28 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹൽ പ്ലെയർ ഒഫ് ദ മാച്ച്

 
IPL

20 വിക്കറ്റും വീണ മത്സരത്തിൽ കോൽക്കത്തക്കെതിരേ പഞ്ചാബ് നേടിയത് റെക്കോഡ് ജയം

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്സ് 15.3 ഓവറിൽ 111 റൺസിന് ഓൾഔട്ട്. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 15.1 ഓവറിൽ 95 റൺസിന് ഓൾഔട്ട്. പഞ്ചാബിന് 16 റൺസ് ജയം.

മുല്ലൻപുർ: ടി20 ക്രിക്കറ്റ് ബാറ്റർമാരുടെ കളിയായി മാറിക്കഴിഞ്ഞെന്നു പറയാറുണ്ട്, പ്രത്യേകിച്ച് ഐപിഎൽ. എന്നാൽ, ബാറ്റർമാർക്കു പകരം ബൗളർമാർ അരങ്ങുവാണ അപൂർവമായൊരു ദിവസം, കളിച്ച രണ്ടു ടീമും ഓൾഔട്ടായ ദിവസം, ഒരു ബാറ്റർ പോലും അർധ സെഞ്ചുറി നേടാത്ത ദിവസം, 111 റൺസ് വിജയകരമായി പ്രതിരോധിക്കാൻ ഒരു ടീമിനു സാധിച്ചിരിക്കുന്നു.

കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്സ് 15.3 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. എന്നാൽ, എതിരാളികളെ 15.1 ഓവറിൽ 95 റൺസിന് എറിഞ്ഞിട്ട് അവർ പതിനാറ് റൺസിന്‍റെ വിജയം ആഘോഷിച്ചു. ഐപിഎല്ലിന്‍റെ ചരിത്രത്തിൽ തന്നെ വിജയകരമായി പ്രതിരോധിക്കുന്ന ഏറ്റവും കുറഞ്ഞ ടോട്ടലാണിത്. ഫോമിലേക്കു തിരിച്ചെത്തിയ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ 28 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത് പ്ലെയർ ഒഫ് ദ മാച്ച് പുരസ്കാരവും ഏറ്റുവാങ്ങി.

പതിവുപോലെ വെടിക്കെട്ട് തുടക്കമായിരുന്നു പഞ്ചാബിന്‍റേത്. പ്രിയാംശ് ആര്യയും (11 പന്തിൽ 22) പ്രഭ്സിമ്രൻ സിങ്ങും (15 പന്തിൽ 30) ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് 3.2 ഓവറിൽ 39 റൺസ് ചേർത്താണ് പിരിഞ്ഞത്. എന്നാൽ, ഇവർ ഇരുവരെയും കൂടാതെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ (0) കൂടി പുറത്താക്കിയ ഹർഷിത് റാണ പഞ്ചാബിന് കടിഞ്ഞാണിട്ടു.

പിന്നീട് വന്നവരിൽ നെഹാൽ വധേര (10), ശശാങ്ക് സിങ് (18), സേവ്യർ ബാർട്ട്ലെറ്റ് (11) എന്നവർക്കു മാത്രമാണ് രണ്ടക്ക സ്കോർ നേടാനായത്. മിസ്റ്ററി സ്പിൻ ദ്വയം വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വൈഭവ് അറോറയ്ക്കും ടീമിൽ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർക്കിയക്കും ഓരോ വിക്കറ്റ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയ്ക്ക് ഓപ്പണർമാരായ സുനിൽ നരെയ്നെയും (5) ക്വിന്‍റൺ ഡികോക്കിനെയും (2) പെട്ടെന്നു തന്നെ നഷ്ടമായി. തുടർന്ന് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (17) യുവതാരം അംഗ്കൃഷ് രഘുവംശിയും (39) ചേർന്ന് സ്കോർ 62 വരെയെത്തിച്ചപ്പോൾ കോൽക്കത്തയ്ക്ക് ആശങ്കകളില്ല.

പക്ഷേ, രഹാനെ, രഘുവംശി, റിങ്കു സിങ്, രമൺദീപ് സിങ് എന്നിവരെ തിരിച്ചയച്ച ചഹൽ കളി പഞ്ചാബിന്‍റെ വഴിക്ക് കൊണ്ടുവന്നു. ചഹലിന്‍റെ അവസാന ഓവറിൽ ഒരു ഫോറും രണ്ടു സിക്സും നേടിയ ആന്ദ്രെ റസൽ ഭീഷണി ഉയർത്തിയെങ്കിലും, മാർക്കോ യാൻസന്‍റെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി. 17 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ യാൻസനും മികച്ച പ്രകടനം പുറത്തെടുത്തു. സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിങ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റ് നേടി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി