ഹെനിൽ പട്ടേൽ
ബുലവായോ: അമെരിക്കയ്ക്കെതിരായ അണ്ടർ 19 ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത‍്യക്ക് 108 റൺസ് വിജയലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അമെരിക്ക 35.2 ഓവറിൽ 107 റൺസിന് കൂടാരം കയറി. ഇന്ത‍്യക്കു വേണ്ടി 17 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനിൽ പട്ടേലാണ് അമെരിക്കയെ തകർത്തത്.
ഹെനിലിനു പുറമെ ദീപേഷ് ദേവേന്ദ്രൻ, വൈഭവ് സൂര‍്യവംശി, ആർ.എസ്. അംബരീഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 52 പന്തുകൾ നേരിട്ട് 36 റൺസ് നേടിയ നിതീഷ് സുധിനിയാണ് അമെരിക്കയുടെ ടോപ് സ്കോറർ. നിതീഷിനു പുറമെ അർജുൻ മഹേഷ് (16), സാഹിൽ ഗാർഗ് (16) അദ്നിത് ജാംബ് (18) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്.
ബാറ്റിങ്ങിനിറങ്ങിയ അമെരിക്കയക്ക് രണ്ടാം ഓവറിൽ തന്നെ ആദ‍്യ വിക്കറ്റ് നഷ്ടമായി. അമ്രീന്ദർ ഗില്ലിന്‍റെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. പിന്നീട് സാഹിൽ ഗാർഗും അർജുൻ മഹേഷും ചേർന്ന് കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സാഹിൽ ഗാർഗിനെ മടക്കി ദീപേഷ് ദേവേന്ദ്രൻ കൂട്ടുകെട്ട് പൊളിച്ചു.
തുടർന്ന് ഉത്കർഷ് ശ്രീവാസ്തവയെയും അർജുൻ മഹേഷിനെയും ഹെനിൽ പുറത്താക്കിയതോടെ 5 വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലായി അമെരിക്ക. പിന്നീട് നിതീഷ് സുധിനി നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്‍റെ മികവിൽ ടീം സ്കോർ 50 കടന്നെങ്കിലും പിന്തുണ നൽകാൻ മറുവശത്ത് നിന്ന താരങ്ങൾക്ക് സാധിക്കാതെ വന്നത് അമെരിക്കയ്ക്ക് തിരിച്ചടിയായി. ഇതോടെ107 റൺസിന് അമെരിക്ക ഓൾ ഔട്ടാവുകയായിരുന്നു.