ടീം ഇന്ത്യ
ക്വീൻസ്‌ലാൻഡ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20യിൽ ഇന്ത‍്യക്ക് ജയം. 48 റൺസിനാണ് ഇന്ത‍്യ വിജയിച്ചത്. ഇതോടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ഇന്ത‍്യ അപരാജിത ലീഡ് നേടി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.
ഗാബയിൽ നടക്കുന്ന അവസാന മത്സരത്തിൽ കൂടി വിജയിച്ചാൽ ഇന്ത‍്യക്ക് പരമ്പര നേടാം. നിശ്ചിത 20 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 168 റൺസ് വിജയലക്ഷ‍്യം ഓസീസിന് മറികടക്കാനായില്ല.
ഇന്ത‍്യ ഉയർത്തിയ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഓസീസിന് ഭേദപ്പെട്ട തുടക്കം ഓപ്പണർമാർ നൽകിയെങ്കിലും ടീം സ്കോർ 37റൺസിൽ നിൽക്കെ ആദ‍്യ വിക്കറ്റ് വീണു.
മാത‍്യു ഷോർട്ടാണ് ആദ‍്യം പുറത്തായത്. ശിവം ദുബെയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 12 റൺസെടുത്ത് താരം മടങ്ങി. ക‍്യാപ്റ്റൻ മിച്ചൽ മാർഷിനു മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. 24 പന്തിൽ നിന്നും താരം 30 റൺസ് നേടി. ടിം ഡേവിഡ് (14), ജോഷ് ഫിലിപ്പ് (10), മാർക്കസ് സ്റ്റോയിനിസ് (17) ഗ്ലെൻ മാക്സ്‌വെൽ (2) എന്നിവർ നിരാശപ്പെടുത്തി.
പത്ത് ഓവർ പൂർത്തിയായപ്പോൾ ഓസീസ് 3 വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് ഓസീസിന്‍റെ കൂട്ടത്തകർച്ചയാണ് കണ്ടത്. 17 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് അൽപ്പമെങ്കിലും പൊരുതിയത്. ബെൻ ഡാർഷുയിസ് (5), സേവ‍്യർ ബാർട്ട്‌ലെറ്റ് (0) ആദം സാംപ (0) എന്നിവരും തിളങ്ങാതെ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഓസീസ് 119 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത‍്യക്കു വേണ്ടി വാഷിങ്ടൺ സുന്ദർ മൂന്നും അക്ഷർ പട്ടേൽ ശിവം ദുബെ എന്നിവർ രണ്ടും ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് അടിച്ചെടുത്തത്. 46 റൺസ് നേടിയ വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ.
ഓസീസിനു വേണ്ടി ആദം സാംപ മൂന്നും നേഥൻ എല്ലിസ് രണ്ടും സേവ‍്യർ ബാർട്ട്‌ലെറ്റ് ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും സമ്മാനിച്ചത്.
അഭിഷേക് പതിവിനു വിപരീതമായി കരുതലോടെ നീങ്ങിയപ്പോൾ ഗിൽ ആക്രമണോത്സുകത പുറത്തെടുത്ത് റൺനില ഉയർത്തി. പവർപ്ലേ പൂർത്തിയായപ്പോൾ ഒരു ബൗണ്ടറി മാത്രമായിരുന്നു അഭിഷേകിന് നേടാൻ സാധിച്ചത്. എന്നാൽ, ഗിൽ നാലു ബൗണ്ടറികളാണ് പവർ പ്ലേയിൽ പറത്തിയത്.
പവർ പ്ലേയിൽ മികച്ച തുടക്കം നൽകിയെങ്കിലും ഇന്ത‍്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല. ടീം സ്കോർ 56ൽ നിൽക്കെ അഭിഷേകിനെ നഷ്ടമായി. ആദം സാംപ എറിഞ്ഞ പന്ത് സിക്സർ പായിക്കാനുള്ള അഭിഷേകിന്‍റെ ശ്രമം പാളുകയും ടിം ഡേവിഡ് ക‍്യാച്ച് കൈകളിലൊതുക്കുകയുമായിരുന്നു.
ആദ‍്യ വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ ശിവം ദുബെ മിന്നൽ പ്രകടനം തന്നെ കാഴ്ചവച്ചു. 18 പന്തുകൾ നേരിട്ട ദുബെ ഒരു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 22 റൺസ് നേടിയാണ് മടങ്ങിയത്. നേഥൻ എല്ലിസ് എറിഞ്ഞ ഓഫ് കട്ടർ ദുബെയ്ക്ക് പ്രതിരോധിക്കാനായില്ല. തുടർന്ന് ശുഭ്മൻ ഗില്ലും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. ദുബെയ്ക്ക് ശേഷം ക്രീസിലെത്തിയ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് 10 പന്തിൽ നിന്ന് 20 റൺസ് നേടി. 2 സിക്സ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.
സേവ‍്യർ ബാർട്ട്‌ലെറ്റാണ് സൂര‍്യകുമാറിനെ പുറത്താക്കിയത്. ഇതിനു പിന്നാലെയെത്തിയ താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ 167 റൺസ് മാത്രമെ ഇന്ത‍്യക്ക് നേടാനായുള്ളൂ. തിലക് വർമ (5), ജിതേഷ് ശർമ (3), (12) എന്നിവർ നിരാശപ്പെടുത്തി. വാഷിങ്ടൺ സുന്ദർ (12) അൽപ്പം പ്രതീക്ഷ നൽകിയെങ്കിലും മടങ്ങി. അവസാന ഓവറിൽ അക്ഷർ പട്ടേൽ (21) അടിച്ചെടുത്ത റൺസിന്‍റെ ബലത്തിലാണ് ഇന്ത‍്യ 167 റൺസിലെത്തിയത്. പിന്നീട് രണ്ട് വിക്കറ്റും നേടിയ അക്ഷർ തന്നെ പ്ലെയർ ഓഫ് ദ മാച്ച്.