പിന്നാക്ക സംവരണമില്ലാത്ത സ്ത്രീ സംവരണ ബില്‍ ആര്‍ക്കുവേണ്ടി?

 

representative image

Special Story

പിന്നാക്ക സംവരണമില്ലാത്ത സ്ത്രീ സംവരണ ബില്‍ ആര്‍ക്കുവേണ്ടി?

ഇന്ത്യാ മഹാരാജ്യത്തിലെ ജനസംഖ്യയില്‍ 85% വും ന്യൂനപക്ഷങ്ങളിലേതടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളാണെന്നാണ് അനൗദ്യോഗിക കണക്ക്

MV Desk

അഡ്വ. ജി. സുഗുണന്‍

പാര്‍ലമെന്‍റില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്യണമെന്ന വാദത്തില്‍ അരനൂറ്റാണ്ടിന് പുറത്ത് പഴക്കമുണ്ട്. യു പി എ സര്‍ക്കാര്‍ കാലത്ത് മന്‍മോഹൻ സിങ് സ്ത്രീകള്‍ക്ക് പാര്‍ലമെന്‍റില്‍ സംവരണം നല്‍കുമെന്ന വാഗ്ദാനം നടത്തുകയും, ബില്‍ കൊണ്ട് വരികയും ചെയ്തു. രണ്ട് പതിറ്റാണ്ട് മുന്‍പ് വനിതാ സംവരണ ബില്‍ പാര്‍ലെന്‍റില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ഈ നിയമത്തില്‍ പിന്നാക്ക സ്ത്രീ സംവരണം കൂടി ഏര്‍പ്പെടുത്തണമെന്ന ശക്തമായ അഭിപ്രായമാണ് മുലയം സിങ് യാദവും ലാലുപ്രസാദ് യാദവും ജനതാ പരിവാര്‍ പാര്‍ട്ടികളാകെയും സ്വീകരിച്ചത്. സര്‍ക്കാര്‍ ഈ ഭിന്നാഭിപ്രായം അംഗീകരിക്കാന്‍ തയ്യാറായില്ല. എന്തായാലും അന്ന് പാര്‍ലമെന്‍റിലെ സ്ത്രീ സംവരണം നടപ്പിലായില്ല.

ഇന്ത്യാ മഹാരാജ്യത്തിലെ ജനസംഖ്യയില്‍ 85% വും ന്യൂനപക്ഷങ്ങളിലേതടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളാണെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ ഇന്ത്യാ മഹാരാജ്യത്ത് സര്‍ക്കാര്‍ സര്‍വ്വീസിലും, ഉന്നത വിദ്യാഭ്യാസ മേഖലയിലും എന്തിന് പ്രബല രാഷ്‌ട്രീയ പാര്‍ട്ടികളിലെ ഭാരവാഹികളില്‍ പോലും 70% സീറ്റുകള്‍ 15% മാത്രം വരുന്ന മുന്നാക്ക സവര്‍ണ വിഭാഗങ്ങള്‍ കയ്യടക്കി വച്ചിരിക്കുകയാണ്.

പാര്‍ലമെന്‍റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം തുച്ഛമാണ്. ഇതിന് പരിഹാരം കണ്ടേ മതിയാവൂ എന്നും സീറ്റില്‍ പകുതി സ്ത്രീകള്‍ക്ക് നല്‍കണമെന്നുമാണ് പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം പറഞ്ഞിരുന്നത്. എന്നാല്‍ ഒടുവില്‍ പാര്‍ലമെന്‍റില്‍ 33% വനിതാ സംവരണം മോദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. 33% ശതമാനമെങ്കിലും വനിതാ സംവരണം നല്‍കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ ഈ ബില്ലില്‍ പിന്നാക്ക സംവരണമില്ലെങ്കില്‍ ഈ സീറ്റുകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ-മുന്നാക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാത്രമെ നേടാന്‍ കഴിയുകയുള്ളൂ. കേരളമടക്കമുള്ള വളരെ ചുരുക്കം സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോഴും പിന്നാക്ക സ്ത്രീകള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടുള്ളത്. രാഷ്‌ട്രീയ രംഗത്ത് ഇവര്‍ക്ക് യാതൊരു പ്രാധിനിത്യവുമില്ല. മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും പിന്നാക്ക സ്ത്രീകള്‍ പൊതുവെ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാത്തവരും രാഷ്‌ട്രീയരംഗവുമായി ഒരു ബന്ധവുമില്ലാത്തവരുമാണ്.

