മത്സരത്തിൽ നിന്ന്
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഇന്ത‍്യയ്ക്ക് ജയം. മഴമൂലം 25 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് വിജയലക്ഷ‍്യം 22.5 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ ഇന്ത‍്യ മറികടന്നു. ഇന്ത‍്യയ്ക്കു വേണ്ടി ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധസെഞ്ചുറി നേടി.
66 പന്തിൽ 11 ബൗണ്ടറിയും 2 സിക്സും അടക്കം 84 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഗില്ലിനു പുറമെ ഇഷാൻ കിഷൻ (34) തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. രോഹിത് ശർമ 16 റൺസിന് റണ്ണൗട്ടായപ്പോൾ ശ്രേയസ് അയ്യർ 12 റൺസെടുത്ത് മടങ്ങി.
അഫ്ഗാനിസ്ഥാനു വേണ്ടി റാഷിദ് ഖാനും സിയ ഉർ റഹ്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. അഫ്ഗാനിസ്ഥാനെതിരേ ഇന്ത‍്യൻ ബാറ്റർമാർ പതറുന്ന കാഴ്ചയാണ് തുടക്കം മുതൽ കാണാനായത്. പവർപ്ലേ പൂർത്തിയായപ്പോൾ 40 റൺസുണ്ടായിരുന്നുവെങ്കിലും വളരെ പ്രയാസപ്പെട്ടാണ് ഓപ്പണർമാരായ ഗില്ലും രോഹിത് ശർമയും റൺസ് കണ്ടെത്തിയത്. ഒന്നാം വിക്കറ്റിൽ 46 റൺസ് പടുത്തുയർത്തിയ ശേഷമാണ് രോഹിത് റണ്ണൗട്ടായി പുറത്താകുന്നത്.
പിന്നീട് രണ്ടാം വിക്കറ്റിൽ ഗിൽ- ഇഷാൻ സഖ‍്യം 33 പന്തിൽ 50 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ റൺസ് ഉയർന്നു. എന്നാൽ 12.5 ഓവറിൽ റാഷിദ് ഖാൻ എറിഞ്ഞ ഗൂഗ്ലി സ്റ്റെപ്പ് ഔട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ച ഇഷാൻ ക്ലീൻ ബൗൾഡായി. പിന്നാലെയെത്തിയ ശ്രേയസിനും കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നത് ആരാധകരെ നിരാശയിലാക്കി. ഒരുവശത്ത് വിക്കറ്റ് കളയാതെ ക‍്യാപ്റ്റൻ ഗിൽ നിലയുറപ്പിച്ചതാണ് ഇന്ത‍്യയ്ക്ക് തുണയായത്. ഗില്ലിനെ പിന്തുണച്ച് കെ.എൽ. (രാഹുലും 19 പന്തിൽ 39 നോട്ടൗട്ട്) മറുവശത്ത് മിന്നൽ പ്രകടനം കാഴ്ചവച്ചതോടെ ഇന്ത‍്യ വിജയത്തിലേക്ക് കുതിച്ചു.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 194 റൺസിന് ഓൾഔട്ടായി. ഓപ്പണിങ് ബാറ്റർ റഹ്മാനുള്ള ഗുർബാസിന്‍റെ (102) സെഞ്ചുറിയാണ് അഫ്ഗാനിസ്ഥാനെ കൂറ്റൻ സ്കോറിലെത്തിച്ചത്. 8 ബൗണ്ടറിയും 8 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. ഗുർബാസിനു പുറമെ ക‍്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിക്ക് മാത്രമാണ് അഫ്ഗാൻ നിരയിൽ തിളങ്ങാനായത്. ഇബ്രാഹിം സദ്രാൻ (1), സെദിഖുള്ള അടൽ (0) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.
റഹ്മത് ഷാ 3 റൺസ് നേടി പുറത്തായി. ഇന്ത‍്യയ്ക്കു വേണ്ടി ഹർഷ് ദുബെയും ഗുർനുർ ബ്രാറും മൂന്നു വിക്കറ്റും അർഷ്ദീപ് സിങ്, നിതീഷ് കുമാർ റെഡ്ഡി, എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്കോർബോർഡിൽ 13 റൺസ് ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. ഇബ്രാഹിം സദ്രാനെ പുറത്താക്കികൊണ്ട് കന്നി ഏകദിന മത്സരം കളിച്ച ഗുർനുർ ബ്രാർ ആണ് കൂട്ടുകെട്ട് പൊളിച്ചത്.
ആദ‍്യ പന്ത് തന്നെ ഔട്ട് സ്വിങ്ങിങ് യോർക്കർ എറിഞ്ഞായിരുന്നു ഗുർനുർ ഓവർ തുടങ്ങിയത്. ഗുഡ് ലെങ്ത്ത് ഡെലിവറികൾ നിരന്തരം എറിഞ്ഞ് അഫ്ഗാൻ ബാറ്റർമാരെ ഗുർനുർ പ്രതിരോധത്തിലാക്കിയെങ്കിലും റഹ്മാനുള്ള ഗുർബാസിനെ തളയ്ക്കാനായില്ല. തുടക്കം മുതൽ ആക്രമണോത്സുക പുറത്തെടുത്ത് ഗുർബാസ് ബാറ്റേന്തി.
എന്നാൽ 2.3 ഓവറിൽ സെദിഖുള്ള അടലിനെയും 4.3 ഓവറിൽ റഹ്മത്ത് ഷായെയും അർഷ്ദീപ് സിങ് പുറത്താക്കിയതോടെ ടീം പ്രതിരോധത്തിലായി. ഇതിനിടെ റ്ഹ്മാനുള്ള ഗുർബാസ് അർഷ്ദീപ് സിങ് എറിഞ്ഞ പന്തിൽ എൽബിഡബ്ല‍്യുവിൽ കുടുങ്ങിയെങ്കിലും ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ റിവ‍്യുവിന് മുതിരാതിരുന്നത് തിരിച്ചടിയായി. ഗുർനുർ ബ്രാറിനൊപ്പം അരങ്ങേറ്റ മത്സരം കളിച്ച ഹർഷ് ദുബെയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ‍്യ ഓവറിൽ തന്നെ ഗുർബാസും ഹഷ്മത്തുള്ളയും ചേർന്ന് 16 റൺസാണ് അടിച്ചെടുത്തത്. തന്‍റെ രണ്ടാം ഓവറിൽ ഗുർനുർ ബ്രാറിന് റഹ്മാനുള്ള ഗുർബാസിന്‍റെ ക‍്യാച്ച് ലഭിച്ചെങ്കിലും കൈവിട്ട് കളഞ്ഞു.
പിന്നീട് അവസാന ഓവറുകളിലാണ് താരത്തിന് വിക്കറ്റ് ലഭിച്ചത്. ഗുർബാസിനെ പൂട്ടാൻ പ്രസിദ്ധ് കൃഷ്ണയെയും വാഷിങ്ടൺ സുന്ദറിനെയും മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനായില്ല. ആദ‍്യ ഓവർ എറിഞ്ഞ വാഷിങ്ടൺ സുന്ദറിനെ 19 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്. രണ്ട് സിക്സും 2 ബൗണ്ടറിയുമാണ് സുന്ദറിനെതിരേ ഗുർബാസ് പറത്തിയത്. ഒടുവിൽ 15.3 ഓവറിലാണ് നിതീഷ് കുമാർ റെഡ്ഡി ഗുർബാസിനെ പുറത്താക്കി അഫ്ഗാനിസ്ഥാൻ റൺവേട്ടയ്ക്ക് തടയിട്ടത്. 16.3 ഓവറിൽ ഹഷ്മത്തുള്ള ഷാഹിദിയെ ഹർഷ് ദുബെയും പുറത്താക്കിയതോടെ അഫ്ഗാനിസ്ഥാന്‍റെ റൺറേറ്റ് കുറഞ്ഞു. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയവരിൽ അസ്തമത്തുള്ള ഒമർസായിക്കു (26) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മറ്റു താരങ്ങൾക്ക് തിളങ്ങാൻ സാധിക്കാതെ വന്നതോടെ 194 റൺസിന് അഫ്ഗാനിസ്ഥാൻ കൂടാരം കയറി.