അഖിലേന്ത്യാ പണിമുടക്കിന്‍റെ രാഷ്‌ട്രീയ പ്രാധാന്യം
അഡ്വ. ജി. സുഗുണന്‍
ലോകത്തൊട്ടാകെ വിവിധ രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗത്തിന്‍റെ മേല്‍ വലിയ കടന്നുകയറ്റമാണ് സാമ്രാജ്യത്വ സര്‍ക്കാരുകളും, കുത്തകമുതലാളിത്ത രാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരായി സാമ്രാജ്യത്വരാജ്യമായ അമേരിക്കയിലും യൂറോപ്പിലെ പ്രബലരാജ്യങ്ങളായ യു.കെയിലും, ഫ്രാന്‍സിലും, ജര്‍മനിയിലും മറ്റു ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലുമെല്ലാം വന്‍ തൊഴിലാളി പ്രക്ഷോഭണങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞിരിക്കയാണ്. പല പ്രബലരാജ്യങ്ങളിലും തൊഴിലാളികളുടെ യോജിച്ച സമരങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയുമാണ്. സാര്‍വദേശീയമായ തൊഴിലാളി ഉയര്‍ ത്തെഴുന്നേല്‍പ്പിന്‍റെ ഭാഗമായി തന്നെയാണ് ഇന്ത്യന്‍ തൊഴിലാളികള്‍ തങ്ങളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പിടിച്ചുപറ്റുന്നതിനായി പ്രക്ഷോഭരംഗത്ത് വന്നിരിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളിലും നടന്നതുപോലെ വിപുലമായ തൊഴിലാളി ഐക്യം കെട്ടിപ്പെടുത്തുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ തൊഴിലാളികളും ഈ യോജിച്ച സമരത്തിലേക്ക് നീങ്ങുന്നത്.
മോദിസര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ 2025 ജൂലൈ 9 ന് ദേശീയപൊതുപണിമുടക്ക് നടക്കുകയാണ്. 14 ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും, ബാങ്ക്- ഇൻഷ്വറന്‍സ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന തൊഴിലാളി- കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഈ പണിമുടക്ക്. തങ്ങളുടെ ജീവല്‍പ്രധാനമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി വളരെ ആവേശപൂര്‍വമാണ് രാജ്യത്തെ തൊഴിലാളികളാകെ ഈ സമരത്തിന്‍റെ തയാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയുടെ കാലംമുതല്‍ പോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളാകെ ഇല്ലാതാക്കുന്നതിനുള്ള തീവ്രമായ നീക്കങ്ങളാണ് മോദിസര്‍ക്കാര്‍ പുതിയ ലേബര്‍ കോഡുകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ തന്നിഷ്ടംപോലെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അവകാശം ഉള്‍പ്പെടെ നല്‍കുന്നതും, തൊഴില്‍സുരക്ഷ ഇല്ലാതാക്കുന്നതും തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ നിഷേധിക്കുന്നതുമാണ് പുതിയ ലേബര്‍ കോഡുകള്‍. ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നത്.
ജോലിസമയം ഗണ്യമായി വർധിപ്പിക്കുന്ന ലേബര്‍ കോഡുകള്‍ക്കെതിരായ പ്രക്ഷോഭം നടക്കുന്ന ഈ സമയത്ത് തന്നെ ആന്ധ്ര, കര്‍ണാടകം തുടങ്ങിയ അരഡസണ്‍ സംസ്ഥാനങ്ങളില്‍ ജീവനക്കാരുടെ പ്രതിദിന ജോലിസമയം 8 മണിക്കൂറില്‍ നിന്നും 10 മണിക്കൂറായി വർധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള 8 മണിക്കൂര്‍ ജോലിയില്‍ നിന്നും നമ്മുടെ രാജ്യം പുറകോട്ട് പോകുകയാണ്. തൊഴിലാളികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരും, ചില സംസ്ഥാന സര്‍ക്കാരുകളും തയ്യാറല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ശക്തമായ പ്രക്ഷോഭണം കൊണ്ട് മാത്രമേ ഇക്കൂട്ടരുടെ കണ്ണ് തുറപ്പിക്കാന്‍ തൊഴിലാളിവര്‍ഗത്തിന് സാധിക്കുകയുള്ളൂ.
