നിയമസഭാ സമ്മേളനത്തിൽ മൂന്നാം ദിവസവും അടിയന്തര പ്രമേയ ചർച്ച അനുവദിച്ച് സർക്കാർ. തൃശൂർ പൂരമായിരുന്നു ഇന്നലത്തെ വിഷയം. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പൂരം വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെങ്കിലും അതിൽ പ്രതിപക്ഷം രാഷ്ട്രീയ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ചർച്ചയ്ക്ക് തയാറായതെന്ന് പാർലമെന്‍ററി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പൂരം കലക്കലിന് പിന്നില്‍ രഹസ്യ അജൻഡ ഉണ്ടായിരുന്നെന്നും മന്ത്രിമാരായ കെ. രാജനും ആര്‍. ബിന്ദുവിനും സംഭവസ്ഥലത്ത് എത്താന്‍ കഴിയാതിരിക്കേ തേരില്‍ എഴുന്നള്ളിക്കും പോലെ ആക്ഷൻ ഹീറോയാക്കി സുരേഷ് ഗോപിയെ ആംബുലൻസിൽ അവിടേക്ക് എത്തിക്കുകയായിരുന്നെന്നും പ്രമേയാവതാരകനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺ). സുരേഷ് ഗോപി പൂര രക്ഷകന്‍ ആണെന്ന് വരുത്താന്‍ ശ്രമിച്ചതോടെ പൂര സ്നേഹികളായ കോൺഗ്രസുകാരുടെ വോട്ട് അദ്ദേഹത്തിനു പോയെന്നും തിരുവഞ്ചൂർ സമ്മതിച്ചു.
എം.ബി രാജേഷ്: പൂര സ്നേഹികളെ രാഷ്ട്രീയ അടിസ്ഥാനത്തിൽ തരം തിരിക്കുകയാണോ?
തിരുവഞ്ചൂർ: ഞങ്ങളുടെ ആളുകൾ പൂരപ്രേമികളാണ്. ജനാധിപത്യവിശ്വാസികളാണ്. പൂരം കലക്കിയതിലെ വിഷമം ഉണ്ടായപ്പോൾ ഞങ്ങൾക്കുള്ള വോട്ട് കുറഞ്ഞു.
ശിവഗിരിയിലും ചെട്ടികുളങ്ങരയിലും മലയാലപ്പുഴയിലും യുഡിഎഫ് ഭരണത്തിലുണ്ടായ പൊലീസ് അതിക്രമങ്ങൾ വിവരിച്ച കടകംപള്ളി സുരേന്ദ്രൻ (സിപിഎം) പിണറായിയെ മൂന്നാം വട്ടം മുഖ്യമന്ത്രിയാക്കാനും നാട് സജ്ജമാണെന്നും അവകാശപ്പെട്ടു. അതിൽ പ്രതിപക്ഷത്തിന് വിറളിയെന്നും ആഴമറിയാത്തിടത്ത് കാല് വയ്ക്കരുതെന്നും കടകംപള്ളി ഉപദേശിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയതായും അതിന്‍റെ ചിത്രമുയർത്തിക്കാട്ടി അദ്ദേഹം കുറ്റപ്പെടുത്തി. പനച്ചിക്കാട്ട് അമ്പലത്തിലെ ഗോഡൗണിലിരിക്കുന്ന ചിത്രമാണതെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ മറുപടി.
