ജിഡിപി വളരുമ്പോഴും രൂപ തളരുന്നു.
MV Graphics - AI
വൈരുദ്ധ്യം: 8.2% ജിഡിപി വളർച്ച ആഘോഷിക്കുന്നതിനിടയിലും ഇന്ത്യൻ രൂപ ഡോളറിനെതിരേ 90 കടന്ന് റെക്കോർഡ് താഴ്ചയിലെത്തി നിൽക്കുന്നു. ഇത് സമ്പദ്‍വ്യവസ്ഥയിലെ പൊരുത്തക്കേട് സൂചിപ്പിക്കുന്നു.
കാരണങ്ങൾ: ആഗോള വ്യാപാര തർക്കങ്ങൾ, ഡോളറിനായുള്ള വർധിച്ച ആവശ്യം, വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിലുണ്ടായ കുറവ് എന്നിവയാണ് രൂപയുടെ മൂല്യത്തകർച്ചക്ക് പ്രധാന കാരണം.
പ്രത്യാഘാതം: രൂപ ദുർബലമാകുന്നത് ഇറക്കുമതിച്ചെലവ് (പ്രത്യേകിച്ച് ക്രൂഡ് ഓയിൽ) കുത്തനെ വർധിക്കുന്നതിനും, തൽഫലമായി രാജ്യത്ത് റീട്ടെയിൽ പണപ്പെരുപ്പം വർധിക്കുന്നതിനും കാരണമാകും. ഈ പണപ്പെരുപ്പം ജിഡിപി വളർച്ചയുടെ തിളക്കം ഇല്ലാതാക്കും.
പരിഹാരം: സ്ഥിതി വഷളാകാതിരിക്കാൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) നിലവിലെ നിരീക്ഷണ നയം മാറ്റി, കറൻസിയെ സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി വേഗത്തിലും നിർണായകമായും ഇടപെടണം.
അജയൻ
ഒരു ഡോളർ കിട്ടണമെങ്കിൽ രൂപ 90 കൊടുക്കണം എന്നതാണിപ്പോഴത്തെ അവസ്ഥ. അസാധാരണമായ മൂല്യത്തകർച്ചയാണിത്, ആശങ്ക ഗുരുതരം. കാരണം, ഇതിന്‍റെ പ്രകമ്പനം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വിവിധ മേഖലകളെ ഉലയ്ക്കാൻ പോന്നതാണ്. ഈ മൂല്യത്തകർച്ച സംഭവിച്ചിരിക്കുന്ന സമയവും ശ്രദ്ധേയമാണ്: ഈ സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ ഇന്ത്യ 8.2 ശതമാനം ജിഡിപി വളർച്ച നേടിയെന്ന കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപനത്തിനു ചൂടാറും മുൻപാണ് ഇതുണ്ടായിരിക്കുന്നത്.
വളർച്ചയുടെ കണക്കുകൾ പല തലത്തിലുള്ള ചർച്ചകൾ കാരണമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. അടുത്ത കാലത്ത് കേന്ദ്ര സർക്കാർ ജിഎസ്‌ടി നിരക്കുകൾ കുറച്ചു, ആദായ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങളുടെ നീണ്ട നിര... ഇതിന്‍റെയൊക്കെ മീതേ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യതയെയും നിലനിൽപ്പിനെയും കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന ഈ വളർച്ച നിലനിൽക്കുമോ- നിർണായകമായൊരു ചോദ്യമാണത്.
'സമ്പദ്‍വ്യവസ്ഥയുടെ അടിത്തറ ശക്തമാണ്' എന്ന് സർക്കാർ ആവർത്തിച്ചു പറയുമ്പോഴും, രൂപ ദിവസേന ദുർബലമാവുകയാണ്. ഈ മൂല്യശോഷണം ബഹുഭൂരിപക്ഷം ജനങ്ങളെയും നേരിട്ടു തന്നെ ബാധിക്കുന്നതുമാണ്.
വിദേശത്ത് മക്കളുടെ വിദ്യാഭ്യാസം സ്‌പോൺസർ ചെയ്യുന്ന ആശങ്കാകുലരായ മാതാപിതാക്കളെ മാത്രമല്ല ഇത് ബാധിക്കുന്നത്. തത്വത്തിൽ, കയറ്റുമതിക്കാർക്ക് ദുർബലമായ രൂപ ഗുണകരമായേക്കും. പക്ഷേ, ഇന്ത്യൻ ജിഡിപിയുടെ ഏകദേശം 12 ശതമാനം മാത്രമാണ് അവർ സംഭാവന ചെയ്യുന്നത്. ബാക്കിയുള്ള 88 ശതമാനത്തിന്, അതായത് ബഹുഭൂരിപക്ഷം പേർക്കും, ആശങ്കപ്പെടാൻ മതിയായ കാരണങ്ങളുണ്ട്. പ്രവാസികൾ അയയ്ക്കുന്ന പണത്തിന് രൂപയിൽ കൂടുതൽ മൂല്യം ലഭിക്കുന്നത് അവർക്കും ആശ്വാസം നൽകും; ഇതു കേരളത്തെ സംബന്ധിച്ചു സന്തോഷ വാർത്തയാണ്. എന്നാൽ, അവരുടെ സംഭാവനകളും രൂപയുടെ സ്ഥിരമായ തകർച്ചയുടെ ആഘാതം ലഘൂകരിക്കാൻ പര്യാപ്തമാകില്ല.
ഇതോടൊപ്പം ഓർമിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു ഡോളറിന് 60 രൂപയ്ക്ക് മുകളിലായിരുന്നു മൂല്യം; ഇപ്പോഴത് ആദ്യമായി 90 കടന്നിരിക്കുന്നു. ആഗോള വ്യാപാര യുദ്ധത്തിന്‍റെ പിരിമുറുക്കം, ഡോളറിനായുള്ള വർധിച്ചുവരുന്ന ആവശ്യം, വിദേശ ഫണ്ടുകളുടെ ദൗർബല്യം എന്നിവയാൽ മൂടപ്പെട്ട അന്തരീക്ഷത്തിൽ, രൂപയുടെ ഭാവിയെക്കുറിച്ച് ആശ്വസിക്കാൻ വകയില്ല. ജിഡിപി വളർച്ചയുടെ അഭിമാനക്കണക്കുകൾ സർക്കാർ ചൂണ്ടിക്കാട്ടും. പക്ഷേ, ആ സംഖ്യ യഥാർഥ സമ്പദ്‍വ്യവസ്ഥയിൽ പ്രതിഫലിക്കുന്നില്ല; അതായത്, സാധാരണക്കാർക്ക് നേരിട്ട് ഗുണം കിട്ടുന്നില്ല. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്‍വ്യവസ്ഥ കൂടുതൽ ദുർബലമായി, അപകടമുൻപിൽ നിൽക്കുകയും ചെയ്യുന്നു.
ദുർബലമാകുന്ന രൂപയുടെ ഏറ്റവും പെട്ടെന്നുള്ള ആഘാതം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബില്ലിനെയും, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന അവശ്യവസ്തുക്കളുടെ വിലയെയും ബാധിക്കും. ഇപ്പോൾ ഇന്ധനവില നിയന്ത്രിക്കപ്പെടുന്നതായി തോന്നാം, പക്ഷേ നികുതികളുടെയും സെസ്സുകളുടെയും ഒരു വലയം വഴിയാണ് ആ ഭാരം ആഗിരണം ചെയ്യപ്പെടുന്നത്. പെട്രോൾ, ഡീസൽ വില വീണ്ടും വർധിക്കുകയാണെങ്കിൽ അതിന്‍റെ പ്രതിഫലനം അതിവേഗവും അതിരൂക്ഷവുമായിരിക്കും: ഗതാഗതച്ചെലവ് കുതിച്ചുയരുകയും, ദൈനംദിന ആവശ്യങ്ങളുടെ ചെലവ് കുത്തനെ ഉയരും. വർധിച്ച ഇറക്കുമതി ബില്ലുകൾ ആഭ്യന്തര വിലക്കയറ്റത്തിന്‍റെ സമ്മർദം വർധിപ്പിക്കും. മുന്നറിയിപ്പുകൾ ഇതിനകം എത്തിക്കഴിഞ്ഞു: പച്ചക്കറി വില പിടിച്ചാൽ കിട്ടാത്ത ഉയരങ്ങളിലേക്കു കുതിക്കാൻ തയാറെടുക്കുന്നു. ഈ വേഗത്തിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ, ആശ്വാസത്തിന്‍റെ സൂചന കാണുന്നതിനു മുൻപു തന്നെ സ്ഥിതി കൂടുതൽ വഷളാവാൻ സാധ്യതയുണ്ട്.
