ഫിഫ ലോകകപ്പ് ടിക്കറ്റ് നിരക്കിൽ വൻ വർധന.

 

Representative graphics

Sports

ലോകകപ്പ് ടിക്കറ്റ് നിരക്ക്: ഫുട്ബോൾ ആരാധകർക്ക് ഫിഫയുടെ ഇരുട്ടടി

ഫുട്ബോൾ ലോകകപ്പ് ടിക്കറ്റുകളുടെ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചതോടെ, ഫിഫക്കെതിരേ ഫുട്ബോൾ ആരാധകരുടെ രോഷം അണപൊട്ടുന്നു

Sports Desk

2026ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന്‍റെ ടിക്കറ്റ് നിരക്കുകൾ ഫിഫ പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ രോഷത്തിൽ. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് 180 ഡോളർ മുതൽ 700 ഡോളർ വരെയും, ഫൈനലിന് ഏറ്റവും കുറഞ്ഞത് 4,185 ഡോളറുമാണ് വില. മുൻപ് ഫിഫ വാഗ്ദാനം ചെയ്ത 60 ഡോളർ ടിക്കറ്റ് നിരക്കിൽനിന്നും വലിയ വർധനവാണിത്. ആരാധക സംഘടനയായ ഫുട്ബോൾ സപ്പോർട്ടേഴ്സ് യൂറോപ്പ് (FSE) ഈ നിരക്കുകൾക്കെതിരേ പ്രതിഷേധിച്ചു, ലോകകപ്പിന്‍റെ പാരമ്പര്യം മാനിക്കാൻ ഫിഫയോട് ആവശ്യപ്പെട്ടു. ടിക്കറ്റ് വിൽപനയുടെ മൂന്നാം ഘട്ടം "റാൻഡം സെലക്ഷൻ ഡ്രോ" വഴി ആരംഭിച്ചിട്ടുണ്ട്.

വാഷിങ്ടൺ: ഫുട്ബോൾ ലോകകപ്പ് ടിക്കറ്റുകളുടെ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചതോടെ, ഫിഫക്കെതിരേ ഫുട്ബോൾ ആരാധകരുടെ രോഷം അണപൊട്ടുന്നു. ഓരോ രാജ്യത്തിന്‍റെയും ടീമുകളുടെ ഏറ്റവും പ്രിയപ്പെട്ട ആരാധകർക്ക് വിൽക്കുന്നതിനായി മൊത്തം ടിക്കറ്റുകളുടെ എട്ടു ശതമാനം ഫിഫ ദേശീയ അസോസിയേഷനുകൾക്ക് അനുവദിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജർമൻ ഫുട്ബോൾ ഫെഡറേഷൻ പുറത്തുവിട്ട പുതിയ വിലവിവര പട്ടിക അനുസരിച്ച്, ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് 180 ഡോളർ (ഏകദേശം 16,000 രൂപ) മുതൽ 700 ഡോളർ (63,000 രൂപ) വരെയാണ് വില. ഫൈനലിന് ഏറ്റവും കുറഞ്ഞ വില 4,185 ഡോളറും (3.78 ലക്ഷം രൂപ) കൂടിയ വില 8,680 ഡോളറുമാണ് (7.84 ലക്ഷം രൂപ).

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് 60 ഡോളർ ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ഫിഫ മുൻപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുകൾ ഇതിൽ നിന്നു വളരെ കൂടുതലാണ്. ടൂർണമെന്‍റിനായി ഏഴ് വർഷം മുൻപ് ലേലം വിളിക്കുമ്പോൾ, ഉദ്ഘാടന ഘട്ടത്തിലെ നൂറുകണക്കിന് ടിക്കറ്റുകൾ 21 ഡോളറിന് നൽകാനാണ് യുഎസിലെ ഫുട്ബോൾ ഉദ്യോഗസ്ഥർ ലക്ഷ്യമിട്ടിരുന്നത്.

പുതിയ നിരക്കിനെ 'കൊള്ള' എന്നാണ് ആരാധക സംഘടനയായ ഫുട്ബോൾ സപ്പോർട്ടേഴ്സ് യൂറോപ്പ് (FSE) വിശേഷിപ്പിച്ചത്. ''ഇതൊരു അപകടകരമായ വഞ്ചനയാണ്. ലോകകപ്പിന്‍റെ പാരമ്പര്യത്തെ അവഗണിക്കുന്നതും, കാണികൾ അതിന്‍റെ മനോഹാരിതയ്ക്കു നൽകുന്ന സംഭാവനയെ തള്ളിക്കളയുന്നതുമാണ്'' - FSE പ്രസ്താവനയിൽ പറഞ്ഞു.

ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ (FA) പങ്കുവെച്ച വിലവിവരം അനുസരിച്ച്, ഒരു ആരാധകൻ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെയുള്ള എല്ലാ മത്സരങ്ങൾക്കും ടിക്കറ്റ് വാങ്ങിയാൽ 7,000 ഡോളറിലധികം (6.32 ലക്ഷം രൂപ) ചെലവ് വരും.

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് 60 ഡോളർ മുതൽ ഫൈനലിന് 6,730 ഡോളർ വരെയാകും ടിക്കറ്റ് വിലയെന്നാണ് സെപ്റ്റംബറിൽ ഫിഫ അറിയിച്ചിരുന്നത്. ലോകകപ്പിൽ ആദ്യമായി ഡൈനാമിക് വിലനിർണയം (Dynamic Pricing) ഏർപ്പെടുത്തുന്നതിനാലാണ് വിലകളിൽ മാറ്റം വരുന്നത്. മികച്ച സീറ്റുകൾ കാറ്റഗറി 1-ൽ ഉൾപ്പെടുത്തി നാല് വിഭാഗങ്ങളിലായാണ് ഫിഫ ടിക്കറ്റുകൾ വിൽക്കുന്നത്.

ഹൂസ്റ്റണിൽ കുറക്കാവോക്കെതിരേ നടക്കുന്ന ജർമ്മനിയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിന് ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 180 ഡോളറാണ്. സെമിഫൈനലിന് ഏറ്റവും കുറഞ്ഞ വില 920 ഡോളറും, അത് 1,125 ഡോളർ വരെ വർധിക്കുന്നുമുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടൂർണമെന്‍റിനുള്ള നറുക്കെടുപ്പിന് ശേഷം പുതുക്കിയ മത്സരക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിലൂടെ ലയണൽ മെസിയെപ്പോലുള്ള താരങ്ങളും അർജന്‍റീനയും എപ്പോൾ, എവിടെ കളിക്കുമെന്ന് ആരാധകർക്ക് അറിയാൻ സാധിക്കും. യോഗ്യതാ മത്സരങ്ങൾ പൂർത്തിയാകാത്തതിനാലും നറുക്കെടുപ്പ് നടക്കാത്തതിനാലും മുൻപ് നടന്ന ടിക്കറ്റ് ബാലറ്റുകൾ 'ബ്ലൈൻഡ്' (blind) ആയിരുന്നു.

ഇപ്പോൾ പങ്കാളിത്ത രാജ്യങ്ങളെ ഗ്രൂപ്പുകളായി തിരിച്ച്, ടൂർണമെന്‍റിലൂടെയുള്ള അവരുടെ മുന്നോട്ടുള്ള വഴി തീരുമാനിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അർജന്‍റീനയും പോർച്ചുഗലും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാമതെത്തിയാൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്വാർട്ടർ ഫൈനലിൽ കാൻസസ് സിറ്റിയിൽ വെച്ച് ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.

യു.എസ് അവസാനമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ച 1994-ൽ ടിക്കറ്റ് നിരക്കുകൾ 25 ഡോളർ മുതൽ 475 ഡോളർ വരെയായിരുന്നു. 2022-ൽ ഖത്തറിൽ ടിക്കറ്റ് വിവരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏകദേശം 70 ഡോളർ മുതൽ 1,600 ഡോളർ വരെയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