നമ്മുടെ രാജ്യത്തെ പിന്നാക്ക വിദ്യാർഥികളില്‍ ഏതാണ്ട് പകുതിയോളം പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാതെ പൊഴിഞ്ഞു പോകുകയാണ്. പിന്നാക്ക വിദ്യാർഥികളുടെ ആനുകൂല്യങ്ങളൊന്നും തന്നെ സമയത്തു ലഭിക്കാത്താണ് ഇതിന്‍റെ ഒരു കാരണം. മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുള്ള സാഹചര്യവും താല്‍പ്പര്യവും ഒന്നും രാജ്യത്തെ പിന്നാമ്പുറങ്ങളിലെ പിന്നാക്കക്കാരായ രക്ഷകര്‍ത്താക്കള്‍ക്കില്ലെന്നുള്ളതാണ് യാഥാർഥ്യം. കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പ്രൊഫഷണല്‍ കോഴ്‌സിലടക്കം പഠിക്കുന്ന പിന്നാക്ക വിദ്യാർഥികളില്‍ നല്ലൊരു വിഭാഗം ജാതിപരിഗണനകളുടെ പേരിലുള്ള ഹീനമായ പീഡനങ്ങളുടെയും, ജാതി അധിക്ഷേപങ്ങളുടെയും ഫലമായി ആത്മഹത്യം ചെയ്യുന്ന പ്രവണതയും ഇവിടെ വർധിച്ചു വരികയാണ്. കേരളത്തില്‍ മാത്രം കഴിഞ്ഞ ഒരു ദശാബ്ദ കാലയളവില്‍ അര ഡസന്‍ പിന്നാക്ക വിദ്യാർഥി - വിദ്യാർഥിനികളാണ് ക്യാംപസുകളില്‍ ആത്മഹത്യ ചെയ്തത്. ക്യാംപസുകളിലെ പിന്നാക്ക വിദ്യാർഥികളുടെ ആത്മഹത്യകളില്‍ കേരളം മുന്‍പന്തിയില്‍ തന്നെയുണ്ട്. ജാതിവെറിയുടെ പേരിലുള്ള വിദ്യാർഥികളുടെ ആത്മഹത്യകള്‍ ഈ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നും തുടരുന്നത് അങ്ങേയറ്റം ഖേദകരമാണ്.

നമ്മുടെ രാജ്യത്തെ ഇന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അതുകൊണ്ടുതന്നെ പിന്നാക്ക വിഭാഗ സ്ത്രീകള്‍ക്ക് പ്രത്യേക സംവരണമില്ലെങ്കില്‍ ഈ പിന്നാക്ക സ്ത്രീകളാകെ പാര്‍ലമെന്‍റ് അംഗത്വത്തില്‍ നിന്ന് പുറത്താകുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇവിടങ്ങളിലെല്ലാം വിദ്യാസമ്പന്നരും രാഷ്‌ട്രീയവുമായി വലിയ ബന്ധമുള്ളവരുമായ സവര്‍ണ - മുന്നാക്ക സ്ത്രീകള്‍ മാത്രമായിരിക്കും കടന്നു വരുന്നത്. കടുത്ത ജീവിത പ്രയാസങ്ങളിലും, ദാരിദ്ര്യത്തിലും മുങ്ങി കഴിയുന്ന രാജ്യത്തെ പിന്നാമ്പുറങ്ങളില്‍ കഴിയുന്നവരാണ് പിന്നാക്ക ജനവിഭാഗങ്ങളില്‍ മഹാഭൂരിപക്ഷവും. ഈ ജനവിഭാഗത്തിന്‍റെ ഉയര്‍ച്ച ഇന്നും ജലരേഖ മാത്രമാണ്. രാഷ്‌ട്രീയ രംഗത്ത് നിന്ന് പിന്നാക്ക സ്ത്രീകളില്‍ മഹാഭൂരിപക്ഷവും മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇക്കൂട്ടരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പാര്‍ലമെന്‍റിലെ സ്ത്രീ സംവരണത്തില്‍ നിശ്ചിത ശതമാനം പിന്നാക്ക സംവരണം ഏര്‍പ്പെടുത്തുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.

