ഏഷ‍്യ കപ്പ്: അഫ്ഗാനിസ്ഥാനെതിരേ ബംഗ്ലാദേശിന് നിർണായക ജയം
അബുദാബി: അഫ്ഗാനിസ്ഥാനെതിരായ ഏഷ‍്യ കപ്പ് മത്സരത്തിൽ ബംഗ്ലാദേശിന് 8 റൺസ് ജയം. ആദ‍്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ഉയർത്തിയ 155 റൺസ് വിജയലക്ഷ‍്യം അഫ്ഗാനിസ്ഥാന് മറിക്കടക്കാനായില്ല. നിശ്ചിത 20 ഓവറിൽ 146 റൺസിന് അഫ്ഗാനിസ്ഥാൻ ഓൾ ഔട്ടായി.
ബംഗ്ലാദേശിനു വേണ്ടി മുസ്താഫിസുർ റഹ്മാൻ മൂന്നും നസും അഹമ്മദ്, ടാസ്കിൻ അഹമ്മദ്, റിഷാദ് ഹൊസൈൻ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. റഹ്മാനുള്ള ഗുർബാസ് (35), അസ്മത്തുള്ള ഒമർസായ് (39) എന്നിവർക്കു മാത്രമാണ് അഫ്ഗാനിസ്ഥാനു വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. ഇവർക്കു പുറമെ റാഷിദ് ഖാൻ (20) ഗുൽബാദിൻ നെയ്ബ് (16), മുഹമ്മദ് നബി (15), നൂർ അഹമ്മദ് (14) എന്നിവർ രണ്ടക്കം നേടി.
ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ സെയ്ഫ് ഹസൻ- തൻസിദ് സഖ‍്യം 63 റൺസാണ് അടിച്ചു കൂട്ടിയത്. എന്നാൽ ഏഴാം ഓവറിൽ സെയ്ഫിനെ പുറത്താക്കിക്കൊണ്ട് റാഷിദ് ഖാൻ ടീമിനു ബ്രേക്ക് ത്രൂ നൽകി. പിന്നാലെയെത്തിയ ലിറ്റൺ ദാസിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 9 റൺസെടുത്ത് മടങ്ങി. തുടർന്ന് തൻസിദും പുറത്തായി.
തൗഹിദ് ഹൃദോയ് (26), ഷമീം ഹുസൈൻ (11), ജേക്കർ അലി (പുറത്താവാതെ നേടിയ 11 റൺസ്), നൂറുൽ ഹസൻ (പുറത്താവാതെ നേടിയ 12 റൺസ്) എന്നിവരുടെ പ്രകടനത്തിന്‍റെ കരുത്തിലാണ് ടീം സ്കോർ 150 കടന്നത്. 3 മത്സരങ്ങളിൽ 2 മത്സരങ്ങളും വിജയിച്ച് 4 പോയിന്‍റുകളുമായി ബംഗ്ലാദേശ് നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.