ബാബർ അസം
കറാച്ചി: ബാബർ അസം പാക്കിസ്ഥാൻ ടി20 ടീമിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ സ്വന്തം നാട്ടിൽ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ‍്യ കപ്പ് ടീമിലേക്ക് ബാബർ അസമിനെ സെലക്റ്റർമാർ പരിഗണിച്ചിരുന്നില്ല. ടി20 ക്രിക്കറ്റിൽ സമീപകാലത്ത് പുറത്തെടുത്ത മോശം ഫോം മൂലമായിരുന്നു ബാബറിന് ഏഷ‍്യ കപ്പ് ടീമിൽ ഇടം നേടാൻ സാധിക്കാതിരുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരേ ഏകദിന പരമ്പരയിൽ പരാജയപ്പെട്ടതോടെ ബാബറിനെതിരേ രൂക്ഷ വിമർശനങ്ങളുമായി മുൻ പാക് താരങ്ങൾ രംഗത്തെത്തിയിരുന്നു. പരിശീലകർ പറയുന്നത് കേൾക്കാൻ ബാബർ തയാറാവുന്നില്ല, ബാബർ പരസ‍്യത്തിൽ അഭിനയിക്കുന്നതാണ് നല്ലത്. എന്നിങ്ങനെയായിരുന്നു വിമർശനങ്ങൾ.
നിലവിൽ ഏഷ‍്യ കപ്പ് കളിക്കുന്ന പാക് ബാറ്റർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്നതോടെയാണ് പിസിബി ബാബറിനെ ടീമിൽ ഉൾപ്പെടുത്താൻ നീക്കം നടത്തുന്നതെന്നാണ് വിവരം. ടീമിലെ ബൗളർമാരുടെയും മധ‍്യനിര ബാറ്റർമാരുടെയും കരുത്തിലാണ് ടീം ഏഷ‍്യ കപ്പിലെ മറ്റു മത്സരങ്ങൾ വിജയിച്ചത്. ബാബറിനു പകരക്കാരനായി ടീമിലെത്തിയ സയിം അയൂബ് മോശം ഫോമിൽ തന്നെ തുടരുകയാണ്. അഞ്ച് മത്സരങ്ങളിൽ നിന്നും സയിം അയൂബിന് ആകെ 23 റൺസെ നേടാനായുള്ളൂ.