പിന്നാക്കക്കാര്‍ക്ക് സംവരണം എല്ലാ മേഖലയിലും നല്‍കണമെന്നുള്ളതു തന്നെയാണ് നമ്മുടെ ഭരണഘടനയുടെ സ്പിരിറ്റ്. കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ബില്ലില്‍ പിന്നാക്ക - ദളിത് സംവരണം ഭരണഘടനാപരമായ അവകാശവുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ദളിത് സംവരണവും, പിന്നാക്ക സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുന്നാക്ക - സവര്‍ണ സ്വാധീനത്തിനു വഴങ്ങി കേരളമടക്കമുള്ള ചുരുക്കം സംസ്ഥാനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളില്‍ പിന്നാക്ക സംവരണം ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ പിന്നാക്ക സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ദൗര്‍ഭല്യവും, മുഖ്യധാര രാഷ്‌ട്രീയ കക്ഷികള്‍ പിന്നാക്ക ജനവിഭാഗത്തിനു വേണ്ടി ശബ്ദിക്കാത്തതുമാണ് ഈ ദുഃസ്ഥിതിക്ക് കാരണം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ പലതും നമ്മുടെ സംസ്ഥാനത്തും സവര്‍ണ വിഭാഗത്തിന്‍റെ കൈപ്പിടിയിലാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്കു പോലും സ്വന്തം അടിത്തറയായ പിന്നാക്ക ജനവിഭാഗത്തിന്‍റെ വികാരം മനസിലാക്കാന്‍ സാധിക്കുന്നില്ല. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തെ അനാചാരങ്ങളും, വര്‍ണവെറിയും, ജാതി വിവേചനവും എല്ലാം അവസാനിപ്പിച്ചെന്ന് അവകാശപ്പെടുന്ന കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ യഥാർഥത്തില്‍ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നത്.

ലോക്‌സഭയിലും സംസ്ഥാന നിയമ സഭകളിലും 33 ശതമാനം വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ബില്ലും അംഗീകരിച്ചു. ഏപ്രില്‍ 16 ന് ആരംഭിച്ച പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തല്ലോ. 2023 ലെ നാരീ ശക്തിവന്ദന്‍ അധിനിയമത്തിലാണ് (വനിതാ സംവരണ നിയമം) ഭേദഗതി കൊണ്ടുവന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ 50 ശതമാനം ലോക്‌സഭ-നിയമസഭാ സീറ്റുകള്‍ വർധിപ്പിക്കും. ലോക്‌സഭാ സീറ്റുകള്‍ 543 ല്‍ നിന്ന് 816 ആകും. ഇതില്‍ 273 സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവയ്ക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.

സ്ത്രീ സംവരണബില്ലിലെ ബാനറില്‍ മണ്ഡലം പുനസംഘടനയും, സീറ്റുകളുടെ നീതീകരണില്ലാത്ത വർധനവിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. നിര്‍ഭാഗ്യവശാല്‍ മുമ്പ് ഈ ബില്‍ പാര്‍ലമെന്‍റില്‍ വന്നപ്പോള്‍ ഈ ബില്ലില്‍ പിന്നാക്ക സംവരണം വേണമെന്ന് ശക്തമായി വാദിച്ച പല പ്രതിപക്ഷ പാര്‍ട്ടികളും അക്കാര്യം പാടേ വിസ്മരിച്ച സ്ഥിതിയാണ് ഉണ്ടായത്. അന്ന് പിന്നാക്ക സംവരണം സ്ത്രീ സംവരണ ബില്ലില്‍ ഇല്ലാത്തതിന്‍റെ പേരിലാണ് ശക്തമായ എതിര്‍പ്പ് നേരിട്ടത്. ചില പ്രതിപക്ഷ അംഗങ്ങള്‍ ബില്‍ വലിച്ച് കീറി എറിയുകപോലും ചെയ്തു. സവര്‍ണ വിഭാഗത്തെ പ്രതിപക്ഷ പാര്‍ട്ടികളും ഭയപ്പെടുന്നതുകൊണ്ട് തന്നെയായിരിക്കും അവരില്‍ നിന്നും ഇപ്പോള്‍ നിഷ്‌ക്രീയമായ ഈ സമീപനം ഉണ്ടായത്. സ്ത്രീ സംവരണബില്ലില്‍ പിന്നാക്ക സംവരണം വേണമെന്ന് കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ട കോണ്‍ഗ്രസ് പോലും അതില്‍ നിന്ന് പിന്നാക്കം പോകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. എന്തായാലും ഈ ബില്ലിന് പ്രതിപക്ഷപാര്‍ട്ടികള്‍ ആകെ യോജിച്ച് എതിര്‍ക്കുകയും വോട്ട് ചെയ്യുകയും ചെയ്തത്‌കൊണ്ട് ബില്‍ പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ ബില്‍ ഈ രീതിയില്‍ പാസാക്കി എടുക്കാന്‍ ഭരണപക്ഷം ഇനിയും ശ്രമിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക സ്ത്രീകള്‍ക്ക് പുതിയ സ്ത്രീ സംവരണ ബില്ലിനകത്ത് സംവരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ആഴിച്ച ആവശ്യപ്പെട്ടത് സ്വാഗതാര്‍ഹമായ ഒന്നായിരുന്നു. എന്നാല്‍ ജനതാ ദള്‍ അടക്കമുള്ള ജനതാ പരിവാര്‍ പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് ഇപ്പോഴും സജീവമായി വന്നിട്ടില്ല എന്നത് നിരാശാജനകമായ ഒന്നാണ്.

പാര്‍ലമെന്‍റിലെ സ്ത്രീസംവരണം ധൃതി പിടിച്ച് നടത്തുന്നതിനെ പല പ്രതിപക്ഷ പാര്‍ട്ടികളും ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യത്ത് തുടങ്ങിയിട്ടുള്ള ദേശീയ സെന്‍സസ് പൂര്‍ത്തിയാക്കിയതിനു ശേഷം അതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീ സംവരണ നിയമം പാസാക്കിയാല്‍ പോരെ എന്ന് ഇക്കൂട്ടര്‍ ചോദിക്കുന്നു. പാര്‍ലമെന്‍റ് അംഗങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നതിന് യാതൊരു ന്യായീകരണമില്ലെന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്ത്രീ സംവരണത്തോടൊപ്പം പിന്നാക്ക സംവരണം കൂടി ഏര്‍പ്പെടുത്തണമെന്ന കാര്യം ഇടതുപക്ഷമടക്കമുള്ള പല പാര്‍ട്ടികളും മുന്നോട്ട് വച്ചിട്ടില്ല. തങ്ങളുടെ പാര്‍ട്ടികളുടെ അടിത്തറ പിന്നാക്ക ജനവിഭാഗങ്ങളാണെന്ന് ബോധ്യമുള്ള ചില പാര്‍ട്ടികള്‍ പോലും പാര്‍ലമെന്‍റിലെ സ്ത്രീ സംവരണത്തില്‍ പിന്നാക്ക സംവരണം വേണമെന്ന് ശക്തമായി ആവശ്യപ്പെടാത്തത് വളരെ ഖേദകരമാണ്. സ്ത്രീ സംവരണത്തില്‍ പിന്നാക്ക സംവരണമില്ലെങ്കില്‍ രാജ്യത്ത് 85 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗത്തിലെ സ്ത്രീകള്‍ക്ക് പാര്‍ലമെന്‍റ് അംഗത്വം വെറും ഒരു സ്വപ്നമായി മാത്രം അവശേഷിക്കുമെന്ന കാര്യം ഇടതുപക്ഷ പാര്‍ട്ടികള്‍ എങ്കിലും മനസിലാക്കേണ്ടതാണ്. മറ്റു പല പാര്‍ട്ടികളെയും പോലെ സവര്‍ണ വിഭാഗത്തെ ഭയന്നു കൊണ്ട് തന്നെയായാരിക്കും ഇടതു പാര്‍ട്ടികള്‍ ഈ പിന്നാക്ക വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ളത്.