കടകംപള്ളി വായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എഴുതി കൊടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള പുരാണമാണെന്ന് എ.പി. അനില്‍ കുമാര്‍ (കോൺ) പരിഹസിച്ചു. പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു പൂരം കലക്കിയെന്നു ഇടതുമുന്നണിയിലെ ഘടകകക്ഷി തന്നെ പറഞ്ഞു. എഡിജിപിയെ സ്ഥലം മാറ്റിയത് എന്തിനാണെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനിൽകുമാറിനെപ്പറ്റി സോളാർ അന്വേഷണ കമ്മിഷൻ എഴുതിവച്ച പുരാണം സഭയിൽ പറയാൻ പറ്റില്ലെന്നായിരുന്നു കെ. പ്രേംകുമാറിന്റെ (സിപിഎം) തിരിച്ചടി. വാലാട്ടുന്നതനുസരിച്ച് തലയാട്ടുന്നവരല്ല ഇടതുപക്ഷമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തൃശൂർ എംഎൽഎ പി. ബാലചന്ദ്രന് (സിപിഐ) പ്രസംഗത്തിന്‍റെ ആദ്യഭാഗത്ത് കൈയടി കിട്ടിയത് പ്രതിപക്ഷത്തുനിന്നാണ്. "നാമജപ ഘോഷയാത്രയുമായി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി അവിടെ എങ്ങനെ എത്തിച്ചേർന്നു?' എന്നു ചോദിച്ചപ്പോഴാണത്. "രാഷ്ട്രീയ വകതിരിവില്ലാത്ത പ്രതിപക്ഷമെന്ന് ' വിശേഷിപ്പിച്ച് തറലേലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഓൺലൈൻ യോഗം വിളിച്ച് പൂരം നടത്താൻ മുഖ്യമന്ത്രിയെടുത്ത നടപടി വിശദീകരിച്ചതോടെ കൈയടി ഭരണപക്ഷത്തു നിന്നായി!
പൊലീസിനും ആഭ്യന്തര വകുപ്പിനും പൂര നടത്തിപ്പിൽ വീഴ്ച പറ്റിയെന്ന് അനൂപ് ജേക്കബ് (കേരള കോൺ- ജേക്കബ്). രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആര്‍എസ്എസ് തന്ത്രമാണ് സിപിഎമ്മും പുലര്‍ത്തുന്നതെന്ന് കെ.കെ. രമ ആരോപിച്ചു. ചർച്ചയ്ക്കെടുക്കെരുതേ എന്ന് മുട്ടിപ്പായി പ്രാർഥിച്ചാണ് പ്രതിപക്ഷം സഭയിൽ ഇപ്പോൾ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്നായിരുന്നു അഹമ്മദ് ദേവർകോവിലിന്‍റെ (ഐഎൻഎൽ) പരിഹാസം.
എല്ലാവരോടും പരമപുച്ഛമുള്ള പ്രതിപക്ഷ നേതാവ് കഴിഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് എങ്ങനെ പ്രതിപക്ഷ നേതാവാകണമെന്ന് പഠിക്കണമെന്ന് നിർദേശിച്ച എം. രാജഗോപാലൻ (സിപിഎം) ആരാഞ്ഞു: "കാഞ്ഞിരമരത്തിൽ നിന്ന് മധുര നാരങ്ങ പ്രതീക്ഷിച്ചിട്ട് കാര്യമുണ്ടോ?'
ലീഗിന്‍റെ നജീബ് കാന്തപുരവും മുൻ ലീഗ് നേതാവ് ഡോ. കെ.ടി. ജലീലും തമ്മിലുള്ള ഏറ്റുമുട്ടലും ഇതിനിടയിലുണ്ടായി. "സിമി'ക്കാരനായിരുന്ന ജലീൽ അതിനെ ഒറ്റി, പിന്നീട് അഭയം കൊടുത്ത ലീഗിനെയും ഒറ്റി, ഇനി സിപിഎമ്മിനെയും ഒറ്റുമെന്ന് നജീബ് മുന്നറിയിപ്പു നൽകി. ലീഗിനെയും സമുദായത്തെയും വിറ്റ് കാശാക്കിയതിനെ എതിർത്തതാണ് ഒറ്റെങ്കിൽ അത് ഇനിയും തുടരുമെന്നായിരുന്നു ജലീലിന്‍റെ മറുപടി. ലീഗ് എംപി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി "സിമി'ജനറൽ സെക്രട്ടറിയായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തൃശൂർ പൂരം അതിന്‍റെ പൂർണമായ ചടങ്ങുകളോടെ നടന്നെന്നും പൂരം കലക്കി എന്നു പറയുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും എ.സി. മൊയ്തീൻ (സിപിഎം) പറഞ്ഞു. നടത്തിപ്പിന്‍റെ കാര്യത്തിൽ ചില ഇടപെടലുകളുണ്ടായി. സിപിഎം വോട്ടുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെങ്കിൽ എന്തിനാണ് ഡിസിസി പ്രസിഡന്‍റിനെയും യുഡിഎഫ് കൺവീനറെയും മാറ്റിയത്? നട്ടും ബോൾട്ടുമില്ലാത്ത വണ്ടിയിലാണ് തന്നെ കയറ്റിവിട്ടതെന്നാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ പറഞ്ഞത്. യുഡിഎഫിന് കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 86,000 വോട്ട് കുറഞ്ഞത് സുരേഷ് ഗോപിയുടെ വീരത്വം കൊണ്ടാണോ?- അദ്ദേഹം ചോദിച്ചു.
