സിഡ്നിയിൽ ഇന്ത‍്യക്ക് തോൽവി; പരമ്പര സ്വന്തമാക്കി ഓസീസ് 
Sports

ഇന്ത‍്യ വീണ്ടും തോറ്റു: പരമ്പര നേടിയ ഓസ്ട്രേലിയ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്തി

അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 3-1 നാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ നേരിയ സാധ്യതയും അടഞ്ഞു.

സിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫി പരമ്പര ഓസ്ട്രേലിയ തിരിച്ചുപിടിച്ചു. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 3-1 നാണ് ഓസീസ് സ്വന്തമാക്കിയത്. 10 വർഷങ്ങൾക്ക് ശേഷമാണ് ബോർഡർ ഗവാസ്കർ ട്രോഫി ഓസീസ് സ്വന്തമാക്കുന്നത്. ഇന്ത‍്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ‍്യം ഉസ്മാൻ ഖവാജയുടെയും (42) ട്രാവിസ് ഹെഡിന്‍റെയും (34) ബ‍്യൂ വെബ്സ്റ്ററിന്‍റെയും (39) ബാറ്റിങ് മികവിലാണ് കംഗാരുക്കൾ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ മറികടന്നത്.

ഇന്ത‍്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ രണ്ട് തവണയും ബോർഡർ ഗവാസ്കർ പരമ്പര നേടിയ ഇന്ത‍്യയ്ക്ക് ഇത്തവണ ഹാട്രിക് പരമ്പര നേട്ടം കൈവരിക്കാനായില്ല. പരമ്പര സമനിലയിലായാൽപ്പോലും നിലവിൽ ട്രോഫി കൈവശമുള്ളവർക്ക് അതിൽ അവകാശം തുടരും. 2014-15 ലാണ് ഇന്ത‍്യക്കെതിരേ ഓസീസ് അവസാനമായി പരമ്പര നേടിയത്.

സിഡ്നിയിലെ തോൽവിയോടെ, ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ നേരിയ സാധ്യതയും അവസാനിച്ചു. ഇന്ത്യ ഇവിടെ ജയിച്ചാൽ ശ്രീലങ്കക്കെതിരായ പരമ്പര വരെ കാത്തിരുന്നാലേ ഓസ്ട്രേലിയയുടെ സാധ്യത തെളിയുമായിരുന്നുള്ളൂ. എന്നാൽ, അതിനു മുൻപ് തന്നെ കംഗാരുക്കൾ ഫൈനൽ ഉറപ്പാക്കി. ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടക്കുന്ന ഫൈനൽ കളിക്കാൻ ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.

സിഡ്നി ടെസ്റ്റിൽ ക‍്യാപ്റ്റൻ ജസ്പ്രീത് ബുംറയ്ക്ക് പരുക്കേറ്റത് ഇന്ത‍്യക്ക് കനത്ത തിരിച്ചടിയായി. ബുംറ രണ്ടാം ഇന്നിങ്സിൽ ഇന്ത‍്യക്കായി ബാറ്റിങ്ങിനിറങ്ങിയെങ്കിലും പന്തെറിഞ്ഞില്ല. പരമ്പരയിൽ 32 വിക്കറ്റുകളുമായി ബുംറയാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത്. 25 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് രണ്ടാം സ്ഥാനത്ത്.

162 റൺസ് വിജയലക്ഷ‍്യം പിന്തുടർന്ന ഓസീസിനെ പിടിച്ചുകെട്ടാൻ ജസ്പ്രീത് ബുംറ മാത്രമായിരുന്നു ഏക പ്രതീക്ഷ. തുടക്കത്തിലെ അപകടരമായി ബാറ്റ് വീശിയ ഓസീസിന് 3.5 ഓവർ പിന്നിടുമ്പോൾ 39 റൺസുണ്ടായിരുന്നു. എട്ടാം ഓവറിൽ സ്കോർ 50 കടന്നതിന് പിന്നാലെ മാർനസ് ലബുഷെയ്നെയെയും (6) സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ നേരിയ പ്രതീക്ഷ നൽകിയെങ്കിലും മറുവശത്ത് പിന്തുണയ്ക്കാൻ ആരുമുണ്ടായില്ല. 19-ാം ഓവറോടെ 100 കടന്നു. 45 പന്തിൽ 41 റൺസ് എടുത്ത ഖവാജയെ സിറാജ് പുറത്താക്കിയെങ്കിലും അരങ്ങേറ്റക്കാരൻ വെബ്സ്റ്ററും ഹെഡും ഫോമായതോടെ ഇന്ത‍്യ തോൽവിയറിഞ്ഞു.

നേരത്തെ, 141/6 എന്ന നിലയിൽ മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് വെറും 16 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റും നഷ്ടമാകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് നേടിയ സ്കോട്ട് ബോലാൻഡ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ആറ് വിക്കറ്റാണ് പിഴുതത്. ബോലാൻഡ് തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച്. ജസ്പ്രീത് ബുംറ പ്ലെയർ ഓഫ് ദ സീരീസായും തെരഞ്ഞെടുക്കപ്പെട്ടു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി