ആർസിബി ടീം
ബെംഗളൂരു: 2026 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഹോം മത്സരങ്ങൾ പുനെയിലെ എംസിഎ സ്റ്റേഡിയത്തിലും ഛത്തീസ്ഗഡിലെ ഷഹീദ് വീർ നാരായൻ സിങ് സ്റ്റേഡിയത്തിലും നടന്നേക്കുമെന്ന് റിപ്പോർട്ട്.
ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി ആർസിബി ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും ആർസിബി കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഐപിഎൽ സീസണിൽ ആർസിബി ജേതാക്കളായതിനു പിന്നാലെ നടന്ന വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവത്തെത്തുടർന്ന് സുരക്ഷാപരമായ കാരണങ്ങളാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ സാധിക്കില്ലെന്ന് നേരത്തെ സർക്കാർ വ‍്യക്തമാക്കിയിരുന്നു.
അതിനാൽ സ്റ്റാർ ബാറ്റർ വിരാട് കോലി ചിന്നസ്വാമിയിൽ ബാറ്റേന്തുന്നത് കാണാൻ ഇനി ആരാധകർക്ക് കാണാൻ സാധിക്കുമോയെന്ന ചോദ‍്യം ഉയരുന്നു.
ഇത്തവണത്തെ ഡൽഹി ടീമിന്‍റെ വിജയ് ഹസാരെ മത്സരം ചിന്നസ്വാമിയിൽ നടത്താനും സർക്കാർ അനുവദിച്ചിരുന്നില്ല. 2026ലെ ഐപിഎൽ മത്സരങ്ങൾ ചിന്നസ്വാമിയിൽ നടത്തുന്നതിന് കർണാടക സർക്കാർ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ.