2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിലേക്ക് കടക്കുമ്പോൾ, വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന നമ്മുടെ ദൗത്യത്തിന്‍റെ മുന്നണിയിൽ യുവജനങ്ങൾ അണിനിരക്കുകയാണ്. നിലവിൽ രാഷ്‌ട്രീയ പശ്ചാത്തലമില്ലാത്ത ഒരു ലക്ഷം യുവാക്കളെ രാജനൈതികരംഗത്തേക്ക് ആനയിക്കാനുള്ള ആദരണീയ പ്രധാനമന്ത്രിയുടെ സുവിദിതമായ ആഹ്വാനത്താൽ പ്രചോദിതരായി, ദേശീയ യുവജനോത്സവത്തെ അതുല്യമാം വിധം "വികസിത ഭാരത യുവ നേതൃ സംവാദം 2025' ആയി നാം പുനരാവിഷ്കരിച്ചിരിക്കുകയാണ്. ഇത് കേവലമൊരു പരിപാടിയല്ല മറിച്ച് യുവജന ശാക്തീകരണം, യുവജന നേതൃത്വം എന്നിവയുടെ ഊർജസ്വലമായ ആഘോഷവും "വികസിത ഭാരതം' എന്ന ഇന്ത്യയുടെ ദർശനത്തിന് അനുഗുണമായ കർമോത്സുക ആശയങ്ങളുടെ മഹാപ്രസ്ഥാനവുമാണ്.
ദേശീയ യുവജനോത്സവം പുനരാവിഷ്‌ക്കാരം
രണ്ട് പതിറ്റാണ്ടിലേറെയായി, സാംസ്കാരിക വിനിമയത്തിന്‍റെയും യൗവനോർജത്തിന്‍റെയും പ്രതീകമാണ് ദേശീയ യുവജനോത്സവം. എന്നിരുന്നാലും, നടപ്പുവർഷം, വ്യത്യസ്തമായി ചിന്തിക്കുകയെന്ന വെല്ലുവിളി നാം ഏറ്റെടുക്കുകയാണ്. നേതൃത്വം, നൂതനത്വം, രാഷ്‌ട്രനിർമാണം എന്നീ ആശയങ്ങളെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചു കൊണ്ട്, 2024 നവംബർ 18ന് യുവജനോത്സവ നടത്തിപ്പിൽ വിപ്ലവകരമായ പരിവർത്തനം നാം പ്രഖ്യാപിച്ചു.
രാജ്യത്തിനുള്ളിലെ തിളക്കമാർന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സസൂക്ഷ്മം രൂപകൽപ്പന ചെയ്‌ത മൂന്ന് ഘട്ടങ്ങളിലായുള്ള വികസിത ഭാരത ചലഞ്ച് ഈ പുനരാവിഷ്‌കാരത്തിന്‍റെ കേന്ദ്രബിന്ദു. യോഗ്യത, തുല്യ അവസരം, സുതാര്യത എന്നിവയിലൂന്നിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഭൗമശാസ്ത്ര പ്രത്യേകതകളോ വ്യക്തിഗത പശ്ചാത്തലമോ പരിഗണിക്കാതെ യുവാക്കളായ ഓരോ ഇന്ത്യക്കാരനും സ്വന്തം സംഭാവനകൾ നിർവഹിക്കാൻ തുല്യ അവസരം ഉറപ്പാക്കുന്നു.
ആദ്യ ഘട്ടമായ വികസിത ഭാരത വിജ്ഞാന ക്വിസ് രാജ്യമെമ്പാടും ഉള്ള 3 ദശലക്ഷത്തിലധികം യുവാക്കളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ചുള്ള അറിവ് പരീക്ഷിച്ച 12 ഭാഷകളിലെ ക്വിസ് യുവജന പങ്കാളിത്തവും തുല്യ അവസരവും ഉറപ്പാക്കി.
രണ്ടാം ഘട്ടമായ വികസിത ഭാരത ഉപന്യാസ മത്സരം, നീറുന്ന വിഷയങ്ങളിലേക്ക് ആഴത്തിൽ കടന്നു ചെല്ലാൻ മത്സാരാർഥികളെ പ്രോത്സാഹിപ്പിച്ചു. ദ്രുത വികസനത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, സുസ്ഥിരത കൈവരിക്കുക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, ഇന്ത്യയെ ആഗോള കായിക ശക്തികേന്ദ്രമാക്കുക തുടങ്ങി 10 വിഷയങ്ങളിൽ 2 ലക്ഷത്തിലധികം ഉപന്യാസങ്ങൾ സമർപ്പിക്കപ്പെട്ടു. വിദഗ്ധ പാനലുകൾ മൂല്യനിർണയം നടത്തിയ ഈ ഉപന്യാസങ്ങൾ, നമ്മുടെ യുവാക്കളുടെ സർഗാത്മകത, വിശകലന ചിന്ത, മൗലികത എന്നിവ സംബന്ധിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പകർന്നു നൽകി.
