ഇറ്റലിയിലെ ടാസ്കാനിയയിൽ നിന്നും ഉത്ഭവിച്ച ചിയാനീന, ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി ഇനം
പശുക്കളെ ഗോമാതാക്കളായും ഗോപാലകൃഷ്ണനെ ഇഷ്ടദൈവമായും ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയോളം പശുക്കൾക്ക് പ്രാധാന്യം നൽകുന്ന രാജ്യമുണ്ടോ എന്നും സംശയം. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഇനം പശു എവിടെയാണ്? ചരിത്രത്തിലെ ഏറ്റവും വലിയ പശു? ഇതൊന്നും നമ്മുടെ ഇന്ത്യയിലല്ലതന്നെ. നമ്മുടെ ഗജവീരന്മാർ തോറ്റു പോകുന്ന കൊമ്പിനുടമകളായ ഗോമാതാക്കളുമുണ്ട് , അങ്ങു ടെക്സസിലാണ് എന്നു മാത്രം!
ഏറ്റവും വലിയ പശുവിന്‍റെ ക്രെഡിറ്റ് ഇറ്റലിക്കാണ്. ഇറ്റലിയിലെ ടാസ്കാനിയയിൽ നിന്നും ഉത്ഭവിച്ച ചിയാനീനയാണ് ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി ഇനം. രണ്ടു മീറ്റർ ഉയരവും 1,700 കിലോഗ്രാമിൽ കൂടുതൽ ഭാരവും ഇവയ്ക്കുണ്ട്. നല്ല പ്രതിരോധ ശേഷിയും ചൂടുള്ള കാലാവസ്ഥയിൽ പിടിച്ചു നിൽക്കാനുള്ള കഴിവും ഇവയുടെ ജനപ്രിയത വർധിപ്പിക്കുന്നു. മാംസത്തിനായും ഇവയെ വ്യാപകമായി വളർത്തുന്നു.
രണ്ടാം സ്ഥാനം യുകെയുടെ സൗത്ത് ഡെവൺ എന്ന ഇനത്തിനാണ്. യുകെയിലെ ഏറ്റവും വലിയ തദ്ദേശീയ കന്നുകാലി ഇനം കൂടിയാണിത്. ശരാശരി 1,600 കിലോഗ്രാം ഭാരമുള്ള ഇവ മാംസം, പാൽ ഉൽപാദനം എന്നിവയിൽ മികവ് പുലർത്തുന്നു. ഇവ പതിനഞ്ചു വർഷം വരെ പാൽ നൽകുന്ന സസ്തനികളാണ്. ക്ഷീരകർഷകരുടെ ഇഷ്ടമൃഗങ്ങളാണ് ഇംഗ്ലണ്ടിൽ ഇവ.
മൂന്നാം സ്ഥാനത്ത് ഫ്രാൻസാണ്. ഇവിടുത്തെ അഞ്ജൗ മേഖലയിൽ നിന്നുൽഭവിക്കുന്ന മെയ്ൻ-അഞ്ജൗ പശു ഇനം പാലിലും മാംസം ഉൽപാദനത്തിലും പേരെടുത്തതാണ്. ഏതാണ്ട് 1400 കിലോഗ്രാം ഭാരമാണ് ഇവയ്ക്ക്. പേശീവികാസത്തിനും തടി കൂട്ടാനും പ്രശസ്തമാണ് ഇവയുടെ മാംസം. ഫ്രഞ്ച് കർഷകരുടെ വിലപ്പെട്ട സ്വത്താണ് ഈ പശു ഇനം.
ബിഗ് ബെർത്ത എന്ന പശു മുത്തശ്ശി
ബിഗ് ബെർത്ത എന്ന പശു മുത്തശ്ശി
1945 ൽ ജനിച്ച് 1993ൽ തന്‍റെ 49ാം ജന്മദിനത്തിനു മൂന്നു മാസം മുമ്പ് ചത്തു പോയ അയർലണ്ടുകാരി പശു മുത്തശ്ശിയാണ് ബിഗ് ബെർത്ത. ഏറ്റവും പ്രായം കൂടിയ പശു എന്ന ഗിന്നസ് റെക്കോർഡും ഏറ്റവും കൂടുതൽ കിടാങ്ങൾക്ക് ജന്മം നൽകിയ പശു എന്ന നിലയിലും - 39 കന്നു കുട്ടികൾക്കാണ് ബിഗ് ബെർത്ത ജന്മം നൽകിയത്- ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു.
ക്യാൻസർ ഗവേഷണത്തിനും മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി ആയിരക്കണക്കിനു ഫണ്ട് സ്വരൂപിക്കാനും ബിഗ് ബെർത്ത ഒരു മാധ്യമമായിരുന്നതിനാൽ ക്യാഷ് കൗ എന്ന അപര നാമവും ഇവൾക്കുണ്ട്.
ബ്ലോസം ചരിത്രത്തിലെ ഏറ്റവും വലിയ പശു
ലോകത്തിലെ ഏറ്റവും നീളമുള്ള പശു ബ്ലോസം എന്നു പേരുള്ള ഹോൾസ്റ്റീൻ ഇനത്തിൽ പെട്ട പശുവായിരുന്നു. ആറടി രണ്ട്പോയിന്‍റ് എട്ട് ഇഞ്ച് നീളമാണ് ബ്ലോസത്തിന് ഉണ്ടായിരുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിനുടമയായിരുന്നു ഈ പശു.
ലോകത്തിലെ ഏറ്റവും ചെറിയ പശു മീനാക്ഷി
ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം നമ്മുടെ സ്വന്തം ഇന്ത്യയിലാണ്. ആന്ധ്രയിലെ പുങ്കാനൂർ ഗ്രാമത്തിൽ നിന്നുള്ള പുങ്കാനൂർ കുള്ളൻ പശുക്കളാണ് ലോകത്തിൽ ഏറ്റവും ചെറിയ പശു ഇനം. കേരളത്തിലെ വെച്ചൂർ ഗ്രാമത്തിൽ നിന്നുള്ള വെച്ചൂർ പശുക്കളും ലോകത്തിലെ ഏറ്റവും ചെറിയ ഇനത്തിൽ പെടുന്നു. 2022 വരെ ഏറ്റവും ചെറിയ പശു എന്ന ലോക റെക്കോർഡ് 27.19 ഇഞ്ച് ഉയരമുണ്ടായിരുന്ന ഒരു വെച്ചൂർ പശുവിനായിരുന്നു. എന്നാൽ 2022 ൽ അതു തകർത്തു കൊണ്ട് 26 ഇഞ്ച് ഉയരവും 35 ഇഞ്ച് നീളവുമുള്ള ഇപ്പോൾ അഞ്ചു വയസുള്ള മീനാക്ഷി എന്ന പുങ്കാനൂർ ഇനത്തിൽ പെട്ട പശു രണ്ടു ഗിന്നസ് റെക്കോർഡുകൾ സൃഷ്ടിച്ചു. ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന റെക്കോർഡും , ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച പശു എന്ന റെക്കോർഡുമാണത്. യുആർഎഫ് വേൾഡ് റെക്കോർഡാണ് മീനാക്ഷി നേടിയത്.
ടെക്സസ് ലോങ് ഹോൺ
നമ്മുടെ ഗജവീരന്മാർ പോലും തോറ്റു പോകുന്ന നീളൻ കൊമ്പുകൾക്ക് ഉടമകളായ പശുക്കളുമുണ്ട്. ടെക്സസിന്‍റെ സ്വന്തം ടെക്സസ് ലോങ് ഹോൺ ഇനമാണത്. ഈയിനത്തിൽ പെട്ട ഒരു പശു രണ്ടു വർഷം മുമ്പ് വിറ്റു പോയത് മൂന്നേകാൽ കോടിയിലധികം രൂപയ്ക്കാണ് . 323.7 സെന്‍റിമീറ്ററായിരുന്നു ആ ടെക്സസ് ലോങ്ഹോൺ പശുവിന്‍റെ നീളം.