ജാതി സെന്‍സസും മുഖം തിരിച്ചു നില്‍ക്കുന്ന പാര്‍ട്ടികളും

 
Special Story

ജാതി സെന്‍സസും മുഖം തിരിച്ചു നില്‍ക്കുന്ന പാര്‍ട്ടികളും

ജാതി സെന്‍സസിനെതിരേ നില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒറ്റപ്പെടുകയും ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ എറിയപ്പെടുകയും ചെയ്യും

അഡ്വ. ജി. സുഗുണന്‍

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി സാമൂഹ്യമായ അസമത്വങ്ങളാണ്. ഈ അസമത്വങ്ങള്‍ രാജ്യത്തിന്‍റെ സുദീര്‍ഘമായ ചരിത്രത്തിന്‍റെ പൈതൃകവുമാണ്. പുരാതനകാലം മുതല്‍ അസമത്വങ്ങള്‍ നിറഞ്ഞ ഒരു സമൂഹമാണ് ഇവിടെയുണ്ടായിരുന്നത്. ഈ അസമത്വങ്ങള്‍ ജാതിവ്യവസ്ഥയുടെ സൃഷ്ടിയായിരുന്നു. ജാതിവ്യവസ്ഥ സമൂഹത്തെ പല തട്ടുകളായി തിരിക്കുകയും, ഓരോ ജാതിയിലും പെട്ടവര്‍ ചെയ്യേണ്ട തൊഴിലുകള്‍ അനുശാസിക്കുകയും ചെയ്തു. ഉയര്‍ന്ന ജാതിക്കാര്‍ സമൂഹത്തിലെ മേല്‍ത്തട്ടിലും, കീഴ്ജാതിക്കാര്‍ അടിത്തട്ടിലും പ്രതിഷ്ഠിക്കപ്പെട്ടു. അയിത്തം പോലെയുള്ള ദുരാചാരങ്ങള്‍ക്ക് കീഴ്ജാതിക്കാര്‍ വിധേയരായി. ജാതിവ്യവസ്ഥ ഉണ്ടാക്കിയ സാമൂഹികവും സാമ്പത്തികവുമായ ഈ അസമത്വങ്ങള്‍ക്ക് പരമ്പരാഗതമായ ആചാരങ്ങള്‍ അംഗീകാരം നല്‍കുകയും ചെയ്തു.

സാമൂഹിക അസമത്വത്തിന്‍റെ അടിസ്ഥാന കാരണം ജാതിയാണെന്നതില്‍ തര്‍ക്കമില്ല. പട്ടിക ജാതിക്കാര്‍, പട്ടിക വര്‍ഗങ്ങള്‍ മറ്റ് പിന്നാക്ക വര്‍ഗങ്ങള്‍ എന്നിവരുടെ സ്ഥാനം ഇന്നും സമൂഹത്തിന്‍റെ അടിത്തട്ടില്‍ തന്നെയാണ്. ജാതീയ വിവേചനം, സാമ്പത്തിക അസമത്വം, വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പിന്നാക്കാവസ്ഥ തുടങ്ങിയവ യുഗങ്ങളായി ഇക്കൂട്ടര്‍ അനുഭവിച്ചുവരികയാണ്. പിന്നാക്ക ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഭരണഘടനയില്‍ തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക- ന്യൂനപക്ഷ സംരക്ഷണ വ്യവസ്ഥകളും, അതിന്‍റെ ഭാഗമായ ജാതി സംവരണവുമെല്ലാം ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നതും.

പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക സംവരണം മനക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ 1931ലെ സെന്‍സസിന്‍റെ അടിസ്ഥാനത്തിലാണ് ഈ സംവരണം നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം പട്ടികജാതിയും പട്ടികവര്‍ഗവും പിന്നാക്കവിഭാഗവും ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗവും ചേര്‍ന്നാല്‍ ജനസംഖ്യയിലെ 89 ശതമാനമുണ്ടാകും. മുന്നാക്ക- സവര്‍ണ വിഭാഗങ്ങള്‍ ഏതാണ്ട് 10 ശതമാനം മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ഉദ്യോഗ മേഖലകളിലും ഉന്നതവിദ്യാഭ്യാസ മേഖലകളിലും, എന്തിന് രാഷ്‌ട്രീയ രംഗത്തു പോലും 70 ശതമാനത്തോളം സ്ഥാനങ്ങള്‍ ന്യൂനപക്ഷമായ മുന്നാക്ക- സവര്‍ണ വിഭാഗങ്ങള്‍ കൈയയ്യടക്കി വച്ചിരിക്കുകയാണ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടത് 27 ശതമാനം പിന്നാക്ക സംവരണമാണെങ്കില്‍ ഇന്ന് പിന്നാക്കക്കാര്‍ക്ക് ലഭ്യമായിട്ടുള്ളത് വെറും 17 ശതമാനം സംവരണം മാത്രം. പട്ടികജാതി- പട്ടികവര്‍ഗ സംവരണവും തീരുമാനത്തിന്‍റെ 60 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്.

