Representative image of team India 
Sports

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സർപ്രൈസ് ചേഞ്ച്?

ഇംഗ്ലണ്ട് ഇത്തരത്തിൽ ജേസൺ റോയിക്കു പകരം ഹാരി ബ്രൂക്കിനെ ടീമിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഓസ്ട്രേലിയ ട്രാവിസ് ഹെഡ്ഡിനു പകരം മാർനസ് ലബുഷെയ്നെ ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്നു.

സ്പോർട്‌സ് ലേഖകൻ

ലോകകപ്പിനുള്ള പ്രാഥമിക പട്ടിക സമർപ്പിക്കാനുള്ള സമയം മാത്രമാണ് സെപ്റ്റംബർ അഞ്ചിന് അവസാനിച്ചത്. ഇതിൽ മാറ്റം വരുത്തി അന്തിമ പട്ടിക നൽകാൻ 28 വരെ സമയമുണ്ട്. ഇംഗ്ലണ്ട് ഇത്തരത്തിൽ ജേസൺ റോയിക്കു പകരം ഹാരി ബ്രൂക്കിനെ ടീമിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഓസ്ട്രേലിയ ട്രാവിസ് ഹെഡ്ഡിനു പകരം മാർനസ് ലബുഷെയ്നെ ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്നു. ഇന്ത്യയും ഇങ്ങനെയൊരു സർപ്രൈസ് മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ ഏഷ്യ കപ്പിനു ശേഷം നൽകിയ അഭിമുഖത്തിൽനിന്നു കിട്ടുന്ന സൂചന.

ആർ. അശ്വിനുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും, അദ്ദേഹം ലോകകപ്പ് ടീമിലെത്താൻ ഇനിയും സാധ്യത അവശേഷിക്കുന്നു എന്നുമാണ് രോഹിത് പറഞ്ഞത്. അതേസമയം, ഏഷ്യ കപ്പ് ഫൈനലിനുള്ള ടീമിൽ പരുക്കേറ്റ അക്ഷർ പട്ടേലിനു പകരം വാഷിങ്ടൺ സുന്ദറിനെയാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ലോകകപ്പ് ടീമിലേക്ക് ഇനിയൊരു സ്പിന്നറുടെ ഒഴിവ് വന്നാൽ ആദ്യ പരിഗണന അശ്വിനു തന്നെയായിരിക്കും എന്നാണ് രോഹിത് പറയാതെ പറയുന്നത്. സുന്ദർ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിൽ അംഗമാണ്. അതിന്‍റെ ഭാഗമായി ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിലായിരുന്നു. മത്സരസജ്ജനായിരുന്നതിനാലാണ് പെട്ടെന്ന് ശ്രീലങ്കയിലേക്കു വരുത്തിയത് എന്നും രോഹിത് വിശദീകരിച്ചിരുന്നു. അക്ഷറിനു പകരം വന്നെങ്കിലും സുന്ദർ ഫൈനൽ ഇലവനിൽ ഉൾപ്പെട്ടിരുന്നില്ല.

ഇന്ത്യ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ ഉയർന്ന ഏറ്റവും പ്രധാന വിമർശനം വലങ്കയ്യൻ സ്പിന്നർ ഇല്ല എന്നതായിരുന്നു. രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന, ഒരേ പാറ്റേണിലുള്ള ഇടങ്കയ്യൻ സ്പിന്നർമാരാണ്. പന്തിന്‍റെ ടേണിനെക്കാൾ സ്ട്രെയ്റ്റർ ഡെലിവറികളിലൂടെ വിക്കറ്റെടുക്കാൻ ശ്രമിക്കുന്നവർ. കുൽദീപ് യാദവാകട്ടെ, ഇവരുടെ എതിർ ദിശയിൽ പന്ത് തിരിക്കുന്ന ചൈനാമാൻ ബൗളറാണ്. അതായത്, വലങ്കയ്യൻ ഓഫ്സ്പിന്നറുടെ അതേ രീതിയിലുള്ള ടേൺ. എന്നാൽ, ഓഫ്സിന്നർക്കു ലഭിക്കുന്ന ആംഗിൾ ഇടങ്കയ്യനായ കുൽദീപിനു ലഭിക്കുകയുമില്ല.

ഈ സാഹചര്യത്തിലാണ് ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെയോ ഓഫ് സ്പിന്നർ ആർ. അശ്വിനെയോ ടീമിൽ ഉൾപ്പെടുത്താമായിരുന്നു എന്ന അഭിപ്രായമുയർന്നത്. ബാറ്റിങ് മികവാണ് ചഹലിനു മേൽ അശ്വിനുള്ള ആനുകൂല്യം. ചഹൽ സമീപ കാലത്ത് മാച്ച് വിന്നിങ് പ്രകടനങ്ങളൊന്നും നടത്തിയിട്ടുമില്ല.

ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ പതിവുകാരനല്ലാതിരുന്നിട്ടും കഴിഞ്ഞ ട്വന്‍റി20 ലോകകപ്പിനുള്ള ടീമിൽ അശ്വിനെ ഉൾപ്പെടുത്തിയിരുന്നു. ഇത്തവണ അക്ഷർ പട്ടേലിനു പരുക്കു കൂടിയുള്ള സാഹചര്യത്തിൽ അശ്വിന്‍റെ സാധ്യത കൂടുതൽ തെളിയുകയാണ്.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് 30 ലക്ഷം കവർന്നു; പേടിഎം ജീവനക്കാർ അറസ്റ്റിൽ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി