പിണറായി സർക്കാരിന്‍റെ കപടമുഖം
കുമ്മനം രാജശേഖരൻ,
ബിജെപി മുൻ അധ്യക്ഷൻ,
മുൻ ഗവർണർ
പമ്പയിൽ അടുത്ത മാസം 20നു നടക്കാൻ പോകുന്ന ആഗോള അയ്യപ്പഭക്ത സംഗമം പിണറായി സർക്കാരിന്‍റെ കപടമുഖത്തെ അനാവരണം ചെയ്യുന്നതാണ്. ശബരിമല ക്ഷേത്രത്തിനു വേണ്ടി, അയ്യപ്പ ഭക്തർക്കായി യാതൊന്നും ചെയ്യാത്ത സർക്കാരാണ് ഇപ്പോൾ അയ്യപ്പഭക്ത സംഗമത്തിനു മുതിരുന്നത്. ശബരിമലയുടെ വികസന കാര്യത്തെപ്പറ്റി നിരവധി കമ്മിറ്റി റിപ്പോർട്ടുകളും കമ്മിഷനുകളുടെ പഠനങ്ങളുമുണ്ട്. അതിനെക്കുറിച്ചൊന്നുമല്ല ഇവിടെ ചർച്ച ചെയ്യുന്നത്. അയ്യപ്പ സംഗമം എന്ന പേരിൽ വൈകാരിക വിഷയത്തെ ഉയർത്തിപ്പിടിച്ച് വോട്ടു തട്ടിപ്പ് നടത്തി അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കാനാണു സിപിഎമ്മിന്‍റെ ശ്രമം. ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്റ്റ് പ്രധാനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചിരിക്കുന്നത്. അതൊരു സ്വതന്ത്ര പരമാധികാര സ്ഥാപനമാണ്. അതിൽ യാതൊരുവിധ സർക്കാർ ഇടപെടലുകളും പാടില്ല
പക്ഷേ, അവിടെയിപ്പോൾ എല്ലാ കാര്യങ്ങളിലും ദേവസ്വം മന്ത്രിയാണ് ഇടപെടുന്നത്. അയ്യപ്പഭക്ത സമ്മേളനം വിശ്വാസികളുടെ കാര്യമാണ്, മതപരമായ കാര്യമാണ്. അതിൽ മതേതര സർക്കാരിന് ഇടപെടാൻ കഴിയില്ല. മന്ത്രിയാണ് തമിഴ്നാട്ടിൽ പോയി അതിഥികളെ ക്ഷണിക്കുന്നത്, മന്ത്രി തന്നെയാണ് വാർത്താസമ്മേളനം നടത്തി ഭക്ത സംഗമത്തെപ്പറ്റി പറയുന്നത്. ഇതെല്ലാം ക്ഷേത്രത്തിലുള്ള ഇടപെടലാണ്, മതേതര സർക്കാരിന്‍റെ ഇടപെടലാണ്. അതു ശരിയല്ല, ഹൈന്ദവ സമൂഹത്തിന്‍റെ മതസ്വാതന്ത്ര്യത്തിനു മേലേയുള്ള കൈകടത്തലാണ്. ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി ശബരിമലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ട് ശബരിമലയെ സർക്കാർ സ്ഥാപനമാക്കി മാറ്റാനാണു ലക്ഷ്യം വയ്ക്കുന്നത്. അതിനെയാണു വിശ്വാസികൾ ചോദ്യം ചെയ്യുന്നത്.
ആരാധനയുടെ ഭാഗമായാണ് സംഗമം നടത്തുന്നതെങ്കിൽ അവിടെ സർക്കാരിനും മന്ത്രിക്കുമൊക്കെ എന്താണു കാര്യം? അതിനു തന്ത്രിയും ഭക്തസംഘടനകളും ഗുരുസ്വാമിമാരുമുണ്ട്. അതിനെയെല്ലാം മറികടന്ന് ഏകപക്ഷീയമായി സർക്കാർ തന്നെ അയ്യപ്പഭക്ത സംഗമം നടത്തുകയാണ്. സർക്കാരിന്‍റെ നേതൃത്വത്തിൽ അയ്യപ്പ സംഗമം നടത്തുന്നതിന്‍റെ ധാർമികതയെയാണു ചോദ്യം ചെയ്യുന്നത്.
ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി നിരവധി പദ്ധതികളുണ്ട്. അതൊന്നും ചെയ്യാതെ തട്ടിക്കൂട്ടി ഇപ്പോൾ ഒരു സംഗമം നടത്തുന്നത് ദുരൂഹമാണ്. കേന്ദ്ര പദ്ധതികൾ പോലും നഷ്ടപ്പെടുത്തിക്കളയുന്നു, അയ്യപ്പന്മാർക്കു വേണ്ടി ഒന്നും ചെയ്തു കൊടുക്കുന്നില്ല. ഭക്തരുടെ ദുരിതങ്ങൾക്കു മറുപടി നൽകാത്ത സർക്കാർ കഴിഞ്ഞ പത്തുവർഷമായി ശബരിമലയ്ക്കു വേണ്ടി എന്താണ് ചെയ്തത്? പുതിയതായി ഒരു ശുചിമുറി പോലും നിർമിച്ചിട്ടില്ല. ആരാധനയുടെ പേരിലാണു സംഗമം സംഘടിപ്പിക്കുന്നതെങ്കിൽ ആരാധനയും ആചാരങ്ങളും സംരക്ഷിക്കാൻ വലിയ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്, അക്കാര്യത്തിൽ സർക്കാരിന്‍റെ നിലപാട് ഇപ്പോൾ എന്താണെന്ന് വ്യക്തമാക്കണം.
ലിംഗസമത്വത്തിന്‍റെ പേരിൽ ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാം എന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം ഇപ്പോഴും സുപ്രീം കോടതിയിലുണ്ട്. അതിന്‍റെ കാര്യത്തിൽ എന്താണു സർക്കാരിന്‍റെ നിലപാടെന്നു വ്യക്തമാക്കണം. ഭക്തർക്കെതിരായ നിലപാടുകൾ സ്വീകരിച്ച സർക്കാരിന് ഇത്തരം സമ്മേളനം സംഘടിപ്പിക്കാൻ ധാർമികമായി അവകാശമില്ല. ഗണപതി എന്നതു മിത്താണ് എന്നു പറഞ്ഞ ആളുകളെന്തിനാണു പമ്പ ഗണപതി കോവിലിനു മുൻപിൽ സമ്മേളനം സംഘടിപ്പിക്കുന്നത്? സനാതന ധർമത്തെ നശിപ്പിക്കണം എന്നു പരസ്യമായി പറയുന്നവരെ എന്തിനാണു വിളിച്ചുവരുത്തുന്നത്?
ആചാര സംരക്ഷണത്തിനായി പമ്പയിൽ എത്തിയ തന്ത്രി കുടുംബത്തിലെ തന്ത്രിയുടെ ഭാര്യ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതു. അവരുടെ കണ്ണുനീർത്തുള്ളികൾ വീണ നനഞ്ഞ മണ്ണാണ് പമ്പ. ഇപ്പോൾ ആരാധനയും ആചാരവുമൊക്കെ പറയുന്ന മുഖ്യമന്ത്രി, തന്ത്രി കുടുംബത്തിനെതിരേ എടുത്ത കേസിനെപ്പറ്റിയും വിശ്വാസികൾക്കെതിരേ എടുത്ത കേസുകളെപ്പറ്റിയും ഒന്നും മിണ്ടാത്തതെന്താണ്? പിണറായിയുടെ പൊലീസ് തന്നെയാണ് അവരെ അറസ്റ്റ് ചെയ്തത്. ഈ വക കാര്യങ്ങളെല്ലാം നമുക്കു മറന്നുകളയാം എന്നു പറഞ്ഞ് ഇപ്പോൾ ഒരു അയ്യപ്പ സംഗമവുമായി വന്നാൽ ചെയ്ത തെറ്റിനെ വെള്ളപൂശാനാവില്ല. തെറ്റ് തെറ്റു തന്നെയാണ്, അതിനു പിണറായി സർക്കാർ ക്ഷമ പറയണം. അയ്യപ്പഭക്തരുടെ മുൻപിൽ മാപ്പു പറയണം.
പൗരത്വ നിയമ ഭേദഗതിക്ക് (സിഎഎ) എതിരായി നടന്ന പ്രക്ഷോഭത്തിലെ കേസുകൾ പിൻവലിച്ച പിണറായി സർക്കാർ അയ്യപ്പ ഭക്തർക്കെതിരേയുള്ള കേസുകൾ പിൻവലിച്ചിട്ടില്ല. ഇതിനുള്ളിലെല്ലാം ചില കള്ളക്കളികളുണ്ട്. അതെല്ലാം തുറന്നുകാണിക്കാനാണ് ഭാരതീയ ജനതാ പാർട്ടി ശ്രമിക്കുന്നത്. സത്യം സത്യമായി ജനങ്ങൾ അറിയണം, അതിനെ മൂടിവച്ച് ജനങ്ങളെ കബളിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോകില്ല.