അർഷ്ദീപ് സിങ്
ഓവൽ: വ‍്യാഴാഴ്ച ഇംഗ്ലണ്ടിനെതിരേ ആരംഭിക്കാനിരിക്കുന്ന ഓവൽ ടെസ്റ്റിൽ ഇന്ത‍്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ‍്യതയെന്ന് റിപ്പോർട്ട്. യുവതാരം അൻഷുൽ കാംഭോജിനു പകരം പേസർ പ്രസിദ്ധ് കൃഷണയെ ടീമിന്‍റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ അർഷ്ദീപ് സിങ്ങിന് ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
പരിചയസമ്പത്തുള്ള ബൗളറെ ഇന്ത‍്യ ടീമിൽ ഉൾപ്പെടുത്താനാണ് സാധ‍്യത. ബാറ്റിങ് നിര ശക്തമാക്കാനായി ശാർദൂൽ ഠാക്കൂറിനു പകരം ഇന്ത‍്യ മലയാളി താരം കരുൺ നായരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ കുൽദീപ് യാദവിന് അവസരം നഷ്ടമായേക്കും. എന്നാൽ റിപ്പോർട്ടുകൾ ഇതുവരെ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നാലാം ടെസ്റ്റിനിടെ പരുക്കേറ്റ ഋഷഭ് പന്തും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും കളിച്ചേക്കില്ലെന്നാണ് വിവരം. ബുംറയ്ക്ക് വിശ്രമം അനുവദിക്കാനാണ് ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം. ബുംറയ്ക്ക് പകരം ആകാശ് ദീപും ഋഷഭ് പന്തിന് പകരം ധ്രുവ് ജുറലായിരിക്കും ഇന്ത‍്യയുടെ പ്ലെയിങ് ഇലവനിലെത്തുന്നത്.
അതേസമയം അഞ്ചാം ടെസ്റ്റിൽ സ്പിന്നർമാരായി സുന്ദറും ജഡേജയും ടീമിലുണ്ടെന്നായിരുന്നു ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.