.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#പി.എ. മുഹമ്മദ് റിയാസ്, ടൂറിസം മന്ത്രി
പ്രകൃതിയോട് ഇണങ്ങിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമെങ്ങും ഏറെ പ്രാധാന്യം നല്കുന്ന അവസരമാണിത്. പ്രകൃതിയെയും കാലാവസ്ഥാ മാറ്റത്തെയും അവഗണിച്ചു മുന്നോട്ടു പോകാനാകില്ല. ഇത് ഉള്‍ക്കൊണ്ടു കൊണ്ടുള്ള പാരിസ്ഥിതിക കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവുമാണ് ടൂറിസം ഉള്‍പ്പെടെ എല്ലാ മേഖലയിലും ആവശ്യം.
ടൂറിസവും ഹരിത നിക്ഷേപവും എന്ന ലോക ടൂറിസം ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് കേരളം മുന്നോട്ടുവയ്ക്കുന്ന വിനോദസഞ്ചാര കാഴ്ചപ്പാട്. ഒരു നാടിന്റെ പരിസ്ഥിതിയെയും സംസ്കാരത്തെയും പൈതൃകത്തെയും സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളാണ് കേരളം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
കാലാവസ്ഥയിലും പാരിസ്ഥിതിക ഘടനയിലും ഏറെ വ്യതിയാനങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ സുവ്യക്തമായ പരിസ്ഥിതി സൗഹാര്‍ദ കാഴ്ചപ്പാടോടെ വേണം മുന്നോട്ടു പോകാന്‍. ടൂറിസത്തിന്റെ വീണ്ടെടുക്കലിനും ഭാവിയിലെ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള പ്രധാന മുന്‍ഗണനയായി യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് (യുഎന്‍ഡബ്ല്യുടിഒ) ഇത് തിരിച്ചറിയുന്നുമുണ്ട്. മനുഷ്യര്‍ക്കും ഭൂമിക്കും ജീവനോപാധിക്കും വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളുടെ ആവശ്യകത 2023 ലെ ലോക വിനോദസഞ്ചാര ദിനത്തില്‍ യുഎന്‍ഡബ്ല്യുടിഒ എടുത്തുകാണിക്കുന്നു. സാമ്പത്തിക വളര്‍ച്ചയും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത മേഖലയ്ക്കൊപ്പം പുതിയതും നൂതനവുമായ മാര്‍ഗങ്ങള്‍ ആരായേണ്ട സമയം കൂടിയാണിതെന്നും യുഎന്‍ ടൂറിസം സംഘടന ഓർമിപ്പിക്കുന്നു. അന്താരാഷ്ട്ര സമൂഹം, ഗവണ്മെന്റുകള്, ബഹുമുഖ ധനകാര്യ സ്ഥാപനങ്ങള്‍, വികസന പങ്കാളികള്‍, സ്വകാര്യ മേഖലയിലെ നിക്ഷേപകര്‍ എന്നിവയോട് ഒരു പുതിയ ടൂറിസം നിക്ഷേപ തന്ത്രത്തിന് ചുറ്റും ഒന്നിക്കാനുള്ള ആഹ്വാനമാണ് യുഎന്‍ഡബ്ല്യുടിഒ നടത്തുന്നത്.
ലോക ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയ സ്ഥാനമുള്ള കേരളം കാലാനുസൃതവും ഭാവി വികസനം ലക്ഷ്യമിട്ടുള്ളതുമായ നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഏതു കാലാവസ്ഥയിലും ടൂറിസം പ്രവര്‍ത്തനത്തിന് അനുയോജ്യമായ പ്രദേശമാണ് കേരളം. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടൂറിസം ഉത്പന്നങ്ങളും ആകര്‍ഷണങ്ങളുമാണ് സഞ്ചാരികള്‍ക്കായി വകുപ്പ് രൂപപ്പെടുത്തുന്നത്. മികച്ച കാലാവസ്ഥ, പരിസ്ഥിതി അനുകൂല ഘടകങ്ങള്‍, പച്ചപ്പ്, ശുദ്ധവായു എന്നിവയെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് കാണിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തി പ്രകൃതിയോട് കൂടുതല്‍ ഇണങ്ങിയുള്ള അനുഭവവേദ്യ വിനോദസഞ്ചാരത്തിനാണ് കേരളം മുന്‍ഗണന നല്‍കുന്നത്.
കേരളീയ ഗ്രാമങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാകുന്നുവെന്നതാണ് ഏറ്റവും പുതിയ പ്രവണത. ഒരു പ്രദേശത്തെ തനിമകള്‍ നിലനിര്‍ത്തി ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയും പ്രദേശവാസികള്‍ കൂടി അതില്‍ പങ്കാളികളാകുകയും ചെയ്യുമ്പോള്‍ ഈ മേഖല കൂടുതല്‍ ജനകീയവും പരിസ്ഥിതി സൗഹൃദവുമായി മാറുകയാണ്. സ്ത്രീകളുള്‍പ്പെടെയുള്ള ഗ്രാമീണ ജനതയ്ക്ക് തൊഴിലവസരവും വരുമാനവും ഇതുവഴി സാധ്യമാകുന്നു. വിനോദ സഞ്ചാരത്തെ ഉപയോഗപ്പെടുത്തി പ്രാദേശിക ജനതയ്ക്ക് ജീവിക്കാന്‍ പറ്റിയ രീതിയിലും പുറത്തുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ രീതിയിലും അതതുസ്ഥലങ്ങളുടെ പാരിസ്ഥിതിക സാധ്യതകള്‍ നശിക്കാതെ സൂക്ഷിച്ചും അതേസമയം അത് പരമാവധി ഉപയോഗപ്പെടുത്തിയും വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങളെ സജ്ജമാക്കുന്ന പ്രവര്‍ത്തനം ഒരുപോലെ അതിഥികളുടേയും ആതിഥേയരുടേയും കൂട്ടായ്മ കൂടിയാണ്.
ടൂറിസം വികസനം തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും സ്ത്രീശാക്തീകരണത്തിനുമുള്ള ഉപാധിയായി സ്വീകരിച്ച് പ്രാദേശിക സുസ്ഥിര വികസനത്തിന് ഉപയുക്തമാക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് കേരള ടൂറിസം മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ ഏറ്റെടുക്കുന്നത് ടൂറിസം വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനാണ്. ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങളായി കേരളത്തില്‍ സമീപകാലത്ത് ഉയര്‍ന്നുവന്ന നിരവധി ഗ്രാമങ്ങളുണ്ട്. ഇവയെല്ലാം പ്രാധാന്യം നല്‍കുന്നത് ഉത്തരവാദിത്ത ടൂറിസത്തിലധിഷ്ഠിതമായ അനുഭവവേദ്യ ടൂറിസം പ്രവര്‍ത്തനങ്ങളാണ്. യുഎന്‍ഡബ്ല്യുടിഒയുടെ ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ കോട്ടയം മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ വാട്ടര്‍ സ്ട്രീറ്റ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്നു. ജലാശയങ്ങളെ വീണ്ടെടുത്ത് സംരക്ഷിച്ച് അവയെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്.
വിനോദ സഞ്ചാര മേഖലയിലെ സംരംഭകത്വവും തൊഴിലവസരവും കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിനായി ചെറുപ്പക്കാര്‍ക്കുള്ള നൈപുണ്യ പരിശീലനം വര്‍ധിപ്പിക്കുകയും എംഎസ്എംഇകളെ പിന്തുണയ്ക്കുകയും വേണം.
പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും മാലിന്യ വിമുക്ത ടൂറിസം കേന്ദ്രങ്ങള്‍ എന്ന ആശയം ടൂറിസം സംരംഭകരുടെയും പ്രാദേശിക സമൂഹത്തിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കി വരുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളെ ഗ്രീന്‍ സര്‍ട്ടിഫൈഡ് ആക്കിയിട്ടുമുണ്ട്.
വായു, ജലം, മണ്ണ്, സസ്യജന്തു ജീവജാലങ്ങള്‍ ഇവയെല്ലാം പരിസ്ഥിതിയുടെ പൊതുസ്വത്താണ്. ഓരോ പ്രദേശത്തിന്റെയും ഈ പൊതുസ്വത്തുക്കള്‍ തന്നെയാണ് ടൂറിസം ആകര്‍ഷണങ്ങളായി മാറുന്നതും. ഇവ കേവലമായ ആകര്ഷണങ്ങള് മാത്രമല്ല ഭൂമിയുടെ നിലനില്‍പ്പിന് അത്യാന്താപേക്ഷിതവുമാണ്. ഈ പൊതുസ്വത്തുക്കളിന്മേലാണ് ടൂറിസം വ്യവസായം നിക്ഷേപം നടത്തുന്നതും. അതുകൊണ്ടുതന്നെ അവയുടെ മേല്‍ ആഘാതങ്ങള്‍ കുറയ്ക്കാനും അവയെ സംരക്ഷിക്കാനും ടൂറിസം വ്യവസായത്തിനും വിനോദ സഞ്ചാരികള്‍ക്കും ബാധ്യതയുണ്ട്. ഭൂമിയുടെ ഹരിതാഭയും മനോഹാരിതയും നാളത്തെ തലമുറയ്ക്കു കൂടി അവകാശപ്പെട്ടതാണെന്ന തിരിച്ചറിവോടെ പരിസ്ഥിതിയില്‍ ഇടപെടാന്‍ വിനോദസഞ്ചാരികളെയും ടൂറിസം നിക്ഷേപകരെയും ലോക ടൂറിസം ദിന പ്രമേയം ഓർമിപ്പിക്കുന്നു.