തിലക് വർമ: ഇന്ത്യയുടെ വിജയതിലകം.

 
Sports

വിജയത്തിന്‍റെ സിന്ദൂര തിലകം: ഏഷ്യ കപ്പ് ഇന്ത്യക്ക്

ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്. തിലക് വർമ 53 പന്തിൽ 69

VK SANJU

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യക്ക് വിജയത്തിന്‍റെ സിന്ദൂര തിലകം ചാർത്തി തിലക് വർമ. ലോ സ്കോറിങ് ത്രില്ലറായി മാറിയ ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ കുറിച്ചത് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.1 ഓവറിൽ 146 റൺസിനു പുറത്തായി. ഇന്ത്യ രണ്ടു പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ടൂർണമെന്‍റിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ അനായാസം ജയിച്ചപ്പോൾ, ഇന്ത്യ - പാക് പോരാട്ടങ്ങളിൽ പതിവുള്ള ആവേശം മിസ്സ് ചെയ്തവരുടെ നഷ്ടം ഈ കളി നികത്തി.

ടൂർണമെന്‍റിൽ ഇതുവരെ ശോഭിച്ച ബാറ്റിങ് നിര നിർണായക മത്സരത്തിൽ തകർന്നടിഞ്ഞപ്പോഴും ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ തിലക് വർമയാണ് ഇന്ത്യയുടെ ഹീറോ. 53 പന്തിൽ 69 റൺസെടുത്ത തിലക് വർമ തന്നെ കളിയിലെ താരം.

‌20 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ തിലകും സഞ്ജു സാംസണും (24) ഒരുമിച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയത്. സഞ്ജു പുറത്തായ ശേഷം ശിവം ദുബെയെ (22 പന്തിൽ 33) കൂട്ടുപിടിച്ച് തിലക് ടീം സ്കോർ 137 റൺസ് വരെയെത്തിച്ചു.

അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണമെന്ന ഘട്ടത്തിൽ ഹാരിസ് റൗഫിന്‍റെ രണ്ടാമത്തെ പന്ത് സിക്സറടിച്ച തിലക് ഇന്ത്യയെ ജയത്തിനു തൊട്ടടുത്തെത്തിച്ചു. നാലാമത്തെ പന്ത് ബൗണ്ടറി കടത്തിയ റിങ്കു സിങ് വിജയം പൂർത്തിയാക്കുകയും ചെയ്തു.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക്കിസ്ഥാനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. സാഹിബ്സാദാ ഫർഹാനും (57) ഫഖർ സമനും (46) ചേർന്ന് 84 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടുയർത്തി ഇന്ത്യയെ വിറപ്പിച്ചെങ്കിലും, ഫർഹാനും സയിം അയൂബും (14) പുറത്തായ ശേഷം പാക്കിസ്ഥാൻ ബാറ്റിങ് നിര തകർന്നടിഞ്ഞു.‌

33 റൺസെടുക്കുന്നതിനിടെ അവസാന ഒമ്പത് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ പാക്കിസ്ഥാൻ 146 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാക് നിരയിൽ ഏറ്റവും നാശം വിതച്ചത്. ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മുഖം കൊടുക്കാതെ വിജയ്; ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ടിവികെ നേതാക്കൾ

സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു; രണ്ട് വിദ്യാർഥികൾ മരിച്ചു

യുവതി ഭർതൃസഹോദരിക്കൊപ്പം ഒളിച്ചോടി; പരാതി നൽകി ഭർത്താവ്

മിഷിഗണിലെ പള്ളിയിൽ വെടിവയ്പ്പ്; നിരവധി പേർ മരിച്ചു