പ്രത്യേക ലേഖകൻ
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ കാർഷിക മേഖല - കാര്യക്ഷമതയില്ലായ്മ, വായ്പയുടെ അപര്യാപ്തത, വിപണി പ്രവേശനത്തിലെ പ്രതിസന്ധികൾ, ഗുണനിലവാരമുള്ള ഇൻപുട്ടുകളുടെയും വിഭവങ്ങളുടെയും പരിമിതമായ ലഭ്യത തുടങ്ങിയ നിരന്തരമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിരുന്നു. ഡിജിറ്റൽ കാർഷിക ദൗത്യത്തിന്‍റെ കീഴിൽ കാർഷിക ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം (ഡിപിഐ ) അവതരിപ്പിച്ചത്, മാതൃകാപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. സമഗ്രമായ ഡിജിറ്റൽ സമീപനത്തിലൂടെ അഗ്രി സ്റ്റാക്ക്, കർഷകർക്ക് വിപുലവും പരസ്പര പ്രവർത്തനക്ഷമവും ഉൾക്കൊള്ളുന്നതുമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു, അതോടൊപ്പം സ്വകാര്യ നൂതനാശയങ്ങളും വളർത്തിയെടുക്കുന്നു.
ഭരണം, സേവന വിതരണം, ഉൾപ്പെടുത്തൽ എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ കാർഷിക മൂല്യ ശൃംഖല സമഗ്രമായി മെച്ചപ്പെടുത്തുന്നതിനാണ് അഗ്രി സ്റ്റാക്ക് ഡിപിഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുതാര്യവും കാര്യക്ഷമവും സുസ്ഥിരവുമായ ഒരു ഡിജിറ്റൽ കാർഷിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
പ്രധാന ഘടകങ്ങൾ
കാർഷിക മേഖലയിലുടനീളമുള്ള പരസ്പര പ്രവർത്തനക്ഷമത, വ്യാപ്തി , പുനരുപയോഗക്ഷമത, സ്വകാര്യ നൂതനാശയങ്ങൾ എന്നീ അടിസ്ഥാന തത്വങ്ങളെ ആസ്പദമാക്കിയാണ് അഗ്രി സ്റ്റാക്ക് നിർമിച്ചിരിക്കുന്നത്.
1. ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം : കർഷക രജിസ്ട്രി, ജിയോ റഫറൻസ് ഗ്രാമീണ ഭൂപടങ്ങൾ ,വിതച്ച വിളകളുടെ രജിസ്ട്രി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ തിരിച്ചറിയൽ അതായത് കർഷക ഐഡി (11 അക്ക നമ്പർ) കർഷകരുടെ വിവരങ്ങൾ , അവരുടെ ഭൂമി കൈവശാവകാശങ്ങൾ, സീസണൽ വിള ഡാറ്റ എന്നിവയുടെ സമാഹരണമാണിത്.
നിലവിൽ, രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകർക്ക് ഡിജിറ്റൽ തിരിച്ചറിയൽ പ്രാപ്തമാക്കിയിട്ടുണ്ട്. 2025 മാർച്ച് അവസാനത്തോടെ 6 കോടി കർഷകരെ ഉൾപ്പെടുത്താനാണ് പദ്ധതി.
•പിന്തുണാ രജിസ്ട്രികൾ: കാർഷിക ഡാറ്റ രാജ്യവ്യാപകമായി ഏകീകരിക്കുന്നതിനായി വിള രജിസ്ട്രി, വിത്ത് രജിസ്ട്രി, കീടനാശിനി രജിസ്ട്രി മുതലായവ ഉൾപ്പെടെ 30ലധികം പിന്തുണാ രജിസ്ട്രികളുടെ ഒരു ശ്രേണി സ്ഥാപിച്ചുവരികയാണ്. നിലവിൽ, വിള ഇൻഷ്വറൻസ്, വിള വിസ്തീർണം കണക്കാക്കൽ, വിള സംഭരണം തുടങ്ങിയ വിവിധ ഉപയോഗങ്ങൾക്കായി 14 പിന്തുണാ രജിസ്ട്രികൾ സജീവമാണ്.
