ഇത് ഇത്തിരി ക്രൂഡ് ആണ്..!

 
Special Story

ഇത് ഇത്തിരി ക്രൂഡ് ആണ്..!

2025 ജനുവരി 15ന് 82.03 ഡോളറായിരുന്നിടത്തു നിന്നാണ് ഈ കൂപ്പുകുത്തൽ.

വീണ്ടുവിചാരം

ജോസഫ് എം. പുതുശേരി

ഇത് പകൽക്കൊള്ള. ജനങ്ങളെ ബന്ദികളാക്കി സർക്കാർ നടത്തുന്ന പകൽ കൊള്ള. പാചകവാതക വിലയിൽ 50 രൂപയുടെയും പെട്രോൾ, ഡീസൽ അധിക എക്സൈസ് നികുതിയിൽ 2 രൂപയുടെയും വർധന വരുത്തിയ കേന്ദ്ര സർക്കാർ നടപടിയെ അങ്ങനെയേ വിശേഷിപ്പിക്കാനാവൂ. രാജ്യാന്തര വിപണിയിലെ ക്രൂഡോയിൽ വില റെക്കോഡ് നിലയിലേക്ക് കൂപ്പുകുത്തിയപ്പോൾ വിലക്കുറവിന്‍റെ ആനുകൂല്യം ഉപയോക്താക്കൾക്ക് നൽകേണ്ടതിനു പകരം അത് അപ്പാടെ തട്ടിയെടുക്കുന്ന കേന്ദ്ര നടപടിക്ക് യാതൊരു ന്യായീകരണവുമില്ല.

അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം (എപിഎം) അവസാനിപ്പിച്ച് ഇന്ധന വിലനിർണ അധികാരം സർക്കാരിൽ നിന്ന് എണ്ണക്കമ്പനികളിലേക്ക് കൈമാറുമ്പോൾ എന്തായിരുന്നു വായ്ത്താരി! രാജ്യാന്തര മാർക്കറ്റിലെ വിലനിലവാരത്തിൽ വരുന്ന വ്യതിയാനത്തിന്‍റെ ഗുണഫലം ഉപഭോക്താക്കൾക്ക് നൽകാനാണ് ഈ നടപടിയെന്നാണ് അന്നു കൊട്ടിഘോഷിച്ചത്. ക്രൂഡ് വില കുറഞ്ഞാൽ പെട്രോൾ, ഡീസൽ, പാചകവാതക വിലയിൽ കുറവു വരുമെന്നും അത് സാധാരണക്കാരായ ഉപഭോക്താവിന്‍റെ പോക്കറ്റിലേക്ക് എത്തുമെന്നും സാരം. കേൾക്കുമ്പോൾ ഗംഭീരം. ആകർഷകവും യുക്തിസഹവുമായ വാദഗതി. ഇന്ധനം 50 രൂപയ്ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചവർ തന്നെ അതു പറയുമ്പോൾ അതിന്‍റെ ആസ്വാദന ഭംഗി വേറെ തന്നെ.

എല്ലാ മാസവും ഒന്നിനും 15നും ക്രൂഡോയിൽ വിലയ്ക്ക് അനുസൃതമായി വില പുനനിർണയിക്കുന്ന രീതിയായിരുന്നു ആദ്യം. പിന്നീട് ദിവസേന നിശ്ചയിക്കുന്ന രീതിയിലേക്ക് മാറി. എന്നാൽ ക്രൂഡ് വില കൂപ്പുകുത്തിയപ്പോഴൊക്കെ വിലക്കുറവ് പ്രതീക്ഷിച്ച നമുക്ക് തെറ്റി. വർഷങ്ങൾ കാത്തിരുന്നിട്ടും അങ്ങനെ ഒരു പ്രതിഭാസം സംഭവിക്കുന്നേയില്ല. മറിച്ച്, വില കൂടിയപ്പോഴൊക്കെ അതേ അളവിലും വ്യാപ്തിയിലും വില വർധിപ്പിക്കുകയും ചെയ്യുന്നു. പ്രഖ്യാപനത്തിന്‍റെ വീരചരമം! വില കൂട്ടുന്ന വണ്‍വേ ട്രാഫിക് മാത്രമായി അത് നിജപ്പെടുത്തുന്ന മാജിക്! കൂടുമ്പോൾ കൂട്ടും.

