതിന് ഇരയാവുകയും ദുരിതം പേറേണ്ടിവരികയും ചെയ്ത സ്ത്രീകളടക്കമുള്ളവരുടെ ദുഃഖവും വേദനയും വിലാപവും അത്രമേൽ വലുതായിരുന്നു. തെരഞ്ഞെടുപ്പിലും അതൊരു പ്രധാന പ്രശ്നമായി ഉയർന്നുവന്നു. ടിവികെ അധികാരത്തിലേക്കെത്തുന്നു എന്നു വന്ന സന്ദർഭത്തിൽ തന്നെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ഔട്ട്‌ലെറ്റുകളുടെ കണക്കെടുക്കാൻ അനൗദ്യോഗിക നിർദേശം നൽകിയിരുന്നു.

തുടക്കത്തിലെ ഈ ഭരണനടപടികളാണ് മുന്നോട്ടുള്ള ഭരണത്തിന്‍റെ രൂപവും ഭാവവുമായി തെളിയുന്നതെങ്കിൽ അത് നല്ല തുടക്കം തന്നെയാണ്. അധികാരം നൽകുന്ന ആടയാഭരണങ്ങളും അത് സൃഷ്ടിക്കുന്ന അകലവും കുറച്ച് വിനയാന്വിതനായി അവർക്കൊപ്പം നിൽക്കാനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനും അവർക്ക് നൽകിയ വാക്കു പാലിക്കാനും ശ്രമിക്കുന്ന ഏതു ഭരണാധികാരിയും ജനപ്രിയനായി നിലകൊള്ളുമെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അത് ആരംഭ ശൂരത്വത്തിൽ ഒതുങ്ങരുത്. മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരും നിരന്തരമായി പിൻപറ്റുന്ന പ്രാക്റ്റീസ് ആയി അത് രൂപപ്പെടുകയും ശീലിക്കുകയും വേണം.

ഇവിടെ മറ്റൊരു പ്രധാന കാര്യവും പറയാതെ വയ്യ. ഒരു ക്രിസ്ത്യൻ മതവിശ്വാസിയാണ് തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായിരിക്കുന്നത്. തമിഴ്നാട് ജനസംഖ്യയിലെ വെറും ആറര ശതമാനം മാത്രമാണ് ക്രിസ്തുമത വിശ്വാസികൾ എന്നോർക്കുക. ഒരു അസഹിഷ്ണുതയും അവിടെ ഉണ്ടായില്ലെന്നു മാത്രമല്ല, നെഞ്ചിലേറ്റുന്ന സ്വീകാര്യതയാണ് അവിടെ പ്രകടമായത്. ജാതി സ്പർധയുടെയും പകയുടെയും വിദ്വേഷത്തിന്‍റെയും വിത്ത് വിതയ്ക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ അതിന്‍റെ എല്ലാം മുന ഒടിക്കുന്ന സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും ഒരുമയുടെയും വിളംബരം. അതുകൊണ്ടാണ് രാജ്ദീപ് സർദേശായി പറഞ്ഞത് - "ചന്ദ്രശേഖരൻ ജോസഫ് വിജയ് എന്ന പേരുള്ള മുഖ്യമന്ത്രിയെ എത്ര സംസ്ഥാനങ്ങൾ സ്വാഗതം ചെയ്യും? ഇന്ന് തമിഴ്നാട് കാണിച്ചുതന്ന ബഹുസ്വരത നാളെ ഇന്ത്യ കാണിക്കട്ടെ'.

"എല്ലാ മതങ്ങളും എന്‍റെ മതമാണ്. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് എല്ലാ വിശ്വാസികൾക്കും ഒപ്പം ഞാൻ എപ്പോഴും നിലകൊള്ളും' എന്ന് വിജയ് പ്രഖ്യാപിക്കുമ്പോൾ അതു മതേതരത്വത്തിന്‍റെ സാക്ഷ്യവും ഭരണാധികാരികൾക്കുള്ള മാതൃകയുമാണ്. ഒപ്പം വിദ്വേഷ പ്രചാരകർക്കുള്ള ചുട്ട മറുപടിയും.

മറ്റൊരു നിശബ്ദ വിപ്ലവം കൂടി വിജയ് വിജയിപ്പിച്ചെടുത്തു. ജനറൽ സീറ്റിൽ പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ നിർത്തി മത്സരിപ്പിക്കുക. എട്ടു സീറ്റുകളിലാണ് ഇങ്ങനെ സ്ഥാനാർഥികളെ നിർത്തിയത്. അതിൽ നാലു പേർ വിജയിക്കുകയും ചെയ്തു. ഇതല്ലേ യഥാർഥ വിപ്ലവം. ആരാണിങ്ങനെ ഒരു സാഹസത്തിനു മുതിരുക!