അവസാന ഘട്ടമായ വികസിത ഭാരത വിഷൻ ഡെക്ക് മത്സരം, മികച്ച മത്സരാഥികളെ സംസ്ഥാനതല ചാംപ്യൻഷിപ്പുകളിലെത്തിച്ചു. അവിടെ, യുവ പ്രതിഭകൾ വിഷയ വിദഗ്ധരുടെയും നേതൃത്വ വിശകലന വിദഗ്ധരുടെയും പാനലുകൾക്ക് മുന്നിൽ നൂതന ആശയങ്ങൾ അവതരിപ്പിച്ചു. അടിസ്ഥാന കാഴ്ചപ്പാടുകളിലും പ്രാദേശിക വൈവിധ്യത്തിലും ഊന്നി നിന്നുകൊണ്ട് പ്രാദേശികതലത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ ആഗോളമായി ചിന്തിക്കാനുള്ള യുവ ഭാരതീയരുടെ ശേഷി ഈ ഘട്ടത്തിൽ പ്രകടമായി.
വിവിധ ഘട്ടങ്ങളിലൂടെയുള്ള യാത്ര, ഉല്പതിഷ്ണു മനോഭാവത്തിന്‍റെയും ദൃഢനിശ്ചയത്തിന്‍റെയും പ്രചോദനാത്മകമായ കഥകളാൽ ശ്രദ്ധേയമായി. വടക്കുകിഴക്കൻ മലനിരകൾ മുതൽ രാജസ്ഥാനിലെയും ഗുജറാത്തിലെയും ഗ്രാമങ്ങളും തമിഴ്‌നാട്ടിലെ തീരദേശ പട്ടണങ്ങളും വരെയുള്ള യുവ നേതാക്കൾക്ക്, സാമൂഹിക പ്രതിബന്ധങ്ങൾ, യാത്രാ വെല്ലുവിളികൾ, വ്യക്തിഗത പ്രതിസന്ധികൾ എന്നിവ മറികടന്ന് "വികസിത ഭാരതം - ഒരൊറ്റ ഭാരതം' എന്ന ആശയത്തിനായുള്ള സ്വന്തം ദർശനങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുങ്ങി.
മഹത്തായ സംവാദം: ചരിത്രപരമായ സംഗമം
ഡൽഹി ഭാരത് മണ്ഡപത്തിൽ വികസിത ഭാരതം യുവ നേതൃ സംവാദം ഔദ്യോഗികമായി ആരംഭിക്കും. ചരിത്രപരമായ ഈ ഒത്തുചേരലിൽ 3,000 പേർ പങ്കെടുക്കും. സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ വിജയിച്ച 500 ടീമുകളെ പ്രതിനിധീകരിക്കുന്ന വികസിത ഭാരത ചലഞ്ച് ട്രാക്കിലെ 1,500 പ്രതിനിധികളും, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന പരമ്പരാഗത ട്രാക്കിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനതല യുവജനോത്സവ വിജയികളായ 1,000 പ്രതിനിധികളും, പ്രമേയധിഷ്ഠിത ട്രാക്കുകളിൽ മികച്ച സംഭാവനകൾ നൽകിയ 500 പാത്ത്ബ്രേക്കഴ്സും പരിപാടിയിൽ പങ്കെടുക്കും.
സാംസ്കാരികവും വിഷയാധിഷ്ഠിതവുമായ അവതരണങ്ങൾ, മത്സരങ്ങൾ എന്നിവയിലും പ്രധാനമന്ത്രി സംഗ്രഹാലയ, ദേശീയ യുദ്ധ സ്മാരകം തുടങ്ങിയ ജനപ്രീതിയാർജിച്ച സ്ഥലങ്ങളിലേക്കുള്ള വിനോദ യാത്രകളിലും അവർ പങ്കെടുക്കും. ഒട്ടെറെ കേന്ദ്ര മന്ത്രിമാരും പാർലമെന്‍റ് അംഗങ്ങളും പങ്കെടുക്കുന്ന പ്രത്യേക അത്താഴവിരുന്ന് അനൗപചാരിക സംഭാഷണത്തിനുള്ള അപൂർവ വേദി ഒരുക്കും. യുവാക്കളുടെ അഭിലാഷങ്ങളും നയരൂപകർത്താക്കളുടെ ഉൾക്കാഴ്ചകളും അവിടെ സമന്വയിക്കും.
