ജസ്പ്രീത് ബുംറ

 

File

Sports

നാലാം ടെസ്റ്റ്: ബുംറയുടെ കാര്യത്തിൽ കൺഫ്യൂഷൻ

ഇടങ്കയ്യൻ പേസ് ബൗളർ അർഷദീപ് സിങ്ങിന് പരിശീലനത്തിനിടെ പരുക്കേറ്റത് ടീം സെലക്ഷൻ കൂടുതൽ സങ്കീർണമാക്കുന്നു

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഏതിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ കളിപ്പിക്കണമെന്ന കാര്യത്തിൽ ഇന്ത്യൻ ടീം മാനെജ്മെന്‍റ് ആശ‍യക്കുഴപ്പത്തിൽ. വെള്ളിയാഴ്ച നെറ്റ് പ്രാക്റ്റിസിനിടെ ഇടങ്കയ്യൻ പേസ് ബൗളർ അർഷദീപ് സിങ്ങിനു പരുക്കേറ്റത് സെലക്ഷൻ കൂടുതൽ സങ്കീർണമാക്കുന്നു.

ജൂലൈ 23ന് ഓൾഡ് ട്രാഫഡിലാണ് നാലാം ടെസ്റ്റ് തുടങ്ങുന്നത്. 31ന് ഓവലിൽ അഞ്ചാം ടെസ്റ്റിനും തുടക്കമാകും. പരമ്പരയിൽ 2-1നു പിന്നിലായ ഇന്ത്യയ്ക്ക് ഇരു ടെസ്റ്റുകളും അതിനിർണായകം. ജോലി ഭാരം കുറയ്ക്കുന്നതിനും പരുക്കിൽ നിന്ന് അകറ്റി നിർത്തുന്നതിനും പരമ്പരയിൽ മൂന്നു ടെസ്റ്റുകളിൽ മാത്രമേ ബുംറയെ കളിപ്പിക്കൂ എന്ന് സെലക്റ്റർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹെഡിങ്‌ലിയിലെ ഒന്നാം ടെസ്റ്റിൽ കളിച്ച ബുംറ എഡ്ജ്ബാസ്റ്റണിലെ രണ്ടാം മത്സരത്തിൽ കരയ്ക്കിരുന്നു. ഒന്നാം ടെസ്റ്റിനുശേഷം എട്ടു ദിവസത്തെ ഇടവേള ലഭിച്ചിട്ടും ബുംറയ്ക്ക് വിശ്രമം അനുവദിച്ച ടീം മാനെജ്മെന്‍റിന്‍റെ തീരുമാനം വിമർശന വിധേയമായിരുന്നു. അതേസമയം, ബുംറയില്ലെങ്കിലും എഡ്ജ്ബാസ്റ്റണിലെ ഉശിരൻ ജയത്തോടെ ഇന്ത്യ പരമ്പരയിൽ തിരിച്ചെത്തിയിരുന്നു.

ലോർഡ്സിൽ ടീമിലേക്ക് തിരിച്ചെത്തിയ ബുംറ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുമായി ഇംഗ്ലണ്ടിന് കൂച്ചുവിലങ്ങിട്ടു. രണ്ടാം ഇന്നിങ്സിൽ രണ്ട് ഇരകളെയും ബുംറയ്ക്ക് ലഭിച്ചു. മൂന്നാം ടെസ്റ്റും നാലാം ടെസ്റ്റും തമ്മിലും എട്ടു ദിവസങ്ങളുടെ ഇടവേളയുണ്ട്. അതിനാൽത്തന്നെ ബുംറ ഓൾഡ് ട്രാഫഡിൽ കളിക്കണമെന്ന് അഭിപ്രായമാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ ഉയരുന്നത്.

‌വിയർപ്പൊഴുക്കി സിറാജ്

ബുംറയുടെ ജോലി ഭാരത്തെക്കുറിച്ച് ആശങ്കപ്പെടുത്തിനൊപ്പം തന്നെ രണ്ടാം സ്ട്രൈക്ക് ബൗളറായ മുഹമ്മദ് സിറാജിനെയും പരിഗണിക്കണം. ആറ് ഇന്നിങ്സുകളിലായി 109 ഓവറാണ് സിറാജ് എറിഞ്ഞത്. ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും കൂടതൽ ജോലിഭാരം താങ്ങിയതും സിറാജ് തന്നെ. 13 പേരെ പുറത്താക്കി വിക്കറ്റ് വേട്ടയിൽ ഒന്നാമത് നിൽക്കുന്ന സിറാജിന്‍റെ ജോലി ഭാരം കുറയ്ക്കേണ്ടതും അനിവാര്യമാണ്. ബുംറ ഇല്ലെങ്കിൽ സിറാജ് അധികം വി‌യർപ്പൊഴുക്കേണ്ടിവരുമെന്നതിൽ തർക്കമില്ല.

വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങിയ ബുംറയും ആകാശ് ദീപും സിറാജും പന്തെറിഞ്ഞില്ല. മൂവരും വ്യായാമത്തിൽ ഏർപ്പെടുകയാണ് ചെയ്ത്. അതിനിടെയാണ് ഇടങ്കയൻ പേസർ അർഷദീപ് സിങ്ങിനു പരുക്കേറ്റത്. പന്ത് തടുക്കാനുള്ള ശ്രമത്തിനിടെയാണ് അർഷദീപിന്‍റെ ഇടതു കൈവിരലിന് പരുക്കേറ്റത്. പരിശീലനക്കളംവിട്ട അർഷദീപ് പ്രാഥമിക ചികിത്സയ്ക്ക് വിധേയനായി. നാലാം ടെസ്റ്റിൽ അർഷദീപിന് അവസരം നൽകാനായിരുന്നു നീക്കം. എന്നാൽ, താരത്തിന്‍റെ മുറിവിൽ തുന്നൽ ഇടേണ്ടിവന്നാൽ കളിക്കാനുള്ള സാധ്യത കുറയും. അങ്ങനെയെങ്കിലും ഓൾഡ് ട്രാഫോർഡിൽ ബുംറ ഇറങ്ങേണ്ടിവരുമെന്നാണ് സൂചന. അർഷദീപ് കളിച്ചാൽ ബുംറയുടെയും സിറാജിന്‍റെ അധ്വാനഭാരം കുറയുമെന്നാണ് വിലയിരുത്തപ്പെട്ടത്.

അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ റെഡ് അലർട്ട്

ആലുവയിൽ രണ്ട് വിദ്യാർഥിനികള്‍ക്ക് എച്ച്‌1എന്‍1

മരിച്ചവരുടെ ആധാർ അസാധുവാക്കാൻ നടപടി

അന്ത്യചുംബനം നൽകാൻ അമ്മയെത്തും...

നടരാജ ശില്‍പ്പത്തിന്‍റെ പേരിലുള്ള പണം തട്ടിപ്പ് കേസ് വ്യാജം