നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 128ാം ജന്മവാർഷിക ദിനം "പരാക്രം ദിവസ് ' ആയി ആചരിക്കുന്നതിലൂടെ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെയും പുതുതലമുറ യുവാക്കളെ ഇന്നും പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ അനശ്വരമായ ആത്മാവിനെയും നാം ആദരിക്കുകയാണ്. ദീർഘദർശിയായ ആ നേതാവിന്‍റെ ജീവിതവും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളും ആഘോഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന പരാക്രം ദിവസ്, വ്യക്തിപരവും ദേശീയവുമായ അഭിലാഷങ്ങളെ നേതാജിയുടെ ദർശനങ്ങളുമായി എങ്ങനെ സമന്വയിപ്പിക്കാമെന്ന് ചിന്തിക്കുന്നതിനുള്ള മുഹൂർത്തം കൂടിയാണ്. അദ്ദേഹത്തിന്‍റെ ത്യാഗങ്ങളെ സ്മരിക്കുക എന്നതിലുപരി, സമ്പന്നവും സ്വാശ്രയ പൂർണവുമായ രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിനായി ധൈര്യം, വിശ്വാസ്യത, നേതൃത്വം തുടങ്ങിയ അദ്ദേഹത്തിന്‍റെ ഗുണങ്ങൾ പ്രയോജനപ്പെടുത്താനും പ്രാവർത്തികമാക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ദിനം കൂടിയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, നേതാജിയുടെ സംഭാവനകൾ മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷിക്കപ്പെടുകയും ചിരപ്രതിഷ്ഠിതമാവുകയും ചെയ്തിട്ടുണ്ട്. 2021ൽ, നേതാജിയുടെ പൈതൃകത്തെ ആദരിക്കുന്നതിനുള്ള ദേശീയ വാർഷിക ആഘോഷമെന്ന നിലയിൽ, അദ്ദേഹത്തിന്‍റെ ജന്മദിനമായ ജനുവരി 23 "പരാക്രം ദിവസ്' ആയി സർക്കാർ പ്രഖ്യാപിച്ചു. ഡൽഹിയിലെ കർത്തവ്യ പാത പുനർവികസന പദ്ധതിയിലുൾപ്പെടുത്തി ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് അദ്ദേഹത്തിന്‍റെ ദർശനങ്ങളോടുള്ള ആദരമായിരുന്നു. ബോസ് വിഭാവനം ചെയ്ത ദേശീയതയുടെ ആദർശങ്ങളുമായി പൊരുത്തപ്പെടുന്ന "ഇന്ത്യൻ അഭിമാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും പുനരുജ്ജീവനത്തിന്‍റെ' പ്രതീകമായി പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി ഉദ്‌ഘോഷിക്കപ്പെട്ടു.
കൂടാതെ, നേതാജിയുമായി ബന്ധപ്പെട്ട 304 രേഖകൾ പരസ്യപ്പെടുത്തിയത് ചരിത്രപരമായ നീക്കമായിരുന്നു, ഇതിലൂടെ, പതിറ്റാണ്ടുകൾ നീണ്ട ഊഹാപോഹങ്ങൾക്ക് അറുതി വരുത്തുകയും അദ്ദേഹത്തിന്‍റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള സുപ്രധാന രേഖകൾ പൊതുജന സമക്ഷം ലഭ്യമാക്കുകയും ചെയ്തു. ഇന്ത്യൻ നാഷണൽ ആർമി ആദ്യമായി ത്രിവർണ പതാക ഉയർത്തിയ മണിപ്പുരിലെ മൊയ്‌റാങ്ങിലെ ഐഎൻഎ സ്മാരകത്തിന്‍റെ പുനരുദ്ധാരണം, നേതാജിയുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്‍റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു."നേതാജി സ്വന്തം ജീവിതം രാഷ്‌ട്ര സ്വാതന്ത്ര്യത്തിനായി സമർപ്പിച്ചു, സ്വാശ്രയപൂർണവും ആത്മവിശ്വാസ പൂർണവുമായ ഒരു ഇന്ത്യ അദ്ദേഹം വിഭാവനം ചെയ്തു" എന്ന് ബോസിന്‍റെ ആഗോള സ്വാധീനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.