യഥാർഥത്തിൽ വിസ്മയമോ അത്ഭുതമോ എന്നൊക്കെ തോന്നിപ്പിക്കാവുന്ന അവസ്ഥാവിശേഷം. പാരമ്പര്യമുള്ള വലിയ രാഷ്‌ട്രീയ കക്ഷികളെ അപ്രസക്തരാക്കി പൈതൽ പ്രായത്തിലുള്ള ഒരു രാഷ്‌ട്രീയ കക്ഷിക്ക് ജനങ്ങൾ നൽകിയ അംഗീകാരം. വിജയ് എന്ന അതിന്‍റെ നേതാവിനെ മാത്രം നോക്കിയുള്ള വിധിയെഴുത്ത്. മാറ്റം ആഗ്രഹിച്ച ജനങ്ങൾക്ക് കിട്ടിയ പിടിവള്ളി. പല മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ ആരെന്നു പോലും അറിയാതെയുള്ള വിധിയെഴുത്തായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യും തെരഞ്ഞെടുപ്പ് ചിഹ്നമായ വിസിലും മാത്രമാണ് അവർക്ക് പരിചിതമായിരുന്നത്. എന്നിട്ടും ഈ ജനവിധി! അത് വിസ്മയമല്ലാതെ മറ്റെന്ത്!

അതുകൊണ്ട് എംഎൽഎമാർ മോശക്കാരാണെന്നല്ല.108 എംഎൽഎമാരിൽ പിഎച്ച്ഡി നേടിയ 6 പേരും 5 ഐഐടി എൻജിനീയർമാരുമുണ്ട്. 40 പേർ എൻജിനീയർമാരും അഭിഭാഷകരുമാണ്. 25 ഡിഗ്രിക്കാരും 22 ബിരുദാനന്തര ബിരുദധാരികളും ഉണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ളവർ തന്നെ.

ഇത് എല്ലാവർക്കുമുള്ള സന്ദേശമാണ്. ആത്മപരിശോധനയ്ക്കുള്ള ആഹ്വാനം. ജനഹിതം മറന്ന് തോന്നിയതുപോലെ പ്രവർത്തിക്കുമ്പോൾ എത്ര വമ്പന്മാരായാലും അവരെ കടപുഴക്കി എറിയാനുള്ള കരുത്ത് ജനങ്ങൾക്കുണ്ട് എന്ന വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്. അവിടെ പാർട്ടികളുടെയോ നേതാക്കളുടെയോ പാരമ്പര്യമോ വലിപ്പമോ ഒന്നും പ്രശ്നമാവില്ല. രാഷ്‌ട്രീയ പാർട്ടികൾ സ്ഥാപനവത്കരിക്കപ്പെടുമ്പോൾ മെല്ലെ മെല്ലെ ജനഹിതം മറക്കുന്നു. ജനങ്ങൾ യജമാനന്മാരാണെന്ന പ്രഖ്യാപനം മാത്രം പോരാ, അവർക്ക് വിധേയപ്പെട്ടു നിൽക്കാനുള്ള സന്നദ്ധതയാണു വേണ്ടത്.

വിജയ്ക്കും മുന്നോട്ടുള്ള പ്രയാണം വെല്ലുവിളി നിറഞ്ഞതാണ്. ഭരണം സംബന്ധിച്ച അപരിചിതാവസ്ഥ, അതിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളും പ്രതിസന്ധികളും, പരുക്കൻ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടിവരുമ്പോഴുണ്ടാകുന്ന പിരിമുറുക്കം, എതിരാളികളുടെ വെല്ലുവിളികൾ ഇതെല്ലാം ഭരണാധികാരിയെ തുറിച്ചുനോക്കുന്ന യാഥാർഥ്യങ്ങളാണ്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ചടുലമായ നീക്കങ്ങളിലൂടെ വേഗത്തിൽ മറ്റു കക്ഷികളുടെ പിന്തുണ നേടാനായത് നയചാരുതിയും ഇച്ഛാശക്തിയുടെ വിജയവും തന്നെയാണ്.

ജനങ്ങൾ അദ്ഭുത ജനവിധിയിലൂടെ മൃഗീയ ഭൂരിപക്ഷം നൽകിയിട്ടും ഗവൺമെന്‍റ് ഉണ്ടാക്കാൻ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ഉഴലുന്ന കേരള സാഹചര്യം വിലയിരുത്തുമ്പോൾ വിജയ്‌യുടെ നേട്ടം പ്രശംസനീയം തന്നെ. തുടക്കത്തിന്‍റെ മാധുര്യവും അതു നൽകുന്ന പ്രതീക്ഷയും നിലനിർത്തുക എന്നത് തന്നെയാണ് പ്രധാന പ്രശ്നം.

മറ്റു കക്ഷികളുടെ പിന്തുണയിൽ തുടരുമ്പോൾ അതിനുവേണ്ടി നടത്തേണ്ടിവരുന്ന ഞാണിന്മേൽ കളി പരിചിതമല്ലാത്ത, രാഷ്‌ട്രീയക്കാരനല്ലാതിരുന്ന വിജയ്ക്ക് അത് എത്രമാത്രം വശമാകും എന്നതിനെ ആശ്രയിച്ചായിരിക്കും സർക്കാരിന്‍റെ നിലനിൽപ്പും ഭാവിയും.

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയെ പിന്തുണച്ച വിമത എംഎൽഎമാർക്കെതിരേ നടപടി

രാജ‍്യത്ത് പാൽ വില കൂട്ടി അമുൽ

മുപ്പതോളം മിസൈൽ കേന്ദ്രങ്ങളെ സജീവമാക്കി നിർത്തി ഇറാൻ

മുഖ‍്യമന്ത്രി പ്രഖ‍്യാപനം വരും മുൻപേ നെട്ടൂരിൽ സതീശനു വേണ്ടി ഫ്ലക്സ്

മുഖ‍്യമന്ത്രി പ്രഖ‍്യാപനം മേയ് 14ന്; സസ്പെൻസ് തുടരും