.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
രാമകഥയുടെ അനുയാത്രകൾ
വര: സുഭാഷ് കല്ലൂർ
#കാവാലം അനിൽ
മലയാളത്തിൽ രൂപപ്പെട്ട ആദ്യകൃതി ചീരാമകവിയുടെ രാമചരിതമാണെന്നു പ്രസിദ്ധമാണല്ലോ. തുടർന്ന് കണ്ണശ്ശ രാമായണം, അധ്യാത്മ രാമായണം കിളിപ്പാട്ട് , രാമായണം ചമ്പു, രാമചന്ദ്ര വിലാസം മഹാകാവ്യം തുടങ്ങി നിരവധി കൃതികൾ മലയാളത്തിലുണ്ടായി. കേരളത്തിൽത്തന്നെ സംസ്കൃതത്തിലും മലയാളത്തിലുമായി ഒട്ടേറെ രാമായണവുമായി ബന്ധപ്പെട്ട കൃതികൾ രൂപപ്പെട്ടിട്ടുണ്ട്. കുമാരനാശാന്റ ചിന്താവിഷ്ടയായ സീതയും സി.എൻ. ശ്രീകണ്ഠൻ നായരുടെ നാടകത്രയവും ഉൾപ്പെടെ വലിയതായ സാഹിത്യഭൂമികതന്നെ ഇക്കാര്യത്തിലുണ്ടായി. വിവർത്തനമെന്ന നിലയിൽ കേരളവർമയുടെയും മഹാകവി വള്ളത്തോളിന്റെയും പ്രയത്നങ്ങൾ വിസ്മരിക്കാവുന്നതല്ല. ഗദ്യവിവർത്തനങ്ങളുമുണ്ടായി. കൊല്ലങ്കോട് ഗോപാലൻ നായർ, ഡോ. രാമചന്ദ്രദേവ്, സി.ജി. വാര്യർ, അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി എന്നിവരും അധ്യാത്മ രാമായണം മൂലാനുസാരിയായി വ്യാഖ്യാനം ചെയ്തിട്ടുണ്ട്.
മാമുനി വാല്മീകിക്ക് രാമൻ ആദർശശാലിയാണ്. മഹാവിഷ്ണുവിന്റെ സപ്തമാവതാരമായ ശ്രീരാമന്റെയും ലക്ഷ്മീ ദേവിയുടെ അവതാരമായ സീതയുടെയും കഥയാണ് അധ്യാത്മ രാമായണം പറയുന്നത്. പാർവതീ പരമേശ്വര സംവാദ രൂപേണ ദാർശനിക ശൈലിയിലാണ് രാമകഥ അധ്യാത്മ രാമായത്തിൽ സുസ്ഥാപിതമായിരിക്കുന്നത്.
വേദവ്യാസ മുനി ഭാരതം വനപർവം രാമോപാഖ്യാന പർവത്തിൽ 751 ശ്ലോകങ്ങളിലും വാല്മീകീ മഹർഷി 24 ശ്ലോകങ്ങളിലും രാമായണ കഥ പറഞ്ഞിരിക്കുന്നു.
മുനി വാല്മീകി വിവരിച്ച സത്യപരാക്രമനും ധർമക്ഷേത്രവുമായ ശ്രീരാമന്റെയും സഹധർമചാരിണിയും പരമപവിത്രയുമായ സീതയുടെയും കഥ തന്നെയാണ് ഇതര രാമായണ കഥാകാരന്മാരും പിന്തുടർന്നത്. ഓരോരത്തരും രൂപം, ശൈലി, ഭാവം, ഭാഷ തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തരായിരുന്നു.
കൂടിയാട്ടം , കഥകളി, തുള്ളൽ, നൃത്തം, ചലച്ചിത്രം തുടങ്ങിയ ദൃശ്യകലാ രൂപങ്ങളിലും ചിത്രങ്ങളുൾപ്പെടെയുള്ള ആലേഖന മാധ്യമങ്ങളിലും രാമായണത്തിന് എണ്ണിയാലൊടുങ്ങാത്ത വിധം വ്യത്യസ്ത ആവിഷ്കാരങ്ങളുണ്ടായി. ഇപ്പോഴും ഉണ്ടാകുന്നു, നാളെയുമുണ്ടാകും.
ഇനി നമുക്ക് തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റ രാമായണകാവ്യ സവിശേഷതകളിലേക്ക് കടക്കാം.
എഴുത്തച്ഛന്റെ കവിതകളിൽ ലാളിത്യത്തിനും ധാർമ്മിക മൂല്യങ്ങൾക്കും ഭക്തിപ്രചാരതയ്ക്കുമാണ് മുൻതൂക്കം. സമ്പാതി വാക്യം, ക്രിയാമാർഗേപദേശം, ഭക്തി സങ്കീർത്തനങ്ങൾ, രാവണൻ മുതലായവരുടെ ദാർശനിക വെളിപ്പെടുത്തലുകൾ, സീതാ സ്വയംവര സന്ദർഭത്തിലെ കാല്പനിക ഭംഗിയെഴുന്ന വർണനകൾ എന്നിവയെല്ലാം എഴുത്തച്ഛന്റെ കാവ്യരചനാ വൈഭവം വ്യക്തമാക്കുന്നതാണ്.
ശ്രവണ - കീർത്തന - വിഷ്ണുസ്മരണ - പാദസേവന - വന്ദന - ദാസ്യ-സഖ്യാത്മനിവേദനാദി സമ്പ്രദായങ്ങളിലൂടെ ഭക്തിയും മുക്തിയും കൈവരിക്കാനുതകുന്ന ഒരു ആദർശം സ്വകൃതികളിലൂടെ എഴുത്തച്ഛൻ വിഭാവനം ചെയ്തു എന്ന് ഇപ്പോൾ നിസ്സംശയം പറയാം.
(നാളെ: ആചാര്യമഹിമ)