അർഹിച്ച പദവിയിൽ വി.ഡി. സതീശൻ.

 

MV Graphics

Special Story

പിണറായിസം തകരുന്നു, കോൺഗ്രസ് പതർച്ചയ്ക്കൊടുവിൽ സതീശനിസം ഉദിക്കുന്നു

യുഡിഎഫിനെ നൂറിലധികം സീറ്റുകളിലേക്ക് നയിച്ച വി.ഡി. സതീശന് മുഖ്യമന്ത്രിപദം; പിണറായി വിജയന്റെ പത്ത് വർഷത്തെ ഭരണശൈലിയ്ക്ക് ജനവിധി തിരിച്ചടി

MV Desk

ഒടുവിൽ ആ അനിശ്ചിതത്വത്തിന് വിരാമമായി. വോട്ടർമാർ നേരത്തെ തന്നെ എടുത്ത തീരുമാനം അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇത്രയും വൈകേണ്ടി വന്നു എന്നു മാത്രം. പാർട്ടിക്കുള്ളിലെ കലാപങ്ങൾ ഉടൻ കെട്ടടങ്ങിയേക്കും; കോൺഗ്രസ് സംസ്കാരത്തിൽ പലപ്പോഴും അധികാരത്തോടടുക്കുമ്പോൾ രാഷ്ട്രീയ നിലപാടുകൾ തോറ്റുപോകാറാണല്ലോ പതിവ്. വി.ഡി. സതീശന് ഇനി മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ് - സമുദായ ബ്രോക്കർമാരെ അവഗണിക്കുക, കഴിഞ്ഞ പത്ത് വർഷത്തെ ധാർഷ്ട്യത്തിന്‍റെയും പ്രകടനപരതയുടെയും അവശിഷ്ടങ്ങൾ തുടച്ചുനീക്കുക, കാലിയായ ഖജനാവ് നിറയ്ക്കുക. വെറുമൊരു ഭരണക്കച്ചേരിക്കു പകരം മറ്റൊരു ഭരണക്കച്ചേരിയല്ല കേരളം ആഗ്രഹിച്ചതെന്നു തിരിച്ചറിയേണ്ട ബാധ്യതയും ഇനി അദ്ദേഹത്തിനാണ്.

അജയൻ

പതിനൊന്ന് ദിവസം നീണ്ട 'ഹൈക്കമാൻഡ് ചിന്തകൾക്ക്' ശേഷം, പ്രതിസന്ധികളെയും ആഭ്യന്തര തർക്കങ്ങളെയും അതിജീവിച്ച് യുഡിഎഫിനെ നൂറിലധികം സീറ്റുകളുടെ വമ്പിച്ച വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശന്‍റെ തലയിൽ ഒടുവിൽ കിരീടം വന്നു ചേർന്നു. ഈ കാലതാമസം വിജയന്‍റെ 'പിണറായിസത്തിനേറ്റ' ആഘാതത്തിന്‍റെ മൂർച്ച കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കുകയും ചെയ്തു. പത്ത് വർഷത്തെ ഭരണവിരുദ്ധ വികാരവും ജനരോഷവും ആഞ്ഞടിച്ചിട്ടും, ഇതു തന്‍റെ ഭരണരീതികൾക്കുള്ള തിരിച്ചടിയല്ലെന്നു വിശ്വസിക്കാനാണ് പിണറായി ഇപ്പോഴും ശ്രമിക്കുന്നത്. തന്‍റെ മന്ത്രിസഭയിലെ 13 പേർ പരാജയപ്പെട്ടതിനെ എന്ത് പറഞ്ഞാണ് ന്യായീകരിക്കാൻ കഴിയുക?

പരാജയത്തിനു പിന്നാലെ സൈറണുകളുടെയും അകമ്പടി വാഹനങ്ങളുടെയും സുരക്ഷാ നാടകങ്ങളുടെയും ആർഭാടങ്ങളില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പിണറായി വിജയൻ നിശബ്ദനായി നടന്നുപോയത് പല മലയാളികളും കാണാൻ ആഗ്രഹിച്ച കാഴ്ചയായിരുന്നു. എന്നാൽ, കോൺഗ്രസ് ഹൈക്കമാന്‍ഡ് അപ്പോഴും തീരുമാനങ്ങൾ എടുക്കാനാവാതെ കുഴങ്ങുകയായിരുന്നു. ഏപ്രിൽ 9-ന് ജനങ്ങൾ നൽകിയ വിധിയെഴുത്തും മേയ് 4-ലെ ഔദ്യോഗിക പ്രഖ്യാപനവും വ്യക്തമായിരുന്നിട്ടും, അത് 'വ്യാഖ്യാനിക്കാൻ' നേതൃത്വത്തിന് 11 ദിവസം വേണ്ടി വന്നു.

മത്സരിക്കാതെ മാറിനിന്ന എംപി കെ.സി. വേണുഗോപാലും, മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ എൽഡിഎഫിന് ഭരണം നിലനിർത്താൻ അവസരമൊരുക്കിയ രമേശ് ചെന്നിത്തലയും നേരത്തേ വഴിമാറിക്കൊടുക്കണമായിരുന്നു എന്നാഗ്രഹിക്കുന്നവർ ഏറെയാണ്. കാരണം, സതീശൻ മുഖ്യമന്ത്രി പദത്തിനു പൂർണമായും അർഹനാണ്. തകർന്നുപോയ കോൺഗ്രസിനെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചു, ക്രെഡിബിൾ ആയൊരു മുന്നണി കെട്ടിപ്പടുത്തു, നൂറിലധികം സീറ്റുകൾ പ്രവചിച്ചു, അത് നടന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു തയാറാണെന്നു പ്രഖ്യാപിച്ചു. കേരളത്തിലെ മറ്റ് രാഷ്ട്രീയ വാഗ്ദാനങ്ങളെപ്പോലെ ഇതു വെറുമൊരു കോമഡിയായി മാറിയില്ല.

