ഓവല്‍: ലോക ക്രിക്കറ്റില്‍ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടമാണ് ഇന്നലത്തെ കിരീട നേട്ടത്തോടെ ഓസീസ് സ്വന്തമാക്കിയത്. 1987ലും 1999ലും 2003ലും 2007ലും 2015ലും ഏകദിന ലോകകപ്പുകള്‍ നേടിയിരുന്നു ഓസീസ്. 2006, 2009 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ട്രോഫിയും ഷോക്കേസില്‍ എത്തിച്ചു. 2021ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ കങ്കാരുക്കള്‍ 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും സ്വന്തമാക്കി ഐസിസിയുടെ എല്ലാ കപ്പുകളും നാട്ടിലെത്തിച്ചിരിക്കുകയാണ്.
അതേസമയം ടീം ഇന്ത്യക്ക് 2013ന് ശേഷം ഒരു ഐസിസി കിരീടം പോലുമില്ല. രണ്ട് ഫൈനല്‍ കളിച്ചിട്ടും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം എന്ന സുവര്‍ണ നേട്ടം ഇന്ത്യക്ക് കിട്ടാക്കനിയായി നില്ക്കുന്നു. ഏകദിന, ട്വന്റി 20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും ഉള്‍പ്പെടുന്ന മറ്റെല്ലാ ഐസിസി കിരീടങ്ങളും ടീം ഇന്ത്യക്കുണ്ട്. ഏത്സമയം, 10 വര്‍ഷം നീണ്ട ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിക്കാന്‍ ഓവലില്‍ ടീം ഇന്ത്യക്കായില്ല.
തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ടീം ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. കഴിഞ്ഞ തവണ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ന്യൂസിലന്‍ഡിനോട് ആണെങ്കില്‍ ഇത്തവണ രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ പരാജയം ഓസ്ട്രേലിയയോട് എന്നൊരു വ്യത്യാസം മാത്രം. ക്യാപ്റ്റനായി കോലിക്ക് സാധിക്കാതെ പോയ ഐസിസി കിരീടം ഹിറ്റ്മാനും കിട്ടാക്കനിയായി തുടരുന്നു. എന്നാല്‍ ഇതേസമയം വമ്പന്‍ റെക്കോര്‍ഡാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്.