പിന്നാക്ക ജനവിഭാഗങ്ങളുടെ കണക്കെടുക്കാതെ മനഃകണക്കിന്‍റെ അടിസ്ഥാനത്തില്‍ സംവരണം തുടരുന്നതിന് ഒരു നീതീകരണവുമില്ല. ഒമ്പതര പതിറ്റാണ്ടിനു മുമ്പ് എടുത്ത ജാതി സെന്‍സസിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണ തീരുമാനത്തില്‍ യാതൊരു അടിത്തറയുമില്ല. പുതിയൊരു ജാതി സെന്‍സസ് എടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന ആവശ്യത്തിൽ നിഷേധാത്മക സമീപനമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നാക്ക വികാരം മാനിച്ചുകൊണ്ട് ബിഹാറിലും തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും കര്‍ണാടകത്തിലുമെല്ലാം ജാതി സെന്‍സസ് പൂര്‍ത്തിയാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ സംവരണ നയം പുനഃപരിശോധിക്കാനുള്ള നടപടികളിലുമാണ്. ജാതി സെന്‍സസിന് നേരേ നിഷേധാത്മക സമീപനം കൈക്കൊണ്ടിരുന്ന ബിജെപിയും കേന്ദ്ര സര്‍ക്കാരും വൈകിയ വേളയിലെങ്കിലും ഇപ്പോള്‍ ജാതി സെന്‍സസ് നടത്താനുള്ള ഐതിഹാസികമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ പിന്തുണ നേടാന്‍ ജാതി സെന്‍സസ് നടത്തുകയും സംവരണ നയം മാറ്റുകയും ചെയ്യാതെ സാധ്യമല്ലെന്ന് ആ പാര്‍ട്ടിക്ക് ബോധ്യം വന്നിരിക്കുകയാണ്.

രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ്, സാമൂഹിക- സാമ്പത്തിക വിശദാംശങ്ങള്‍, ജാതി കണക്കെടുപ്പ് എന്നിവ ഉള്‍ക്കൊള്ളുന്ന പൊതു സെന്‍സസിന്‍റെ തീയതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1948ലെ സെന്‍സസ് ആക്റ്റും 1990ലെ സെന്‍സസ് റൂളും അനുസരിച്ച് രാജ്യവ്യാപകമായി രണ്ടു ഘട്ടമായി സെന്‍സസ് നടത്താനാണു തീരുമാനം. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്, ജമ്മു കാശ്മീരിലെ ചില ഭാഗങ്ങള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മേഖലകളില്‍ 2026 ഒക്‌ടോബറില്‍ സെന്‍സസ് നടപടികള്‍ ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ 27 മാര്‍ച്ച് ഒന്നു മുതലുള്ള രാജ്യമെങ്ങുമുള്ള സെന്‍സസ് ഫെബ്രുവരി 28ന് അര്‍ധരാത്രി 12 മണിക്കാണ് തുടക്കമാകുന്നത്. ഈ സെന്‍സസ് 2028 വരെ നീളും.

2011ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് അവസാനമായി രാജ്യത്ത് സെന്‍സസ് നടന്നത്. 10 വര്‍ഷത്തിനു ശേഷം 2020 ഏപ്രില്‍- സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യഘട്ടവും, 2021 ഫെബ്രുവരിയില്‍ രണ്ടാം ഘട്ടവുമായി നടക്കേണ്ടിയിരുന്ന സെന്‍സസ് കൊവിഡ് മഹാമാരി മൂലം മാറ്റിവച്ചു. കഴിഞ്ഞ തവണ നടത്താനിരുന്ന സെന്‍സസിന്‍റെ ആദ്യ ഘട്ടത്തിനായുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നതായും ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീല്‍ഡ് വര്‍ക്ക് നടപടികള്‍ ആരംഭിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൊവിഡ് പടര്‍ന്ന് പിടിച്ചതോടെ തുടര്‍നടപടികള്‍ മാറ്റി. അവസാനമായി സെന്‍സസ് നടത്തിയപ്പോള്‍ ആദ്യഘട്ടത്തില്‍ വീടുകള്‍ പട്ടികപ്പെടുത്തലും, രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ കണക്കെടുപ്പുമാണു നടന്നത്. സമാന രീതിയായിരിക്കും വരാനിരിക്കുന്ന സെന്‍സസിലും സ്വീകരിക്കുക.

