സഞ്ജു സാംസൺ, സാംസൺ വിശ്വനാഥ് 
Sports

സഞ്ജുവിന്‍റെ 10 വർഷം തുലച്ചത് ആ നാലു പേർ...: ആരോപണവുമായി അച്ഛൻ

സഞ്ജു സാംസണിന്‍റെ കരിയറിലെ വിലയേറിയ പത്ത് വർഷം നശിപ്പിച്ചു കളഞ്ഞെന്ന് അദ്ദേഹത്തിന്‍റെ അച്ഛൻ സാംസൺ വിശ്വനാഥ് പറയുന്ന ഇന്ത്യൻ ക്രിക്കറ്റിലെ നാലു പ്രമുഖർ ആരൊക്കെ?

ട്വന്‍റി20 ക്രിക്കറ്റിൽ തുടരെ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം അദ്ദേഹത്തിന്‍റെ ആരാധകർ ആഘോഷിച്ചുകഴിഞ്ഞിട്ടില്ല. എന്നാൽ, അതിനിടെ അദ്ദേഹത്തിന്‍റെ അച്ഛൻ സാംസൺ വിശ്വനാഥ് നടത്തിയ ഒരു പ്രതികരണവും വൈറലായിരിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റിലെ നാലു പ്രമുഖരാണ് തന്‍റെ മകന്‍റെ കരിയറിലെ വിലയേറിയ പത്തു വർഷം നഷ്ടപ്പെടാൻ കാരണമായതെന്നാണ് സാംസൺ വിശ്വനാഥ് തുറന്നടിക്കുന്നത്- ധോണിജി, വിരാട്‌ജി, രോഹിത്‌ജി, ദ്രാവിഡ്‌ജി ഇവരാണ് സാംസൺ പറയുന്ന നാലു പേർ.

എം.എസ്. ധോണി, വിരാട് കോലി, രോഹിത് ശർമ എന്നിവർ ഇന്ത്യൻ ക്യാപ്റ്റൻമാരായിരിക്കുമ്പോൾ സഞ്ജുവിന് മതിയായ അവസരങ്ങൾ നൽകിയിട്ടില്ലെന്നാണ് സാംസണിന്‍റെ ആരോപണം. രാഹുൽ ദ്രാവിഡ് പരിശീലകനായിരിക്കുമ്പോൾ സഞ്ജുവിനെ അവഗണിച്ചു എന്ന ആരോപണത്തിന്‍റെ പുറത്താണ് അദ്ദേഹത്തെയും പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

''സഞ്ജുവിന്‍റെ ബാറ്റിങ്ങിൽ ഒരു ക്ലാസുണ്ട്. സച്ചിൻ ടെൻഡുൽക്കറുടെയും രാഹുൽ ദ്രാവിഡിന്‍റെയും ടച്ച് അതിലുണ്ട്. ഇനി അവന്‍റെ കാലമാണ്'', സാംസൺ അവകാശപ്പെടുന്നു.

അതേസമയം, തന്‍റെ മകന് അർഹിച്ച അവസരം നൽകിയത് ഇപ്പോഴത്തെ ട്വന്‍റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറുമാണെന്ന് കൂട്ടിച്ചേർക്കാനും സാംസൺ മറക്കുന്നില്ല.

സാംസൺ വിശ്വനാഥിന്‍റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിമർശനങ്ങളും ഉപദേശങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വായിലെ നാക്ക് കാരണം മകന്‍റെ ഭാവി നശിപ്പിച്ചു കളയരുതെന്നാണ് പലരും ആരോപിക്കുന്നത്.

എന്നാൽ, 29 വയസായ സഞ്ജുവിന് ഇനി എന്തു ഭാവി നോക്കാനാണെന്നും, പറയേണ്ടത് തുറന്നു പറയണമെന്നുമുള്ള അഭിപ്രായവുമായി സാംസണിന് പിന്തുണ പ്രഖ്യാപിക്കുന്നവരും കുറവല്ല.

ആരെയും കൂസാതെ അഭിപ്രായം പറയുന്ന യുവരാജ് സിങ്ങിന്‍റെ അച്ഛൻ യോഗ്‌രാജ് സിങ്ങുമായും, മകനെ പുകഴ്ത്താൻ മടി കാണിച്ചിട്ടില്ലാത്ത എസ്. ശ്രീശാന്തിന്‍റെ അമ്മ സാവിത്രി ദേവിയുമായുമെല്ലാം സാംസൺ വിശ്വനാഥിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. മക്കളുടെ പ്രതിച്ഛായ മോശമാക്കിയ മാതാപിതാക്കളായാണ് ഇവരെ പലരും പരിഹസിക്കുന്നത്.

ക്രിക്കറ്റ് പരിശീലകനായ യോഗ്‌രാജ് സിങ്ങാകാൻ സാംസൺ ശ്രമിക്കരുതെന്നാണ് മറ്റൊരു ഉപദേശം. ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള യോഗ്‌രാജ് സിങ്, യുവരാജ് സിങ്ങിനു ശേഷം ഏറ്റവുമൊടുവിൽ അഭിഷേക് ശർമ വരെയുള്ള താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹി പൊലീസിലെ ജോലി രാജിവച്ച് മകന്‍റെ ക്രിക്കറ്റ് ഭാവിക്കായി കേരളത്തിലേക്കു തിരിച്ചുവന്ന ചരിത്രമാണ് സാംസൺ വിശ്വനാഥിന്‍റേത്.

പുതിയ 200 ഹെലികോപ്റ്ററുകൾ വാങ്ങും; പതിറ്റാണ്ട് പഴക്കമുള്ള കോപ്റ്ററുകൾ മാറ്റാൻ കര, വ്യോമ സേനകൾ

ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തം; രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി

കെ.എൽ. രാഹുലിന്‍റെ ചിത്രമില്ല; എൽഎസ്ജിയുടെ ഇന്‍റസ്റ്റഗ്രാം പോസ്റ്റിനെതിരേ രൂക്ഷ വിമർശനം

ഓപ്പറേഷൻ സിന്ദൂർ: ആറ് പാക് വിമാനങ്ങൾ തകർത്തുവെന്ന് നാവിക സേനാ മേധാവി

അംഗീകാരമില്ലാത്ത 334 പാർട്ടികൾ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; കേരളത്തിൽ നിന്നും പുറത്തായത് 7 പാർട്ടികൾ