ഇതെല്ലാം റീട്ടെയിൽ പണപ്പെരുപ്പം കൂടാനിടയാക്കും. പണപ്പെരുപ്പം വർധിച്ചാൽ ജിഡിപി വളർച്ചയുടെ തിളക്കം നഷ്ടപ്പെടും. രൂപയുടെ തകർച്ച നിരീക്ഷിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അവകാശപ്പെടുകയും ഡോളർ വിൽക്കാൻ ഇടപെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ധന നയത്തിൽ മാറ്റം വരുത്തുന്നതു പോലെയുള്ള നടപടികളിലേക്ക് ആർബിഐ കടക്കുമ്പോൾ, പലിശ നിരക്ക് ഉയരുന്നത് സാധാരണക്കാരെ തന്നെയാകും നേരിട്ട് ബാധിക്കുക. ഈ സർക്കാരിന്‍റെ സാമ്പത്തിക നയത്തെ തന്നെ വഴി തെറ്റിക്കാൻ പോന്ന ഗതിമാറ്റമാകും അത്.
പെട്ടെന്നുള്ള തകർച്ചയുടെ കാരണങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാകും: ആഗോള വ്യാപാര തർക്കങ്ങൾ മൂലമുണ്ടായ അന്താരാഷ്ട്ര, ആഭ്യന്തര ഓഹരി വിപണികളിലെ പ്രതികൂല സൂചനകൾ നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. ഉയർന്ന യുഎസ് താരിഫുകളും, സ്വതന്ത്ര വ്യാപാര കരാറിന്‍റെ അഭാവവും, ഡോളറിനായുള്ള വർധിച്ചുവരുന്ന ആവശ്യവും, വിദേശ മൂലധനത്തിന്‍റെ ദുർബലമായ ഒഴുക്കുമെല്ലാം രൂപയെ താഴേക്കു തള്ളിവിട്ടു. ഈ തകർച്ച തുടരാൻ അനുവദിക്കുന്നത് അപകടകരമായ പ്രത്യാഘാതത്തിനിടയാക്കും—വിദേശ നിക്ഷേപത്തിലെ മാന്ദ്യം. സമ്പദ്‍വ്യവസ്ഥക്ക് നിലനിൽക്കാൻ സ്ഥിരമായ നിക്ഷേപം ആവശ്യമായിരിക്കുന്ന സമയമാണിത്.
'ഞാനിതോർത്ത് ഉറക്കം കളയുന്നില്ല' എന്നാണ്, രൂപയുടെ തകർച്ചയെക്കുറിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ പ്രതികരിച്ചത്. എന്നിരുന്നാലും, കറൻസിയെ അതിന്‍റെ സുരക്ഷിതമായ പരിധിയിൽ നിന്ന് അധികം വ്യതിചലിക്കാൻ ആർബിഐ അനുവദിക്കാൻ സാധ്യതയില്ല. ഒരു നിശ്ചിത വിനിമയ നിരക്കിൽ പിടിച്ചുനിർത്തുന്നതിനെക്കാൾ, ചാഞ്ചാട്ടം കുറയ്ക്കുന്നതിനും ഊഹക്കച്ചവടങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനും വേണ്ടിയാണ് ബാങ്ക് പ്രധാനമായും ഇടപെടുന്നതെന്നു വേണം കരുതാൻ. കൈ കഴുകി ഒഴിയുന്നതിന്‍റെ ആഡംബരം അവസാനിക്കുകയാണ്. രൂപയെ നിയന്ത്രണമില്ലാതെ തകരാൻ അനുവദിക്കാനാവില്ല, ആർബിഐ കൂടുതൽ നിർണായകമായി ഇടപെടേണ്ടിവരും. അത് എത്രയും വേഗം ചെയ്യുന്നോ, അത്രയും നല്ലത്.