അടുത്ത ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസും നടത്തും. ഏപ്രില്‍ 30ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു ആ തീരുമാനം. കോണ്‍ഗ്രസ് അടക്കം പാര്‍ലമെന്‍റിനകത്തും പുറത്തും ആവശ്യപ്പെട്ട ജാതി സെന്‍സസാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള എല്ലാ പൊതു സെന്‍സസ് നടപടികളില്‍ നിന്നും ജാതി സെന്‍സസ് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് 2010ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ജാതി സെന്‍സസ് പൊതു സെന്‍സസില്‍ ഉള്‍പ്പെടുത്തുമെന്ന് ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. പിന്നീടു വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങളുടെ മൂന്നാം ഊഴത്തില്‍ പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും പ്രഖ്യാപിക്കുകയായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് 1931ലാണല്ലോ ഇന്ത്യയില്‍ അവസാനമായി ജാതി സെന്‍സസ് നടന്നത്. ആ സെന്‍സസ് വിവരങ്ങളും അന്ത്രോപോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാനകോശമായ "ഇന്ത്യയിലെ ജനങ്ങള്‍' എന്ന പുസ്തകത്തിന്‍റെ 90 വാള്യങ്ങളുമാണ് രാജ്യത്തെ ജാതിയെക്കുറിച്ച് അറിയാന്‍ ഇപ്പോഴുമുള്ള പ്രധാന മാര്‍ഗം. 2011ല്‍ യുപിഎ സര്‍ക്കാര്‍ സാമൂഹിക- സാമ്പത്തിക ജാതി സെന്‍സസ് നടത്തിയെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായതുകൊണ്ട് വിവരങ്ങള്‍ പുറത്തുവിട്ടില്ല.

ഏപ്രില്‍ 30ന് അപ്രതീക്ഷിതമായാണ് കേന്ദ്ര മന്ത്രിസഭാ സമിതി സെന്‍സസില്‍ ജാതി കണക്കെടുപ്പിന് അംഗീകാരം നല്‍കിയത്. ഇതുവരെ ജാതി സെന്‍സസ് എന്ന ആവശ്യത്തിനു നേരേ കേന്ദ്രം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെയും മറ്റ് ജാതികളുടെയും യഥാര്‍ഥ ജനസംഖ്യ മനസിലാക്കാന്‍ ജാതി സെന്‍സസ് സഹായിക്കുമെന്നും ജാതി സംവരണ ക്വാട്ടാ വിപുലീകരണത്തിനടക്കം ഇത് വഴിയൊരുക്കുമെന്നും ചില ബിജെപി നേതാക്കള്‍ തന്നെ പറയുന്നുമുണ്ട്.

ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്തുവരാന്‍ വളരെക്കാലം എടുക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 2027ലെ സെന്‍സസിന്‍റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരാന്‍ 3 വര്‍ഷമെടുക്കുമെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. ജാതി സെന്‍സസും അതിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികളും അനിശ്ചിതമായി നീളുന്നത് എന്തായാലും ഗുണകരമല്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അതേവര്‍ഷം തന്നെ ജാതിക്കോളം ഉള്‍പ്പെടുത്തിയുള്ള സെന്‍സസ് പ്രഖ്യാപനത്തിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമാണെന്ന വിമര്‍ശനവുമുണ്ട്. ബ‌ിഹാറിനെ കൂടാതെ കര്‍ണാടകത്തിലും തെലങ്കാനയിലുമെല്ലാം ഈ വര്‍ഷം തെരഞ്ഞെടുപ്പു നടക്കുകയാണ്.

ജാതി സെന്‍സസ് കൊണ്ടു മാത്രം പിന്നാക്ക ജനവിഭാഗത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നില്ല. അതിന്‍റെ അടിസ്ഥാനത്തില്‍ നിലവിലുള്ള സംവരണ നയം അപ്പാടെ പൊളിച്ചെഴുതുകയും വേണം. ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ എത്രത്തോളം മുന്നോട്ടുപോകുമെന്ന് കണ്ടറിയണം. ജാതി സെന്‍സസ് പ്രഖ്യാപനം നടത്തുകയും എന്നാല്‍ സെന്‍സസ് പൂര്‍ത്തിയാക്കലും അതിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികളും അനിശ്ചിതമായി നീട്ടലുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്താല്‍ അദ്ഭുതപ്പെടേണ്ടതില്ല.

