സഞ്ജു സാംസൺ 
Sports

''ഷോർട്ട് ബോൾ കളിക്കാൻ അറിയാത്തതല്ല, പ്രശ്നം വേറെ'', സഞ്ജുവിന്‍റെ പിഴവ് മഞ്ജ്രേക്കർ വിശദമാക്കുന്നു

ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സഞ്ജു സാംസൺ പുറത്തായത് ഒരേ രീതിയിൽ. ഷോർട്ട് ബോൾ ആക്രമണത്തിനെതിരേ പുൾ ഷോട്ട് കളിച്ച് ലെഗ് സൈഡിൽ ക്യാച്ച് നൽകിയായിരുന്നു എല്ലാ മത്സരങ്ങളിലെയും പുറത്താകൽ.

എന്നാൽ, സൗരവ് ഗാംഗുലിയും സുരേഷ് റെയ്നയും മുതൽ ഇങ്ങോട്ട് ശ്രേയസ് അയ്യർക്കും ശിവം ദുബെക്കും വരെയുള്ള ഷോർട്ട് ബോൾ ദൗർബല്യമല്ല സഞ്ജുവിന്‍റെ പ്രശ്നം എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. അഞ്ചാം ടി20യിൽ ജോഫ്ര ആർച്ചറുടെ ആദ്യ ഓവറിൽ നേടിയ രണ്ടു സിക്സറുകൾ തന്നെ ഇതിന് ഏറ്റവും മികച്ച ഉദാഹരണം.

സമകാലിക ക്രിക്കറ്റിൽ ഷോർട്ട് ബോൾ ഏറ്റവും നന്നായി കളിക്കുന്ന രോഹിത് ശർമ പോലും ഇത്തരം പന്തുകളിൽ പുറത്താകുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ, സഞ്ജുവിന്‍റെ ബാറ്റിങ്ങിൽ ഒരു സാങ്കേതിക മാറ്റമാണ് മുൻ ഇന്ത്യൻ താരവും ഇപ്പോൾ കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജ്രേക്കർ നിർദേശിക്കുന്നത്.

പേസ് ബൗളർമാർക്കെതിരേ, ഷഫിൾ ചെയ്ത് സ്റ്റമ്പിനു മുന്നിൽനിന്നു മാറി കളിക്കുന്ന രീതിയാണ് ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളിൽ സഞ്ജുവിനെ വലിയ സ്കോറുകളിലേക്കു നയിച്ചത്. ബാക്ക് ഫുട്ട് മൂവ്മെന്‍റ് വഴി ലെഗ് സ്റ്റമ്പിനു പുറത്തേക്ക് മാറി പരമാവധി പന്തുകൾ ഓഫ് സൈഡിലേക്ക് കളിക്കുക എന്ന തന്ത്രമാണ് അതിലെല്ലാം സഞ്ജു വിജയകരമായി പരീക്ഷിച്ചത്.

ദക്ഷിണാഫ്രിക്കയിലെ വേഗമേറിയ വിക്കറ്റുകളിൽ ലോക നിലവാരമുള്ള ഫാസ്റ്റ് ബൗളർമാർക്കെതിരേ പോലും ഈ തന്ത്രം ഫലപ്രദമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായി ഹോം വർക്ക് ചെയ്താണ് ഇംഗ്ലണ്ട് ബൗളർമാർ സഞ്ജുവിനെതിരേ പന്തെറിയാൻ എത്തിയതെന്ന് വ്യക്തമാണ്.

ലെഗ് സ്റ്റമ്പിനു പുറത്തേക്ക് മാറി നിന്ന്, പരമാവധി പന്തുകൾ ഓഫ് സൈഡിലേക്ക് കളിക്കുക എന്ന തന്ത്രമാണ് ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരേ സഞ്ജു വിജയകരമായി പരീക്ഷിച്ചത്.

ഷോർട്ട് ബോൾ ദൗർബല്യം ഇല്ലാത്ത ബാറ്റർമാർ പോലും ബോഡിലൈനിൽ വരുന്ന ഷോർട്ട് ബോളുകൾ കളിക്കാൻ ബുദ്ധിമുട്ടും. എല്ലാ പന്തിനെയും ആക്രമണോത്സുകമായി തന്നെ നേരിടാൻ സജ്ജനാകുന്ന സഞ്ജുവിനെ ഇത്തരം ബോഡിലൈൻ അറ്റാക്കിലൂടെ മെരുക്കുക എന്ന തന്ത്രമാണ് ഇംഗ്ലണ്ട് ബൗളർമാർ പരീക്ഷിച്ചത്.

അടിസ്ഥാനപരമായി ബാക്ക് ഫുട്ട് പ്ലെയറായ സഞ്ജു ലെഗ് സൈഡിലേക്ക് ഷഫിൾ ചെയ്യുമ്പോൾ ഓഫ്സൈഡിൽ ഷോട്ട് കളിക്കാൻ ഇടം കിട്ടാത്ത രീതിയിൽ പന്തെറിയാൻ ഇംഗ്ലണ്ട് ബൗളർമാർ ശ്രദ്ധിച്ചു. ഓഫ്സൈഡിൽ സ്കോർ ചെയ്യാൻ സജ്ജമായ പൊസിഷൻ സ്വീകരിക്കുന്ന സഞ്ജുവിന് ലെഗ് സ്റ്റമ്പിലോ ബോഡിലൈനിലോ വരുന്ന പന്തുകൾ ലെഗ് സൈഡിലേക്ക് ഫ്ളിക്ക് ചെയ്യാനാണ് സാധിക്കുക. അഞ്ചാം ഏകദിനത്തിൽ പുറത്തായ പുൾ ഷോട്ട് പോലും ഫ്ളിക്കിന്‍റെ ഒരു എക്സ്റ്റൻഷൻ ആയിരുന്നു.

ദിലീപ് വെങ്സാർക്കർക്കും രാഹുൽ ദ്രാവിഡിനും ഇടയിലുള്ള കാലഘട്ടത്തിൽ ഇന്ത്യ കണ്ട ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റർമാരിൽ ഒരാളായിരുന്നു സഞ്ജയ് മഞ്ജ്രേക്കർ.

ഈ പ്രശ്നം ഒഴിവാക്കാൻ, ഷഫിൾ ചെയ്യുന്ന രീതി മാറ്റണമെന്നാണ് മഞ്ജ്രേക്കറുടെ ഉപദേശം. ലെഗ് സൈഡിലേക്ക് ഷഫിൾ ചെയ്യുന്നതിനു പകരം ലെഗ് സ്റ്റംപ് ഗാർഡിൽ തന്നെ തുടരുകയോ, മിഡിൽ സ്റ്റമ്പിനു മുന്നിലേക്ക് ഷഫിൾ ചെയ്യുകയോ ആവാം. സഞ്ജുവിനെ പോലൊരു ബാറ്റർക്ക് തന്‍റെ ബാറ്റിങ് ടെക്നിക്കിൽ ഇത്തരമൊരു മാറ്റം നിസ്സാരമായി വരുത്താൻ സാധിക്കുമെന്നും മഞ്ജ്രേക്കർ ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കു മുൻപ് ലെഗ് സൈഡിലേക്കുള്ള ബാക്ക് ഫുട്ട് ട്രിഗർ മൂവ്മെന്‍റ് സഞ്ജുവിന് ഉണ്ടായിരുന്നില്ല. പവർ ഹിറ്റിങ് മെച്ചപ്പെടുത്താൻ അദ്ദേഹം സ്വയം വരുത്തിയ പരിഷ്കാരമായിരുന്നു ഇത്. ഈ തന്ത്രത്തെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിച്ചാൽ സഞ്ജുവിന് കൂടുതൽ നീണ്ട ഇന്നിങ്സ് കളിക്കാൻ സാധിക്കുമെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

സഞ്ജുവിന് ടീമിൽ സ്ഥിരമായി ഇടം കിട്ടിത്തുടങ്ങിയതു മുതൽ ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശർമ ഇംഗ്ലണ്ടിനെതിരേ മനോഹരമായ രണ്ട് ഇന്നിങ്സ് കളിച്ചതും സഞ്ജുവിനു ഭീഷണിയാണ്.

ഇംഗ്ലണ്ടിനെതിരേ നിരാശാജനകമായ പ്രകടനം പുറത്തെടുത്തത് ടി20 ടീമിലെ സഞ്ജുവിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാനും ഇടയാക്കുന്നുണ്ട്. എന്നാൽ, ഇനി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും അതിനു ശേഷം ഏകദിന ഫോർമാറ്റിൽ തന്നെയുള്ള ചാംപ്യൻസ് ട്രോഫി ടൂർണമെന്‍റുമാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. അതിനു ശേഷം ഐപിഎല്ലും പൂർത്തിയാക്കിയ ശേഷമേ ദേശീയ ടീമിന് ഇനി ട്വന്‍റി20 മത്സരങ്ങളുള്ളൂ.

സഞ്ജുവിന് ടീമിൽ സ്ഥിരമായി ഇടം കിട്ടിത്തുടങ്ങിയതു മുതൽ ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശർമ ഇംഗ്ലണ്ടിനെതിരേ മനോഹരമായ രണ്ട് ഇന്നിങ്സ് കളിച്ചതും സഞ്ജുവിനു ഭീഷണിയാണ്. ടെസ്റ്റ് - ഏകദിന മത്സരങ്ങളുടെ അധ്വാനഭാരം കണക്കിലെടുത്ത് ശുഭ്മൻ ഗില്ലിനും യശസ്വി ജയ്സ്വാളിനും ടി20 മത്സരങ്ങളിൽ വിശ്രമം അനുവദിക്കപ്പെടുന്നതു കാരണമാണ് സഞ്ജുവിനും അഭിഷേകിനും കഴിഞ്ഞ പരമ്പരകളിലെല്ലാം സ്ഥിരമായി അവസരം കിട്ടിയത്.

യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ടി20 ടീമിൽ തിരിച്ചെത്തിയാൽ സഞ്ജുവോ അഭിഷേകോ പുറത്തിരിക്കേണ്ടിവരും

ഐപിഎല്ലിനു ശേഷം ജയ്സ്വാളും ഗില്ലും ടീമിൽ തിരിച്ചെത്തിയാൽ സഞ്ജുവോ അഭിഷേകോ പുറത്തിരിക്കേണ്ടിവരും. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഋഷഭ് പന്തിന്‍റെ ഐപിഎൽ പ്രകടനവും ഇക്കാര്യത്തിൽ നിർണായകമായിരിക്കും.

ഇതുകൂടാതെ, കിട്ടിയ അവസരങ്ങളൊന്നും മോശമാക്കാത്ത ഋതുരാജ് ഗെയ്ക്ക്വാദിനെയും സായ് സുദർശനെയും പോലുള്ള താരങ്ങൾ ദേശീയ ടീമിൽ ഇടം കിട്ടാൻ കാത്തിരിക്കുകയും ചെയ്യുന്നു. സഞ്ജുവിനു ടീമിൽ തുടരാൻ ആരാധക പിന്തുണ മാത്രം പോരാ, ഐപിഎൽ പ്രകടനം കൂടി വേണ്ടി വരും എന്നു സാരം.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്