കട്ടക്കിൽ, ആദരിക്കപ്പെടുന്ന ഒരു കുടുംബത്തിൽ പിറന്ന സുഭാഷ് ചന്ദ്ര ബോസ് മിടുക്കനായ വിദ്യാർഥിയായിരുന്നു. കട്ടക്കിലെ റാവൻഷാ കൊളീജിയറ്റ് സ്കൂൾ, കൊൽക്കത്തയിലെ പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലെ പഠനവും ഇന്ത്യൻ സിവിൽ സർവീസസ് (ഐസിഎസ്) പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം അക്കാദമിക രംഗത്ത് മികവ് പുലർത്തി. അദ്ദേഹത്തിൽ രൂഢമൂലമായിരുന്ന ദേശസ്‌നേഹവും രാജ്യ സേവനത്തിനായുള്ള അദമ്യമായ ആഗ്രഹവും ഐസിഎസ് രാജിവയ്ക്കാൻ കാരണമായി. ശോഭനവും ഉന്നതവുമായ ഔദ്യോഗിക ജീവിതത്തിന്‍റെ സുഖസൗകര്യങ്ങൾ അദ്ദേഹം നിരസിച്ചു. തുടർന്ന്, ഭാരതീയരിൽ ദേശസ്‌നേഹം ഉണർത്താനും സ്വാതന്ത്ര്യസമ്പാദനമെന്ന സന്ദേശം പ്രചരിപ്പിക്കാനും 1921ൽ "സ്വരാജ്' എന്ന പേരിൽ ഒരു പത്രം ആരംഭിച്ചു.
സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള നേതാജിയുടെ ദർശനങ്ങൾ വെറുമൊരു സ്വപ്നമായിരുന്നില്ല, മറിച്ച് സജീവമായ പ്രവർത്തനങ്ങൾക്കുള്ള ആഹ്വാനമായിരുന്നു. 1941ൽ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ട അദ്ദേഹം അന്താരാഷ്‌ട്ര പിന്തുണ തേടിയപ്പോൾ അത് തന്ത്രപരമായ ഒരു നീക്കം മാത്രമായിരുന്നില്ല, ദൃഢനിശ്ചയത്തിന്‍റെയും, ഉല്പതിഷ്ണു മനോഭാവത്തിന്‍റെയും, ആവശ്യഘട്ടങ്ങളിൽ അസാധാരണമായ മാർഗങ്ങൾ സ്വീകരിക്കാനുള്ള ഇച്ഛാശക്തിയുടെയും ധീരമായ പ്രസ്താവനയായിരുന്നു.
"എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്ന് അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു, യഥാർഥ സ്വാതന്ത്ര്യത്തിന് വാഗ്ധോരണികൾ മാത്രം പോരാ, സജ്ജീവമായ പ്രവർത്തനവും അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. ഇന്ത്യൻ നാഷണൽ ആർമിയുടെ സൃഷ്ടിയും ആസാദ് ഹിന്ദ് റേഡിയോയിലെ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും ഏതുമാകട്ടെ, സ്വാതന്ത്ര്യം നേടുന്നതിന് കൂട്ടായ പരിശ്രമം, ത്യാഗം, മുന്നേറ്റത്തിനായുള്ള വിശാല ദർശനം എന്നിവ ആവശ്യമാണെന്ന് ബോസ് തെളിയിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുന്നതിനുള്ള നിരവധിയായ കാരണങ്ങൾ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്‍റ് ആറ്റ്ലി ഉദ്ധരിക്കുകയുണ്ടായി, അവയിൽ പ്രധാനം, നേതാജിയുടെ സൈനിക പ്രവർത്തനങ്ങളുടെ ഫലമായി ഇന്ത്യൻ സൈന്യത്തിലും നാവികസേനയിലും ബ്രിട്ടീഷ് രാജാധികാരത്തോടുള്ള വിശ്വസ്തത ക്ഷയിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാത്മാ ഗാന്ധിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാവർക്കും അറിയാമായിരുന്നെങ്കിലും, ഗാന്ധിജിയുടെ ദർശനങ്ങളോടുള്ള ബോസിന്‍റെ ആദരവ് അചഞ്ചലമായി തുടർന്നു. അവരുടെ വൈരുധ്യാത്മകമായ പാതകൾ വ്യത്യസ്തമായ സമീപനങ്ങളുടെ പ്രകടീകരണമായിരുന്നു. 1939ൽ കോൺഗ്രസിൽ നിന്ന് രാജിവച്ചെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിൽ നിന്നും നേതാജി അല്പം പോലും വ്യതിചലിച്ചില്ല. മുന്നോട്ടുള്ള പാത വെല്ലുവിളികൾ നിറഞ്ഞതായി കാണപ്പെടുമ്പോഴും സ്വന്തം ആദർശങ്ങളോട് സത്യസന്ധത പുലർത്തേണ്ടതിന്‍റെ പ്രാധാന്യം പുതു തലമുറയിലെ യുവാക്കളെ ഇത് പഠിപ്പിക്കുന്നു.
