ജസ്പ്രീത് ബുംറ, ടെംബ ബവുമ, ഋഷഭ് പന്ത്.
അഞ്ചടി നാലിഞ്ച് ഉയരമുള്ള ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമയെ ഇന്ത്യയുടെ സെലിബ്രേറ്റഡ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും സെൻസേഷണൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും വിശേഷിപ്പിച്ചത് കുള്ളൻ (ബൗന) എന്നാണ്. അഞ്ചടി അഞ്ചിഞ്ചുള്ള സച്ചിൻ ടെൻഡുക്കർ ഒരിഞ്ചിന്‍റെ വ്യത്യാസത്തിൽ ഇവരുടെ ബോഡി ഷെയിമിങ്ങിൽ നിന്നു രക്ഷപെട്ടു എന്നൊന്നും കരുതാനാവില്ല. ഒരുമിച്ച് കളിക്കാത്തതിനാൽ സ്റ്റമ്പ് മൈക്കിൽ കിട്ടാത്തതുമാവാം.
ഏതായാലും ബുംറയുടെയും ഋഷഭിന്‍റെയും പരിഹാസത്തിനെതിരേ ദക്ഷിണാഫ്രിക്കൻ ടീം മാനെജ്മെന്‍റ് ഔദ്യോഗികമായി പരാതിയൊന്നും നൽകിയില്ല. ബവുമയോ കോച്ച് ശുക്രി കോൺറാഡോ ഒന്നും ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിനും മുതിർന്നില്ല.
പക്ഷേ, ആറടിക്കു മുകളിൽ പൊക്കമുള്ള കെ.എൽ. രാഹുലിനോ യശസ്വി ജയ്സ്വാളിനോ വാഷിങ്ടൺ സുന്ദറിനോ ശുഭ്മൻ ഗില്ലിനോ ഒന്നും നേടാനാവാത്ത രണ്ട് കാര്യങ്ങൾ ഈ മത്സരത്തിൽ അഞ്ചരയടിയില്ലാത്ത ബവുമ നേടി- ഒന്ന്, അർധ സെഞ്ചുറി; രണ്ട്, മത്സരത്തിലെ വിജയം!
പരിഹാസങ്ങളും അധിക്ഷേപങ്ങളും പുതുമയൊന്നുമല്ല ബവുമയ്ക്ക്. ടി20 ലോകകപ്പ് കളിക്കുമ്പോഴും ഉയർന്നിരുന്നു പൊക്കത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും നിറത്തെക്കുറിച്ചുമെല്ലാം അധിക്ഷേപങ്ങൾ. കറുത്ത വർഗക്കാർക്ക് സംവരണമുള്ളതു കൊണ്ടു മാത്രം ടീമിലെത്തിയ ബാറ്ററെന്നു വരെ പരിഹസിക്കപ്പെട്ടു.
പക്ഷേ, ബവുമയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ലോക ചാംപ്യൻഷിപ്പ് സ്വന്തമാക്കിയപ്പോൾ ഈ പരിഹസിച്ചവരാരും തിരുത്തി പറഞ്ഞതായി കേട്ടില്ല. പക്ഷേ, ബവുമ അതൊന്നും കാര്യമാക്കുന്നതായി തോന്നാറില്ല. അദ്ദേഹത്തിനു മറുപടി പറയാൻ ഏറ്റവും ശക്തമായ ആയുധം വായിലല്ല, കൈയിലാണുള്ളത്- അതൊരു ക്രിക്കറ്റ് ബാറ്റാണ്.
പതിനഞ്ച് വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിക്കുന്നത്, അതിലേക്ക് അവരെ നയിച്ചത് ബവുമ, ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും.
11 ടെസ്റ്റിലാണ് ബവുമ ഇതുവരെ തന്‍റെ ദേശീയ ടീമിനെ നയിച്ചത്. പത്തിലും ജയിച്ചു, ഒന്നിൽ സമനില. ഇതുവരെ തോൽവിയറിയാത്ത ഒരു ക്യാപ്റ്റന്‍റെ ഉയരമളന്നപ്പോൾ ബുംറയ്ക്കും ഋഷഭിനും തെറ്റിപ്പോയെന്നു സാരം.