സതീശനു മുന്നിലുണ്ടായിരുന്ന പ്രധാന തടസങ്ങൾ സ്വയം പ്രഖ്യാപിത സമുദായ നേതാക്കളുടെ പ്രതിഷേധങ്ങളായിരുന്നു. എൻഎസ്എസ്, എസ്എൻഡിപി നേതൃത്വങ്ങൾ അദ്ദേഹത്തിനെതിരേ തിരിഞ്ഞത്, അദ്ദേഹം അവരുടെ മുന്നിൽ അനുഗ്രഹത്തിനായി ക്യൂ നിൽക്കാത്തതുകൊണ്ടായിരുന്നു. 'സമുദായ താത്പര്യങ്ങൾ' പറഞ്ഞ് വിലപേശുന്നവരെ വിളിച്ചിരുത്തുന്ന കോൺഗ്രസ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി, മുട്ടുമടക്കാതെ നിവർന്നു നിൽക്കാനായിരുന്നു സതീശന്‍റെ തീരുമാനം. ഇതിനു പിന്നാലെ സമുദായ നേതാക്കളുടെ ശാസനകളും ധാർമിക പ്രസംഗങ്ങളും ഉണ്ടായെങ്കിലും വോട്ടർമാർ അത് പാട് തള്ളിക്കളഞ്ഞു.

പാർട്ടിക്കുള്ളിൽ സതീശന്‍റെ നിലപാടുകളെ പിന്തുണയ്ക്കാൻ പലരും ഭയപ്പെട്ടു. ലൈംഗികാരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിനെ പാർലമെന്‍ററി പാർട്ടിയിൽ നിന്ന് മാറ്റിനിർത്താൻ സതീശൻ എടുത്ത ധീരമായ തീരുമാനത്തെ സ്വന്തം സഹപ്രവർത്തകർ തന്നെ ആക്രമിച്ചു. എന്നാൽ, പൊതുസമൂഹം ഈ തീരുമാനത്തെ കൈയടിച്ചു സ്വീകരിച്ചു.

സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസം വീണ്ടും തലപൊക്കിയിട്ടുണ്ട്. എങ്കിലും വലിയൊരു ജനവിധിയും ഘടകകക്ഷികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. അധികാരം വിഭജിക്കപ്പെടുമ്പോൾ ഈ ആഭ്യന്തര കലഹങ്ങൾ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.

പക്ഷേ, സതീശന്‍റെ യഥാർഥ പരീക്ഷണം ഇനി തുടങ്ങാനിരിക്കുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ് ജയിക്കുന്നത് താരതമ്യേന എളുപ്പമായിരുന്നു. തകർന്നടിഞ്ഞ കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ നേർവഴിക്ക് നടത്തുക എന്നത് അതിലും വലിയ വെല്ലുവിളിയാണ്. ഖജനാവ് വെറും കാലിയല്ല, ഒരു വലിയ സാമ്പത്തിക ദുരന്തത്തിന്‍റെ കേന്ദ്രമാണ്. നികുതിദായകരെ പിഴിഞ്ഞുകൊണ്ട് 'ചരിത്ര നേട്ടങ്ങൾ' ആഘോഷിക്കുന്ന പഴയ രീതി ഇനി നടക്കില്ല. കെ-റെയിൽ പോലെ കടക്കെണി ഉറപ്പാക്കുന്ന പദ്ധതികൾ പുനഃപരിശോധിക്കേണ്ടി വരും. കൂടാതെ, പിണറായി ഭരണകാലത്ത് പ്രതിഷേധക്കാരെ അടിച്ചമർത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്ന ജനങ്ങളുടെ വലിയ പ്രതീക്ഷയും സതീശന് മുന്നിലുണ്ട്.

നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന ചുരുക്കം നേതാക്കളിൽ ഒരാളാണ് സതീശൻ. കോൺഗ്രസിലെ ഗ്രൂപ്പിസത്തിനും ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെ മന്ദതയ്ക്കും ഇടയിൽ നിന്ന് അദ്ദേഹത്തിന് ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. വോട്ടർമാർ ആഗ്രഹിക്കുന്നത് മാറ്റത്തെക്കുറിച്ചുള്ള പ്രസംഗങ്ങളല്ല, ജനങ്ങൾക്കു വേണ്ടിയുള്ള ഭരണമാണ്.

വാൽക്കഷ്ണം: കെ.സി. വേണുഗോപാലിനായി സമ്മർദം മുറുകിയപ്പോൾ കെ. മുരളീധരൻ പരിഹസിച്ചുവത്രേ - കെസിയെ മുഖ്യമന്ത്രിയാക്കിയാൽ കേരളത്തിലെ ഏറ്റവും വലിയ 'ഉപതിരഞ്ഞെടുപ്പ് ഫ്ലോപ്പ്' എന്ന തന്‍റെ റെക്കോർഡ് മാറിക്കിട്ടുമെന്ന്!

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം

ഇനി വൈഭവിന്‍റെ കളി നീല കുപ്പായത്തിൽ; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ചു

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും

ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസം വർക് ഫ്രം ഹോം; ഒരു വർഷത്തേക്ക് വിദേശയാത്രയില്ലെന്ന് മുഖ്യമന്ത്രി