ഉറുഗ്വെ വിങ്ങർ മാക്സി അറൗഹോ.

 

ഉറുഗ്വെ - സൗദി അറേബ്യ മത്സരത്തിൽനിന്ന്.

FIFA World Cup

ലോകകപ്പിൽ ഗോളടിച്ച ആദ്യ 'ഇന്ത്യക്കാരൻ'

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജന്‍റെ ഗോൾ; ഉറുഗ്വെയെ കാത്തത് ഗോവൻ കരുത്ത്!

Sports Desk

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി, ഇന്ത്യയിൽ വേരുകളുള്ള ഒരു കളിക്കാരൻ ഗോളടിച്ചു- മാക്സി മിലിയാനോ അറൗഹോ. ഗ്രൂപ്പ് എച്ച് മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഉറുഗ്വേയ്ക്കായി സമനില ഗോൾ നേടിയ 26 വയസുകാരൻ, ഗോവയിലെ ലൂട്ടോളിം ഗ്രാമത്തിൽ നിന്നുള്ള മുത്തശ്ശൻ റെഡുവൽഡോ അറൗഹോയിലൂടെ ഇന്ത്യയുമായി ബന്ധപ്പെടുന്നു. ഇന്ത്യൻ ടീമിന് ലോകകപ്പിൽ കളിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ നേട്ടം ആരാധകർക്ക് അഭിമാന നിമിഷമായി.

ഫിഫ ലോകകപ്പ് വേദിയിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന ഒരു അപൂർവ ചരിത്രം പിറന്നിരിക്കുകയാണ്. ഫുട്ബോൾ ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ വംശജനായ കളിക്കാരൻ ഗോൾ വല ചലിപ്പിച്ചിരിക്കുന്നു. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഉറുഗ്വേക്കായി സമനില ഗോൾ നേടിയ വിങ്ങർ മാക്സി മിലിയാനോ അറൗഹോയാണ് (Maxi Araujo) ഈ ചരിത്ര നേട്ടത്തിന് ഉടമയായത്.

മത്സരത്തിന്‍റെ 79-ാം മിനിറ്റിൽ ഉറുഗ്വേ പരാജയത്തിലേക്ക് നീങ്ങവെയാണ് താരം രക്ഷകനായി അവതരിച്ച് ഗോൾ നേടുന്നത്. പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് സിപിയുടെ താരമായ ഈ 26 വയസുകാരന് ഇന്ത്യയിൽ, പ്രത്യേകിച്ച് ഗോവയിൽ വേരുകളുണ്ട്.

ആ ബന്ധം ഇങ്ങനെ

മാക്സി അറൗഹോയുടെ മുത്തശ്ശൻ റെഡുവൽഡോ അറൗഹോ ദക്ഷിണ ഗോവയിലെ ലൂട്ടോളിം എന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി വർഷങ്ങൾക്ക് മുൻപ് ഗോവയിൽ നിന്ന് ആഫ്രിക്കയിലെ അംഗോളയിലേക്കും പിന്നീട് ബ്രസീലിലേക്കും കുടിയേറിയ അദ്ദേഹം ഒടുവിലാണ് ഉറുഗ്വേയിലെ റിവേറയിൽ സ്ഥിരതാമസമാക്കുന്നത്. അവിടെയാണ് മാക്സി അറൗഹോ ജനിച്ചുവളർന്നത്.

2023-ൽ ഉറുഗ്വേ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഈ ലെഫ്റ്റ് വിങ്ങർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടീമിലെ നിർണായക സാന്നിധ്യമായി മാറി. 2024 കോപ്പ അമെരിക്കയിൽ ഉറുഗ്വേക്കായി രണ്ട് ഗോളും നേടി താരം തിളങ്ങിയിരുന്നു.

ലോകകപ്പ് പ്രകടനം

മയാമിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ അബ്ദുല്ലേല അൽ-അമ്രിയുടെ ഗോളിലൂടെ സൗദി അറേബ്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, രണ്ടാം പകുതിയിൽ ഉറുഗ്വേ ശക്തമായി തിരിച്ചടിച്ചു. ഫെഡറിക്കോ വിനാസിന്‍റെ ഹെഡ്ഡർ സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് തടുത്തിട്ടെങ്കിലും, റീബൗണ്ടിൽ നിന്ന് പന്ത് വലയിലെത്തിച്ച് മാക്സി അറൗഹോ ഉറുഗ്വേയ്ക്ക് വിലപ്പെട്ട ഒരു പോയിന്‍റ് സമ്മാനിക്കുകയായിരുന്നു.

ഇന്ത്യൻ ദേശീയ ടീമിന് ഇതുവരെ ലോകകപ്പ് കളിക്കാൻ സാധിച്ചിട്ടില്ലെങ്കിലും, ഉറുഗ്വേൻ ജേഴ്സിയിൽ ഒരു ഇന്ത്യൻ രക്തം ഗോൾ നേടി ചരിത്രം കുറിച്ചത് ലോകമെമ്പാടുമുള്ള ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനിക്കാനുള്ള വക നൽകുന്നു.

മാസപ്പടിക്കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി വീണ വിജയൻ

'വീട്ടിൽ പോയി ചോദിക്ക്' എന്ന പരാമർശം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി; പിണറായി വിജയനെതിരേ രൂക്ഷ വിമർശനം

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; പുട്ട വിമലാദിത‍്യ ഉത്തരമേഖലാ ഐജി

'370 രൂപ ബിരിയാണി വിവാദം': സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണിത് മോറെയ്ക്കും ഹിമാൻഷു ജാൻഗ്രയ്ക്കുമെതിരേ കേസ്

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്: സെഷൻസ് കോടതിയുടെ കണ്ടെത്തൽ വസ്തുതാവിരുദ്ധമെന്ന് എസ്ഐടി