സ്ത്രീ സംവരണ ബില്ലിനെ പിന്നാക്ക സംവരണം അതില്‍ നിക്ഷേധിക്കപ്പെട്ടതിന്‍റെ പേരിലാണ് എതിര്‍ക്കപ്പെടേണ്ടത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ 85 ശതമാനം വരുന്ന ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള പിന്നാക്ക ജനവിഭാഗത്തിന്‍റെ പിന്‍തുണ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് കിട്ടുമായിരുന്നു. മണ്ഡലം പുനസംഘടന, മണ്ഡലം വർധിപ്പിക്കല്‍ എന്നിവയുടെ പേരില്‍ ബില്ലിനെ എതിര്‍ക്കുന്നത് ശരിയായ കാര്യമാണ്. എന്നാല്‍ മുഖ്യമായി പ്രതിപക്ഷം ഉയര്‍ത്തേണ്ടത് ബില്ലില്‍ പിന്നാക്ക സംവരണം വേണമെന്നുള്ളതായിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.

സ്ത്രീകള്‍ ഉള്‍പ്പെടുന്ന പിന്നാക്ക ജനവിഭാഗത്തിന്‍റെ മൗലികമായ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിഞ്ഞ് നില്‍ക്കാന്‍ പിന്നാക്ക ജനവിരോധികളായ നമ്മുടെ ഭരണാധികാരികളെ ജാതീയമായ വന്‍ അനീതിക്ക് പാത്രമായ പിന്നാക്ക ജനസമൂഹം ഇനിയും അനുവദിക്കാന്‍ പോകുന്നില്ല. സവര്‍ണ വിഭാഗത്തെ ഭയന്ന് പിന്നാക്ക ജനവിഭാഗത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പിന്നാക്കക്കാരുടെ സംരക്ഷകരെന്ന് അഭിനയിക്കുന്ന ചില പ്രമുഖ പാര്‍ട്ടികളും ഇന്ന് രംഗത്തുണ്ട്. അതുകൊണ്ട് തന്നെയാണ് രാജ്യത്തെ സ്ത്രീകളില്‍ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക സ്ത്രീകളെ അവഗണിക്കാന്‍ ഭരണകക്ഷിക്ക് ധൈര്യം കിട്ടുന്നത്.

പിന്നാക്ക സംവരണമില്ലാത്ത സ്ത്രീ സംവരണ ബില്‍ സ്ത്രീ സമൂഹത്തിന് വേണ്ടിയല്ല; മറിച്ച് ഈ ബില്‍ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള സവര്‍ണ വിഭാഗം സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് പറയേണ്ടിവരും. സ്ത്രീ സംവരണ ബില്ലില്‍ എന്തായാലും പിന്നാക്ക സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്താതെയുളള ഈ ബില്ല് കൊണ്ട് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗത്തിന് യാതൊരു ഗുണവുമില്ല. പിന്നാക്കക്കാരുടെ സീറ്റുകളാകെ സവര്‍ണ വിഭാഗത്തിന്‍റെ കൈപ്പിടിയിലൊതുക്കാന്‍ മാത്രമേ ഈ ബില്ല് കൊണ്ട് സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ പിന്നാക്ക സംവരണം കൂടി സ്ത്രീ സംവരണ ബില്ലില്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഭരണകക്ഷി തയ്യാറായേ മതിയാകൂ. അതിനാവശ്യമായ യോജിച്ച ശക്തമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ എല്ലാ പ്രസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തെ പിന്നാക്ക സ്ത്രീ സമൂഹം പ്രതീക്ഷിക്കുന്നത്.

(ലേഖകന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428)

134 രേഖകൾ വേണം, വീണക്കെതിരേ പരമാവധി തെളിവ് ശേഖരിക്കാൻ ഇഡി; കോടതിയെ സമീപിച്ചു

ജുഡീഷ്യറിയിലെ അഴിമതി; വിവാദ എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പുസ്തകത്തിന്‍റെ പരിഷ്ക്കരിച്ച പതിച്ച് ഈ മാസം പുറത്തിറക്കും

അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ 500 കടന്നു; മുഹമ്മദ് സലിമിന് 5 വിക്കറ്റ്

പോക്സോ കേസിൽ ഉഭ‍യ സമ്മതപ്രകാരമുള്ള ബന്ധമെന്ന വാദം പ്രസക്തമല്ല; പ്രായം തെളിയിക്കാൻ എസ്എസ്എൽസി ബുക്ക് മതിയെന്ന് കോടതി

സൂര്യവംശിക്കൊപ്പം അച്ഛനുമമ്മയും ഇംഗ്ലണ്ടിലേക്ക്; എല്ലാ ചെലവും ഏറ്റെടുത്ത് ബിസിസിഐ