ദേശീയതലത്തിലെ മിന്നും താരങ്ങൾ, ബുദ്ധിജീവികൾ, നവസംരംഭകർ എന്നിവർ പങ്കെടുക്കുന്ന മഹത്തായ ഉദ്ഘാടന മഹാമഹത്തോടെ സംവാദം ശക്തി പ്രാപിക്കുകയാണ്. ഉപദേശ നിർദേശകരുടേയും വിഷയ വിദഗ്ധരുടെയും നേതൃത്വത്തിൽ 10 നിർണായക പാതകളിൽ പുരോഗമിക്കുന്ന വിഷയാധിഷ്ഠിത ചർച്ചകൾക്ക് ഉന്നതതല സംവാദം വേദിയാകും.
ഇന്ത്യയുടെ കലാ പൈതൃകം പ്രദർശിപ്പിക്കുകയും ഭാരതീയ യുവാക്കളുടെ അപരിമേയമായ പ്രതിഭയെ ദൃശ്യവത്കരിക്കുകയും ചെയ്യുന്ന "കളേഴ്സ് ഓഫ് വികസിത് ഭാരത്" എന്ന സാംസ്കാരിക പ്രദർശനത്തോടെയാണ് സന്ധ്യകൾ സജീവമാകുക. ബൗദ്ധിക ഉത്തേജനത്തിനും സാംസ്കാരിക ആഘോഷത്തിനും മധ്യേ തികഞ്ഞ സന്തുലിതാവസ്ഥയായിരിക്കും ദിനങ്ങളിലുടനീളം സൃഷ്ടിക്കപ്പെടുക. വലിയ സ്വപ്നങ്ങൾ കാണാനും വിധി നിർണായകമായി പ്രവർത്തിക്കാനും പങ്കെടുക്കുന്നവരെ ഇത് പ്രചോദിപ്പിക്കും.
ദേശീയ യുവജന ദിനം: വികസിത ഭാരത ദർശനം
സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷിക ദിനത്തേയും അദ്ദേഹത്തിന്‍റെ ചിരന്തനമായ യുവ ശാക്തീകരണ പാരമ്പര്യത്തെയും ആദരിക്കാൻ ദേശീയ യുവജന ദിനമായി ആഘോഷിക്കുന്ന ജനുവരി 12 ഓരോ പ്രതിനിധിയെ സംബന്ധിച്ചിടത്തോളവും നിർണായക മുഹൂർത്തമായിരിക്കും. പ്രമേയധിഷ്ഠിത ട്രാക്കുകളിൽ നിന്നുള്ള മികച്ച 10 ആശയങ്ങൾ പ്രധാമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ നേരിട്ട് അവതരിപ്പിക്കും. നൂതന മനസുകൾക്ക് പ്രകാശിക്കാൻ ഇത് ഒരു പ്രചോദനാത്മക വേദിയാകും.
ഭരണത്തിലും തീരുമാനമെടുക്കൽ പ്രക്രിയയിലും യുവാക്കളെ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഈ ആശയവിനിമയം വിളിച്ചോതുന്നു. പങ്കെടുക്കുന്നവർക്ക് പ്രധാനമന്ത്രിയുമായും പ്രമുഖ നേതാക്കളുമായും ഉച്ചഭക്ഷണ സമയത്ത് സംവദിക്കാനും അർഥവത്തായ സംഭാഷണങ്ങൾ നടത്താനും അവസരം ലഭിക്കും. ശാശ്വതമായ ഓർമകളും ശാക്തീകരണ ബോധവും ഇത് അവർക്ക് പകർന്നു നൽകും.
പ്രധാനമന്ത്രി സ്വയം നയിക്കുന്ന പ്ലീനറി സെഷനും ഈ ദിവസം ഉണ്ടായിരിക്കും. വികസിത ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ഭാരതീയ യുവാക്കളുടെ പരിവർത്തന ശേഷിയെ സെഷൻ ശക്തിപ്പെടുത്തും, പരിവർത്തനത്തിന് ഉത്തേജകമായി പ്രവർത്തിക്കാൻ പ്രതിനിധികളെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും.
വികസിതഭാരത യുവനേതൃ സംവാദം ആഴത്തിലും പരപ്പിലും സ്വാധീനത്തിലും വേറിട്ടുനിൽക്കുന്നു. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ മുതൽ പ്രായോഗിക ആശയങ്ങളിലെ ശ്രദ്ധവരെ, യുവജന ശാക്തീകരണത്തിനായുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയ്ക്ക് ഈ സംരംഭം ഉത്തമ ഉദാഹരണമാണ്. ദേശീയ, ആഗോള തലങ്ങളിലെ പ്രമുഖർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമൊപ്പം നൂതന ആശയങ്ങൾ പങ്കു വയ്ക്കാനും നേരിട്ടുള്ള ആശയവിനിമയത്തിനും വേദി ഒരുക്കുന്നതിലൂടെ, ഭരണത്തിൽ യുവാക്കളുടെ പങ്കാളിത്തത്തിന് ഈ സംവാദം പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു.