കുടുംബത്തിലും സമൂഹത്തിലും മറഞ്ഞിരിക്കുന്ന മുറിവുകൾ
ഡോ. എം.പി. ആന്‍റണി
ജൂൺ 15 ലോക വയോജന പീഡന ബോധവത്കരണ ദിനമാണ്. വയോജനങ്ങൾ അനുഭവിക്കുന്ന ശാരീരിക- മാനസിക ആരോഗ്യ , സാമ്പത്തിക, സാമൂഹിക പീഡനങ്ങൾക്കെതിരെ സമൂഹത്തിന്‍റെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. "Beyond Awareness;Make Elder Abuse Prevention Work' എന്ന സന്ദേശം ഇന്ന് കേരളത്തിനു വളരെയധികം പ്രസക്തമാണ്, പ്രത്യേകിച്ചും അതിവേഗം വാർധക്യത്തിലേക്കു കുതിക്കുന്ന ഒരു സമൂഹം എന്ന നിലയിൽ കേരളം.
യൂറോപ്പ്യൻ രാജ്യങ്ങളിലെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ട സമയമാണിത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വാർധക്യത്തിലേക്ക് നീങ്ങുന്ന സംസ്ഥാനമാണ് കേരളം എന്ന തിരിച്ചറിവ് സർക്കാരിനും പോളിസികളും പദ്ധതികളും തയ്യാറാക്കുന്നവർക്കും പൊതുസമൂഹത്തിനും വേണ്ടതാണ്. 2021ൽ കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 16 ശതമാനവും 60 വയസിന് മുകളിലുള്ളവരായിരുന്നു. 2026ൽ ഇത് 19 ശതമാനത്തോളം എത്തുമെന്നും 2036ഓടെ 23 ശതമാനത്തോളം ഉയരുമെന്നുമാണ് സർക്കാർ ജനസംഖ്യാ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 67 ലക്ഷത്തിലധികം വയോജനങ്ങൾ കേരളത്തിലുണ്ടെന്നാണ് നിലവിലെ കണക്ക്.
ജീവിതദൈർഘ്യം വർധിച്ചതും ജനനനിരക്ക് കുറഞ്ഞതും യുവജനങ്ങളുടെ വിദേശ-അന്തർസംസ്ഥാന കുടിയേറ്റവും കേരളത്തെ "വയോജന സംസ്ഥാന'മായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിഭാസം തുടർന്നുകൊണ്ടിരിക്കുകയാണ്.
വയോജന പീഡനം എന്താണ്?
മുതിർന്ന പ്രായക്കാർക്കെതിരായ പീഡനം എന്നത് ഒരു വിശ്വാസബന്ധത്തിനുള്ളിൽ സംഭവിക്കുന്നതും പ്രസ്തുത ജനവിഭാഗത്തിന് ദോഷമോ ദുരിതമോ ഉണ്ടാക്കുന്നതുമായ ഏതൊരു പ്രവർത്തനമോ അവഗണനയോ ആകാം. നമ്മുടെ സമൂഹത്തിൽ വിവിധ തരത്തിലുള്ള പീഡനങ്ങൾ നിലനിൽക്കുന്നതായി കാണാം:
1. ശാരീരിക പീഡനം- മർദനം, ഉന്തുക, തള്ളുക, ഭക്ഷണം അല്ലെങ്കിൽ മരുന്ന് നിഷേധിക്കൽ, യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയവ.
2. മാനസിക / വൈകാരിക പീഡനം- അപമാനിക്കൽ,ഒറ്റപ്പെടുത്തൽ,ഭീഷണിപ്പെടുത്തൽ, സംസാരിക്കാതിരിക്കുക, അവഗണന തുടങ്ങിയവ
3. സാമ്പത്തിക പീഡനം- പെൻഷൻ തട്ടിയെടുക്കൽ, സ്വത്ത് കൈമാറ്റത്തിന് നിർബന്ധിക്കൽ, ബാങ്ക് അക്കൗണ്ടുകളുടെ ദുരുപയോഗം, സാമ്പത്തിക ചൂഷണം തുടങ്ങിയവ.
4. സാമൂഹിക പീഡനം- കുടുംബ തീരുമാന പ്രക്രിയകളില്‍ നിന്ന് ഒഴിവാക്കൽ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധം വിച്ഛേദിക്കൽ, കുടുംബ കൂട്ടായ്മകളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും ഒഴിവാക്കൽ തുടങ്ങിയവ.
