അഭിഷേക് ശർമ, ഹാർദിക് പാണ്ഡ‍്യ
ദുബായ്: ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഞായറാഴ്ച ദുബായിൽ നടക്കുന്ന ഏഷ‍്യ കപ്പ് ഫൈനലിലെ ഇന്ത‍്യ പാക് പോരാട്ടം. ടൂർണമെന്‍റിൽ തോൽവി അറിയാത്ത സൂര‍്യകുമാർ യാദവിന്‍റെ നീലപടയും ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയ പാക്കിസ്ഥാനും നേർക്കു നേർ വരുമ്പോൾ കാത്തിരിപ്പ് ഏറെയാണ്.
എന്നാൽ ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത‍്യയുടെ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയും ഹാർദിക് പാണ്ഡ‍്യയും കളിക്കുമോയെന്ന കാര‍്യം സംശയത്തിലാണ്.
കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെ ഹാർദികിന് പേശിവലിവും അഭിഷേകിന് വലതു തുടയിൽ വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു. പേശിവലിവ് മൂലം ഹാർദിക് ശ്രീലങ്കയ്ക്കെതിരേ ഒരോവർ മാത്രമാണ് പന്തെറിഞ്ഞിരുന്നത്.
ഹാർദിക് പാക്കിസ്ഥാനെതിരേ കളിക്കുമോയെന്ന കാര‍്യത്തിൽ ശനിയാഴ്ച വൈകിട്ടോടെ തീരുമാനമുണ്ടാക്കുമെന്ന് ബൗളിങ് പരിശീലകൻ മോണി മോർക്കൽ വ‍്യക്തമാക്കിയിട്ടുണ്ട്. ഒരു പക്ഷേ അഭിഷേക് ശർമ ഫൈനൽ മത്സരത്തിൽ കളിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണിങ്ങ് ബാറ്ററായി പരിഗണിച്ചേക്കും.