2. കൺസെന്‍റ് മാനെജർ: 2023ലെ ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമത്തിന് അനുസൃതമായി, കൺസെന്‍റ് മാനെജർ സംവിധാനം സുരക്ഷിതവും അനുമതിയോടെ ഉള്ളതുമായ ഡാറ്റ പങ്കിടൽ ഉറപ്പാക്കുന്നു. അതേസമയം അനുമതി പങ്കിടുന്നതിലും പിൻവലിക്കുന്നതിലും കർഷകർക്ക് സൂക്ഷ്മ നിയന്ത്രണം നൽകുന്നു.
3. ഏകീകൃത കർഷക സേവന ഇന്‍റർഫേസ് (UFSI): വ്യത്യസ്ത ഘടനയും സംവിധാനവും ഉണ്ടായിരിക്കാവുന്ന ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾ യുപിഐ എങ്ങനെ സുഗമമാക്കുന്നു എന്നതിന് സമാനമായി, വൈവിധ്യമാർന്ന സംവിധാനങ്ങളിലുടനീളം തടസമില്ലാത്ത വിവര കൈമാറ്റത്തിനുള്ള ഒരു കവാടമായി UFSI പ്രവർത്തിക്കുന്നു.
ഫെഡറേറ്റഡ് സംവിധാനത്തിൽ നിർമിച്ചിരിക്കുന്ന യുഎഫ്എസ്ഐ, സുരക്ഷിതവും സ്വകാര്യതയ്ക്ക് അനുസൃതവുമായ ഡാറ്റ പങ്കിടൽ ഉറപ്പാക്കുന്നു, അതേസമയം സംസ്ഥാനങ്ങൾക്കും കർഷകർക്കും അവരുടെ ഡാറ്റയിൽ നിയന്ത്രണം നിലനിർത്താൻ അധികാരവും നൽകുന്നു.
ഡിപിഐയുടെ തത്വങ്ങൾ:
1. പങ്കാളികൾക്കിടയിലുള്ള ഉപയോഗക്ഷമത: കർഷക രജിസ്ട്രി, വിതച്ച വിളകളുടെ രജിസ്ട്രി പോലുള്ള ഘടകങ്ങൾ വായ്പ , ഇൻഷ്വറൻസ്, ഉപദേശക സേവനങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം പദ്ധതികളെ പിന്തുണയ്ക്കുന്നു.
2. രൂപകൽപ്പന പ്രകാരമുള്ള പരസ്പര പ്രവർത്തനക്ഷമത: മാനകീകരിച്ച ഡാറ്റയും APIകളുടെ സവിശേഷതകളും സർക്കാർ, കാർഷിക സാങ്കേതിക വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലുടനീളം തടസമില്ലാത്ത ഡാറ്റ പങ്കിടൽ പ്രാപ്തമാക്കും.
3. ദേശീയ സ്വാധീനം ഉളവാക്കുന്ന വ്യാപ്തി: വൈവിധ്യമാർന്ന പ്രദേശങ്ങളിലുടനീളമുള്ള ദശലക്ഷക്കണക്കിന് കർഷകരെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അഗ്രി സ്റ്റാക്ക് വളരെ വിപുലമാണ്. കൂടാതെ സൂക്ഷ്മ കൃഷി, മെച്ചപ്പെട്ട വിപണി പ്രവേശനം തുടങ്ങിയ സംരംഭങ്ങൾക്ക് സൗകര്യമൊരുക്കും.
4. സമഗ്ര ഉൾപ്പെടുത്തൽ: അനുമതി , കർഷക കേന്ദ്രീകരണം തുടങ്ങിയ സവിശേഷതകളിലൂടെ ചെറുകിട കർഷകർ, കർഷക തൊഴിലാളികൾ, സ്ത്രീകൾ എന്നിവർക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുന്നു.
