മുഹമ്മദ് സലാ.
ലീഡ്സ്: പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിലെ തന്‍റെ ഭാവിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാ. ക്ലബ് തന്നെ 'ബസ്സിന് അടിയിലേക്ക് തള്ളിയിട്ടതുപോലെ' (ഒറ്റപ്പെടുത്തിയതായി) തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു.
തുടർച്ചയായ മൂന്നാം മത്സരത്തിലും ഒഴിവാക്കപ്പെടുകയും ലിവർപൂൾ ലീഡ്സുമായി 3-3ന് സമനിലയിൽ പിരിഞ്ഞപ്പോൾ ഉപയോഗിക്കാത്ത പകരക്കാരനായി ഇരിക്കേണ്ടി വരുകയും ചെയ്തതിന് ശേഷമാണ് സലാ പരസ്യമായി പ്രതികരിച്ചത്.
'സത്യം പറഞ്ഞാൽ എനിക്ക് വളരെയധികം നിരാശയുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ, പ്രത്യേകിച്ച് കഴിഞ്ഞ സീസണിൽ, ഈ ക്ലബ്ബിനുവേണ്ടി ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്,' ഈജിപ്ഷ്യൻ ഇന്‍റർനാഷണൽ മാധ്യമങ്ങളോട് പറഞ്ഞു.
'ഇപ്പോൾ ഞാൻ ബെഞ്ചിലിരിക്കുന്നു, എന്തുകൊണ്ടെന്ന് അറിയില്ല. ക്ലബ് എന്നെ ബസ്സിന് അടിയിലേക്ക് തള്ളിയിട്ടതുപോലെ തോന്നുന്നു. എനിക്ക് ഇപ്പോൾ അങ്ങനെയാണ് അനുഭവപ്പെടുന്നത്. കുറ്റം മുഴുവൻ എന്‍റെ മേൽ ചുമത്താൻ ആരോ ആഗ്രഹിക്കുന്നുണ്ടെന്ന് വളരെ വ്യക്തമാണ്.'
ആൻഫീൽഡിൽ എട്ട് വർഷം നീണ്ട തന്‍റെ കരിയറിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാംപ്യൻസ് ലീഗ് കിരീടവും സലാ നേടിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ രണ്ടാം തവണയും പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ സീസൺ പുരസ്‌കാരം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം രണ്ട് വർഷത്തെ കരാർ നീട്ടിയത്.
എന്നാൽ, സീസണിന്‍റെ തുടക്കത്തിൽ താരത്തിനും ക്ലബ്ബിനും ഉണ്ടായ നിരാശാജനകമായ പ്രകടനങ്ങൾക്കിടയിൽ സലായുടെ ഈ അഭിപ്രായങ്ങൾ അദ്ദേഹത്തിന്‍റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നു. കഴിഞ്ഞ 10 കളികളിൽ രണ്ട് വിജയങ്ങൾ മാത്രമാണ് ലിവർപൂളിന് നേടാനായത്.
ലീഡ്സുമായുള്ള സമനിലയ്ക്ക് ശേഷം, സലാഹിനെ തുടർച്ചയായി മൂന്നാം തവണയും പുറത്തിരുത്തിയതിനെക്കുറിച്ച് പരിശീലകൻ ആർനെ സ്ലോട്ട് പ്രതികരിച്ചു: 'നമ്മൾ ഇപ്പോൾ ഏത് സാഹചര്യത്തിലാണോ അതിനെ അംഗീകരിക്കണം, അതനുസരിച്ചാണ് ഞാൻ എന്‍റെ തെരഞ്ഞെടുപ്പുകൾ നടത്തുന്നത്.'
ഇപ്പോൾ 33 വയസ്സുള്ള സലാ, സ്ലോട്ടുമായുള്ള ബന്ധം തകർന്നു എന്നും പറയുന്നു.
'എനിക്ക് ഒരുപാട് വാഗ്ദാനങ്ങൾ ലഭിച്ചരുന്നു, എന്നാൽ ഇതുവരെ ഞാൻ മൂന്ന് കളികളിൽ ബെഞ്ചിലാണ്, അതിനാൽ അവർ വാക്ക് പാലിക്കുന്നു എന്ന് എനിക്ക് പറയാനാവില്ല,' അദ്ദേഹം പറഞ്ഞു. 'മാനേജരുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്, എന്നാൽ പെട്ടെന്ന് ഞങ്ങൾക്ക് തമ്മിൽ ഒരു ബന്ധവുമില്ലാതായി. എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല, പക്ഷേ, എന്നെ ഈ ക്ലബ്ബിൽ ആരോക്ക് വേണ്ട എന്ന് തോന്നുന്നു.'
ഈ മാസം നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ പങ്കെടുക്കാൻ സലാ പോകാനിരിക്കെ, താൻ പോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു.