മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ലീഗിൽ മയോർക്കയെ ഒന്നിനെതിരേ അഞ്ച് ഗോളിനു കീഴടക്കിയ ബാഴ്സലോണ വിജയവഴിയിൽ തിരിച്ചെത്തി. ജയമറിയാതെ മൂന്നു മത്സരങ്ങൾ പിന്നിട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ്.
റഫീഞ്ഞയുടെ ഇരട്ട ഗോളാണ് ബാഴ്സയുടെ വിജയം എളുപ്പമാക്കിയത്. ഫെറാൻ ടോറസ്, ഫ്രെങ്കി ഡി യോങ്, പൗ വിക്‌റ്റർ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ലാ ലിഗ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് ഇപ്പോൾ ബാഴ്സയെക്കാൾ നാല് പോയിന്‍റ് കൂടുതലുണ്ട്.
ലീഗിലെ ടോപ് സ്കോറർ റോബർട്ട് ലെവൻഡോവ്സ്കിക്കു പകരം സ്റ്റാർട്ടിങ് ഇലവനിലെത്തിയ ടോറസാണ് 12ാം മിനിറ്റിൽ ബാഴ്സയുടെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഹാഫ് ടൈമിനു തൊട്ടു മുൻപ് മയോർക്ക് സമനില ഗോൾ കണ്ടെത്തിയെങ്കിലും, രണ്ടാം പകുതിയിൽ കണ്ടത് ബാഴ്സയുടെ സമ്പൂർണ ആധിപത്യമായിരുന്നു.
56ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്ക് റഫീഞ്ഞ ലക്ഷ്യത്തിലെത്തിച്ചതോടെ അവർ വീണ്ടും മുന്നിലെത്തി. 74ാം മിനിറ്റിൽ ലമൈൻ യമാലിന്‍റെ മനോഹരമായ അസിസ്റ്റിൽ നിന്ന് റഫീഞ്ഞയുടെ രണ്ടാം ഗോളും പിറന്നു. അഞ്ച് മിനിറ്റിനുള്ളിൽ യമാലിന്‍റെ തന്നെ പാസിൽ നിന്ന് ഡി യോങ് സ്കോർ ചെയ്തു; 84ാം മിനിറ്റിൽ ഡി യോങ്ങിന്‍റെ അസിസ്റ്റിൽ നിന്ന് വിക്റ്ററും.
ഈ സീസണിൽ ബാഴ്സലോണ ആറാം വട്ടമാണ് ഒരു മത്സരത്തിൽ അഞ്ചോ അതിലധികമോ ഗോൾ നേടുന്നത്. ലീഗിൽ മാത്രം 48 ഗോളടിച്ച ബാഴ്സ തിരിച്ചുവാങ്ങിയത് 17 എണ്ണം മാത്രം. എന്നാൽ, കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടിലും അവർ തോൽവി ഏറ്റുവാങ്ങി, ഒന്ന് സമനിലയുമായി.