ജനസംഖ്യ, ജാതി കണക്കെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മണ്ഡല പുനര്‍നിര്‍ണയ കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. ഇതിനു പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതുപോലെ പാര്‍ലമെന്‍റിലെയും നിയമസഭകളിലെയും വനിതാ സംവരണ വിഷയത്തിലും അവ്യക്തത നിലനില്‍ക്കുന്നു. ജാതി സെന്‍സസിനോടൊപ്പം സാമ്പത്തിക സര്‍വെയും നടത്തണമെന്ന ശക്തമായ അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. പിന്നാക്ക ജനവിഭാഗത്തിന്‍റെ വളരെ ദയനീയമായ സാമ്പത്തിക സ്ഥിതി വെളിപ്പെട്ടേ മതിയാവൂ.

എന്തായാലും ജാതി സെന്‍സസ് പിന്നാക്ക ജനവിഭാഗത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ മഹാഭൂരിപക്ഷത്തിനു നിഷേധിക്കപ്പെട്ടഅവകാശങ്ങള്‍ നേടിയെടുക്കാന്‍ അതു സഹായിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ജാതി സെന്‍സസിനെതിരായ നിലപാട് ബിജെപിയോടൊപ്പം മറ്റു പല പാര്‍ട്ടികളും സ്വീകരിച്ചിരുന്നു. പല ജനാധിപത്യ പാര്‍ട്ടികളും ജാതി സെന്‍സസിന്‍റെ കാര്യത്തില്‍ കണ്ണടച്ചിരുട്ടാക്കാനാണ് ശ്രമിച്ചിരുന്നത്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു പോലും ജാതി സെന്‍സസ് നടപ്പിലാക്കുന്ന കാര്യത്തില്‍ ചാഞ്ചാട്ട സമീപനമാണുള്ളത്. കേരളത്തിൽ ജാതി സെന്‍സസിനെതിരേ നായർ സർവീസ് സൊസൈറ്റിയെപ്പോലുള്ള സംഘടനകള്‍ വളരെ ശക്തമായി ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. ഇക്കൂട്ടരെ ഭയന്നാകാം സംസ്ഥാനത്തെ കോണ്‍ഗ്രസ് അടക്കമുള്ള ചില പാര്‍ട്ടികളും ഇടതുപക്ഷവുമൊന്നും ഇവിടെ എത്രയും വേഗം ജാതി സെന്‍സസ് നടത്തി അതിനനുസൃതമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടാതിരിക്കുന്നത്. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ജാതി സെന്‍സസിനു വേണ്ടി ശക്തമായി രംഗത്തുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ചാഞ്ചാട്ട സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്.

ഇടതുപക്ഷം അധികാരത്തിലുള്ള കേരളത്തിൽ പോലും ജാതി സെന്‍സസ് നടത്തുന്ന കാര്യം നാളിതുവരെ ആലോചിച്ചിട്ടു പോലുമില്ല. കേന്ദ്രമാണ് അത് നടത്തേണ്ടതെന്നു പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു ഇക്കൂട്ടര്‍. ജാതി സെന്‍സസ് നടത്തും മുമ്പ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് അത് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയാറാകണമെന്ന് സിപിഎം ഇപ്പോള്‍ ആവശ്യപ്പെട്ടു. സെന്‍സസ് നീട്ടാനാണ് ഈ ആവശ്യമെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. എന്തായാലും ജാതി സെന്‍സസ് പെട്ടെന്ന് പൂര്‍ത്തിയാക്കി അതിനനുസൃതമായ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടേ മതിയാവൂ. ജാതി സെന്‍സസിനെതിരായ നിലപാട് ഭരണകക്ഷിയായ ബിജെപിയിലെ ഒരു വിഭാഗത്തിന് ഉണ്ടെന്നത് ഒരു വസ്തുതയാണ്. ജാതി സെന്‍സസിനെതിരായ ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇപ്പോഴത്തെ സമീപനങ്ങള്‍ ബിജെപിയിലെ ജാതി സെന്‍സസ് വിരുദ്ധ ശക്തികളെ മാത്രമേ സഹായിക്കൂ. ജാതി സെന്‍സസിനെതിരേ മുഖം തിരിഞ്ഞു നില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ മഹാഭൂരിപക്ഷം പിന്നാക്ക ജനവിഭാഗങ്ങളില്‍ ഒറ്റപ്പെടുകയും, ചരിത്രത്തിന്‍റെ ചവറ്റുകുട്ടയില്‍ എറിയപ്പെടുകയും ചെയ്യുമെന്നതില്‍ ഒരു സംശയവുമില്ല.

ലേഖകന്‍റെ ഫോണ്‍: 9847132428

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി