ക്രിസ് ജോർദാൻ
ലാഹോർ: പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലും ഇന്ത‍്യ നടത്തിയ തിരിച്ചടിക്കു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഇംഗ്ലണ്ട് താരങ്ങളായ ഡേവിഡ് വില്ലി, ക്രിസ് ജോർദാൻ എന്നിവർ നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാഞ്ചൈസിയെ സമീപിച്ചതായാണ് വിവരം. അതേസമയം സുരക്ഷാ ആശങ്ക നിലനിൽക്കെ പാക്കിസ്ഥാനിൽ തന്നെ പിഎസ്എൽ നടത്തുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്.
സാം ബില്ലിങ്സ്, ടോം കറൻ, ജയിംസ് വിൻസ്, ടോം കഹ്‌ലർ കോൺമോർ, ലൂക്ക് വുഡ് തുടങ്ങിയവരാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്ന മറ്റു ഇംഗ്ലീഷ് താരങ്ങൾ. ഇംഗ്ലണ്ട് താരങ്ങളുമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് നിരന്തരം സംസാരിക്കുന്നുണ്ട്. പാക്കിസ്ഥാൻ വിടാൻ താരങ്ങൾക്ക് ഇതുവരെ നിർദേശങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ യുകെ സർക്കാരിന്‍റെ യാത്രാ നിർദേശങ്ങൾ പുറത്തു വരുന്നതോടെ ഇതിൽ മാറ്റമുണ്ടായേക്കും.