തോക്കും ഉണ്ടയും | ക്വാറന്‍റൈന്‍
തോക്കും വെടിയുണ്ടയും അത്ര സുമാറുള്ള സംഗതികളല്ല. യുദ്ധ കാലത്തായാലും സമാധാന കാലത്തായാലും അവ അപകടകാരികളായ വസ്തുക്കളാണ്. പക്ഷെ, മലയാളിയുടെ നവോത്ഥാനത്തിന് ഇവ രണ്ടും വഴിതുറന്നു എന്നതാണ് വാസ്തവം. വൈരുദ്ധ്യാഷ്ഠിത ഭൗതികവാദം.
പതിനാറാം നൂറ്റാണ്ടില്‍ കുരുമുളകു തേടിയെത്തിയ പറങ്കികളും ലന്തക്കാരും പരന്ത്രീസുകാരും വെള്ളക്കാരും ഇവിടെ വന്നു പൊട്ടിച്ച വെടികളുടെ ശബ്ദം നവോത്ഥാന കാഹളമായി മാറുകയായിരുന്നു.
ഇരുണ്ടതും നിശ്ചലവുമായ കാലത്തിന്‍റെ അടിത്തട്ടിൽ മയങ്ങിക്കിടന്നിരുന്ന സമൂഹങ്ങൾ ഈ പുരോഗതിയുടെ സൈറൺ കേട്ട് ഞെട്ടിയുണർന്നു. പഴമയുടെയും അനാചാരങ്ങളുടേയും കോട്ടകൊത്തളങ്ങൾ വിറകൊണ്ടു. ഇടിമിന്നലേറ്റ ഉരഗങ്ങളെപ്പോലെ നാട്ടുരാജാക്കന്മാർ ഞെട്ടിത്തരിച്ച് നിലവറകളിലൊളിച്ചു.
തിരുവിതാംകൂറിന്‍റെ കാര്യം ഉദാഹരണമായി നോക്കുക. ഡച്ചുകാരുടെ തോക്കാണ് വഞ്ചിരാജ്യത്തിന്‍റെ ഉയർച്ചയ്ക്ക് കാഞ്ചി വലിച്ചതെന്നു പറയാം. മാർത്താണ്ഡ വർമയുമായുണ്ടായ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർ തോൽക്കുകയും കപ്പിത്താനായ ഡിലനോയിയും കൂട്ടരും രാജാവിനൊപ്പം ചേരുകയുമുണ്ടായല്ലോ. അപ്പോൾ ഡിലനോയിയുടെ കൈയിലുണ്ടായിരുന്ന തോക്ക് മാർത്താണ്ഡ വർമ കൗതുകത്തോടെ ശ്രദ്ധിക്കയുണ്ടായി. വാളും പരിചയും കുന്തവും കുടച്ചക്രവും മാത്രമുള്ള നമ്മുടെ പട്ടാളത്തിനും ഇത്തരം തോക്കുകൾ വേണമെന്ന് അദ്ദേഹത്തിന് തോന്നി. ഈ വിചാരമാണ് വേണാടിന്‍റെ ചരിത്രഗതി മാറ്റിയത്. വഞ്ചിഭൂപതിയുടെ നിർദേശ പ്രകാരം ഡിലനോയി നമ്മുടെ പട്ടാളക്കാരെ കവാത്തു നടക്കാനും തോക്ക് ഉപയോഗിക്കാനും പഠിപ്പിച്ച് സമർഥന്മാരാക്കി. ഉദയഗിരിക്കോട്ടയിൽ തോക്കുകളുടെയും പീരങ്കികളുടെയും ഫാക്റ്ററിയും ഉണ്ടാക്കി. കാലാന്തരത്തിൽ അനേകം യുദ്ധങ്ങളിൽ വേണാട്ടു സൈന്യം വിജയിച്ചു, രാജ്യം വിസ്തൃതമായി, ഭൂപടങ്ങൾ ഒരിഞ്ചു നിവർന്നു. മാർത്താണ്ഡ വർമ ആധുനിക തിരുവിതാംകൂറിന്‍റെ ഉസ്താദുമായി.
മാർത്താണ്ഡ വർമയ്ക്കു മുമ്പ് കേരളത്തിലെ രാജാക്കന്മാർ സ്ഥിരം സൈന്യത്തെ നിലനിർത്തുന്ന രീതിയുണ്ടായിരുന്നില്ല. സൈനികർ കളരിയഭ്യാസികൾ ആയിരുന്നെങ്കിലും യുദ്ധസമയത്തു മാത്രമായിരുന്നു ശമ്പളവും റേഷനും അവർക്കു ലഭിച്ചിരുന്നത്. അവരൊക്കെ യുദ്ധം അത്ര ഗൗരവമുള്ള ഇടപാടായി കരുതിയിരുന്നോ എന്നും സംശയമുണ്ട്. തോക്കും പീരങ്കിയുമൊന്നും അവർക്ക് പരിചയവുമില്ലായിരുന്നു.
