ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ മത്സരത്തിനിടെ.
ലഖ്നൗ: രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ നിർണായക മത്സരത്തിൽ ഇരു ടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ മൂന്ന് വീതം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രിൻസ് യാദവ് അരങ്ങേറ്റം കുറിക്കുന്നതാണ് ഇന്ത്യൻ നിരയിലെ ഒരു മാറ്റം. ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സ് താരമായ പ്രിൻസിന് ലഖ്നൗവിനെ ഏകാന സ്റ്റേഡിയത്തിലെ പിച്ച് പരിചിതമാണ്. പ്രിൻസിനെ കൂടാതെ യശസ്വി ജയ്‌സ്വാൾ, കുൽദീപ് യാദവ് എന്നിവരും ടീമിൽ ഇടം പിടിച്ചു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഹർഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പുറത്തായി. നിതീഷ് കുമാർ റെഡ്ഡിക്ക് ഇടത് തുടയ്ക്ക് പരിക്കേറ്റതിനാലാണ് പുറത്തിരിക്കേണ്ടി വന്നതെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ വ്യക്തമാക്കി.
അതേസമയം, പ്ലെയിങ് ഇലവനിൽ മാത്രമല്ല ടീം കോംബിനേഷനിലും ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്. രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളിയായി യശസ്വി ജയ്സ്വാൾ ഇറങ്ങിയപ്പോൾ മൂന്നാം നമ്പറിലാണ് ഗിൽ ബാറ്റ് ചെയ്തത്. 9 പന്ത് നേരിട്ട ജയ്സ്വാൾ 4 റൺസെടുത്ത് പുറത്തായപ്പോൾ, ഫോം വീണ്ടെടുത്ത രോഹിത് ശർമ 48 റൺസ് നേടി. 39 പന്ത് നേരിട്ട ഹിറ്റ്മാൻ ആറ് ഫോറും രണ്ടു സിക്സറും പറത്തി. നാലാം നമ്പറിൽ ഇഷാൻ കിഷനാണ് ബാറ്റ് ചെയ്യുന്നത്.
അഫ്ഗാനിസ്ഥാൻ ബാറ്റർ ദർവിഷ് റസൂലിയും അരങ്ങേറ്റം കുറിക്കുന്നു. നങ്ഗിയാല ഖരോട്ടെ, ബിലാൽ സമി എന്നിവരാണ് ടീമിലെ മറ്റ് പുതിയ താരങ്ങൾ. അസുഖബാധിതനായ മുഹമ്മദ് നബി, പരിശീലനത്തിനിടെ പരുക്കേറ്റ അസ്മത്തുള്ള ഒമർസായ്, സിയാവുർ റഹ്മാൻ എന്നിവർ ടീമിൽ നിന്ന് പുറത്തായി.
ധർമശാലയിലെ തണുപ്പിൽ നിന്ന് ലഖ്നൗവിലെ കഠിനമായ ചൂടിലേക്കാണ് ടീമുകൾ മാറിയത്. 40 ഡിഗ്രി സെൽഷ്യസോളം ചൂട് പ്രതീക്ഷിക്കുന്നതിനാൽ, ആദ്യ ഇന്നിങ്സിൽ മൂന്ന് ഡ്രിങ്ക്സ് ബ്രേക്കുകൾ അനുവദിച്ചിട്ടുണ്ട്. പരമ്പരയിൽ 1-0ത്തിന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.
അഫ്ഗാനിസ്ഥാൻ: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ, സെദിഖുള്ള അടൽ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), ദർവിഷ് റസൂലി, റാഷിദ് ഖാൻ, നങ്ഗിയാല ഖരോട്ടെ, അല്ലാ ഗസൻഫർ, മുഹമ്മദ് സലീം, ബിലാൽ സമി.