കുറഞ്ഞാൽ വില കുറയ്ക്കില്ല, അത് ഞങ്ങൾ തട്ടിയെടുക്കും. കേന്ദ്ര സർക്കാർ വർഷങ്ങളായി തുടർന്നുവരുന്ന ഈ നടപടിയെ പകൽക്കൊള്ള എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കാനാവുക. വിലനിർണയാവകാശം എണ്ണ കമ്പനികൾക്ക് വിട്ടുകൊടുത്ത 2017 ജൂൺ മുതൽ ഈ പ്രക്രിയ മാറ്റമില്ലാതെ തുടരുന്നു. വില ദിവസേന നിശ്ചയിക്കുന്ന രീതി വന്നതോടെ വർധനയുടെ തോത് ആരും ശ്രദ്ധിക്കാതെ വന്ന സാഹചര്യമാണ് ഈ നിശബ്ദ കൊള്ളക്ക് വഴിതുറന്നത്. ഇങ്ങനെ ജനങ്ങൾക്ക് കൊടുക്കേണ്ട ആനുകൂല്യം കവർന്ന്, അവരെ ഊറ്റി പിഴിഞ്ഞ് കേന്ദ്ര സർക്കാർ തടിച്ചു കൊഴുക്കുന്നത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയിലൂടെ ലഭിച്ച വരുമാന കണക്ക് പരിശോധിച്ചാൽ ബോധ്യപ്പെടും.

2020-21ൽ 6,72,718 കോടിയായിരുന്ന നികുതി വരുമാനം 21-22ൽ 7,74,425 കോടിയായി വർധിച്ചു. 22-23ൽ അത് 7,48,718 കോടിയും 23-24ൽ 7,51,155 കോടിയുമായി. 2013-14ൽ 88,600 കോടിയായിരുന്നിടത്തു നിന്നാണ് ഈ കുതിപ്പ് എന്നത് ജനങ്ങളെ ഞെക്കി പിഴിഞ്ഞതിന്‍റെ കാഠിന്യം എത്രയെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യാന്തര എൽപിജി വില 63% വരെ വർധിച്ചിട്ടും ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് സിലിണ്ടർ വിറ്റത് മൂലം എണ്ണ കമ്പനികൾക്ക് 41,338 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇത് നികത്താനാണ് നികുതിയിലും സിലിണ്ടർ വിലയിലുമുള്ള വർധനവ് എന്നാണ് നടപടിയെ ന്യായീകരിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഉയർത്തിയ വാദഗതി.

എന്നാൽ ഇതിന് ഒരു അടിസ്ഥാനവുമില്ലെന്ന് എണ്ണ കമ്പനിയുടെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖല എണ്ണ കമ്പനികളുടെ 2023- 24 സാമ്പത്തിക വർഷത്തിലെ അറ്റാദായം 81,000 കോടി രൂപയാണെന്ന കണക്കുകളും ഇത് മുൻവർഷത്തേക്കാൾ വളരെ ഉയർന്ന നേട്ടമാണെന്ന വസ്തുതയും മന്ത്രിയുടെ വാദഗതിയുടെ മുന ഒടിക്കുന്നതാണ്.

മാത്രമല്ല തങ്ങൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2015-16ൽ 10,399 കോടി ലാഭമുണ്ടാക്കിയിടത്ത് 20 -21ൽ അത് 21,762 കോടിയാണ്. ഭാരത് പെട്രോളിയം 2015-16ൽ 7,431 കോടി ലാഭമുണ്ടാക്കിയെടുത്തു. 20-21ൽ 19,041 കോടിയുടെ ലാഭം. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ 20-21ലെ ലാഭം 3,017 കോടിയും. ഏറ്റവും ഒടുവിലത്തെ സാമ്പത്തിക വർഷമായ 2024-25ൽ നാലു പാദങ്ങളിലുമായി ഐഒസിയുടെ ലാഭം 10,534.53 കോടിയാണ്. ഭാരത് പെട്രോളിയത്തിന്‍റെയും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെയും നാലാംപാദ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

24-25 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്നു പാദങ്ങളിലായി തന്നെ ഭാരത പെട്രോളിയം 10,061. 20 കോടിയും ഹിന്ദുസ്ഥാൻ പെട്രോളിയം 4,008. 88 കോടിയും ലാഭം രേഖപ്പെടുത്തി. നാലാം പാദവും കൂടി വരുമ്പോൾ ഇത് ഇനിയും അധീകരിക്കും. നേരത്തെ ക്രൂഡ് വില കുറഞ്ഞപ്പോഴൊന്നും വില കുറയ്ക്കാഞ്ഞതിലൂടെ സ്വരുക്കൂട്ടിയ കൊള്ള ലാഭം! ജനങ്ങളുടെ മുതുകത്ത് ഭാരമേറ്റി തടിച്ചു കൊഴുത്തതിന്‍റെ ബാക്കിപത്രം. കമ്പനികളുടെ നഷ്ടം നികത്താനെന്ന പെട്രോളിയം മന്ത്രിയുടെ അവകാശവാദത്തിന്‍റെ പൊള്ളത്തരവും കള്ളത്തരവും അനാവരണം ചെയ്യുന്ന സംസാരിക്കുന്ന കണക്കുകൾ.

പാചക വാതക വില 50 രൂപ കൂട്ടിയപ്പോൾ ഇപ്പോൾ സബ്സിഡി അവശേഷിക്കുന്ന "പ്രധാനമന്ത്രി ഉജ്വൽ യോജന'യിൽപ്പെട്ടവരേയും അതിൽനിന്ന് ഒഴിവാക്കിയില്ല. ഇതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം വിലയിരുത്തിയിട്ടുണ്ടോ? പദ്ധതിക്ക് കീഴിൽ കണക്‌ഷൻ എടുത്തവരിൽ വലിയൊരു വിഭാഗം കുടുംബങ്ങൾ പാചകവാതകം വാങ്ങുന്നത് നേരത്തേ തന്നെ നിർത്തി. 93.4 ദശലക്ഷം ഗുണഭോക്തൃ കുടുംബങ്ങളിൽ 9.2 ദശലക്ഷം കുടുംബങ്ങൾ ഒരിക്കൽ പോലും റീഫിൽ ചെയ്തിട്ടില്ലെന്നും 10.8 ദശലക്ഷം കുടുംബങ്ങൾ ഒരിക്കൽ മാത്രമാണ് റീഫിൽ ചെയ്തതെന്നും പെട്രോളിയം മന്ത്രാലയത്തിന്‍റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.

ഈ സ്ഥിതി നിലനിൽക്കുമ്പോൾ അടിച്ചേൽപ്പിച്ച ഇപ്പോഴത്തെ വിലവർധന കൂടുതൽ പേരെ പദ്ധതിയിൽ നിന്ന് അകറ്റാനല്ലേ ഇടവരുത്തുക. വിലക്കയറ്റവും വരുമാന നഷ്ടവും കൊണ്ട് ജനങ്ങൾ ഞെരിപിരി കൊള്ളുമ്പോൾ വരുത്തിയ ഈ വർധന സാധാരണ കുടുംബങ്ങളെ എങ്ങനെ ബാധിക്കും എന്ന് ഭരണാധികാരികൾ ആലോചിക്കേണ്ടേ? 2013ൽ ഗാർഹിക സിലിണ്ടറിന് 411 രൂപയായിരുന്നിടത്താണ് ഇപ്പോൾ 862 രൂപ കൊടുക്കേണ്ടി വരുന്നത്. ക്രൂഡോയിൽ വില താഴേക്ക് കൂപ്പു കുത്തുമ്പോൾ മന്ത്രിയുടെ അവകാശവാദത്തിന് എന്ത് അടിസ്ഥാനവും യുക്തിഭദ്രതയുമാണു ള്ളത്? ക്രൂഡ് വില 61 ഡോളറിലേക്ക് എത്തിയിരിക്കുന്നു.

2025 ജനുവരി 15ന് 82.03 ഡോളറായിരുന്നിടത്തു നിന്നാണ് ഈ കൂപ്പുകുത്തൽ. യുഎസ് പ്രസിഡന്‍റ് റൊണാൾഡ് ട്രംപിന്‍റെ 'പകരം തീരുവ' പ്രഖ്യാപനത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ വിലയിടിവ് കഴിഞ്ഞ 4 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുന്നു. വൻതോതിലുള്ള ഈ വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകേണ്ട ഘട്ടത്തിലാണ് അതിനു നേർ വിപരീതമായ വില വർധന പ്രഖ്യാപനം മുൻ പതിവുപോലെ ആവർത്തിച്ചിരിക്കുന്നത്. ക്രൂഡ് വില കുത്തനെ ഇടിഞ്ഞ കോവിഡ് കാലത്തും സമാന രീതിയിൽ അടിക്കടി നികുതി വർധന അടിച്ചേൽപ്പിച്ചു കേന്ദ്ര സർക്കാർ ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട ആനുകൂല്യം കവർന്നെടുത്തിരുന്നു.

മറ്റൊരു രസാവഹമായ വസ്തുത കൂടിയുണ്ട്. രാജ്യാന്തര വിപണി വിലയെക്കാൾ വൻതോതിൽ കുറഞ്ഞ വിലയ്ക്കാണ് 3 വർഷമായി ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. റഷ്യ - യുക്രെയ്‌ൻ യുദ്ധത്തിന്‍റെ അനന്തരഫലമായിരുന്നു ഇത്. ഇന്ത്യയുടെ ആകെ ഉപയോഗത്തിന്‍റെ 40ലധികം ശതമാനവും ഇപ്പോൾ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയാണ്. യുദ്ധത്തിനു മുമ്പ് ഇറക്കുമതി വെറും 2 ശതമാനം മാത്രമായിരുന്നു. രാജ്യാന്തര വിപണി വില ഉയർന്നുനിൽക്കുമ്പോഴും റഷ്യ ഒരു ഒരു ബാരലിന് 60 ഡോളർ നിരക്കിലായിരുന്നു നമുക്ക് ക്രൂഡ് നൽകിയിരുന്നത്.

അമെരിക്കൻ ഉപരോധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ വരവ് കുറഞ്ഞങ്കിലും ഇക്കഴിഞ്ഞ കാലയളവിലെല്ലാം കുറഞ്ഞ നിരക്കിന്‍റെ വൻ ലാഭം ലഭിച്ചിരുന്നു. അതിന്‍റെ ആനുകൂല്യം അന്നും ഉപഭോക്താക്കൾക്ക് ലഭിച്ചില്ല. ഉത്പന്നത്തിന് അടിസ്ഥാന വിലയേക്കാൾ നികുതി ചുമത്തുന്ന ഏക വസ്തുവായി പെട്രോളിയം ഉൽപ്പന്നങ്ങൾ മാറി എന്നതാണ് മറ്റൊരു രസാവഹമായ വസ്തുത. ഇന്ധന വിലയുടെ 60 ശതമാനവും നികുതിയിനത്തിൽ വാങ്ങുന്ന രാജ്യമായി നാം മാറി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മേയിൽ എക്സൈസ് തീരുവ പെട്രോൾ ലിറ്ററിന് കേവലം 9.48 രൂപയും ഡീസൽ ലിറ്ററിന് 3.56 രൂപയുമായിരുന്നിടത്തു നിന്നാണ് വിലയുടെ സിംഹഭാഗവും വിഴുങ്ങുന്ന നികുതി ഘടനയിലേക്ക് ഇത് വളർന്നു വികസിച്ചത്. ജനങ്ങളുടെ പോക്കറ്റടിച്ചു തടിച്ചു കൊഴുക്കാൻ അവലംബിച്ച സൂത്രവിദ്യ!

എന്നിട്ട് പ്രതിഷേധം ഉയരുമ്പോൾ തങ്ങൾക്ക് ഒരു നിയന്ത്രണവുമില്ല, എണ്ണ കമ്പനികളാണ് എല്ലാം തീരുമാനിക്കുന്നതെന്ന ന്യായവാദം പറഞ്ഞുള്ള കൈമലർത്തൽ. അങ്ങനെയെങ്കിൽ സംസ്ഥാന നിയമസഭകളിലേക്കും പാർലമെന്‍റിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ വരുമ്പോൾ വില "സ്റ്റെഡി'യായി നിൽക്കുന്നത് എങ്ങനെയാണ്? ചിലപ്പോൾ കുറയുന്നതും? അപ്പോൾ ഭരണ നേതൃത്വത്തിന്‍റെ ഇടപെടൽ വ്യക്തം. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സൂത്രപ്രയോഗം. അപ്പോൾ മാത്രം ജനങ്ങളെ ഭയക്കുന്ന അവസരവാദം.

ഈ കെടുതിയിൽ നിന്ന് മോചനം നേടാനാണ് പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിലേക്ക് മാറ്റണമെന്ന വാദം ഉയരുന്നത്. എന്നാൽ ഇതിനെ എതിർക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ട്. തോന്നുംപോലെ നികുതി ചുമത്തി അധിക വരുമാനം ഉറപ്പിക്കുന്ന എണ്ണ ഖനി വിട്ടുകൊടുക്കാൻ ആരും തയാറല്ല. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി നിയമത്തിനു കീഴിലുള്ള ഏറ്റവും ഉയർന്ന സ്ലാബായ 28% ബാധകമാക്കിയാലും വില 55 രൂപ അധികരിക്കുകയില്ല. ജനങ്ങൾക്ക് വലിയ സമാശ്വാസം ലഭിക്കുന്നതാണെങ്കിൽ കൂടി തങ്ങളുടെ കറവപ്പശുവിനെ തൊഴുത്തു മാറ്റി കെട്ടാൻ കേന്ദ്രവും സംസ്ഥാനവും വിസമ്മതിക്കുകയാണ്.

11 വർഷത്തിനിടെ പെട്രോൾ സെസ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത് എത്രയോ മടങ്ങ്. കേന്ദ്രം എത്ര വർധിപ്പിക്കുന്നുവോ അതിനനുസരിച്ച് വാണിജ്യ നികുതി വരുമാനം കൂടുന്നതാണ് സംസ്ഥാന ഖജനാവിന്‍റെ നേട്ടം. പഴി ദോഷമില്ലാതെ അപരന്‍റെ ചെലവിൽ വരുമാന നേട്ടം ഉണ്ടാക്കുന്ന രസതന്ത്രം. പിന്നെ ആരാണിത് വേണ്ടെന്ന് വയ്ക്കുക!

എന്നാൽ നികുതിഭാരം കൊണ്ട് നിവരാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്ന സാമാന്യ ജനങ്ങൾക്ക് ഇതിൽ നിന്ന് ഒരു മോചനം കൂടിയേ തീരൂ. വീണ്ടും വീണ്ടും കൂടുതൽ ഭാരം എടുത്തു വയ്ക്കാൻ പാകത്തിൽ മുതുക് ഇനി ചായ്ച്ചു കൊടുക്കാനാവില്ല. അതുകൊണ്ടു തന്നെ നികുതി ഘടനയിലെ മാറ്റം അനിവാര്യമായിരിക്കുന്നു. പകൽക്കൊള്ള അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ക്ലാസിൽ മദ്യപിച്ചെത്തി വിദ്യാർഥിനികൾക്കൊപ്പം നൃത്തം! വീഡിയോ പ്രചരിച്ചതിനു പിന്നാലെ അധ്യാപകന് സസ്പെന്‍ഷന്‍

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