5. അവഗണന (Neglect)- ചികിത്സ ലഭ്യമാക്കാതിരിക്കുക, ഭക്ഷണം, വസ്ത്രം, സുരക്ഷ എന്നിവ നിഷേധിക്കുക തുടങ്ങിയവ.
കാണാമറയത്തുള്ള ഇത്തരം നിരവധി വിഷയങ്ങൾ ഈ ദിനത്തിലെങ്കിലും ചർച്ച ചെയ്യപ്പെടേണ്ടതാണ്. കേരളത്തിലെ കുടുംബങ്ങളിൽ വയോജനങ്ങൾ അനുഭവിക്കുന്ന പീഡനം പലപ്പോഴും വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നില്ല. കാരണം ഇത് കൂടുതലും കുടുംബത്തിനത്തു നടക്കുന്നു എന്നുള്ളതിനാലാണ്.
ഇന്ന് നിരവധി വയോജനങ്ങൾ പറയുന്ന ചില അനുഭവങ്ങൾ:
"മക്കൾക്ക് ഞങ്ങളെ നോക്കാൻ സമയമില്ല. "പെൻഷൻ കിട്ടുമ്പോൾ മാത്രമാണ് മക്കൾ വിളിക്കുന്നത്'. "വീട്ടിലുണ്ട്, പക്ഷേ ഒറ്റപ്പെട്ട ജീവിതമാണ്'. "സ്വത്ത് മക്കൾക്ക് കൊടുത്തശേഷം ആരും അന്വേഷിക്കുന്നില്ല' തുടങ്ങി എത്രയെത്ര നൊമ്പരങ്ങൾ കൗൺസിലറോടും ഡോക്റ്ററോടും സ്നേഹിതരോടും പങ്കുവയ്ക്കുന്നതായി നമുക്കറിയാം. ഒരു ഫോൺ കോൾ, ഒരു സന്ദർശനം, മകന്‍റെ അല്ലെങ്കിൽ മകളുടെ അച്ഛാ അമ്മേ എന്ന വിളികൾ കാത്തിരിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റും കാണുന്നു. കൈ പിടിച്ചു നടക്കാൻ പഠിപ്പിച്ചവരെ കൈവിട്ടതിന്‍റെ വേദന അനുഭവിക്കുന്നവർ എത്രയധികമാണ്.
50- 60 വർഷം മുമ്പ് ഇതര സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് മുംബൈ ഡൽഹി ചെന്നൈ തുടങ്ങിയുള്ള നഗരങ്ങളിൽ ജോലി തേടി പോയവരും പിന്നീട് ഗൾഫ് രാജ്യങ്ങളിലും, അമെരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കുടിയേറിയവരും തങ്ങളുടെ മാതാപിതാക്കളെ നാടുകളിൽ തന്നെ ഉപേക്ഷിച്ചു പോയതായി നമുക്ക് കാണാം. ന്യൂക്ലിയർ കുടുംബങ്ങളുടെ വർധനവും വയോജനങ്ങളുടെ ഏകാന്തത വർധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ എണ്ണം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 67 ശതമാനത്തിലേറെ വർധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വയോജന പീഡനത്തിന്‍റെ മാനസിക ആഘാതങ്ങൾ
വയോജന പീഡനം ശരീരത്തിൽ മാത്രം മുറിവേൽപ്പിക്കുന്നില്ല; മനസിലും ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുന്നു. മുതിർന്ന പ്രായക്കാരിൽ കണ്ടുവരുന്ന പ്രധാന മാനസിക പ്രശ്നങ്ങൾ- വിഷാദരോഗം (Depression), ഉത്കണ്ഠ (Anxiety), ആത്മാഭിമാന നഷ്ടം, ഉറക്കക്കുറവ്, ആത്മഹത്യാ ചിന്തകൾ, ജീവിതനിരാശ തുടങ്ങിയവയാണ് സാധാരണയായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.
ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഉള്ള മുതിർന്ന പ്രായക്കാർ നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് നാട്ടിലുള്ളവരും അഭിമുഖീകരിക്കുന്നത്. പല വയോജനങ്ങളും ഞാൻ ഒരു ഭാരമാണ് എന്ന തോന്നലുമായി ജീവിക്കുന്നു. സമൂഹത്തിൽ ഏറ്റവും അപകടകരമായ അവസ്ഥകളിലൊന്നാണിത്.
ക്രൈം റെക്കോർഡുകളും കോടതികളിലെ കേസുകളും
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പ്രകാരം വയോജനങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണ്. സാമ്പത്തിക തട്ടിപ്പുകൾ, സ്വത്ത് തർക്കങ്ങൾ, ശാരീരിക ആക്രമണങ്ങൾ, അവഗണന എന്നിവ പ്രധാന പരാതികളാണ്. സമീപകാല റിപ്പോർട്ടുകൾ വയോജനങ്ങൾക്കെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ, പ്രത്യേകിച്ചും ബാങ്ക് അക്കൗണ്ട് വഴി ചതിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന കാണാം.
കേരളത്തിലെ പല കുടുംബ കോടതികളിലും, മെയിന്‍റനൻസ് ട്രിബ്യൂണുകളിലും ലീഗൽ സർവീസസ് അഥോറിറ്റികളിലും, ഫാമിലി കൗൺസിലിങ് സെന്‍ററുകളിലും വയോജന പരിപാലനം, സ്വത്ത് തർക്കം, മക്കളുടെ അവഗണന, സാമ്പത്തിക ചൂഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു .
എന്നാൽ യഥാർഥ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളാണ്. കുടുംബത്തിന്‍റെ പേരും അഭിമാനവും മക്കളുടെ ഭാവിയും കണക്കിലെടുത്ത് പലരും പരാതിപ്പെടാൻ തന്നെ മടിക്കുന്നു. പൊലീസ് സ്റ്റേഷനുകളിലും കോടതി വരാന്തകളിലും ജീവിതസായാനത്തിൽ കയറിയിറങ്ങുന്നത് തന്നെ മുതിർന്നവരുടെ മാനസിക ആരോഗ്യനില വീണ്ടും കൂടുതൽ സങ്കീർണമാക്കുന്നതിനാണ് ഇടവരുത്തുക.
വയോജന സംരക്ഷണം: നിയമ സംവിധാനങ്ങൾ
മെയിന്‍റനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരന്‍റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്റ്റ്- 2007 പ്രകാരം മക്കൾക്കും അവകാശികൾക്കും മാതാപിതാക്കളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്.
വയോജനങ്ങൾക്ക് പരിപാലന തുക ആവശ്യപ്പെടുന്നതിനും സ്വത്ത് കൈമാറ്റത്തിന് ശേഷം അവഗണന നേരിടുകയാണെങ്കിൽ കൈമാറ്റം ചോദ്യം ചെയ്യുന്നതിനും ഈ നിയമം സഹായകരമാണ്. ജില്ലാതല ട്രൈബ്യൂണലുകളെ സമീപിച്ചാൽ പരിഹാരം ഉണ്ടാക്കുവാൻ കഴിയും മുൻപ് സൂചിപ്പിച്ചതുപോലെ പലർക്കും ട്രിബ്യൂണലുകളെ സമീപിക്കുവാൻ മടിയാണ്.
കേരളം വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക കമ്മീഷനും പ്രത്യേക വകുപ്പും രൂപീകരിച്ച തിലൂടെ രാജ്യത്തിന് മാതൃക ആയിട്ടുണ്ടെങ്കിലും നിയതമായ സംവിധാനങ്ങളും പദ്ധതികളും പരിപാടികളും ഇനിയും ആവിർഭവിക്കേണ്ടതായിട്ടുണ്ട്.
പ്രൊഫഷണൽ സോഷ്യൽ വർക്കറുടെ പങ്ക്
വയോജന പീഡന പ്രതിരോധത്തിൽ പ്രൊഫഷണൽ സോഷ്യൽ വർക്കർമാർക്ക് നിർണായക പങ്കുണ്ട്. പ്രധാനമായും താഴെ പറയുന്ന ദൗത്യങ്ങൾ അവർക്ക് ഏറ്റെടുക്കാൻ കഴിയും.
1. ആദ്യഘട്ട തിരിച്ചറിവ്- പീഡന ലക്ഷണങ്ങൾ കണ്ടെത്തൽ, കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും വിലയിരുത്തൽ, അപകടസാധ്യതാ നിർണയം തുടങ്ങിയവ
2. കൗൺസലിങ്- വയോജനങ്ങൾക്ക് മാനസിക പിന്തുണ, കുടുംബ കൗൺസലിങ്, തലമുറകൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തൽ തുടങ്ങിയവ ഉൾപ്പെടുന്നു.
3. കേസ് മാനെജ്മെന്റ്- നിയമസഹായം, മെഡിക്കൽ സേവനങ്ങൾ, സാമൂഹ്യസുരക്ഷാ പദ്ധതികൾ, പുനരധിവാസം തുടങ്ങിയവ.
4. അവകാശ സംരക്ഷണ (Advocacy) പ്രവർത്തനം- വയോജന അവകാശ സംരക്ഷണം, സർക്കാർ സംവിധാനങ്ങളുമായി ബന്ധിപ്പിക്കൽ, നയപരമായ ഇടപെടലുകൾ തുടങ്ങിയവ
5. കമ്മ്യൂണിറ്റി ഓർഗനൈസിങ്- അയൽക്കൂട്ട സംവിധാനം, നാലുമണി പൂക്കൾ മോഡലുകളിൽ പ്രവർത്തിക്കുന്ന വയോജന ക്ലബ്ബുകൾ, സീനിയർ സിറ്റിസൺ സപ്പോർട്ട് ഗ്രൂപ്പുകൾ തുടങ്ങിയവ.
മുതിർന്നവരും കുട്ടികളും ചേർന്നുള്ള അന്തർതലമുറ കൂടിയിരിപ്പുകളും ചർച്ചകളും കളികളും തുടങ്ങി പുതു മോഡലുകളാണ് കേരളീയ സാഹചര്യങ്ങളിൽ കൂടുതൽ അഭികാമ്യം. സമൂഹാധിഷ്ഠിതമായ ഇത്തരം പ്രവർത്തനങ്ങൾ വയോജനങ്ങളുടെ സ്വാതന്ത്യവും അന്തസും അഭിമാനവും കാത്തു സംരക്ഷിക്കുന്നതിന് കൂടുതൽ ഗുണപരമായിരിക്കും.
മാറ്റം ഓരോ കുടുംബത്തിൽ നിന്നുമാണ് തുടങ്ങേണ്ടത്. വയോജന പീഡനം അവസാനിപ്പിക്കാൻ നിയമം മാത്രം മതിയാകില്ല മറിച്ച് നമുക്ക് വേണ്ടത് വയോജന സൗഹൃദ കുടുംബങ്ങളുംവയോജന സൗഹൃദ ഗ്രാമങ്ങളും നഗരങ്ങളും ഒരുക്കിയെടുക്കുക എന്നതാണ്. വികസിത രാജ്യങ്ങളിലേതു പോലെ പ്രൊഫഷണൽ സോഷ്യൽ വർക്ക് സേവനങ്ങളുടെ വ്യാപനം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കുടുംബാധിഷ്ഠിത പരിപാടികൾക്കാണ്. സ്ഥാപനാതിഷ്ഠിത സംവിധാനങ്ങൾ വേണ്ട എന്നല്ല. മറിച്ച് കേരളത്തിലെ മുഴുവൻ മുതിർന്ന പൗരരെയും ഉൾക്കൊള്ളുന്ന ഒരു സമീപനമാണ് വയോജന വകുപ്പ് ഏറ്റെടുക്കേണ്ടത്.
ഉപസംഹാരം
കേരളത്തിന്‍റെ വികസന ചരിത്രത്തിൽ വലിയ പങ്കുവഹിച്ച തലമുറയാണ് ഇന്നത്തെ വയോജനങ്ങൾ. അവർ വെറും ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളല്ല; സമൂഹത്തിന്‍റെ അനുഭവസമ്പത്തും ചരിത്ര സ്മരണയുമാണ്. ലോക വയോജന പീഡന ബോധവത്കരണ ദിനത്തിൽ നാം സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്: നമ്മുടെ വീടുകളിൽ പ്രായമായ മാതാപിതാക്കൾ സുരക്ഷിതരാണോ? ബഹുമാനിക്കപ്പെടുന്നുണ്ടോ?
വയോജന പീഡനത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിരോധം നിയമമല്ല; അത് സ്നേഹവും ബഹുമാനവും കരുതലുമാണ്. നമുക്കെല്ലാവർക്കും ആയതിനായി പരിശ്രമിക്കാം. സർക്കാറിനോടൊപ്പം പുതിയ വകുപ്പിന്‍റെ വിജയകരമായ വളർച്ചയ്ക്കും നടത്തിപ്പിനും വേണ്ടി പരിശ്രമിക്കാം.
(കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് വർക്കിങ് പ്രസിഡന്‍റാണ് ലേഖകൻ)