സൈന്യത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന് തോക്കും വെടിയുണ്ടയും നാട്ടുരാജാക്കന്മാർക്ക് നൽകാൻ ചില ഉപാധികളോടെ യൂറോപ്യന്മാർ തയാറായി. അവർക്ക് കുരുമുളക് കിട്ടിയാൽ മതിയായിരുന്നു. രാജാവിന് ആണ്ടു തോറും നൂറു കണ്ടി കുരുമുളകിന്‍റെ വിലയ്ക്കുള്ള വെടിമരുന്നും ഉണ്ടയും തോക്കും തീക്കല്ലും എത്തിക്കുമെന്ന് അക്കാലത്തെ ഒരു ഉടമ്പടിയിൽ ഡച്ചകാർ തിരുവിതാംകൂറിന് ഉറപ്പുനൽകുന്നുണ്ട്.
കാര്യമായി അധികാരവും പണവും ഇല്ലാതിരുന്ന പഴശി രാജാവിന് നാടൻ തോക്കുകളും ബ്രിട്ടിഷുകാരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത തോക്കുകളുമായിരുന്നു ആശ്രയം. കുറിച്യരുമായി ചേർന്ന് പനമരത്ത് ബ്രിട്ടീഷുകാരുടെ സൈനിക കേന്ദ്രം ആക്രമിച്ച് 112 തോക്കുകളും ആറു പെട്ടി വെടിക്കോപ്പുകളും 6,000 രൂപയും പിടിച്ചെടുത്തതോടെയാണ് പഴശിയുടെ തോക്കു യുദ്ധങ്ങൾ പ്രസിദ്ധമാകുന്നത്. നല്ലയിനം തോക്കുണ്ടാക്കാൻ അറിയാമായിരുന്ന ഇരുമ്പു പണിക്കാർ എല്ലാ നാട്ടിലുമുണ്ടായിരുന്നു.
തോക്കും വെടിമരുന്നും വിശുദ്ധ പുസ്തകവുമായി കോഴിക്കോടു വന്നിറങ്ങിയ പറങ്കികൾ എന്ന പോർച്ചുഗീസുകാർ പറങ്കിപ്പുണ്ണു മാത്രമല്ല പറങ്കിമാങ്ങാ കൃഷിയും വ്യാപിപ്പിച്ചു. ഈ വിദേശികളുടെ തോക്കിന്‍റെ ബലത്തിനു മുമ്പിൽ ഇവിടുത്തെ പരമ്പരാഗത വിശ്വാസങ്ങൾ മുട്ടുകുത്തി. ജാതി സമൂഹമായ കേരളത്തില്‍ ചില പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു. കാർഷിക- സാമ്പത്തിക - സാമൂഹിക രംഗങ്ങളിൽ ഈ മാറ്റം പെട്ടെന്നുണ്ടായി. ബാർട്ടർ വ്യവസ്ഥയിൽ നിന്ന് പണത്തിന് പ്രാധാന്യമുള്ള കൺസ്യൂമർ സമൂഹത്തിലേക്കു നമ്മൾ മാറിയപ്പോൾ വാസ്കോഡഗാമ നാടിന്‍റെ ഐശ്വര്യ നായകനായി പരിണമിച്ചു.
പറങ്കികളും ഡച്ചുകാരും ഇംഗ്ലീഷുകാരും തോക്കിന്‍റെ മുനയിൽ നടത്തിയ മത പരിവർത്തനങ്ങൾ ജാതിവ്യസ്ഥയ്ക്കും ജന്മി ഭരണത്തിനും മാറ്റം വരുത്തി.
റാണി ഗൗരിലക്ഷീ ഭായി തിരുവിതാംകൂറിൽ അടിമ വ്യാപാരം നിരോധിച്ചത് റസിഡന്‍റ് കേണൽ മൺറോയുടെ ഉഗ്രശാസനം പ്രകാരമായിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിന് നൽകാനുള്ള കരാർ പോലും രാജാവിനെ ഭീഷണിപ്പെടുത്തി ബ്രിട്ടിഷുകാർ ഒപ്പിടിവിച്ചതാണെന്ന കഥയുണ്ട്.
യൂറോപ്യന്മാരുടെ തോക്ക് വളരെപ്പെട്ടെന്ന് സമൂഹത്തിലെ മാന്യതയുടെയും പാരമ്പര്യത്തിന്‍റെയും അടയാളമായി മാറി. വാളും പരിചയുമായി നടന്നിരുന്ന അംഗരക്ഷകർ ചരിത്രത്തിലേക്ക് മറഞ്ഞു. യൂണിഫോം ധരിച്ച് തോക്കുകളുമായി അവതരിച്ച കമ്പനി സേനയ്ക്ക് നാട്ടിൽ ബഹുമാനം കിട്ടി. കുടവയറും കഷണ്ടിയും വെടിക്കലയും പുറത്തു രോമവും പുരുഷലക്ഷണങ്ങളായി മാറി. മാറത്ത് തോക്ക് ചേർത്തു വച്ച് ഉന്നംപിടിക്കുമ്പോൾ ഉണ്ടാകുന്ന തഴമ്പായിരുന്നു വെടിക്കല. പഴയ വീടുകളുടെ പൂമുഖങ്ങളിൽ തോക്കേന്തിയ പടയാളിയുടെ രൂപങ്ങൾ കൊത്തിവയ്ക്കപ്പെട്ടു.
വാളും പരിചയും മാത്രം ആയുധങ്ങളായി ചിത്രീകരിച്ചിരുന്ന വടക്കൻ പാട്ടുകളിൽ ഒരു വില്ലനായി തോക്കും കടന്നുവന്നു. വീരശൂര പരാക്രമിയായിരുന്ന തച്ചോളി ഒതേനൻ അങ്കം ജയിച്ചിട്ടും വെടിയേറ്റു മരിക്കുകയാണുണ്ടായത്.
പതിനെട്ടും ഇരുപതും നൂറ്റാണ്ടുകളിൽ ജന്മിത്വം തകരാനും മരുമക്കത്തായം ഇല്ലാതാകാനും ആറടി മണ്ണിന്‍റെ അവകാശം എല്ലാവർക്കും കിട്ടാനും ജനാധിപത്യബോധം രൂപപ്പെടാനും തോക്കുകളും പീരങ്കികളും വഴിതെളിച്ചത് ചരിത്രത്തിന്‍റെ തമാശയായിരിക്കാം. ആയുധ ബലത്തിന്‍റെ പിന്തുണയോടെ ഇവിടെ വന്നുകയറിയ വിദേശ പാതിരിമാരുടെ സൃഗാല ബുദ്ധിയുടെ ഫലമായി മതപരിവർത്തനം ലക്ഷ്യമാക്കി ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപകമാക്കിയതും മലയാളികളെ ഏകീകൃതവും ഏകമുഖവുമായ സമൂഹമാക്കുന്നതിന് സഹായകരമായി. അതുകൊണ്ടാണ് തുപ്പാക്കി എന്ന തോക്ക് ഭയഭക്തി ബഹുമാനങ്ങളുടെ അടയാളമായി വിളങ്ങിയത്.
'തുപ്പാക്കി വന്നു
നമ്മെ വെടിപ്പാക്കി
തിമ്മനേം തിമ്മിയേം
വശത്താക്കി'
എന്ന പാട്ട് കേട്ടിട്ടുണ്ട്.
തോക്കിന്‍റെ വരവ് മറ്റു ചില സാംസ്കാരികവും ഭാഷാപരവുമായ മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്.
നാടൻ തോക്കിന്‍റെ കുറിഞ്ഞിയിൽ പൊട്ടാസു വയ്ക്കുന്ന അടപ്പിനാണ് "കേപ്പ് ' എന്നു പറഞ്ഞിരുന്നത്. തോക്ക് ഉന്നം പിടിക്കുന്നതിന് "അറമാന്തിക്കുക' എന്നും വിശേഷിപ്പിച്ചിരുന്നു. "ഒരു വെടിക്കു രണ്ടു പക്ഷി' എന്ന പ്രയോഗം വെറും "ഉണ്ടയില്ലാ വെടി'യല്ല. എന്നു കരുതി "കാടടച്ചു വെടിവയ്ക്കരുത്' എന്നു മാത്രം.
തോക്കിന്‍റെ മുഖം ബന്ധിക്കുകയും മൃഗങ്ങളെ വരുത്തി വെടിവയ്ക്കുകയും ചെയ്യുന്ന മാജിക് പണ്ട് പലരും നടത്തിയിരുന്നു. മാന്ത്രിക കുലപതിയായ വാഴക്കുന്നം നമ്പൂതിരി തോക്കിൽ നിന്നുള്ള ഉണ്ട വിഴുങ്ങുന്നത് ഉൾപ്പെടെയുള്ള തോക്കുവിദ്യകൾ കാട്ടിയിട്ടുണ്ട്. ഇതു കണ്ടിട്ട് മഹാകവി വള്ളത്തോൾ അപ്പോൾത്തന്നെ ഒരു കവിതയെഴുതി അദ്ദേഹത്തിനു നൽകിയത്രെ. "പാരിടം പുകഴുമൈന്ദ്രജാലകൻ' എന്നാണ് അതിൽ വാഴക്കുന്നത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
krpramod.com