തന്നെപ്പറ്റി ധിക്കാരിയാണ് അഹങ്കാരിയാണ് എന്നൊക്കെ ഭരണപക്ഷം പറയുന്നതിന്‍റെ കാരണം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വെളിപ്പെടുത്തി: "ഭരണ പക്ഷത്തുള്ള ഒരാളെക്കുറിച്ച് അവർക്ക് അങ്ങനെ പറയണമെന്നുണ്ട്. പക്ഷെ, പറയാനുള്ള ധൈര്യമില്ല. അതുകൊണ്ട് തന്നെപ്പറ്റി അങ്ങനെ പറയുന്നു. അവരോട് ഒരു വിഷമവുമില്ല,പിണക്കവുമില്ല!'
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ 2021ൽ യുഡിഎഫ് തോറ്റുതുന്നംപാടി. അവിടെ എൽഡിഎഫ് - യുഡിഎഫ് വോട്ടുവ്യത്യാസം 1. 5 ലക്ഷം. എൽഡിഎഫിന് അന്ന് കിട്ടിയത് 4,85,117 വോട്ട്. ഈ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കിട്ടിയത് 3,22,000. കുറഞ്ഞ ആ വോട്ട് എവിടെ പോയി? തൃശൂരിൽ ജയിക്കുമെന്നു കരുതിയ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിലേക്ക് യുഡിഎഫിന് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷ വോട്ടുകൾ പോയപ്പോൾ സിപിഎം വോട്ട് ബിജെപിയിലേക്ക് ഒഴുകുകയായിരുന്നെന്ന് സതീശൻ ആരോപിച്ചു.
മന്ത്രി പി. രാജീവ്: നിയമസഭയിലെയും ലോക്സഭയിലെയും വോട്ടിങ് പാറ്റേൺ വ്യത്യസ്തമാണ്. യുഡിഎഫ് ജയിച്ച എറണാകുളം മണ്ഡലത്തിൽപ്പെട്ട പ്രതിപക്ഷ നേതാവിന്‍റെ പറവൂർ മണ്ഡലത്തിൽ 2021ൽ കിട്ടിയ വോട്ട് ഈ തെരഞ്ഞെടുപ്പിൽ കിട്ടിയോ?
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിൽ കെ. കരുണാകരനും വി.വി. രാഘവനും മത്സരിച്ചപ്പോഴും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലുമുള്ള വോട്ടിങ് നില വ്യക്തമാക്കി നിയമസഭ- ലോക്സഭ വോട്ടുരീതി വ്യത്യസ്തമാണെന്ന് മന്ത്രി കെ. രാജൻ വിശദീകരിച്ചു.
എം.ബി. രാജേഷ്: 2019നെ അപേക്ഷിച്ച് ഇത്തവണ തൃശൂരിൽ എൽഡിഎഫിന് 16,000 വോട്ടുകൂടിയപ്പോൾ യുഡിഎഫിന് 86,000 വോട്ട് കുറയുകയാണ് ചെയ്തത്.
വി.ഡി. സതീശൻ: 2019ലെയും 2024ലെയും പാർലമെന്‍റ് തെരഞ്ഞെടുപ്പ് പാറ്റേൺ വ്യത്യസ്തമാണ്. ആറ്റിങ്ങൽ,ആലപ്പുഴ ഉൾപ്പെടെയുള്ളിടങ്ങളിൽ സിപിഎമ്മിൽനിന്ന് ബിജെപിയിലേക്ക് വോട്ട് ഒഴുകുകയായിരുന്നു.
പൂരം കലക്കലിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വന്നാൽ ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പേരിനെങ്കിലും ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തോയെന്ന് ചോദിച്ച അദ്ദേഹം പൂരം കലക്കാൻ സംസ്ഥാന സർക്കാർ ബിജെപിക്ക് കൂട്ടുനിന്നെന്നും കുറ്റപ്പെടുത്തി.