വനിതാ ശാക്തീകരണത്തിലുള്ള തന്‍റെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന തരത്തിൽ ഐഎൻഎയുടെ വനിതാ റെജിമെന്‍റായ "ഝാൻസി റാണി റെജിമെന്‍റ് ' രൂപീകരിച്ചുകൊണ്ട് നേതാജി "നാരീശക്തി'യുടെ പ്രാധാന്യം വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽ വനിതകൾ അവിഭാജ്യമായ പങ്ക് വഹിക്കുന്ന ഭാരതത്തെക്കുറിച്ചുള്ള ആദരണീയ പ്രധാനമന്ത്രിയുടെ ദർശനത്തിൽ ഈ ആശയങ്ങൾ വ്യക്തമായി പ്രതിഫലിക്കുന്നു.
നേതാജിയുടെ അനശ്വരമായ പൈതൃകത്തിന്‍റെ വാർഷിക സ്മരണയാണ് പരാക്രം ദിവസ് ആഘോഷങ്ങൾ. സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും കൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന ആഘോഷങ്ങളുടെ മുൻ പതിപ്പുകൾ അദ്ദേഹത്തിന്‍റെ സംഭാവനകളെ ആദരിച്ചിട്ടുണ്ട്. പ്രധാന വേദികളായിരുന്ന കൊൽക്കൊത്തയുടെയും ഡൽഹിയുടെയും തെരുവോരങ്ങളിൽ അദ്ദേഹം മുന്നോട്ടുവച്ച ഐക്യത്തിന്‍റെയും ദേശസ്‌നേഹത്തിന്‍റെയും ആത്മാവ് പ്രതിധ്വനിച്ചു. ഈ വർഷം കട്ടക്കിലാണ്, അദ്ദേഹത്തിന്‍റെ പൈതൃകം ആദരിക്കപ്പെടുന്നത് എന്നതിനാൽ ഈ പരിപാടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ഉല്പതിഷ്ണു മനോഭാവവും നവീകരണവും അനിവാര്യമായ സമകാലിക ലോകത്ത്, സ്വയംപര്യാപ്തവും വികസിതവുമായ ഇന്ത്യ, അഥവാ വികസിത ഭാരതത്തിന്‍റെ സാക്ഷാത്കാരത്തിന് സംഭാവന നൽകുന്നതിന് യുവാക്കൾക്ക് ശക്തമായ പ്രചോദനമായി സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതഗാഥ വർത്തിക്കുന്നു. അടൽ ബിഹാരി വാജ്‌പേയി ഒരിക്കൽ പറഞ്ഞതുപോലെ, "സുഭാഷ് ചന്ദ്രബോസിന്‍റെ നാമം ദേശസ്‌നേഹം ഉണർത്തുകയും ധൈര്യത്തോടെയും നിസ്വാർഥതയോടെയും പ്രവർത്തിക്കാൻ രാഷ്‌ട്രത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു'.
ശോഭനവും ശക്തവുമായ ഒരു ഭാവിക്കായി ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് നമുക്ക് അദ്ദേഹത്തിന്‍റെ പൈതൃകം പിന്തുടരാം.