പരിവർത്തനത്തിനുള്ള ഉത്തേജകം
കാർഷിക മേഖലയിലെ വ്യവസ്ഥാപരമായ മാറ്റത്തിന് ഉത്തേജനം നൽകിക്കൊണ്ട് അഗ്രി സ്റ്റാക്ക് പരമ്പരാഗത ഐടി പദ്ധതിക്ക് ഉപരിയായി മാറുന്നു. മുൻകാലങ്ങളിൽ ഭൂമി രേഖകൾ പുതുക്കുന്ന പ്രക്രിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. റവന്യൂ വകുപ്പിന്‍റെ ഭരണപരമായ ഒരു അടിയന്തര ശ്രദ്ധ ഉണ്ടായിരുന്നില്ല.അതിന്‍റെ ഫലമായി കാലഹരണപ്പെട്ടതും കൃത്യമല്ലാത്തതുമായ രേഖകൾ സാമ്പത്തിക വികസനത്തിന് തടസമായി മാറി.
കർഷക രജിസ്ട്രിയുടെ രൂപീകരണം,കർഷകരുടെ ഉടമസ്ഥതയിലുള്ള എല്ലാ കാർഷിക ഭൂമിയും അവരുടെ കാർഷിക രജിസ്ട്രി പ്രൊഫൈലുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാക്കിയിരിക്കുന്നു. കാരണം വിള ഇൻഷ്വറൻസ്, വിത്തുകൾ, വളങ്ങൾ, ജലസേചനം തുടങ്ങിയ കൃഷിഭൂമിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ കർഷക രജിസ്ട്രിയുമായി ബന്ധിപ്പിക്കപ്പെടും. അതിനാൽ ഭൂമി രേഖകൾ പുതുക്കുന്നതിന് നേരിട്ടുള്ളതും അടിയന്തരവുമായ ആവശ്യമുണ്ട്.
ഇത് ഭൂമി രേഖകൾ കൈകാര്യം ചെയ്യുന്നതിനായി കർഷകരെയും റവന്യൂ വകുപ്പിനെയും പ്രേരിപ്പിക്കും. കൃത്യവും കാലികവുമായ ഭൂമി രേഖകൾ തർക്കങ്ങൾ കുറയ്ക്കുകയും സേവന വിതരണം സുഗമമാക്കുകയും വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും ജിഡിപി വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യും.
മുന്നോട്ടുള്ള പാത
അഗ്രി സ്റ്റാക്കിന്‍റെ കാഴ്ചപ്പാട് സ്വന്തമായി ഭൂമിയുള്ള കർഷകരെ കൂടാതെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരിലേക്കും വ്യാപിക്കുന്നു. കർഷക രജിസ്ട്രി നിർവഹണത്തിന്‍റെ അടുത്ത ഘട്ടത്തിൽ മൃഗസംരക്ഷണം, മത്സ്യബന്ധനം, പാട്ട കൃഷി നടത്തുന്നവർ, വനഭൂമി അവകാശികൾ എന്നിവരെ ഉൾപ്പെടുത്തുന്നതിനായി ലക്ഷ്യമിടുന്നു. 2025 ഖാരിഫ് വിളക്കാലം മുതൽ രാജ്യമെമ്പാടും ഡിജിറ്റൽ വിള സർവെ വ്യാപിപ്പിക്കും.
അഗ്രി സ്റ്റാക്കിലൂടെയുള്ള കൃഷിയുടെ ഡിജിറ്റൽ പരിവർത്തനം, പൗരന്മാരെ ശാക്തീകരിക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും, അവസരങ്ങളിലേക്ക് തുല്യമായ പ്രവേശനം സൃഷ്ടിക്കുന്നതിനും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്നു.
സമഗ്ര സമീപനത്തിലൂടെയും വിപുലീകരണത്തിന് ഊന്നൽ നൽകുന്നതിലൂടെയും, അഗ്രി സ്റ്റാക്കിന് കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാനും, അതിലൂടെ കർഷകരുടെ ഉപജീവനമാർഗം വർധിപ്പിക്കാനും, ദേശീയ വളർച്ചയെ നയിക്കാനും കഴിയും.