പാർലമെന്‍ററി മന്ത്രി എം.ബി. രാജേഷ് അനാവശ്യമായി പ്രകോപിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പരാതിപ്പെട്ടപ്പോൾ "കപട ലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം' എന്ന് ചങ്ങമ്പുഴയെ ഉദ്ധരിച്ചായിരുന്നു രാജേഷിന്‍റെ ന്യായീകരണം.
വത്സന്‍ തില്ലങ്കേരിയും സുരേഷ് ഗോപിയും പൂരം ദിവസം ഒരുമിച്ചു വന്നുവെന്നത് ശരിയാണെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞ മന്ത്രി വി.എന്‍. വാസവന്‍ അതിന്‍റെ ചിത്രം ഉയർത്തിക്കാട്ടി അറിയിച്ചു. കെപിസിസി അധ്യക്ഷന്‍ നിരാഹാരം കിടന്നപ്പോള്‍ വത്സന്‍ തില്ലങ്കേരി അദ്ദേഹത്തെ സന്ദർശിച്ച് അഭിവാദ്യം ചെയ്തകാര്യം ചൂണ്ടിക്കാട്ടി ഇതു സംബന്ധിച്ച ഗൂഡാലോചന ഉണ്ടെങ്കിൽ അത് പൊലീസ് അന്വേഷിക്കട്ടെ എന്ന് പറഞ്ഞു.
കെ. രാജൻ: പൂരവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുവരണം. രാവിലെ നടക്കേണ്ട വെടിക്കെട്ട് വൈകിയതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. അതിനുപിന്നിൽ എഡിജിപിയാണ്. മുഖ്യമന്ത്രിക്കെതിരെ അതൊക്കെ തിരിച്ചുപിടിക്കുന്നതെന്തിനാണ്?
രമേശ് ചെന്നിത്തല (കോൺ): മന്ത്രി രാജൻ പറയുന്നു പൂരം കലക്കിയെന്ന്. എ.സി. മൊയ്തീൻ പറയുന്നു പൂരം കലക്കിയില്ലെന്ന്... ഇവർ തമ്മിൽ പോലും അഭിപ്രായ ഐക്യമില്ല.
കെ. രാജൻ: ആടിനെ പട്ടിയാക്കുകയാണ്. ഞാൻ പറഞ്ഞതും മൊയ്തീൻ പറഞ്ഞതും ഒന്നാണ്. വെടിക്കെട്ടിലാണ് പ്രശ്നം. വെടിക്കെട്ട് മാറ്റുന്നത് ഇതാദ്യമല്ല. 2022ൽ വെടിക്കെട്ട് 3 ദിവസമാണ് മാറ്റിവച്ചത്.
ആയിരം സതീശന്മാര്‍ വന്നാല്‍ അര പിണറായി ആവില്ലെന്നായി വി.എൻ. വാസവൻ. സഹന ശക്തിക്കു ഓസ്‌കാര്‍ പ്രഖ്യാപിച്ചാല്‍ അത് പിണറായിക്ക് ആയിരിക്കും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു സന്നിഗ്ധഘട്ടം ഉണ്ടായപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു പ്രശ്നം പരിഹരിച്ചു. കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് പൂരം സംഘാടനവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ഉദ്യോഗസ്ഥനെ മാറ്റണമെങ്കില്‍ കമ്മിഷന്റെ അനുമതി വേണമായിരുന്നു. ഈ വസ്തുത മറച്ചു വെച്ചാണ് ഉദ്യോഗസ്ഥരെ മാറ്റാത്തത് എന്താണെന്നു പ്രതിപക്ഷം ചോദിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിയെ തുടർന്ന് പ്രമേയം വോട്ടിനിട്ട് തള്ളി. പനിയെ തുടർന്ന് മുഖ്യമന്ത്രി ഇന്നലെയും സഭയിലെത്തിയില്ല. എൽഡിഎഫിൽനിന്ന് വേർപെട്ട പി.വി. അൻവർ ഇന്നലെ സഭയിലെത്തി. പ്രതിപക്ഷത്തോട് ചേർന്ന് പിന്നിൽ നാലാം നിരയിൽ ലീഗ് എംഎൽഎ എ.കെ.എം. അഷ്റഫിനോട് ചേർന്നാണ് അൻവറിന്‍റെ ഇരിപ്പിടം.