രാജസ്ഥാന്‍ സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ 30ൽ താഴെ തൊഴിലാളിയുള്ള അംഗസംഖ്യയുള്ള സ്ഥാപനങ്ങളില്‍ ലോക്ക് ഔട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി നേടേണ്ടതില്ലെന്നാണ് വ്യവസ്ഥ ചെയ്തത്. നൂറോ അതിലധികമോ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും, ലേഓഫ് ചെയ്യാനും, ലോക്ക് ഔട്ട് ചെയ്യാനും മുന്‍കൂര്‍ അനുവാദം നേടണമെന്ന നിയമയത്തെയാണ് രാജസ്ഥാന്‍ നിയമസഭ ഭേദഗതി ചെയ്തത്. ഈ മാതൃകയില്‍ എല്ലാ നിയമസഭകളും തൊഴില്‍ നിയമഭേദഗതിക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘടിത മേഖല 10 ശതമാനത്തില്‍ താഴെ മാത്രമുള്ള ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ സ്ഥിതി നവലിബറലിസത്തിന് കീഴില്‍ അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. മോദി ഭരണത്തിന്‍ക കീഴില്‍ കഴിഞ്ഞ ദശകത്തില്‍ വിവിധനയങ്ങള്‍ വഴി സംഘടിത- അസംഘടിത തൊഴില്‍ മേഖലയില്‍ തൊഴില്‍ പുനഃസംഘടനത്തിലൂടെ അനൗപചാരികവത്കരണം അതിതീവ്രമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ നിലവിലെ ആകെ തൊഴില്‍സേനയില്‍ കരാര്‍ തൊഴിലാളികളുടെ പങ്ക് 1997-98ല്‍ 16 ശതമാനമായിരുന്നെങ്കില്‍ 2017-18ല്‍ ഇത് 36.4 ശതമാനമായി ഉയര്‍ന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് കരാര്‍ തൊഴിലാളികള്‍ രാജ്യത്ത് 50 ശതമാനത്തോളമായി ഉയര്‍ന്നിട്ടുണ്ട്. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കവര്‍ന്നെടുക്കാനും തൊഴിലില്ലായ്മയെ മുതലെടുത്ത് ഏറ്റവും ക്രൂരമായ കൂലി അടിമത്തം നടപ്പാക്കാനും മോദിസര്‍ക്കാര്‍ തെരഞ്ഞെടുത്ത പുതിയ വഴിയാണ് നൈപുണ്യവർധന എന്ന പേരിലുള്ള വ്യാപകമായ ട്രെയിനീ/ അപ്രന്‍റീസ് നിയമനം. 1946-ലെ വ്യാവസായിക തൊഴില്‍ നിയമപ്രകാരമുള്ള കേന്ദ്രനിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് 2018 മാര്‍ച്ചില്‍ ഫിക്‌സഡ് ടേം തൊഴില്‍ ഔപചാരികമായി നിലവില്‍വന്നു. ഇത് എല്ലാത്തരം വ്യവസായങ്ങള്‍ക്കും ഹ്രസ്വകാല തൊഴിലാളികളെ നിയമിക്കാന്‍ അനുവദിച്ചു. സൈന്യത്തിലടക്കം കൊണ്ടുവന്ന അഗ്നിവീര്‍ പദ്ധതി ഇതിന് ഉദാഹരണമാണ്. ഇപ്പോള്‍ ലേബര്‍ കോഡുകള്‍ ഈ പുത്തന്‍ കൂലിഅടിമത്ത വ്യവസ്ഥയെ നിയമവിധേയമാക്കിയിരിക്കുന്നു. അതായത് തൊഴിലാളികളെ തോന്നുംപോലെ നിയമിക്കുന്നതിനും, പിരിച്ചുവിടുന്നതിനും ഇനിമേല്‍ നിയമപരമായ അധികാരം തൊഴിലുടമയ്ക്ക് ഉണ്ടായിരിക്കും.
നമ്മുടെ രാജ്യത്ത് ആകെ തൊഴില്‍ ചെയ്യുന്നവരുടെ 90% -വും അസംഘടിത-പരമ്പരാഗതമേഖലകളില്‍ പണിചെയ്യുന്നവരാണ്. ഇവര്‍ക്ക് യാതൊരു തൊഴില്‍ നിയമങ്ങളും ബാധകമല്ല. തൊഴില്‍ മേഖലയാകെ അടിമസമാനമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണ് മോദി സര്‍ക്കാര്‍. തൊഴിലാളിസംഘടനകള്‍ ഇല്ലാത്ത തൊഴില്‍മേഖല സൃഷ്ടിക്കുന്നതാണ് പുതിയ സാഹചര്യം. സംഘടിതമേഖലയില്‍ സ്ഥിരം ജോലികള്‍ കുറച്ച് വ്യാപകമായ കരാര്‍വല്‍കരണം ലക്ഷ്യം വയ്ക്കുന്നതാണ് ലേബര്‍ കോഡ്. അപ്രന്‍റീസ്, ട്രെയിനീസ്, നിശ്ചിത കാലതൊഴില്‍ എന്നീ പേരുകളില്‍ തൊഴില്‍മേഖലിയിലാകെ അരാചകാവസ്ഥ സൃഷ്ടിക്കപ്പെടും. തൊഴിലാളി സംഘടനകളില്ലാത്ത തൊഴില്‍ ശാലകള്‍ എന്ന അവസ്ഥ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാരും, കോര്‍പ്പറേറ്റുകളും, സംസ്ഥാനസര്‍ക്കാരുകളും ശ്രമിക്കുന്നത്. ഏറ്റവും ഒടുവില്‍ പാസാക്കിയ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) നിയമത്തിലെ വകുപ്പ് 111 പ്രകാരം തൊഴിലാളികള്‍ കൂട്ടായി നടത്തുന്ന പ്രതിഷേധ രൂപങ്ങളെല്ലാം ക്രിമിനല്‍ കുറ്റങ്ങളായി കണക്കാക്കപ്പെടും.
കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ പരമോന്നത കോടതിയുടെ വിധി പോലും നടപ്പാക്കുന്നില്ല. പ്രോവിഡന്‍റ് ഫണ്ട് പെന്‍ഷന്‍ മിനിമം 9000 രൂപയാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം പോലും നടപ്പാക്കാതിരിക്കുകയാണ്. പൊതുമേഖല സ്വകാര്യവല്‍കരണം വളരെ തകൃതിയായിട്ടാണ് നടക്കുന്നത്. വൈദ്യുതി, ടെലികോം, ഖനികള്‍, റയില്‍വേ, നാഷണൽ ഹൈവേ, തുറമുഖങ്ങള്‍ എന്നിവയെല്ലാം സ്വകാര്യ കുത്തകകളെ ഏല്‍പ്പിക്കാനുള്ള തീരുമാനം ഇതിനകം എടുത്ത് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ജനതയുടെ മുകള്‍ത്തട്ടിലുള്ള 10% ജനതയ്ക്കാണ് നവ-ഉദാരവല്‍കരണ നയങ്ങളുടെ നേട്ടം കൈവരിക്കാനായത്. ജനസംഖ്യയിലെ മുകള്‍ തട്ടിലെ 10% വരുന്നവരുടെ മാസവരുമാനം ഏകദേശം 4 ലക്ഷം കോടി രൂപയാണ്. സ്വകാര്യ-കുത്തകവ്യവസായങ്ങള്‍ കൂടുതല്‍ ലാഭംനേടാനായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ഉല്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനസംഖ്യയുടെ 10% വരുന്ന സമ്പന്ന വര്‍ഗത്തിന്‍റെ വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടാകുന്നു. രാജ്യത്തെ 5 വലിയ കോര്‍പ്പറേറ്റുകള്‍- അദാനി ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, ടാറ്റാ ഗ്രൂപ്പ്, ആദിത്യ ബര്‍ല ഗ്രൂപ്പ്, ഭാരതി ടെലികോം ഗ്രൂപ്പ് എന്നിവയാണ്. രാജ്യത്തിന്‍റെ സമ്പത്തിന്‍റെ 20 ശതമാനത്തിന് പുറത്ത് ഈ 5 കുത്തകകളുടെ കൈകളിലാണ്. രാഷ്‌ട്രസമ്പത്തും മറ്റ് ആസ്തികളും വിദേശ-നാടന്‍ കുത്തകകള്‍ക്ക് നല്‍കാനുള്ള തിരക്കിലാണ് മോദി സര്‍ക്കാര്‍. അതേസമയം ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്‍റെ സംഘടിക്കാനുള്ള സ്വാതന്ത്ര്യവും മറ്റ് മൗലിക അവകാശങ്ങളും ഇവിടെ തകര്‍ക്കപ്പെടുകയുമാണ്.
ജാതിയുടെയും മതത്തിന്‍റെയും വംശീയതയുടെയും പേരില്‍ ഇന്ത്യന്‍ തൊഴിലാളികളെ ഭിന്നിപ്പിക്കാനും, അവരുടെ ഐക്യം തകര്‍ക്കുന്നതിനുമാണ് മോദിസര്‍ക്കാരും കൂട്ടരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദശാബ്ദങ്ങള്‍ കൊണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ പലതും ഭരണകൂടം അവരില്‍ നിന്ന് കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ മൗലികമായ അവകാശങ്ങള്‍ പിടിച്ചുപറ്റുന്നതിന് ശക്തമായ പണിമുടക്കല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാത്ത സ്ഥിതിയാണ് ഇന്നുണ്ടായിട്ടുള്ളത്. രാജ്യത്തെ തൊഴിലാളികളുടെ നീതിരഹിതമായി കവര്‍ന്നെടുക്കപ്പെട്ട അവകാശങ്ങള്‍ പിടിച്ചുപറ്റുന്നതിനായി ഇന്നു നടത്തുന്ന രാജ്യവ്യാപകമായ ദേശീയപണിമുടക്ക് വിജയിപ്പിക്കാന്‍ എല്ലാവിഭാഗം തൊഴിലാളികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യർഥിക്കുന്നു. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനവിഭാഗത്തിന്‍റെ അകമഴിഞ്ഞ പിന്തുണ ഈ പണിമുടക്കിന് ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്ത്യന്‍ തൊഴിലാളി വര്‍ഗം രാജ്യവ്യാപകമായ ഈ പൊതുപണിമുടക്കില്‍ കൂടി ഉയര്‍ന്നെഴുന്നേല്‍ക്കുകയാണ്. അതുകൊണ്ട് തന്നെ എന്തുകൊണ്ടും വലിയൊരു രാഷ്‌ട്രീയ പ്രാധാന്യം ഈ അഖിലേന്ത്യാ പണിമുടക്കിന് ഉണ്ടാകുമെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.